പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന് സമാരംഭം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

Posted On: 20 JUN 2020 2:29PM by PIB Thiruvananthpuram

 

സുഹൃത്തുക്കളെ,
ഔപചാരികമായ സമാരംഭം കുറിക്കുന്നതിന് മുമ്പ് ഞാന്‍ ഖഗാരിയയിലുള്ള എന്റെ സഹോദരീ സഹോദരന്മാരോട് സംസാരിക്കുകയായിരുന്നു.
നിങ്ങളുമായൊക്കെ സംസാരിച്ചുകഴിഞ്ഞപ്പോള്‍ ഞാന്‍ ഇന്ന് സന്തുഷ്ടനും ആശ്വാസവാനുമാണ്. കൊറോണ മഹാമാരി പ്രതിസന്ധി വളര്‍ന്നുതുടങ്ങിയപ്പോള്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ നിങ്ങളെയെല്ലാംകുറിച്ച് ഉല്‍കണ്ഠാകുലരായിരുന്നു. എവിടെയൊക്കെ ആളുകളുണ്ടായിരുന്നുവോ അവിടെയൊക്കെ ആ സമയത്ത് വേണ്ട സഹായങ്ങള്‍ എത്തിച്ചു. നമ്മുടെ കുടിയേറ്റക്കാരായ സഹോദരീ സഹോദരന്മാര്‍ക്ക് വേണ്ടി ഞങ്ങള്‍ പ്രത്യേക ശ്രമിക് ട്രെയിനുകളും ആരംഭിച്ചു!
ഇന്ന് നിങ്ങളുമായി സംസാരിച്ചുകഴിഞ്ഞപ്പോള്‍ ഒരു നവ ഊര്‍ജ്ജവും ബഹുമാനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വികാരവും തീര്‍ച്ചയായും എനിക്ക് അനുഭവവേദ്യമായി. കൊറോണ വൈറസ് മഹാമാരി പോലൊരു ഗൗരവതരമായ പ്രതിസന്ധി ലോകത്തെയാകമാനം പിടിച്ചുകുലുക്കിയപ്പോഴും നിങ്ങള്‍ ഉറച്ചുനിന്നു. അതോടൊപ്പം ഇന്ത്യയുടെ ഗ്രാമങ്ങളില്‍ കൊറോണയെ നേരിട്ട രീതി നഗരങ്ങളെ ഒരു സുപ്രധാന പാഠം പഠിപ്പിക്കുകയും ചെയ്തു.
ഒന്നു ചിന്തിച്ചുനോക്കൂ! നമ്മുടെ രാജ്യത്തില്‍ 6 ലക്ഷത്തിലധികം ഗ്രാമങ്ങളുണ്ട്, ഇന്ത്യയുടെ ജനസംഖ്യയുടെ മൂന്നില്‍ രണ്ട് അതായത് ഏകദേശം 80-85 കോടി ജനങ്ങള്‍ ആ ഗ്രാമങ്ങളിലാണ് ജീവിക്കുന്നതും. കൊറോണ വൈറസ് ഗ്രാമീണ ഇന്ത്യയില്‍ പടരുന്നതില്‍ നിന്ന് നിങ്ങള്‍ കാര്യക്ഷമമായി പ്രതിരോധിച്ചു. യൂറോപ്പിലെ എല്ലാ രാജ്യങ്ങളുടെയും മൊത്തം ജനസംഖ്യയെക്കാള്‍ എത്രയോ വലുതാണ് നമ്മുടെ ഗ്രാമങ്ങളിലെ ജനസംഖ്യ. അമേരിക്കയിലേയും റഷ്യയിലേയും ഓസ്ട്രേലിയയിലേയും ജനസംഖ്യയെ മുഴുവന്‍ ഒന്നിച്ചുവച്ചാലും അതിനെക്കാള്‍ വലുതാണ് നമ്മുടെ ജനസംഖ്യ. ഇത്രയും വലിയൊരു ജനസംഖ്യയ്ക്ക് കൊറോണ വൈറസ് മഹാമാരിക്കെതിരെ ഇത്രയും ധീരമായി പോരാടാന്‍ കഴിഞ്ഞുവെന്നത് ഒരു വലിയ നേട്ടം തന്നെയാണ്. ഓരോ ഇന്ത്യക്കാരനും ഇതില്‍ അഭിമാനം കൊള്ളുന്നുണ്ട്. നമ്മുടെ ഗ്രാമീണ ഇന്ത്യയുടെ അവബോധമാണ് ഈ വിജയത്തിന് പിന്നിലുള്ളത്. അതോടൊപ്പം പഞ്ചായത്ത് തലം വരെയുള്ള നമ്മുടെ ജനാധിപത്യ സംവിധാനം, നമ്മുടെ ആരോഗ്യ സൗകര്യങ്ങള്‍, നമ്മുടെ മെഡിക്കല്‍ സെന്ററുകള്‍, സൗഖ്യകേന്ദ്രങ്ങള്‍ എന്നിവയും നമ്മുടെ ശുചിത്വ പ്രചരണവും ഇതില്‍ ഒരു സുപ്രധാനപങ്കു വഹിച്ചു.
ഇതിനെല്ലാമുപരി താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന നമ്മുടെ സുഹൃത്തുക്കള്‍ അതായത്, ഗ്രാമത്തലവന്മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ജീവിക ദീദി എന്നിവരെല്ലാം വളരെ പ്രശംസനീയമായാണ് പ്രവര്‍ത്തിച്ചത്! അവര്‍ക്കെല്ലാം വളരെയധികം അഭിനന്ദനങ്ങള്‍!
സുഹൃത്തുക്കളെ,
ഇത്തരം ഒരു കാര്യം പാശ്ചാത്യ രാജ്യങ്ങളിലാണ് നടന്നതെങ്കില്‍ അവരുടെ വിജയത്തെക്കുറിച്ച് അന്താരാഷ്ട്രതലത്തില്‍ തന്നെ വലിയ ചര്‍ച്ചകളും അഭിനന്ദനങ്ങളുമൊക്കെയുണ്ടാകും. എന്നാല്‍ നമുക്കറിയാം, ചിലയാളുകള്‍ക്ക് ഇതിനെക്കുറിച്ച് പറയാന്‍ മടിയാണ്. ഇന്ത്യയുടെ ഗ്രാമീണ ജീവിതത്തെ അഭിനന്ദിച്ചാല്‍ അവര്‍ ലോകത്തിനോട് എന്ത് മറുപടി പറയുമെന്നാണ് ചില ആളുകള്‍ ചിന്തിക്കുന്നത്. നിങ്ങളുടെ ജീവിതത്തെ അപകടത്തിലാക്കിക്കൊണ്ട് ഗ്രാമങ്ങളിലെ ജീവിതത്തെ ഈ വൈറസില്‍ നിന്നും രക്ഷിക്കുന്ന നിങ്ങളുടെ ഈ ധീരതയ്ക്ക്, നിങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് ചിലയാളുകളുണ്ട്, അവര്‍ നിങ്ങളുടെ പുറത്ത് തട്ടി സമാശ്വസിപ്പിക്കില്ല.
ആരെങ്കിലും നിങ്ങളുടെ പുറത്തുതട്ടുകയോ തട്ടാതിരിക്കുകയോ ചെയ്യട്ടെ, ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ മഹത്തായ ശക്തിയെക്കുറിച്ച് ഞാന്‍ ലോകത്തോട് സംസാരിക്കും. ആയിരക്കണക്കിന്, ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം കൊറോണയില്‍ നിന്നു രക്ഷിക്കുകയെന്ന സദ്പ്രവൃത്തിയാണ് നിങ്ങള്‍ ചെയ്തത്.
ഇന്ന് ഈ പരിപാടിക്ക് സമാരംഭം കുറിയ്ക്കുന്നതിന് മുന്നോടിയായി ഞാന്‍ ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളേയും ഗ്രാമവാസികളേയും അവരുടെ പ്രവര്‍ത്തനത്തിന് വന്ദിക്കുന്നു!
രാജ്യത്തെ പാവപ്പെട്ടവര്‍, തൊഴിലാളികള്‍, പ്രവര്‍ത്തകര്‍ എന്നിവരുടെ ശക്തിക്ക് മുന്നില്‍ വന്ദിക്കുന്നു! എന്റെ രാജ്യത്തിലെ ഗ്രാമങ്ങളെ വന്ദിക്കുന്നു. പട്നയില്‍ കൊറോണ വൈറസിനെ കണ്ടെത്തുന്നതിനുള്ള ഒരു വലിയ ആധുനിക പരിശോധന യന്ത്രം നാളെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് എനിക്ക് അനിക്ക് അറിയാന്‍ കഴിഞ്ഞു. ഈ യന്ത്രത്തിന്റെ സഹായത്തോടെ ഒറ്റ ദിവസംകൊണ്ട് 1500 പരിശോധന വരെ നടത്താന്‍ കഴിയും. ഈ പരിശോധനാ യന്ത്രങ്ങള്‍ക്കും ബിഹാറിലെ ജനങ്ങള്‍ക്ക് അഭിനന്ദനം!
ഈ പരിപാടിയില്‍ സംബന്ധിക്കുന്ന മന്ത്രിസഭയിലെ എന്റെ സഹപ്രവര്‍ത്തകരെ, വിവിധ സംസ്ഥാനങ്ങളിലെ ആദരണീയരായ മുഖ്യമന്ത്രിമാരെ- ബഹുമാനപ്പെട്ട നിതീഷ് ബാബു, അശോക് ഗെഹ്ലോട്ട്ജി, ശിവരാജ് ജി, യോഗി ആദിത്യനാഥ് ജി, എം.പിമാരെ, എം.എല്‍.എമാരെ, ഉദ്യോഗസ്ഥരെ, പഞ്ചായത്ത് പ്രതിനിധികളെ, ഇന്ന് സാങ്കേതികവിദ്യയിലൂടെ ഈ പരിപാടിയില്‍ സംബന്ധിക്കുന്ന രാജ്യത്തിന്റെ ഗ്രാമങ്ങളില്‍ നിന്നുള്ള എന്റെ കഠിനാധ്വാനികളായ സുഹൃത്തുക്കളെ, നിങ്ങള്‍ക്കെല്ലാം ഒരിക്കല്‍കൂടി എന്റെ അഭിനന്ദനങ്ങള്‍!
ഇന്ന് ചരിത്രപരമായ ഒരു ദിനമാണ്. ഇന്ന് പാവപ്പെട്ടവരുടെ ക്ഷേമത്തിനും അവരുടെ തൊഴിലിനുംവേണ്ടി ഒരു വലിയ സംഘടിതപ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുകയാണ്. ഈ സംഘടിതപ്രര്‍ത്തനം നമ്മുടെ ഗ്രാമങ്ങളില്‍ ജീവിക്കുന്ന നമ്മുടെ തൊഴിലാളി സഹോദരീ സഹോദരന്മാര്‍ക്കും, യുവാക്കള്‍ക്കും നമ്മുടെ പുത്രിമാര്‍ക്കും സമര്‍പ്പിക്കുകയാണ്. അവരില്‍ ഭൂരിഭാഗവും അടച്ചിടലിനെത്തുടര്‍ന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തിയ കുടിയേറ്റ തൊഴിലാളികളാണ്. തങ്ങളുടെ കഠിനപ്രയത്നവും വൈദഗ്ധ്യവും ഉപയോഗിച്ച് സ്വന്തം ഗ്രാമത്തിന് വേണ്ടി അവര്‍ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നു! തങ്ങള്‍ ഉള്ളതുവരെ തങ്ങളുടെ ഗ്രാമങ്ങള്‍ പുരോഗമിക്കുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളെ, രാജ്യം നിങ്ങളുടെ വികാരവും അതോടൊപ്പം നിങ്ങളുടെ ആവശ്യങ്ങളും മനസിലാക്കുന്നു.
ഇന്ന് ഖഗാരിയയില്‍ നിന്നും സമാരംഭം കുറിയ്ക്കുന്ന 'ഗരീബ് കല്യാണ്‍ റോസ്ഗാര്‍ യോജന' ഈ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുള്ള ഏറ്റവും വലിയ ഉപകരണമാണ്.
ബിഹാര്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഒഡീഷ, മദ്ധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ ആറു സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ ഊര്‍ജ്ജസ്വലമായി ഈ സംഘടിതപ്രവര്‍ത്തനം നടപ്പിലാക്കും. തൊഴിലാളികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും അവരുടെ വീടുകള്‍ക്ക് സമീപം തൊഴില്‍ നല്‍കുകയെന്നതാണ് ഈ സംഘടിതപ്രവര്‍ത്തനത്തിലൂടെ നമ്മള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത്. നിങ്ങളുടെ കഠിന പ്രയത്നവും വൈദഗ്ധ്യവുംകൊണ്ട് ഇതുവരെ നഗരങ്ങളുടെ പുരോഗതിക്കായിരുന്നു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ നിങ്ങള്‍ നിങ്ങളുടെ ഗ്രാമങ്ങളെ മുന്നോട്ടു നയിക്കും. സുഹൃത്തുക്കളെ, ചില പ്രവര്‍ത്തകരില്‍ നിന്നുള്ള പ്രചോദനമാണ് ഈ പരിപാടിക്ക് തുടക്കം കുറിക്കുന്നതിന് എന്നെ പ്രേരിപ്പിച്ചത് എന്നറിയുമ്പോള്‍ നിങ്ങള്‍ അതിശയപ്പെടും.
സുഹൃത്തുക്കളെ,
ഒരിക്കല്‍ ഒരു മാധ്യമ വാര്‍ത്ത ഞാന്‍ ശ്രദ്ധിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ നിന്നായിരുന്നു ആ വാര്‍ത്ത. ഒരു ഗവണ്‍മെന്റ് സ്‌കൂള്‍ അവിടെ ക്വാറന്റൈന്‍ കേന്ദ്രമാക്കി മാറ്റിയിരുന്നു. നഗരങ്ങളില്‍ നിന്നു മടങ്ങിവന്ന തൊഴിലാളികളെ അവിടെയാണ് പാര്‍പ്പിച്ചിരുന്നത്. ഹൈദരാബാദില്‍ നിന്നുള്ള നിരവധി തൊഴിലാളികളേയും അവിടെ പാര്‍പ്പിച്ചിരുന്നു.
ഈ തൊഴിലാളികള്‍ പെയിന്റിംഗിലും പി.ഒ.പി. പ്രവര്‍ത്തനത്തിലൂം വിദഗ്ധരായിരുന്നു. അവര്‍ അവരുടെ ഗ്രാമത്തിന് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിച്ചു. തങ്ങള്‍ സമയം പാഴാക്കുകയാണെന്ന ചിന്ത അവരില്‍ ഉണ്ടായി. തങ്ങളുടെ വൈഗ്ദധ്യം എന്തിനെങ്കിലും ഉപയോഗിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. അങ്ങനെ ആ ഗവണ്‍മെന്റ് സ്‌കൂളില്‍ തങ്ങിക്കൊണ്ട് ആ തൊഴിലാളികള്‍ ആ സ്‌കൂളിന്റെ പുതിയ മാതൃകയില്‍ പുനഃസൃഷ്ടിച്ചു.
എന്റെ കുടിയേറ്റ സഹോദരീ സഹോദരന്മാരുടെ പ്രവൃത്തിയേയും അവരുടെ രാജ്യസ്നേഹത്തേയും അവരുടെ നൈപുണ്യത്തേയും കുറിച്ച് ഞാന്‍ അറിഞ്ഞതോടെ ഞാന്‍ പ്രചോദിതനായി! ഈ ആളുകള്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നതിന് കഴിവുള്ളവരാണെന്ന് എനിക്ക് മനസ്സിലായി. അതില്‍ നിന്നാണ് ഈ ആശയം പിറന്നത്.
എത്രത്തോളം പ്രതിഭകളാണ് ഗ്രാമങ്ങളിലേക്ക് മടങ്ങിവന്നതെന്ന് ഒന്നു ചിന്തിച്ചുനോക്കൂ! ഓരോ നഗരങ്ങളുടെ വികസനം ദ്രുതഗതിയിലാക്കുന്നതിന് ഏത് തൊഴിലാളികളും വൈദഗ്ധ്യവുമാണോ സഹായിച്ചത് അത് ഖഗാരിയപോലുള്ള ഗ്രാമീണമേഖലയില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഏത് തലത്തിലുള്ള വികസനമായിരിക്കും ബിഹാറിന് നേടാനാവുക!
സുഹൃത്തുക്കളെ,
നിങ്ങളുടെ ഗ്രാമങ്ങളുടെ വികസനത്തിനും നിങ്ങള്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമായി ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്റെ കീഴില്‍ 50,000 കോടി രൂപ ഉപയോഗിക്കും! ഗ്രാമങ്ങളില്‍ തൊഴില്‍ നല്‍കുന്നതിനും ഗ്രാമങ്ങളുടെ വികസന പ്രവര്‍ത്തനത്തിനുമായി ഈ വിഹിതംകൊണ്ട് 25 പ്രവൃത്തികള്‍ കണ്ടെത്തും. ഗ്രാമത്തിലെ ജനങ്ങളുടെ അടിസ്ഥാന ജീവിത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടതായിരിക്കും ഈ 25 പ്രവൃത്തികള്‍. നിങ്ങളുടെ സ്വന്തം ഗ്രാമങ്ങളില്‍ നിങ്ങളുടെ സ്വന്തം കുടുംബത്തോടൊപ്പം താമസിക്കുമ്പോള്‍ തന്നെ ഈ പ്രവൃത്തികള്‍ ചെയ്യാനും നിങ്ങള്‍ക്ക് അവസരം ലഭിക്കും.
അംഗന്‍വാടി കെട്ടിങ്ങള്‍, സമൂഹ ശൗച്യാലയം, ഗ്രാമീണ മണ്ഡികള്‍, കിണറുകള്‍ തുടങ്ങിയ പ്രവൃത്തികളുടെ നിര്‍മ്മാണം ഖഗാരിയ ഗ്രാമത്തിലെ തെലിഹാറില്‍ ഇന്നു തന്നെ ആരംഭിക്കും. അതുപോലെ ഓരോ ഗ്രാമത്തിനും അതിന്റേതായ ആവശ്യങ്ങളുണ്ട്. ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാനിലൂടെ ഈ ആവശ്യങ്ങള്‍ ഇപ്പോള്‍ പൂര്‍ത്തിയാക്കും. ഈ പദ്ധതിക്ക് കീഴില്‍ വിവിധ ഗ്രാമങ്ങളില്‍ പാവങ്ങള്‍ക്കായി പക്കാ ഭവനങ്ങള്‍ നിര്‍മ്മിക്കുകയോ അല്ലെങ്കില്‍ വൃക്ഷങ്ങള്‍ നടുകയോ ചെയ്യാം. അല്ലെങ്കില്‍ മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള തൊഴുത്തുകളും നിര്‍മ്മിക്കാം. കുടിവെള്ളത്തിന് വേണ്ടി ഗ്രാമസഭകളുടെ സഹകരണത്തോടെ ജല്‍ ജീവന്‍ മിഷനും മുന്നോട്ടുകൊണ്ടുപോകും.
