ഷിപ്പിങ് മന്ത്രാലയം

തുറമുഖ, സമുദ്ര പര്യവേഷ മേഖലയ്ക്ക് ആവശ്യമായ ശേഷി വികസനത്തിനായുള്ള ധാരണാ പത്രം ഒപ്പിട്ടു

Posted On: 20 AUG 2020 3:35PM by PIB Thiruvananthpuram



സമുദ്ര പര്യവേഷണ മേഖല വലിയ തൊഴിൽ സാധ്യതകളാണ് തുറന്നിടുന്നത്. ഇത് ഉപയോഗപ്പെടുത്താനും, ഈ മേഖലയ്ക്ക് ആവശ്യമായ ശേഷികൾക്ക് അംഗീകാരം നൽകുന്നതും ലക്ഷ്യമിട്ട് ഷിപ്പിംഗ് മന്ത്രാലയവും നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു.

നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ഡോ മഹേന്ദ്രനാഥ് പാണ്ഡേയുടെയും, ഷിപ്പിംഗ് സഹമന്ത്രിയും രാസവസ്തു-വള മന്ത്രിയുമായ ശ്രീ മന്‍സുഖ് മാണ്ഡവ്യയുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ ഊർജ്ജ-വൈദ്യുതി പുനരുപയോഗ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ ആർ കെ സിംഗ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

തൊഴിലിനാവശ്യമായ ശേഷികൾ പകർന്നുകൊണ്ട്, ആഗോള നിലവാരത്തിലുള്ള ഒരു തൊഴിലാളി വിഭാഗത്തെ വളർത്തിയെടുക്കാൻ ഷിപ്പിങ് മന്ത്രാലയം സ്വീകരിക്കുന്ന നടപടികൾക്ക് ഡോ മഹേന്ദ്രനാഥ് പാണ്ഡെ അഭിനന്ദനം അറിയിച്ചു. കടലിലൂടെയുള്ള ചരക്കുനീക്കം ഒരു രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ തീരപ്രദേശങ്ങളിൽ ഉള്ള യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങളും മെച്ചപ്പെട്ട ജീവിതവും നൽകാൻ ഈ പങ്കാളിത്തം കൊണ്ട് സാധിക്കുമെന്ന് ശ്രീ മൻസുഖ് മാണ്ഡവ്യ ചൂണ്ടിക്കാട്ടി. ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള സാഗർമാല പദ്ധതിയുടെ ഭാഗമായി തീരദേശ സമൂഹങ്ങളുടെ ശാക്തീകരണം ഉറപ്പാക്കാനുള്ള നടപടികൾക്ക് ഈ ധാരണാപത്രം ശക്തി പകരുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. മെച്ചപ്പെട്ട ശേഷികൾ ഉള്ള ഒരു തൊഴിൽ സമൂഹത്തെ വളർത്തിയെടുക്കാനും, സാങ്കേതികവിദ്യാ പ്രധാനമായ ഭാവിയിൽ അവർക്ക് ശക്തി പകരാനും അതുവഴി സമുദ്ര മേഖലയുടെ വളർച്ച ത്വരിതപ്പെടുത്താനും തങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പ് നൽകി. പുതിയ നീക്കം, മെച്ചപ്പെട്ട ശേഷി കൈവരിച്ച ഇന്ത്യൻ യുവാക്കൾക്ക്, ഇന്ത്യക്കകത്തും അന്താരാഷ്ട്ര സമുദ്ര മേഖലകളിലും കൂടുതൽ അവസരങ്ങൾ തുറക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.


 ***


(Release ID: 1647321) Visitor Counter : 184