പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഓഗസ്റ്റ് 10ന് തിങ്കളാഴ്ച ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്കുള്ള (എ & എന്‍ഐ) അന്തര്‍വാഹിനി കേബിള്‍ കണക്റ്റിവിറ്റി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Posted On: 07 AUG 2020 2:41PM by PIB Thiruvananthpuram


ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ അതിവേഗ ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി

ചെന്നൈയ്ക്കും പോര്‍ട്ട് ബ്ലെയറിനും ഇടയിലും പോര്‍ട്ട് ബ്ലെയറിനും ഏഴ് ദ്വീപുകള്‍ക്കും ഇടയിലുമായി ഏകദേശം 2300 കിലോമീറ്റര്‍ നീളത്തില്‍ കടലിനടിയിലെ കേബിള്‍.

ഇ-ഗവേണന്‍സ്, ടൂറിസം, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി എന്നിവയ്ക്ക്  മികച്ച പ്രോത്സാഹനം

ചെന്നൈയെയും പോര്‍ട്ട് ബ്ലെയറിനെയും ബന്ധിപ്പിക്കുന്ന അന്തര്‍വാഹിനി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ (ഒഎഫ്സി) 2020 ഓഗസ്റ്റ് പത്തിന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാഷ്ട്രത്തിനു സമര്‍പ്പിക്കും. പോര്‍ട്ട് ബ്ലെയറിനെ സ്വരാജ് ദ്വീപ് (ഹാവ്‌ലോക്ക്), ലിറ്റില്‍  ആന്‍ഡമാന്‍, കാര്‍ നിക്കോബാര്‍, കമോര്‍ത്ത, ഗ്രേറ്റ് നിക്കോബാര്‍, ലോംഗ് ഐലന്റ്, രംഗത്ത് എന്നിവയുമായി ഈ അന്തര്‍വാഹിനി കേബിള്‍ ബന്ധിപ്പിക്കും. രാജ്യത്തിന്റെ മറ്റു ഭാഗങ്ങള്‍ക്കു തുല്യമായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലേക്ക് വേഗതയേറിയതും വിശ്വസനീയവുമായ മൊബൈല്‍, ലാന്‍ഡ്ലൈന്‍ ടെലികോം സേവനങ്ങള്‍ എത്തിക്കാനും ഇതു സഹായകമാകും. പ്രധാനമന്ത്രി 2018 ഡിസംബര്‍ 30ന് പോര്‍ട്ട് ബ്ലെയറില്‍ തറക്കല്ലിട്ട പദ്ധതി നിര്‍ദ്ദിഷ്ടകാാല പരിധിക്കുള്ളിലാണു പൂര്‍ത്തീകരിച്ചത്..

ഉദ്ഘാടനം കഴിയുന്നതോടെ, അന്തര്‍വാഹിനി ഒ.എഫ്.സി. ലിങ്ക് ചെന്നൈയ്ക്കും പോര്‍ട്ട് ബ്ലെയറിനുമിടയില്‍ 2 x 200 ജിഗാബൈറ്റ്‌സ് പെര്‍ സെക്കന്‍ഡ് (ജിബിപിഎസ്) ബാന്‍ഡ് വിഡ്ത്തും പോര്‍ട്ട് ബ്ലെയറിനും മറ്റ് ദ്വീപുകള്‍ക്കുമിടയില്‍ 2 x 100 ജിബിപിഎസ് ബാന്‍ഡ് വിഡ്ത്തും നല്‍കും.  ഈ ദ്വീപുകളില്‍ വിശ്വസനീയവും കരുത്തുറ്റതും അതിവേഗത്തിലുള്ളതുമായ ടെലികോം, ബ്രോഡ്ബാന്‍ഡ് സൗകര്യങ്ങള്‍ നല്‍കുന്നത് ഉപഭോക്താക്കളളെ സംബന്ധിച്ചിടത്തോളം എന്നതുപോലെ ഭരണപരവും തന്ത്രപ്രധാന പരവുമായ കാരണങ്ങളാല്‍ സുപ്രധാന നേട്ടമായിരിക്കും. ഉപഗ്രഹം വഴി ലഭ്യമാക്കിയിരുന്ന പരിമിത ബാക്ക്‌ഹോള്‍ ബാന്‍ഡ്വിഡ്ത്ത് നിമിത്തം പരിമിതികള്‍ ഉണ്ടായിരുന്ന 4 ജി മൊബൈല്‍ സേവനത്തിലും വലിയ പുരോഗതിയുണ്ടാവും.
മെച്ചപ്പെട്ട ടെലികോം, ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി ദ്വീപുകളിലെ വിനോദസഞ്ചാരത്തിനും തൊഴിലവസരങ്ങള്‍ക്കും ഉത്തേജനം പകരുകയും സമ്പദ്വ്യവസ്ഥയ്ക്ക് പ്രചോദനം നല്‍കുകയും ജീവിതനിലവാരം ഉയര്‍ത്തുകയും ചെയ്യും. മെച്ചമാര്‍ന്ന കണക്റ്റിവിറ്റി ടെലിമെഡിസിന്‍, ടെലി-എജ്യൂക്കേഷന്‍ തുടങ്ങിയ ഇ-ഗവേണന്‍സ് സേവനങ്ങള്‍ക്കു സഹായകമാകും. ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കൊമേഴ്സിലെ അവസരങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കുമെങ്കില്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബാന്‍ഡ്വിഡ്ത്തിന്റെ മെച്ചപ്പെട്ട ലഭ്യത ഇ-ലേണിംഗിനും വിജ്ഞാനം പങ്കിടലിനും ഉപയോഗപ്പെടുത്തും. ബിസിനസ് പ്രോസസ്സ് ഔട്ട്സോഴ്സിംഗ് സേവനങ്ങളും മറ്റ് ഇടത്തര, വന്‍കിട സംരംഭങ്ങളും മികച്ച കണക്റ്റിവിറ്റിയുടെ നേട്ടം കൊയ്യും.
വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന് കീഴിലുള്ള യൂണിവേഴ്‌സല്‍ സര്‍വീസ് ഒബ്ലിഗേഷന്‍ ഫണ്ട് (യുഎസ്ഒഎഫ്) വഴിയാണ് പദ്ധതിക്ക് കേന്ദ്ര ഗവണ്‍മെന്റ് ധനസഹായം നല്‍കുന്നത്. ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ആണു പദ്ധതി നടപ്പാക്കുന്നത്. ടെലികമ്യൂണിക്കേഷന്‍സ് കണ്‍സള്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡ് (ടിസിഐഎല്‍) ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റുമാരാണ്. ഏകദേശം 1224 കോടി രൂപ ചെലവില്‍ 2300 കിലോമീറ്റര്‍ അന്തര്‍വാഹിനി ഒ.എഫ്.സി കേബിള്‍ സ്ഥാപിക്കുന്ന പദ്ധതി യഥാസമയം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 

(Release ID: 1644157) Visitor Counter : 285