ഇതോടൊപ്പം റോഡുകള്‍ എവിടെയൊക്കെ അനിവാര്യമാണോ അതൊക്കെ നിര്‍മ്മിക്കുന്നതിനും ഊന്നല്‍ നല്‍കും. ആവശ്യമുള്ളിടങ്ങളിലൊക്കെ പഞ്ചായത്ത് കെട്ടിടങ്ങളും നിര്‍മ്മിക്കും.
സുഹൃത്തുക്കളെ,
ഇതൊക്കെ ഗ്രാമങ്ങളില്‍ ചെയ്യേണ്ട കാര്യങ്ങളാണ്. ഇതോടൊപ്പം ഈ സംഘടിത പ്രവര്‍ത്തനത്തിന്റെ കീഴില്‍ ഗ്രാമങ്ങളെ ആധുനിക സൗകര്യങ്ങളുമായും ബന്ധിപ്പിക്കും. ഉദാഹരണത്തിന്, നഗരങ്ങളിലേതുപോലെ ഗ്രാമങ്ങളിലേയും എല്ലാ വീടുകളിലും അതിവേഗവും ചെലവു കുറഞ്ഞതുമായ ഇന്റര്‍നെറ്റ് സൗകര്യം പ്രധാനമാണ്. ഗ്രാമങ്ങളിലെ നമ്മുടെ കുട്ടികള്‍ക്കും നല്ല രീതിയില്‍ വിദ്യാഭ്യാസം നല്‍കേണ്ടതുകൊണ്ട് ഇത് അനിവാര്യമാണ്. ഗ്രാമങ്ങളുടെ ഈ ആവശ്യവും ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നഗരങ്ങളിലേതിനെക്കാള്‍ കൂടുതല്‍ ഇന്റര്‍നെറ്റ് ഗ്രാമങ്ങളില്‍ ഉപയോഗിക്കുന്നത്. ഗ്രാമങ്ങളിലെ ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കല്‍, ഫൈബര്‍ കേബിള്‍ ശൃംഖല ദീര്‍ഘിപ്പിക്കല്‍ എന്നീ പ്രവൃത്തികളും നടത്തും.
സുഹൃത്തുക്കളെ, ആരാണ് ഈ പ്രവൃത്തികളൊക്കെ ചെയ്യുന്നത്? ഗ്രാമങ്ങളിലെ ജനങ്ങള്‍ തന്നെയായിരിക്കും ഇതൊക്കെ ചെയ്യുക! നിങ്ങള്‍, എന്റെ തൊഴിലാളി സുഹൃത്തുക്കള്‍ ഇതൊക്കെ ചെയ്യും! അത് തൊഴിലാളികളായിക്കോട്ടെ, മെക്കാനിക്കുകളാകട്ടെ, സാധനങ്ങള്‍ വില്‍ക്കുന്ന ചെറിയ കടക്കാരാകാട്ടെ, ഡ്രൈവര്‍മാരാകട്ടെ, പ്ലമ്പര്‍മാരോ ഇലക്ട്രീഷ്യന്മാരോ ആകട്ടെ, എല്ലാ സുഹൃത്തുക്കള്‍ക്കും തൊഴില്‍ ലഭിക്കും. നമ്മുടെ സഹോദരിമാര്‍ക്ക് കുടുംബത്തിന് വേണ്ടി അധിക വിഭവം കണ്ടെത്തുന്നതിനായി അവരെയും സ്വയം സഹായസംഘങ്ങളുമായി ബന്ധിപ്പിക്കും.
സുഹൃത്തുക്കളെ,
എല്ലാത്തിനുപരിയായി, എല്ലാ തൊഴിലാളികളുടെയും നൈപുണ്യത്തിന്റെ രൂപരേഖ തയാറാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചുകഴിഞ്ഞു.
അങ്ങനെ നിങ്ങളുടെ കഴിവുകള്‍ ഗ്രാമങ്ങളില്‍ തന്നെ തിരിച്ചറിയപ്പെടും, അതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ വൈദഗ്ധ്യത്തിനനുസരിച്ചുള്ള തൊഴില്‍ നേടാന്‍ കഴിയും. നിങ്ങള്‍ക്കറിയാവുന്ന പ്രവൃത്തികള്‍ക്കായി ആളുകള്‍ നിങ്ങളുടെ അടുത്തേയ്ക്ക് വരും.
സുഹൃത്തുക്കളെ,
നിങ്ങള്‍ ഗ്രാമങ്ങളില്‍ ജീവിക്കുമ്പോള്‍ ആരില്‍ നിന്നും വായ്പ വാങ്ങാതിരിക്കുന്നത് ഉറപ്പാക്കാനുള്ള എല്ലാ പരിശ്രമങ്ങളും കൊറോണ മഹാമാരിക്കിടയില്‍ ഗവണ്‍മെന്റ് നടത്തുന്നുണ്ട്. പാവപ്പെട്ടവരുടെ ആത്മാഭിമാനം ഞങ്ങള്‍ മനസിലാക്കുന്നു. ശ്രമേവ് ജയതേ എന്ന പഴഞ്ചൊല്ലിന്റെ സാക്ഷ്യപത്രമായാണ് നിങ്ങള്‍ നിലകൊള്ളുന്നത്. നിങ്ങള്‍ക്ക് പ്രവൃത്തി വേണം, നിങ്ങള്‍ക്ക് തൊഴില്‍ വേണം. ഈ ഉത്സാഹത്തെ പരമപ്രധാനമായി കരുതിക്കൊണ്ടാണ് ഗവണ്‍മെന്റ് ഇത്രയും ചെറിയ കാലയളവില്‍ ഈ പദ്ധതി രൂപീകരിച്ച് നടപ്പാക്കുന്നത്.
നേരത്തെ അടച്ചിടലിന്റെ തുടക്കത്തില്‍ നിങ്ങളെപ്പോലുള്ള കോടിക്കണക്കിന് ആളുകളുടെയും രാജ്യത്തിന്റെ മുഴുവനും അടിയന്തിര ആവശ്യങ്ങള്‍ക്ക് വേണ്ടി ഗവണ്‍മെന്റ് ചില അതിവേഗ നടപടികള്‍ സ്വീകരിച്ചിരുന്നു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയ്ക്കൊപ്പമാണ് ആത്മനിര്‍ഭര്‍ ഭാരത് സംഘടിതപ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഞങ്ങള്‍ പാവങ്ങള്‍ക്കായി ഒരു പദ്ധതി കൊണ്ടുവന്നപ്പോള്‍ വ്യവസായങ്ങള്‍ക്ക് എന്തു സംഭവിക്കും, വ്യാപാരത്തിന് എന്ത് സംഭവിക്കും, എം.എസ്.എം.ഇകള്‍ക്ക് എന്ത് സംഭവിക്കുമെന്നാക്കെയുള്ള നിലവിളി എല്ലായിടത്തും വ്യാപകമായുണ്ടായിരുന്നു. നിരവധി ആളുകള്‍ എന്നെ വിമര്‍ശിച്ചു. എന്നാല്‍ ഈ പ്രതിസന്ധിക്കിടയില്‍ പാവപ്പെട്ടവരുടെ കൈപിടിക്കുകയെന്നതാണ് എന്റെ മുന്‍ഗണന എന്ന് എനിക്ക് അറിയാമായിരുന്നു.
കുറച്ച് ആഴ്ചകള്‍ക്കിടയില്‍ തന്നെ ഏകദേശം 1.75 ലക്ഷം കോടി രൂപ ഈ പദ്ധതിക്ക് കീഴില്‍ ചെലവഴിച്ചു.
ഈ മൂന്നുമാസം 80 കോടി വരുന്ന പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് നമ്മള്‍ റേഷനും പയറുവര്‍ഗ്ഗങ്ങളും വിതരണം ചെയ്തു. റേഷന് പുറമെ സൗജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കി. അതുപോലെ 20 കോടി പാവപ്പെട്ട അമ്മമാരുടെയൂം സഹോദരിമാരുടെയും ജന്‍ ധന്‍ അക്കൗണ്ടുകളിലേക്ക് 10,000 കോടി രൂപ നേരിട്ട് കൈമാറി. പാവപ്പെട്ടവര്‍, മുതിര്‍ന്നവര്‍, അമ്മമാര്‍, സഹോദരിമാര്‍, ദിവ്യാംഗനുകള്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 1000 രൂപ വീതവും നേരിട്ട് അയച്ചു.
ഒന്നു ചിന്തിച്ചുനോക്കൂ!
ജന്‍ധന്‍ അക്കൗണ്ടുകള്‍ ഉണ്ടാക്കിയിരുന്നില്ലെങ്കില്‍, അവ ആധാര്‍ കാര്‍ഡുമായും മൊബൈല്‍ നമ്പറുകളുമായി ബന്ധിപ്പിക്കാതിരുന്നെങ്കില്‍ എങ്ങനെ ഇതൊക്കെ സാദ്ധ്യമാകുമായിരുന്നു? പഴയ കാലം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും!
നിങ്ങളുടെ പേരുകളില്‍ പണം നല്‍കും എന്നാല്‍ അത് ഒരിക്കലും നിങ്ങളില്‍ എത്തിച്ചേരില്ല!
ഇപ്പോള്‍ ഇക്കാര്യങ്ങളൊക്കെ മാറുകയാണ്. ഗവണ്‍മെന്റ് കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ഒരു പ്രശ്നവും അഭിമുഖീകരിക്കേണ്ടിവരാതിരിക്കുന്നത് ഉറപ്പാക്കുന്നതിനായി ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്കും തുടക്കം കുറിച്ചിട്ടുണ്ട്. അതിലുടെ നമ്മുടെ പാവപ്പെട്ട സഹോദരീ സഹോദരന്മാര്‍ക്ക് ഇതേ റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന്റെ ഏത് സംസ്ഥാനത്തുനിന്നും ഏത് നഗരത്തില്‍ നിന്നും റേഷന്‍ ലഭിക്കും.
