ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

രാജ്യത്ത് രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ ഇരട്ടിയായി

Posted On: 04 AUG 2020 7:55PM by PIB Thiruvananthpuram



സുഖംപ്രാപിച്ചവരുടെ എണ്ണം 12.3 ലക്ഷം കടന്നു

രോഗമുക്തിനിരക്ക് 66.31% ആയി ഉയര്‍ന്നു

മരണനിരക്ക് താഴ്ന്ന് 2.1% ആയി


രാജ്യത്ത് ഇന്നത്തെ കണക്കനുസരിച്ച് രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ ഇരട്ടിയായി. ആകെ 12,30,509 പേരാണ് കോവിഡ് മുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 44,306 രോഗികള്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു. രോഗമുക്തി നിരക്ക് വര്‍ധിച്ച് 66.31% ആയി. കേന്ദ്ര, സംസ്ഥാന/കേന്ദ്രഭരണപ്രദേശ ഗവണ്‍മെന്റുകളുടെ കൂട്ടായ ശ്രമവും ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റും നിസ്വാര്‍ത്ഥസേവനവുമാണ് രോഗമുക്തി നിരക്കു തുടര്‍ച്ചയായി വര്‍ധിക്കാന്‍  ഇടയാക്കിയത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരില്‍ 31.59% മാത്രമാണ് (5,86,298) ഇപ്പോള്‍ ചികിത്സയിലുള്ളത്. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലപ്രദമായ നിയന്ത്രണം, ഊര്‍ജിത പരിശോധന, മറ്റു നടപടിക്രമങ്ങള്‍ എന്നിവ രാജ്യത്തെ കോവിഡ് മരണനിരക്ക് കുറയ്ക്കുന്നതിനും കാരണമായി. ആദ്യത്തെ ലോക്ക്ഡൗണിനു പിന്നാലെ, ആഗോള ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കായ 2.10 ശതമാനമാണ് ഇപ്പോള്‍ ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത് 50 ശതമാനം മരണവും 60 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവരിലാണെന്നാണ്. 37% മരണം 45 മുതല്‍ 60 വയസ്സുവരെയുള്ളവരിലാണ്. 11% മരണം 26നും 44 നും ഇടയില്‍ പ്രായമുള്ളവരിലും. 45 വയസ്സിനു മുകളിലുള്ള ആളുകളെ ഉയര്‍ന്ന അപകടസാധ്യതയുള്ള ഗ്രൂപ്പില്‍ പെടുത്തുന്നതാണ് ഈ കണക്കുകള്‍. മരിച്ചവരില്‍ 68% പുരുഷന്മാരും 32% സ്ത്രീകളുമാണ്.

മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ വെന്റിലേറ്ററുകളുടെ ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിപ്പിക്കാന്‍ രാജ്യം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിനാവശ്യമെന്നു കരുതുന്ന 60,000 വെന്റിലേറ്ററുകളുടെ നിര്‍മാണത്തിന് നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ഡിജിഎച്ച്എസിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക വിദഗ്ധ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള ഗുണനിലവാരം കാത്തുസൂക്ഷിക്കുന്ന വെന്റിലേറ്ററുകളാണ് നിര്‍മ്മിക്കുന്നത്. ചികിത്സാ ഉപകരണങ്ങളുടെ വിതരണപ്രതിസന്ധി  പരിഹരിക്കുന്നതിനായി ഉന്നതാധികാരസമിതി (ഇജി) -3നു രൂപം നല്‍കി.

ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബിഇഎല്‍), ആന്ധ്ര മെഡ്-ടെക് സോണ്‍ (എഎംടിഇസെഡ്) എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ (പിഎസ്ഇ) വേണ്ടത്ര വിലയിരുത്തലുകള്‍ക്കു ശേഷം ചികിത്സാഉപകരണങ്ങള്‍ക്കായുള്ള പ്രധാന ഓര്‍ഡറുകള്‍ നല്‍കിയിട്ടുണ്ട്. 'മെയ്ക്ക് ഇന്‍ ഇന്ത്യ' വെന്റിലേറ്ററുകള്‍ ഇന്നുവരെയുള്ള കണക്കനുസരിച്ച് 700 ലധികം ആശുപത്രികളിലാണ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടുമാസത്തിനുള്ളില്‍ 18000 ലധികം വെന്റിലേറ്ററുകള്‍ സംസ്ഥാനങ്ങള്‍/കേന്ദ്രഭരണപ്രദേശങ്ങള്‍/കേന്ദ്രഗവണ്‍മെന്റ് ആശുപത്രികള്‍/ഡിആര്‍ഡിഒ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വിതരണം ചെയ്യും.

കോവിഡ് 19-മായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍, മാര്‍ഗനിര്‍ദേശങ്ങള്‍, ഉപദേശങ്ങള്‍ എന്നിവയുടെ ആധികാരികവും പുതിയതുമായ വിവരങ്ങള്‍ക്ക് ഈ വെബ്സൈറ്റ് നിരന്തരം സന്ദര്‍ശിക്കുക: https://www.mohfw.gov.in/ @MoHFW_INDIA

കോവിഡ് -19 മായി ബന്ധപ്പെട്ട സാങ്കേതിക അന്വേഷണങ്ങള്‍ക്ക് technicalquery.covid19[at]gov[dot]in എന്ന ഇ-മെയിലില്‍ ബന്ധപ്പെടുക. മറ്റ് അന്വേഷണങ്ങള്‍ക്ക് ncov2019[at]gov[dot]in അല്ലെങ്കില്‍ @CovidIndiaSeva -യില്‍ ബന്ധപ്പെടുക.

കോവിഡ് -19 സംബന്ധിച്ച ഏത് അന്വേഷണങ്ങള്‍ക്കും ദയവായി കേന്ദ്ര ആരോഗ്യ- കുടുംബ ക്ഷേമ മന്ത്രാലയത്തിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പരായ +91 11 23978046 ല്‍ വിളിക്കുക; അല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1075 ല്‍ ബന്ധപ്പെടുക. കോവിഡ് 19 സംബന്ധിച്ച സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ഹെല്‍പ് ലൈന്‍ നമ്പരുകള്‍ ഈ ലിങ്കില്‍ ലഭ്യമാണ്:
https://www.mohfw.gov.in/pdf/coronvavirushelplinenumber.pdf.
***

 



(Release ID: 1643435) Visitor Counter : 183