ഉപരാഷ്ട്രപതിയുടെ കാര്യാലയം

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം അണിനിരന്ന മാധ്യമങ്ങളെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി

Posted On: 19 JUL 2020 10:34AM by PIB Thiruvananthpuram



ന്യൂഡൽഹി , ജൂലൈ 19, 2020



 കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട അവശ്യ വിവരങ്ങൾ, അവയുടെ വിശകലനം, അതുമായി ബന്ധപ്പെട്ട  വിവിധ വീക്ഷണങ്ങൾ എന്നിവ നൽകി ജനങ്ങളെ ശാക്തീകരിക്കുന്ന മാധ്യമങ്ങളെ ഉപരാഷ്ട്രപതിയും രാജ്യസഭ ചെയർമാനുമായ ശ്രീ എം. വെങ്കയ്യ നായിഡു അഭിനന്ദിച്ചു. ആശങ്കാകുലരായ ജനങ്ങൾ കോവിഡ്-19 നെതിരെ തുടരുന്ന പോരാട്ടത്തിൽ അവർക്കൊപ്പം അണിചേരാൻ മാധ്യമങ്ങൾ തയ്യാറായതായും അദ്ദേഹം ചൂണ്ടിക്കാട്ടി

 കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യം നടത്തുന്ന പോരാട്ടത്തിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കിനെ പറ്റി " മാധ്യമങ്ങൾ: കൊറോണക്കാലത്തെ നമ്മുടെ പങ്കാളി" എന്ന പേരിൽ സമൂഹമാധ്യമമായ ഫേസ്ബുക്കിൽ ഉപരാഷ്ട്രപതി തന്റെ അഭിപ്രായം പങ്കു വച്ചു. കോവിഡ് മഹാമാരിയുടെ ഇക്കാലത്ത് ജനങ്ങൾക്ക് വിവരം നൽകുക, അവരെ ശാക്തീകരിക്കുക എന്ന തങ്ങളുടെ പ്രാഥമിക ധർമ്മം മികച്ച രീതിയിൽ നടപ്പിലാക്കുന്ന മാധ്യമങ്ങളെയും മാധ്യമ സുഹൃത്തുക്കളെയും അഭിനന്ദിക്കുന്നതായി അദ്ദേഹം തന്റെ കുറിപ്പിൽ വ്യക്തമാക്കി. ഈ ദുരിത കാലത്ത് വിശ്വസ്ത പങ്കാളികൾ എന്ന രീതിയിൽ നമ്മുടെ ജീവിതത്തിലെ പ്രധാന ഭാഗമായി മാധ്യമങ്ങൾ മാറിയതായും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയുടെ ചരിത്ര സൂക്ഷിപ്പുകാരായ മാധ്യമങ്ങൾ, ഗവർമെന്റ് തലങ്ങളിൽ ദിവസേനയുള്ള തയ്യാറെടുപ്പുകൾ സംബന്ധിച്ച വിവരകൈമാറ്റത്തിന്, ഭരണകൂടത്തിനും പൊതു ജനത്തിനും ഇടയിലുള്ള പാലമായും വർത്തിച്ചതായും ഉപരാഷ്ട്രപതി നിരീക്ഷിച്ചു.

 കൊറോണ മഹാമാരിയുടെ വിവിധ വശങ്ങൾ, സമൂഹത്തിന്റെ വിവിധ മേഖലകളിൽ അത് സൃഷ്ടിക്കാനിടയുള്ള പ്രത്യാഘാതങ്ങൾ എന്നിവയെപ്പറ്റിയുള്ള കൃത്യമായ വിശകലനങ്ങളിലൂടെ, പാർലമെന്റ് തല സ്ഥാപങ്ങളിലെ ചർച്ചകൾക്ക് മാധ്യമങ്ങൾ വഴികാട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഉപരാഷ്ട്രപതി വ്യക്തമാക്കി.

നിരവധി വെല്ലുവിളികൾക്കിടയിലും ജനങ്ങളെ ബോധവൽക്കരിക്കുക എന്ന തങ്ങളുടെ ദൗത്യം വിജയകരമായി തുടരാൻ മാധ്യമങ്ങൾ കാണിക്കുന്ന ഇച്ഛയെ ശ്രീ നായിഡു പ്രകീർത്തിച്ചു. "കോവിഡ് നിയന്ത്രണങ്ങൾ മൂലം സാമ്പത്തികരംഗത്ത് തളർച്ച നേരിടുന്ന ഇക്കാലത്ത് പരസ്യങ്ങളിൽ നിന്നുള്ള വരുമാനം കുറവാണ്. അതുകൊണ്ട് തന്നെ മാധ്യമരംഗത്തെ പ്രവർത്തനങ്ങളിൽ വെട്ടിച്ചുരുക്കലുകൾ നടത്തേണ്ടതായിട്ടുണ്ട്. ഇത് നിരവധി മാധ്യമ പ്രവർത്തകരുടെ വേതനത്തിൽ കുറവ് വരുത്തിയിട്ടുമുണ്ട്", ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളിൽ വന്ന ചില പ്രസ്താവനകളെ പറ്റി പരാമർശിക്കവെ, കോവിഡ് മഹാമാരിയ്ക്കെതിരെയുള്ള നടപടികളെ പറ്റിയുള്ള പാർലമെന്റ് തല വിശകലനം ശരിയായ ദിശയിൽ തന്നെ പുരോഗമിക്കുന്നതായും രാജ്യസഭാ ചെയർമാൻ ഉറപ്പുനൽകി.
പാർലമെന്റിലെ ഇരുസഭകളും ആയി ബന്ധപ്പെട്ട, വകുപ്പ് തല സ്റ്റാൻഡിങ് കമ്മിറ്റികൾ ഈ മാസം ആദ്യം തന്നെ അവയുടെ പ്രവർത്തനം പുനരാരംഭിച്ചതായും ശ്രീ നായിഡു അറിയിച്ചു.



(Release ID: 1639732) Visitor Counter : 268