ഉരുക്ക് മന്ത്രാലയം

കുടിയേറ്റ തൊഴിലാളികൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നൽകുന്നതിനുള്ള പദ്ധതിയിൽ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ സ്റ്റീൽ വ്യവസായമേഖലയിലെ നേതാക്കളോട് കേന്ദ്രമന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ അഭ്യർത്ഥിച്ചു

Posted On: 18 AUG 2020 2:25PM by PIB Thiruvananthpuram

 

കുടിയേറ്റ തൊഴിലാളികൾക്ക് ചെലവ് കുറഞ്ഞ വീടുകൾ നൽകുന്നതിനുള്ള പദ്ധതിയിൽ ഗവൺമെന്റുമായി സഹകരിച്ച് പ്രവർത്തിക്കാൻ കേന്ദ്ര സ്റ്റീൽ, പെട്രോളിയം, പ്രകൃതിവാതക വകുപ്പ് മന്ത്രി ശ്രീ ധർമേന്ദ്ര പ്രധാൻ, സ്റ്റീൽ വ്യവസായ മേഖലയിലെ നേതാക്കളോട് അഭ്യർത്ഥിച്ചു. ആത്മ നിർഭർ ഭാരതുമായി ബന്ധപ്പെട്ട വെബ്ബിനാറിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടിയേറ്റ തൊഴിലാളികൾക്ക് ചെലവ് കുറഞ്ഞ ഒരു ലക്ഷത്തോളം വീടുകൾ നിർമ്മിച്ചു നൽകാൻ ഗവൺമെന്റ് ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ സ്റ്റീൽവ്യവസായ മേഖല, ചെലവ് കുറഞ്ഞതും സ്റ്റീൽ ഉപയോഗം കൂടുതലുള്ളതുമായ ധാരാളം വീടുകൾ നിർമ്മിച്ചു മറ്റുള്ളവർക്ക് മാതൃക സൃഷ്ടിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയുമായി ചേർന്നാണ് സ്റ്റീൽ മന്ത്രാലയം വെബ്ബിനാർ സംഘടിപ്പിച്ചത്. കേന്ദ്ര ഭവന-നഗരകാര്യ, വ്യോമയാന സഹമന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി, സ്റ്റീൽ മന്ത്രാലയം സഹമന്ത്രി ശ്രീ ഫഗന്‍ സിങ്ങ് കുലസ്തേ എന്നിവർ വെബ്ബിനാറിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. പൊതുമേഖലാ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, സി ഐ ഐ യിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. 

ലോകത്തെ സ്റ്റീൽ ഉൽപ്പാദക രാഷ്ട്രങ്ങളിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. മറ്റു രാഷ്ട്രങ്ങൾക്ക് സ്റ്റീൽ ആവശ്യങ്ങൾക്ക് സമീപിക്കാവുന്ന താല്പര്യമുള്ള രാജ്യമായി ഇന്ത്യ ഉയർന്നു വരണമെന്ന് ശ്രീ പ്രധാൻ പറഞ്ഞു. ഇതിന് തദ്ദേശീയ സ്റ്റീൽ നിർമ്മാണത്തിന് മുൻഗണന നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചെലവുകുറഞ്ഞതും മിതമായ ചെലവിൽ ഉള്ളതുമായ സ്റ്റീൽ ഉൽപ്പന്നങ്ങളുടെ നിർമ്മാണം വർധിപ്പിക്കണമെന്നും മൂല്യവർദ്ധിത പ്രവർത്തനങ്ങൾ മിഷൻ മോഡിൽ നടപ്പാക്കണമെന്നും ശ്രീ ധർമേന്ദ്ര പ്രധാൻ അഭിപ്രായപ്പെട്ടു. 

സ്റ്റീൽ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള നയത്തിൽ ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിന് വിവിധ വകുപ്പുകളിലെ ഓഫീസർമാർ, വ്യവസായ സംഘടനകൾ, അക്കാദമിക വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി ഒരു പ്രവർത്തന ഗ്രൂപ്പ് രൂപീകരിക്കുമെന്നും മന്ത്രി ആഹ്വാനം ചെയ്തു. 

സ്മാർട്ട് സിറ്റി പദ്ധതി, അമൃത്, പ്രാദേശിക വ്യോമ പദ്ധതി, ഉഡാൻ എന്നിവ രാജ്യത്തെ സ്റ്റീൽ ഉപയോഗം വർധിപ്പിക്കാൻ സഹായിക്കുമെന്ന് വെബിനാറിനെ അഭിസംബോധന ചെയ്ത് സഹമന്ത്രി ശ്രീ ഫഗന്‍ സിംഗ് കുലസ്ത്തെ പറഞ്ഞു. 

സ്റ്റീൽ ഉപയോഗം വർധിപ്പിക്കാൻ നൂതന സാങ്കേതിക വിദ്യകൾ, ചെലവുകുറഞ്ഞ മാർഗങ്ങൾ എന്നിവ സ്വീകരിക്കുകയും മിതമായ വിലയ്ക്ക് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയും ഗുണമേന്മ ഉറപ്പുവരുത്തുകയും വേണം എന്ന് മന്ത്രി ശ്രീ ഹർദീപ് സിംഗ് പുരി അഭിപ്രായപ്പെട്ടു. 

കെട്ടിട ഭവന നിർമ്മാണ മേഖലകൾ, വ്യോമയാന മേഖല എന്നിവിടങ്ങളിൽ തദ്ദേശീയ നിർമിത സ്റ്റീലിന്റെ ഉപയോഗം വർദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങളെ പറ്റി ചർച്ച ചെയ്യുന്നതിനായി ആണ് വെബിനാർ സംഘടിപ്പിച്ചത്.

**


(Release ID: 1646712) Visitor Counter : 195