തൊഴില്‍, ഉദ്യോഗ മന്ത്രാലയം

ഇ എസ് ഐ സി യുടെ അടൽ ബിമിത്  വ്യക്തി കല്യാൺ യോജന യിലൂടെ നൽകുന്ന തൊഴിലില്ലായ്മ വേതനം വർദ്ധിപ്പിക്കുകയും യോഗ്യത മാനദണ്ഡത്തിൽ ഇളവ്  നൽകുകയും ചെയ്യാൻ തീരുമാനം

Posted On: 21 AUG 2020 11:04AM by PIB Thiruvananthpuram

കേന്ദ്ര തൊഴിൽ സഹമന്ത്രി (സ്വതന്ത്ര ചുമതല) ശ്രീ സന്തോഷ് കുമാർ  ഗംഗ്വാറിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഇ എസ് ഐ കോർപ്പറേഷന്റെ 182ആമത്  യോഗത്തിൽ  സേവന നടപടികൾ വർദ്ധിപ്പിക്കുന്നതിനും മഹാമാരി  മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികൾക്ക് സഹായം നൽകുന്നതിനുമു ള്ള തീരുമാനമെടുത്തു.

ഇഎസ്ഐ പദ്ധതിയുടെ  കീഴിലുള്ള തൊഴിലാളികൾക്ക് അടൽ ബിമിത് വ്യക്തി കല്യാൺ യോജന വഴി ഇഎസ്ഐ കോർപ്പറേഷൻ തൊഴിലില്ലായ്മ വേതനം നൽകി വരുന്നു. പദ്ധതിയുടെ ആനുകൂല്യം  ഒരുവർഷം കൂടി 2021 ജൂൺ 30 വരെ ദീർഘിപ്പിക്കാൻ തീരുമാനിച്ചു. നിലവിലെ വ്യവസ്ഥകളിൽ ഇളവ് വരുത്താനും കോവിഡ്  മൂലം തൊഴിൽ നഷ്ടപ്പെട്ടവർക്കുള്ള ആശ്വാസ ധന സഹായം വർദ്ധിപ്പിക്കാനും തീരുമാനിച്ചു. ഇതുപ്രകാരം വ്യവസ്ഥകളിൽ വരുത്തിയ ഇളവുകളോടെയുള്ള  വർദ്ധിപ്പിച്ച സഹായധനം 24. 3. 2020 മുതൽ 2020 ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ലഭിക്കുക. അതിനുശേഷം യഥാർത്ഥ യോഗ്യത വ്യവസ്ഥകളോടെ 2021 ജനുവരി 1 മുതൽ 2021 ജൂൺ 30 വരെ സഹായധനം ലഭിക്കും. ഈ വ്യവസ്ഥകളുടെ അവലോകനം ആവശ്യമെങ്കിൽ 2020 ഡിസംബർ 31ന് ശേഷം നടത്തും. 

സഹായ ധനം ലഭിക്കാൻ ഉള്ള യോഗ്യത മാനദണ്ഡത്തിൽ ഇളവുകൾ വരുത്തിയിട്ടുണ്ട്. സഹായധനം ശരാശരി വേതനത്തിന്റെ  25 ശതമാനം ആയിരുന്നത് 50 ശതമാനമായാണ് വർധിപ്പിച്ചത്. പരമാവധി 90 തൊഴിലില്ലാത്ത ദിനങ്ങൾ വരെയാണ് ആനുകൂല്യം ലഭിക്കുക. ഇൻഷുറൻസ് ഉള്ള വ്യക്തികൾക്ക് ഇ എസ് ഐ ബ്രാഞ്ച് ഓഫീസിൽ നേരിട്ട് ക്ലെയിം സമർപ്പിക്കാം.കോവിഡ് -19നെ  തുടർന്ന് ഇ എസ് ഐ സി ആശുപത്രികളിൽ ഐ സി യു/ എച്ച് ഡി യൂണിറ്റുകൾ വർദ്ധിപ്പിക്കുന്നതിന്റെ  ഭാഗമായി എല്ലാ ഇ എസ് ഐ സി ആശുപത്രികളിലെയും കിടക്കകളുടെ എണ്ണത്തിന്റെ 10 ശതമാനം വരെ ഐ സി യു /എച്ച് ഡി യൂണിറ്റുകൾ ലഭ്യമാക്കാനും  തീരുമാനിച്ചിട്ടുണ്ട്.

****

 



(Release ID: 1647651) Visitor Counter : 364