സുഹൃത്തുക്കളെ,
സ്വാശ്രയ ഇന്ത്യ്ക്ക് ഒരുപോലെ അനിവാര്യമാണ് സ്വാശ്രയ കര്‍ഷകരും. എന്നാല്‍ വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തെ കൃഷിയേയും കര്‍ഷകരേയും നിയമങ്ങളും ചട്ടങ്ങളും കൊണ്ട് അനാവശ്യമായി വരിഞ്ഞുകെട്ടിയിരിക്കുകയായിരുന്നു. എന്റെ മുന്നിലിരിക്കുന്ന എല്ലാ കര്‍ഷകസുഹൃത്തുക്കള്‍ക്കും ഈ നിസ്സഹായവസ്ഥ വര്‍ഷങ്ങളായി തോന്നിയിരിക്കാം!
തങ്ങളുടെ വിളകള്‍ എവിടെ വില്‍ക്കണമെന്ന്, അല്ലെങ്കില്‍ അവരുടെ വിളകള്‍ സംഭരിക്കണമോ വേണ്ടയോ എന്നൊന്നും തീരുമാനിക്കാനുളള അവകാശം കര്‍ഷകര്‍ക്ക് നല്‍കിയിരുന്നില്ല. രണ്ടാഴ്ചയ്ക്ക് മുമ്പ് നമ്മള്‍ അത്തരം വിവേചനപരമായ നിയമങ്ങള്‍ റദ്ദാക്കി! ഇനി കര്‍ഷകരുടെ വിളകള്‍ എവിടെ വില്‍ക്കണമെന്ന് ഗവണ്‍മെന്റാ ഉദ്യോഗസ്ഥരോ നിശ്ചയിക്കില്ല, കര്‍ഷകര്‍ക്ക് സ്വയം തീരുമാനിക്കാം.
ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ സംസ്ഥാനത്തിന് പുറത്തോ ഏത് വിപണിയിലോ വില്‍ക്കാം! ഇപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വിളകള്‍ക്ക് മികച്ച വില നല്‍കുന്ന വ്യാപാരികളുമായും കമ്പനികളുമായും നേരിട്ട് ബന്ധപ്പെടാന്‍ കഴിയുകയും അവര്‍ക്ക് അവ നേരിട്ട് വില്‍ക്കാന്‍ കഴിയുകയും ചെയ്യും. വിളകള്‍ ശേഖരിച്ചുവയ്ക്കുന്നത് തടയുന്നതിന് മുമ്പുണ്ടായിരുന്ന നിയമവും മാറ്റി.
സുഹൃത്തുക്കളെ,
ആത്മനിര്‍ഭര്‍ഭാരത് പാക്കേജില്‍ കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ ശേഖരിച്ചുവയ്ക്കുന്നിതിനും അതിലൂടെ വിപണിയുമായി നേരിട്ട് ബന്ധപ്പെടുന്നതിന് സാധിക്കുന്നതിനും വേണ്ടി കോള്‍ഡ് സ്റ്റോറേജ് നിര്‍മ്മിക്കുന്നതിനായി ഒരു ലക്ഷം കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകന് വിപണിയുമായി ബന്ധപ്പെടാന്‍ കഴിഞ്ഞാല്‍ അവന് അവന്റെ വിളകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാന്‍ കഴിയും.
'ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്'കീഴില്‍ നിങ്ങള്‍ മറ്റൊരു തീരുമാനം കേട്ടിരിക്കും! വ്യാവസായിക ക്ലസ്റ്ററുകളുടെ രൂപീകരണം. ഇതിലൂടെ പ്രാദേശിക വിളകള്‍ ഉപയോഗിച്ചുകൊണ്ട് നിങ്ങളുടെ ഗ്രാമങ്ങള്‍ക്ക് സമീപമുള്ള നഗരങ്ങളിലും ചെറുപട്ടണങ്ങളിലും വിവിധ ഉല്‍പ്പന്നങ്ങളും പാക്കേജിംഗ് ഐറ്റങ്ങളും ഉണ്ടാക്കാന്‍ കഴിയും. ഇത് കര്‍ഷകര്‍ക്ക് വലിയ നേട്ടമാകാന്‍ പോകുകയാണ്.
ഇപ്പോള്‍, ഖഗാരിയയില്‍ തിന വലിയ തോതില്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്! തിന ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്ന കമ്പനികളുമായി കര്‍ഷകരെ നേരിട്ട് ബന്ധിപ്പിക്കുകയും ഖഗാരിയ തിന ഉപയോഗിച്ചുകൊണ്ട് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുകയാണെങ്കില്‍ അത് ലാഭം വലിയ തോതില്‍ വര്‍ദ്ധിപ്പിക്കും! അതുപോലെ ബിഹാറിന് മഖാനാ, ലൈച്ചീസ്, പഴം എന്നിവയുമുണ്ട്! യു.പിയില്‍ നിന്ന് നെല്ലിക്കയും മാങ്ങയും; രാജസ്ഥാനില്‍ നിന്ന് മുളക്, മദ്ധ്യപ്രദേശില്‍ നിന്ന് പയറുവര്‍ഗ്ഗങ്ങള്‍, ഒഡീഷയിലും ജാര്‍ഖണ്ഡിലും നല്ല വനവിഭവങ്ങള്‍ എന്നിവയുമുണ്ട്. ഇത്തരത്തില്‍ നിരവധി പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ഓരോ ജില്ലയിലുമുണ്ട്, അവയ്ക്ക് സമീപം അതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ ആരംഭിക്കുകയെന്നതാണ് പദ്ധതി.
സുഹൃത്തുക്കളെ,
കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി നടന്നുകൊണ്ടിരിക്കുന്ന ഈ പരിശ്രമങ്ങള്‍ക്കെല്ലാം നമ്മുടെ ഗ്രാമങ്ങളും നമ്മുടെ പാവപ്പെട്ടവരും സ്വതന്ത്രരും ശക്തരുമാകണമെന്ന ഒരേ ലക്ഷ്യമാണുള്ളത്. പാവപ്പെട്ടവര്‍, തൊഴിലാളികള്‍, കര്‍ഷകര്‍ക്ക് എന്നിവര്‍ക്കൊന്നും ഒരു പിന്തുണയും ആവശ്യമില്ല! എല്ലാത്തിനുപരിയായി ആ ജനവിഭാഗങ്ങള്‍ തൊഴിലിന്റെ ആദരവിലാണ് ജീവിക്കുന്നത്. അല്ലാതെ ആരുടെയും പിന്തുണകൊണ്ടല്ല!
ഗരീബ് കല്യാന്‍ റോസ്ഗാര്‍ അഭിയാന്‍ ആത്മാഭിമാനം സംരക്ഷിക്കുകയും നിങ്ങളുടെ കഠിനപ്രയത്നം നിങ്ങളുടെ ഗ്രാമങ്ങളെ വികസിപ്പിക്കുകയും ചെയ്യും. ഇന്ന് നിങ്ങളുടെ ഈ സേവകനും രാജ്യമാകെയും നിങ്ങളുടെ ബഹുമാനത്തിനും ആദരവിനും വേണ്ടി ഈ ആശയത്തോടെ, ഈ പ്രതിജ്ഞയോടെ പ്രവര്‍ത്തിക്കുകയാണ്.
നിങ്ങള്‍ തൊഴിലിനായി പോകുമ്പോള്‍ വേണ്ട മുന്‍കരുതലുകള്‍ എടുക്കാനും ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. മുഖാവരണം ധരിക്കുകയോ, തുണികൊണ്ട് മുഖം മറയ്ക്കുകയോ ചെയ്യുകയെന്ന നിയമം പാലിക്കുക, ശുചിത്വം പരിപാലിക്കുക, ശാരീരിക അകലത്തിന്റെ നിയമം പാലിക്കുക. നിങ്ങള്‍ മുന്‍കരുതലുകള്‍ എടുക്കുകയാണെങ്കില്‍ നിങ്ങളുടെ ഗ്രാമവും നിങ്ങളുടെ വീടും ഈ വൈറസില്‍ നിന്നു സംരക്ഷിക്കപ്പെടും. നമ്മുടെ ജീവിതത്തിനും ഉപജീവനത്തിനും ഇത് ഒരുപോലെ പ്രധാനമാണ്.
നിങ്ങളില്‍ ബഹുഭൂരിപക്ഷവും ആരോഗ്യവാന്മാരായി തന്നെ മുന്നോട്ടു ചലിക്കട്ടെ; രാജ്യവും നിങ്ങള്‍ക്കാപ്പം മുന്നോട്ടുപോകട്ടെ! ഈ ശുഭാശംസകളോടെ നിങ്ങള്‍ക്കു വളരെയധികം നന്ദി!
ഞാന്‍ എല്ലാ മുഖ്യമന്ത്രിമാരോടും കൃതജ്ഞതയുള്ളവനാണ്, പ്രത്യേകിച്ച് ബിഹാര്‍ ഗവണ്‍മെന്റിനോട്! ഈ നിര്‍ണ്ണായകമായ പദ്ധതി ആസൂത്രണം ചെയ്തതിനും മുന്നോട്ടുകൊണ്ടുപോയതിനും നല്‍കിയ പിന്തുണയില്‍ ഞാന്‍ നിങ്ങളോടെല്ലാം അതീവ നന്ദിയുള്ളവനാണ്. വളരെയധികം നന്ദി.

***
 



(Release ID: 1655020) Visitor Counter : 236