വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

അസം ജനതയ്ക്കുള്ള സമ്മാനമായി 24/7 ദൂരദര്‍ശന്‍ ചാനല്‍; ഉദ്ഘാടനം നിര്‍വഹിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

Posted On: 04 AUG 2020 2:52PM by PIB Thiruvananthpuram


ന്യൂഡല്‍ഹി, 04 ആഗസ്റ്റ് 2020

അസമിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദൂരദര്‍ശന്‍ ചാനല്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. ദൂരദര്‍ശന്‍ അസം ചാനലിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ നിന്നു വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് മന്ത്രി നിര്‍വഹിച്ചത്. ചാനല്‍ അസം ജനതയ്ക്കുള്ള സമ്മാനമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഗവണ്‍മെന്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന പ്രത്യേക ശ്രദ്ധയുടെ ഭാഗമാണ് ഈ ചാനലെന്നും ശ്രീ. പ്രകാശ് ജാവദേകര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വളര്‍ച്ചാ എഞ്ചിനുകളായി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളെ മാറ്റുന്നതിനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കി.
അസം ജനതയെ സംബന്ധിച്ച് സുപ്രധാന ദിവസമാണിന്നെന്നും സംസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് ചാനല്‍ കരുത്തു പകരുമെന്നും അസമില്‍ നിന്നു ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശ്രീ സര്‍ബാനന്ദ സോണോവാല്‍ പറഞ്ഞു. രാജ്യത്തെ പബ്ലിക് ബ്രോഡ്കാസ്റ്റിംഗ് സംവിധാനത്തിന് ഡിഡി അസം ഒരു പൊന്‍തൂവലാണെന്ന് അസം ഗവര്‍ണര്‍ പ്രൊഫ. ജഗദീഷ്മുഖി പറഞ്ഞു.

കഴിഞ്ഞ കൊല്ലം പ്രധാനമന്ത്രി ഡിഡി അരുണ്‍ പ്രഭയ്ക്ക് തുടക്കം കുറിച്ചതിനുശേഷം ഡിഡി നോര്‍ത്ത് ഈസ്റ്റിനെ അസമിനായുള്ള പ്രത്യേക ചാനലായി മാറ്റുന്ന കാര്യം മന്ത്രാലയം ചര്‍ച്ച ചെയ്തുവരികയായിരുന്നുവെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ സെക്രട്ടറി ശ്രീ അമിത് ഖാരെ പറഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും ആസിയാന്‍ രാജ്യങ്ങള്‍ക്കുമിടക്കുള്ള പ്രവേശന കവാടമായി ഈ ചാനല്‍ വര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രസാര്‍ഭാരതി സി.ഇ.ഒ ശ്രീ ശശി ശേഖര്‍ വെമ്പട്ടിയും ചടങ്ങില്‍ സംസാരിച്ചു.

**


(Release ID: 1643319) Visitor Counter : 223