ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് മുക്തിനേടിയ രോഗികളുടെ പരിചരണം, ആരോഗ്യം തുടങ്ങിയവ ലക്ഷ്യമിട്ടുള്ള കോവിഡാനന്തര മാർഗ്ഗനിർദ്ദേശങ്ങൾ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി

Posted On: 13 SEP 2020 2:40PM by PIB Thiruvananthpuram

കോവിഡ് മുക്തി നേടിയ രോഗികളിൽ, ആശുപത്രി വിട്ട ശേഷവും തളർച്ച, ശരീരവേദന, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. മറ്റു രോഗങ്ങൾ ഉള്ളതോ, തീവ്രമായ രോഗസ്വഭാവം ഉണ്ടായതോ ആയ രോഗികൾ മറ്റുള്ളവരിൽ നിന്നും താരതമ്യേന കൂടുതൽ സമയം കൊണ്ടാകും പൂർണ്ണ രോഗമുക്തി നേടുക.

 

കോവിഡ മുക്തിനേടിയ രോഗികൾക്ക്, പരിചരണം, ആരോഗ്യം എന്നിവ ഉറപ്പാക്കുന്നതിനായി ഒരു സമഗ്ര സമീപനം ആവശ്യം ആയിട്ടുണ്ട്. ഇത് കണക്കിലെടുത്ത് ആരോഗ്യമന്ത്രാലയം കോവിഡാനന്തര ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി.

 

 

വ്യക്തിഗത തലത്തിൽ:

 

* മുഖാവരണങ്ങളുടെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മുൻകരുതലുകൾ തുടർന്നും പാലിക്കുക

 

* ആവശ്യത്തിന് ചൂടുവെള്ളം കുടിക്കുക (മറിച്ഛ് ഉപദേശം ഇല്ലെങ്കിൽ)

 

* പ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്ന ആയുഷ് മരുന്നുകൾ ഉപയോഗിക്കുക. എന്നാൽ ആയുഷ് ചികിത്സാരീതികളിൽ വൈദഗ്ധ്യം നേടിയവരുടെ നിർദേശപ്രകാരം മാത്രമേ ഇത് കഴിക്കാവൂ

 

* ആരോഗ്യം അനുവദിക്കുന്ന പക്ഷം വീട്ടുജോലികൾ ചെയ്യാവുന്നതാണ്. എന്നാൽ ഔദ്യോഗിക ജോലികൾ ഘട്ടംഘട്ടമായി മാത്രമേ പുനരാരംഭിക്കാവൂ

 

* താരതമ്യേന ലളിതമായ വ്യായാമമുറകൾ അഭ്യസിക്കാം

 

* ആരോഗ്യം അനുവദിക്കുന്ന പക്ഷമോ, വിദഗ്ദ്ധ നിർദ്ദേശത്തിൽ പറയുന്ന പ്രകാരമോ, യോഗാസനങ്ങൾ, പ്രാണായാമം, ധ്യാനം തുടങ്ങിയവ ദിവസേന പരിശീലിക്കാവുന്നതാണ്

 

* ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം ശ്വസന വ്യായാമമുറകൾ അഭ്യസിക്കാം

 

* ശാരീരിക അവസ്ഥകൾക്ക് അനുസരിച്ച് പ്രഭാതത്തിലോ സായാഹ്നത്തിലോ നടക്കാവുന്നതാണ്

 

* പോഷക സമ്പുഷ്ടവും സന്തുലിതവുമായ ഭക്ഷണക്രമം. വേഗത്തിൽ ദഹിക്കുന്ന ഭക്ഷണ വസ്തുക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകണം

 

* ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക

 

* മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക

 

* കോവിഡ്, മറ്റു രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകൾ കൃത്യമായി കഴിക്കുക. രോഗി കഴിക്കുന്ന എല്ലാത്തരം മരുന്നുകളും അലോപ്പതി/ ആയുഷ് ഡോക്ടറെ അറിയിക്കേണ്ടതാണ്

 

* വീട്ടിലിരുന്ന് കൊണ്ട് തന്നെ സ്വന്തം ആരോഗ്യം പരിശോധിക്കുക - ശരീരതാപനില, രക്തസമ്മർദ്ദം, രക്തത്തിലെ പഞ്ചസാരയുടെ അളവ് (പ്രമേഹരോഗികൾ എങ്കിൽ പ്രത്യേകിച്ചു)

എന്നിവ നിരീക്ഷിക്കുക

 

* വരണ്ട ചുമ, തൊണ്ടവേദന എന്നിവ തുടരുന്നുവെങ്കിൽ ഉപ്പുവെള്ളം കവിൾ കൊള്ളുകയോ, ആവി പിടിക്കുകയോ ചെയ്യേണ്ടതാണ്. പച്ച മരുന്നുകൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഇവയോടൊപ്പം ഉപയോഗിക്കാം. ചുമയ്ക്കുള്ള മരുന്നുകൾ ഡോക്ടർമാരുടെയോ ആയുഷ് ചികിത്സാരീതികളിൽ വൈദഗ്ധ്യം നേടിയവരുടെയോ നിർദ്ദേശപ്രകാരം മാത്രമേ കഴിക്കാവൂ.

 

* ഉയർന്ന താപനിലയിലുള്ള പനി, ശ്വാസതടസ്സം, നെഞ്ചുവേദന, തളർച്ച, SpO2<95% തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുക

 

സാമൂഹിക തലത്തിൽ

 

* രോഗമുക്തി നേടിയവർ തങ്ങളുടെ ചികിത്സ അനുഭവങ്ങൾ സുഹൃത്തുക്കൾ, ബന്ധുക്കൾ, എന്നിവരുമായി സമൂഹമാധ്യമങ്ങൾ, കമ്മ്യൂണിറ്റി ലീഡേഴ്സ്, മതനേതാക്കൾ എന്നിവർ വഴി പങ്ക് വെക്കേണ്ടതാണ്. രോഗം സംബന്ധിച്ച ആശങ്കകളും, അബദ്ധധാരണകളും നീക്കുന്നതിനും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനും ഇത് സഹായകമാണ്

 

* ചികിത്സാപരമോ സാമൂഹികപരമോ ജോലിപരമോ ജീവിതമാർഗ്ഗ സംബന്ധിയോ ആയ സഹായങ്ങൾക്കായി സാമൂഹിക അടിസ്ഥാനത്തിലുള്ള സ്വയം സഹായ സംഘങ്ങൾ, സാമൂഹിക സംഘടനകൾ, വൈദഗ്ധ്യം നേടിയ ആളുകൾ എന്നിവരുടെ സഹായം തേടാവുന്നതാണ്

 

* സമപ്രായക്കാർ, സാമൂഹിക ആരോഗ്യ ജീവനക്കാർ, കൗൺസിലർമാർ എന്നിവരിൽനിന്നും മനശാസ്ത്ര-സാമൂഹികപരമായ പിന്തുണ ഉറപ്പാക്കാവുന്നതാണ്. ആവശ്യമെങ്കിൽ മാനസിക ആരോഗ്യ വിദഗ്ധരുടെ പിന്തുണയും തേടാവുന്നതാണ്.

 

* യോഗ, ധ്യാനം തുടങ്ങിയ സംഘം ചേർന്നുള്ള പ്രവർത്തികളിൽ കൂടുതൽ പങ്കെടുക്കുക. എന്നാൽ സമയത്ത് സാമൂഹിക അകലം അടക്കമുള്ളവ കൃത്യമായി പാലിച്ചിരിക്കണം

 

ആരോഗ്യ പാലന കേന്ദ്രം തയ്യാറാക്കൽ

 

* ആശുപത്രി വിട്ടതിനു ഒരാഴ്ചക്കുള്ളിൽ തന്നെ നേരിട്ടോ ടെലിഫോണിലൂടെയോ ആദ്യ തുടർ സന്ദർശനം ഉറപ്പാക്കണം. ഇത് ചികിത്സ നടത്തിയ ആശുപത്രിയിൽ തന്നെ ആകുന്നത് കൂടുതൽ അഭികാമ്യം

 

* തുടർ ചികിത്സകളും, സന്ദർശനങ്ങളും ഏറ്റവും അടുത്തുള്ള അംഗീകൃത അലോപ്പതി/ ആയുഷ് വിദഗ്ധരുടെ പക്കലോ ആരോഗ്യകേന്ദ്രത്തിലോ നടത്താവുന്നതാണ്

 

* വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ രോഗികളിൽ രോഗലക്ഷണങ്ങൾ തുടരുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ ഏറ്റവും അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദർശിക്കാവുന്നതാണ്

 

* പ്രത്യേക ശ്രദ്ധ ആവശ്യമുള്ള ഗുരുതരമായ കേസുകൾക്ക് കൂടുതൽ മെച്ചപ്പെട്ട തുടർ ചികിത്സ ആവശ്യമാണ്

 

*************

 


(Release ID: 1653779) Visitor Counter : 1261