കൃഷി മന്ത്രാലയം
2020 മാർച്ച് - ജൂൺ കാലയളവിലെ കാർഷികോല്പന്ന കയറ്റുമതിയിൽ മുൻവർഷത്തെ അപേക്ഷിച്ച് 23.24% വർധന
Posted On:
18 AUG 2020 12:50PM by PIB Thiruvananthpuram
ലോക വ്യാപാര സംഘടനയുടെ 2017ലെ കണക്കുകൾ പ്രകാരം, കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി എന്നിവയിൽ ഇന്ത്യയുടെ പങ്ക് യഥാക്രമം 2.27%, 1.90% എന്നിങ്ങനെയായിരുന്നു. കോവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ഡൗൺ കാലയളവിലും ആഗോള ഭക്ഷ്യ വിതരണ ശൃംഖലയെ തടസ്സപ്പെടുത്താത്ത തരത്തിൽ നാം കയറ്റുമതി തുടർന്നിരുന്നു. 2020 മാർച്ച് മുതൽ ജൂൺ വരെയുള്ള കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി മൂല്യം (25,552.7 കോടി രൂപ), കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (20,734.8 കോടി രൂപ) 23.24% വർദ്ധിച്ചു.
കാർഷികമേഖലയിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉത്പാദനത്തിന് കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി നൽകിയ സംഭാവനയിലും പുരോഗതി ഉണ്ടായിട്ടുണ്ട്. 2017 - 18 കാലയളവിൽ 9.4% ആയിരുന്നത്, 2018-19 ആയതോടെ 9.9% ആയി ഉയർന്നു. കാർഷിക മേഖലയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ കാർഷികോൽപ്പന്നങ്ങളുടെ ഇറക്കുമതിക്കുള്ള പങ്കിൽ ഗണ്യമായ കുറവും രേഖപ്പെടുത്തി. 5.7%ൽ നിന്നും 4.9%ആയാണ് ഇത് കുറഞ്ഞത്. മറ്റു രാജ്യങ്ങളിലെ കാർഷിക ഉല്പന്നങ്ങളെ ആശ്രയിക്കുന്നതിൽ വന്ന കുറവും, തദ്ദേശീയ കാർഷികോൽപ്പന്നങ്ങളുടെ ലഭ്യതയിലെ വർധനയും ആണ് ഇത് വ്യക്തമാക്കുന്നത്.
1950- 51 കാലഘട്ടത്തിൽ 149 കോടി മൂല്യം മാത്രമുണ്ടായിരുന്ന ഇന്ത്യൻ കാർഷികോൽപന്ന കയറ്റുമതി 2019- 20 ഓടെ 2.53 ലക്ഷം കോടിയായി വർധിച്ചു. കഴിഞ്ഞ 15 വർഷം കൊണ്ട് കാർഷികോല്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ വർധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. എങ്കിലും കാർഷികോൽപ്പന്നങ്ങളുടെ ലോകത്തിലെതന്നെ മുൻനിര ഉത്പാദക രാജ്യങ്ങളിൽ ഒന്നായ ഇന്ത്യ, ഇവ കൂടുതൽ കയറ്റുമതി നടത്തുന്ന മുൻനി രാഷ്ട്രങ്ങളിൽ ഉൾപ്പെട്ടിട്ടില്ല.
ഇത് കണക്കിലെടുത്തുകൊണ്ട് കാർഷിക സഹകരണ-കർഷക ക്ഷേമ വകുപ്പ് കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു സമഗ്ര പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. മൂല്യ വർധനയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ട് കാർഷിക ഉൽപന്നങ്ങളുടെ കയറ്റുമതി വർദ്ധിപ്പിക്കുക, ഇറക്കുമതി ചെയ്യുന്ന കാർഷിക ഉൽപ്പന്നങ്ങൾക്ക് ബദൽ ഉൽപ്പന്നങ്ങൾ കണ്ടെത്തുക എന്നിവയാണ് ഇവയുടെ പ്രധാന ലക്ഷ്യങ്ങൾ. 8 കാർഷിക & അനുബന്ധ ഉൽപ്പന്നങ്ങൾക്കായി പ്രത്യേക കയറ്റുമതി പ്രോത്സാഹന ഫോറങ്ങൾക്കും രൂപം നൽകിക്കഴിഞ്ഞു.
***
(Release ID: 1646672)
Visitor Counter : 384
Read this release in:
Urdu
,
Assamese
,
Manipuri
,
English
,
Hindi
,
Marathi
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu