പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബാങ്കുകളും ബാങ്കിംഗ് ഇ തര ധനകാര്യസ്ഥാപനങ്ങളുമായി (എന്‍.എഫ്.ബി.സി)ബന്ധപ്പെട്ടവരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 29 JUL 2020 10:05PM by PIB Thiruvananthpuram


ഭാവിയെക്കുറിച്ചുള്ള വീക്ഷണത്തെ കുറിച്ചും ലക്ഷ്യപ്രാപ്തിക്കായുള്ള തന്ത്രങ്ങളെ കുറിച്ചും ആലോചിക്കുന്നതിനും ചര്‍ച്ചചെയ്യുന്നതിനുമായി ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവരുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി.
വളര്‍ച്ചയെ പിന്തുണയ്ക്കുന്നതില്‍ ധനകാര്യ, ബാങ്കിംഗ് സംവിധാനങ്ങള്‍ക്കുള്ള സുപ്രധാനമായ പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്തു. ചെറുകിട സംരംഭകര്‍, സ്വയം സഹായസംഘങ്ങള്‍ (എസ്.എച്ച്.ജികള്‍), കര്‍ഷകര്‍ എന്നിവര്‍ തങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ക്കും വളര്‍ച്ചയ്ക്കുമായി സ്ഥാപനവല്‍കൃത വായ്പകളെ ഉപയോഗിക്കുന്നതിനായി പ്രോത്സാഹിപ്പിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടപ്പെട്ടു. ഓരോ ബാങ്കും തങ്ങളുടെ വായ്പാ വളര്‍ച്ച സ്ഥിരമാക്കുന്നത് ഉറപ്പാക്കുന്നതിനായി അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആത്മപരിശോധനയും പുനഃപരിശോധനയും നടത്തണം. ബാങ്കുകള്‍ എല്ലാ നിര്‍ദ്ദേശങ്ങളേയും ഒരേ അളവുകോല്‍ വെച്ചു വിലയിരുത്തരുതെന്നും ഗുണകരമായ നിര്‍ദ്ദേശങ്ങള്‍ കണ്ടെത്തി അവയ്ക്കു പണം ലഭ്യമാകുന്നതു നിര്‍ദേശങ്ങളുടെ മികവു നിമിത്തമാണെന്ന് ഉറപ്പു വരുത്തുകയും അതുവഴി പഴയ നിഷ്‌ക്രിയാസ്തികളുടെ ഗണത്തില്‍ പെടില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യേണ്ടതാണ്. 
ഗവണ്‍മെന്റ് ബാങ്കിംഗ് സംവിധാനത്തിന് പിന്നില്‍ ഉറച്ചുനില്‍ക്കുന്നു എന്നതിന് ഊന്നല്‍ നല്‍കപ്പെട്ടു. ഇതിന് ആവശ്യമായ പിന്തുണ നല്‍കുന്നതിനും വളര്‍ച്ചയ്ക്കുമായി എന്തു നടപടി കൈക്കൊള്ളാനും ഗവണ്‍മെന്റ് തയാറാണ്. ബാങ്കുകള്‍ കേന്ദ്രീകൃത വിവരവേദികള്‍, ഡിജിറ്റല്‍ ഡോക്യൂമെന്റേഷന്‍, ഉപഭോക്താക്കളെ ഡിജിറ്റല്‍ ഉപയോഗത്തിലേക്ക് നീക്കുന്നതിനുമായി വിവരങ്ങളുടെ സംയോജിത ഉപയോഗം തുടങ്ങിയ ഫിന്‍ടെക്കുകള്‍ സ്വീകരിക്കണം. ഇത് വായ്പാ വ്യാപ്തിയും ഉപഭോക്താളുടെ അനായാസതയും വര്‍ദ്ധിപ്പിക്കുന്നതിനും ബാങ്കുകളുടെ ചിലവു കുറയ്ക്കുന്നതിനും സഹായകമാകും. തട്ടിപ്പുകള്‍ കുറയുന്നതിന് ഇടയാക്കുകയും ചെയ്യും.
ഇന്ത്യ കരുത്തുറ്റ, ഡിജിറ്റല്‍ ഇടപാടിനായുള്ള ചിലവ് കുറഞ്ഞ പശ്ചാത്തല സൗകര്യം നിര്‍മ്മിച്ചിട്ടുണ്ട്. ഇത് ഏതൊരു പൗരനേയും ഏത് വലിപ്പത്തിതോതിലുള്ളതുമായ ഡിജിറ്റല്‍ ഇടപാടുകള്‍ ഏറ്റെടുക്കാന്‍ സഹായിക്കും. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും റുപേയും യു.പി.ഐയും ഉപഭോക്താക്കള്‍ക്കിടയില്‍ സജീവമായി പ്രോത്സാഹിപ്പിക്കണം. എം.എസ്.എം.ഇകള്‍ക്കുള്ള അടിയന്തര വായ്പകള്‍, അധിക കെ.സി.സി. കാര്‍ഡുകള്‍, എന്‍.ബി.എഫ്.സികള്‍ക്കുള്ള ലിക്വിഡിറ്റി വാതായനങ്ങള്‍ എം.എഫ്.ഐ. എന്നിവയും അവലോകനം ചെയ്തു. മിക്കവാറും പദ്ധതികളില്‍ സവിശേഷമായ പുരോഗതി കൈവരിച്ചുവെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. പ്രതിസന്ധി സമയത്ത് ഗുണഭോക്താക്കളില്‍ വായ്പാ പിന്തുണ സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്ന തരത്തില്‍ ബാങ്കുകള്‍ പരപ്രേരണകൂടാതെയും സജീവമായും ഇടപെടണമെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.


(Release ID: 1642231) Visitor Counter : 205