പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; സംവാദ് ഉപനിഷത്ത്, അക്ഷര്‍യാത്ര പുസ്തകങ്ങള്‍ പുറത്തിറക്കി


ഇന്ത്യയിലെ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യത്യസ്ത സാഹിത്യ അവാര്‍ഡുകള്‍ നല്‍കണം: പ്രധാനമന്ത്രി

പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും മികച്ച സംഭാവന സമൂഹത്തിനു നല്‍കേണ്ടത് ആവശ്യമാണ്: പ്രധാനമന്ത്രി

ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവും വേദചിന്തയും ആദ്ധ്യാത്മിക താല്‍പ്പര്യം മാത്രമല്ല, ശാസ്ത്രവീക്ഷണം കൂടിയാണ്: പ്രധാനമന്ത്രി

Posted On: 08 SEP 2020 2:25PM by PIB Thiruvananthpuram

 

ജയ്പൂരിലെ പത്രിക ഗേറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. പത്രിക ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ ഗുലാബ് കോത്താരി എഴുതിയ സംവാദ് ഉപനിഷത്ത്, അക്ഷര്‍യാത്ര പുസ്തകങ്ങളും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

ഗേറ്റ് രാജസ്ഥാന്‍ സംസ്‌കാരത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും ഇത് സുപ്രധാന ആഭ്യന്തര- അന്തര്‍ദേശീയ വിനോദസഞ്ചാരകേന്ദ്രമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയുടെ സംസ്‌കാരവും തത്വചിന്തയും പ്രതിനിധാനം ചെയ്യുന്നതാണെന്നും സമൂഹത്തെ ബോധവത്കരിക്കുന്നതില്‍ എഴുത്തുകാര്‍ വലിയ പങ്കുവഹിക്കുന്നുവെന്നും പ്രകാശനം ചെയ്ത പുസ്തകങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പറഞ്ഞു.

ശ്രേഷ്ഠരായ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ അവരുടെ രചനകളിലൂടെ ജനങ്ങളെ മുന്നോട്ടുനയിച്ചുവെന്നു പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ത്യയുടെ സംസ്‌കാരം, ഇന്ത്യയുടെ നാഗരികത, മൂല്യങ്ങള്‍ എന്നിവ സംരക്ഷിക്കുന്നതിനുള്ള പത്രിക ഗ്രൂപ്പിന്റെ ശ്രമങ്ങളെ അദ്ദേഹം പ്രശംസിച്ചു.

പത്രിക ഗ്രൂപ്പിന്റെ സ്ഥാപകനായ ശ്രീ കാര്‍പൂര്‍ ചന്ദ്ര കുലിഷ് പത്രപ്രവര്‍ത്തനത്തിനു നല്‍കിയ സംഭാവനകളെയും സമൂഹത്തിന് വേദങ്ങളെക്കുറിച്ചുള്ള അറിവു നല്‍കാന്‍ ശ്രമിച്ച രീതിയെയും പ്രധാനമന്ത്രി പ്രശംസിച്ചു.

പുരോഗമനാത്മക ചിന്തയോടെയാകണം ഓരോ പത്രപ്രവര്‍ത്തകനും പ്രവര്‍ത്തിക്കേണ്ടതെന്ന് ശ്രീ കുലിഷിന്റെ ജീവിതത്തെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഓരോ വ്യക്തിയും പുരോഗമന ചിന്തയോടെ പ്രവര്‍ത്തിച്ചാല്‍ സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വേദങ്ങള്‍ ധ്വനിപ്പിക്കുന്ന കാഴ്ചപ്പാടുകള്‍ കാലാതീതമാണെന്നും  മനുഷ്യരാശിക്കാകെ വേണ്ടിയാണെന്നും രണ്ട് പുസ്തകങ്ങളെ പരാമര്‍ശിക്കവെ പ്രധാനമന്ത്രി പറഞ്ഞു. ഉപനിഷദ് സംവാദും അക്ഷര്‍ യാത്രയും വ്യാപകമായി വായിക്കപ്പെടട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഗൗരവതരമായ അറിവിന്റെ മേഖലയില്‍ നിന്ന് നമ്മുടെ പുതിയ തലമുറ ഒഴിഞ്ഞുമാറേണ്ടതില്ലെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ആദ്ധ്യാത്മികതലത്തിന്റേതു മാത്രമല്ല, ശാസ്ത്രീയ വാതായനങ്ങളും തുറന്നിടുകയാണ് വേദങ്ങളും ഉപനിഷത്തുകളുമെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.

പാവപ്പെട്ടവര്‍ക്ക് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി കക്കൂസ് നിര്‍മ്മിച്ചു നല്‍കുന്നതിന്റെ ആവശ്യകത പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ രോഗങ്ങളുടെ വ്യാപനം തടയുന്നതിന് ഇതാവശ്യമാണ്. അമ്മമാരെയും സഹോദരിമാരെയും പുകശല്യത്തില്‍ നിന്ന് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ഉജ്ജ്വല പദ്ധതിയുടെ പ്രാധാന്യത്തെക്കുറിച്ചും എല്ലാ വീടുകളിലും വെള്ളം എത്തിക്കാനുള്ള ജല്‍ ജീവന്‍ ദൗത്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

കൊറോണയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ നല്‍കിയ അഭൂതപൂര്‍വമായ സേവനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ താഴേത്തട്ടില്‍വരെ എത്തിക്കുകയും അവയിലെ പ്രശ്‌നങ്ങള്‍ പുറത്തുകൊണ്ടുവരികയും ചെയ്തുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

''പ്രാദേശികതയ്ക്കായി ശബ്ദ''മുയര്‍ത്തുന്ന ''ആത്മനിര്‍ഭര്‍ ഭാരത്'' ക്യാമ്പയിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കുന്നതില്‍ പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ കാഴ്ചപ്പാട് കൂടുതല്‍ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ ആഗോളതലത്തില്‍ പോകുന്നുണ്ടെങ്കിലും ഇന്ത്യയുടെ ശബ്ദവും ആഗോളനിലവാരത്തിലെത്തണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

ലോകം ഇപ്പോള്‍ ഇന്ത്യയെ കൂടുതല്‍  ശ്രദ്ധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങളും ആഗോളനിലവാരം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള വ്യത്യസ്ത സാഹിത്യ അവാര്‍ഡുകള്‍  നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ശ്രീ കാര്‍പൂര്‍ ചന്ദ്ര കുലിഷിന്റെ സ്മരണാര്‍ത്ഥം അന്താരാഷ്ട്ര മാധ്യമപുരസ്‌കാരം നല്‍കാനുള്ള തീരുമാനത്തിന് പത്രിക ഗ്രൂപ്പിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
***



(Release ID: 1652364) Visitor Counter : 126