സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം
ഖാദി ഇ-വിപണി പോർട്ടലിൽ തിരക്കേറുന്നു: പ്രാദേശിക ഉത്പന്നങ്ങൾക്ക് പ്രചാരം വർദ്ധിപ്പിച്ച് ഇന്ത്യക്കാര്‍
Posted On:
09 SEP 2020 11:48AM by PIB Thiruvananthpuram
ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഓൺലൈൻ വിപണന രംഗത്തേക്കുള്ള ചുവടുവയ്പ്പിന് രാജ്യമെമ്പാടും വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. കരകൗശല വിദഗ്ധർക്കും നെയ്ത്തുകാർക്കും തങ്ങളുടെ ഉൽപന്നങ്ങൾ രാജ്യത്തെ ഏത് ഉൾനാടൻ മേഖലയിൽ ഉള്ളവർക്കും വിപണനം നടത്താൻ ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റെ ഇ- പോർട്ടലായ http://www.kviconline.gov.in/khadimask/ വഴിയൊരുക്കുന്നു.
ഖാദി മുഖവരണങ്ങൾ മാത്രമായി ജൂലൈ 7ന് തുടക്കം കുറിച്ച ഓൺലൈൻ പോർട്ടലിൽ നിലവിൽ 180 ഉൽപന്നങ്ങൾ ലഭ്യമാണ്. നിരവധി ഉത്പന്നങ്ങൾ അടുത്തുതന്നെ പോർട്ടലിൽ ഇടംപിടിക്കും.
പ്രതിദിനം പത്ത് പുതിയ ഉൽപ്പന്നങ്ങൾ എന്ന കണക്കിലാണ് കെവിഐസി ഓൺലൈൻ പോർട്ടലിൽ ഖാദി ഉൽപ്പന്നങ്ങൾ കൂട്ടിച്ചേര്‍ക്കുന്നത്. ഈ വർഷം ഒക്ടോബർ രണ്ടോടു കൂടി ആയിരം ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് കമ്മീഷൻ നടന്നടുക്കുന്നത്. രണ്ടു മാസത്തിൽ താഴെ മാത്രം സമയത്തിനുള്ളിൽ നാലായിരത്തിലേറെ ഉപഭോക്താക്കൾക്കാണ് കമ്മീഷൻ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത്.
സ്വദേശി ഉൽപ്പന്നങ്ങൾക്കുള്ള വലിയ പ്രോത്സാഹനം ആണ് ഖാദി ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വിപണനം എന്ന് കെവിഐസി ചെയർമാൻ ശ്രീ വിനയകുമാർ സക്സേന അഭിപ്രായപ്പെട്ടു. ഇത് പ്രാദേശിക നെയ്ത്തുകാരെയും കരകൗശല വിദഗ്ധരെയും ശാക്തീകരിക്കുന്ന മുന്നേറ്റം കൂടിയാണ്. വിവിധ വിഭാഗത്തിൽപ്പെട്ട ഉപഭോക്താക്കളെ കണക്കിലെടുത്ത് 50 രൂപ മുതൽ 5000 രൂപ വരെ വില വരുന്ന വ്യത്യസ്തമായ ഉൽപന്നങ്ങളാണ് പോർട്ടലിൽ ലഭ്യമാക്കിയിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.
ഇ- പോർട്ടൽ സംവിധാനത്തിലൂടെ ഖാദി ഉൽപന്നങ്ങൾക്ക് രാജ്യത്തിന്റെ ഏത് കോണിലും വിപണന സാധ്യതകൾ തുറന്നിരിക്കുകയാണ്. കൂടുതൽ ഖാദി ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും അതുവഴി കൂടുതൽ വരുമാനം സ്വന്തമാക്കാനും രാജ്യത്തെ കരകൗശല വിദഗ്ധർക്കും നൈയ്തുകാർക്കും ഇതിലൂടെ അവസരമൊരുങ്ങുന്നു.
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽപ്രദേശ്, കേരളം, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ തുടങ്ങി 31 സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്ന് കെവിഐസിയ്ക്ക് ഓൺലൈൻ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു.
599 രൂപയിൽ കൂടുതൽ മൂല്യമുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നവർക്ക് അധിക നിരക്കുകൾ ഈടാക്കാതെ സൗജന്യ വിതരണം ലഭ്യമാക്കും. സ്പീഡ് പോസ്റ്റിലൂടെ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിനായി, തപാൽ വകുപ്പുമായി പ്രത്യേക കരാറിലും കമ്മീഷൻ ഏര്‍പ്പെട്ടിട്ടുണ്ട്.
****
(Release ID: 1652582)
Visitor Counter : 216
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada