പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കോസോക്കില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ

Posted On: 17 JUL 2020 8:49PM by PIB Thiruvananthpuram

 

ആദരണീയരെ,
മഹതികളെ, മഹാന്മാരെ,
ഐക്യരാഷ്ട്ര സഭ രൂപീകരിച്ചതിന്റെ 75-ാം വാര്‍ഷികം നാം ഈ വര്‍ഷം ആഘോഷിക്കുകയാണ്. മാനവ പുരോഗതിയില്‍ ഐക്യരാഷ്ട്ര സഭയുടെ നിരവധി സംഭാവനകളെ അംഗീകരിക്കേണ്ട അവസരമാണിത്. ഇന്നത്തെ ലോകത്ത് യു.എന്നിന്റെ പങ്കിനേയൂം പ്രസക്തിയേയും കുറിച്ചും അതിന്റെ മികച്ച ഭാവിയെക്കുറിച്ചും വിലയിരുത്തേണ്ട അവസരം കൂടിയാണിത്.

ആദരണീയരെ,
രണ്ടാം ലോകമഹായുദ്ധത്തിന്റെ തൊട്ടുപിന്നാലെ ഐക്യരാഷ്ട്ര സഭ രൂപീകരിച്ച 50 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടായിരുന്നു. അതിനുശേഷം പല മാറ്റങ്ങളുമുണ്ടായി. ഇന്ന് 193 അംഗരാജ്യങ്ങളെ യു.എന്‍ ഒരുമിപ്പിക്കുന്നു. അതിലുള്ള അംഗത്വത്തോടൊപ്പം സംഘടനയെക്കുറിച്ചുള്ള പ്രതീക്ഷകളും വളര്‍ന്നു. അതേസമയത്ത് ബഹുമുഖത്വവും നിരവധി വെല്ലുവിളികള്‍ ഇന്ന് അഭിമുഖീകരിക്കുകയാണ്.

ആദരണീയരെ,
തുടക്കം മുതല്‍ തന്നെ ഇന്ത്യ യു.എന്നിന്റെ വികസനപ്രവര്‍ത്തനങ്ങളേയും ഇക്കോസോക്കിനേയും സജീവമായി തന്നെ പിന്തുണച്ചിരുന്നു. ഇക്കോസോക്കിന്റെ ആദ്യ പ്രസിഡന്റ് ഇന്ത്യാക്കാരനായിരുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ ഉള്‍പ്പെടെ ഇക്കോസോക്കിന്റെ അജണ്ട രൂപീകരിക്കുന്നതില്‍ ഇന്ത്യയും സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ന് ഞങ്ങളുടെ ആഭ്യന്തരപരിശ്രമത്തിലൂടെ 2030 അജണ്ടയും സുസ്ഥിര വികസന ലക്ഷ്യങ്ങളും നേടിയെടുക്കുന്നതിലും ഞങ്ങള്‍ നിശ്ശബ്ദമായ പങ്കു വഹിക്കുകയാണ്. സുസ്ഥിര വികസനം സാധ്യമാക്കുന്നതിനു മറ്റു വികസ്വര രാജ്യങ്ങളെ നാം പിന്‍തുണയ്ക്കുന്നു.

ആദരണീയരെ,
മാനവരാശിയിലെ ആറിലൊന്നിന്റെ നാടാണ് ഇന്ത്യ. ഞങ്ങളുടെ പ്രാമുഖ്യത്തെയും ഉത്തരവാദിത്വങ്ങളെയും കുറിച്ച് ഞങ്ങള്‍ പരിപൂര്‍ണ്ണ ശ്രദ്ധാലുക്കളാണ്. തങ്ങളുടെ വികസന ലക്ഷ്യങ്ങള്‍ നേടുന്നതില്‍ ഇന്ത്യ വിജയിക്കുകയാണെങ്കില്‍ ആഗോള ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് അത് വളരെയധികം സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഞങ്ങളുടെ സംസ്ഥാനങ്ങള്‍, ഞങ്ങളുടെ പ്രാദേശിക ഗവണ്‍മെന്റുകള്‍, ഞങ്ങളുടെ പൗരസമൂഹം, സമൂഹം, ജനങ്ങള്‍ എന്നിവരെയെല്ലാം ചുമതലപ്പെടുത്തികൊണ്ടുള്ള 'പൂര്‍ണ്ണ സമൂഹ' സമീപനമാണ് നമ്മള്‍ കൈക്കൊണ്ടിട്ടുള്ളത്.
'എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടെയൂം വികാസം, എല്ലാവരുടെയും വിശ്വാസം' എന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. 'ഒന്നിച്ച്, എല്ലാവരുടെയും വളര്‍ച്ച, എല്ലാവരുടെയൂം വിശ്വാസം' എന്നതാണ് ഇതിന്റെ അര്‍ത്ഥം. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ (എസ്.ഡി.ജി) കാതലായ ആരെയും പിന്നില്‍ ഉപേക്ഷിക്കരുതെന്നതിന്റെ അനുരണനമാണ് ഇതിലുള്ളത്. അത് പോഷകാഹാരത്തിന്റെയോ ആരോഗ്യത്തിന്റെയോ വിദ്യാഭ്യാസത്തിന്റെയോ വൈദ്യുതിയുടെയോ, അല്ലെങ്കില്‍ പാര്‍പ്പിടത്തിന്റെയോ ലഭ്യതയാകട്ടെ- നമ്മുടെ സംശ്ലേഷിത പരിപാടികളിലൂടെ നാം വലിയ പുരോഗതിയാണ് നേടുന്നത്.

ആദരണീയരെ,
കഴിഞ്ഞവര്‍ഷം ഞങ്ങള്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിച്ചത് ഞങ്ങളുടെ അറുനൂറു ഗ്രാമങ്ങളിലും സമ്പൂര്‍ണ്ണ ശുചിത്വ പരിരക്ഷ ഉറപ്പാക്കികൊണ്ടായിരുന്നു.
അഞ്ചുവര്‍ഷത്തിനുള്ളില്‍ 110 ദശലക്ഷം കുടുംബങ്ങളില്‍ ശൗച്യാലയങ്ങള്‍ നിര്‍മ്മിച്ചു. ഇത് ഞങ്ങളുടെ ഗ്രാമീണമേഖലയിലെ ശൗച്യ പരിരക്ഷ 38%ല്‍ നിന്നും 100% ആക്കി. ഞങ്ങളുടെ ബഹുജന ബോധവല്‍ക്കരണം സൃഷ്ടിക്കല്‍ പരിപാടികള്‍ വനിതകളെ ശാക്തീകരിക്കുകയാണ്. പ്രാഥമിക സെക്കന്ററി വിദ്യാഭ്യാസത്തില്‍ ഇന്ത്യ ലിംഗസമത്വം നേടിക്കഴിഞ്ഞു. 70 ദശലക്ഷത്തോളം വനിതകള്‍ ഞങ്ങളുടെ ഉപജീവന ദൗത്യത്തിന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങളുടെ ഭാഗമായിട്ടുണ്ട്. അവര്‍ വലിയ തോതില്‍ ജീവിതത്തെയും ഉപജീവനത്തെയും പരിവര്‍ത്തനപ്പെടുത്തുകയാണ്. ഞങ്ങളുടെ പ്രാദേശിക ഗവണ്‍മെന്റില്‍ ഒരു ദശലക്ഷത്തിലധികം വനിതകളെ പ്രതിനിധികളായി തെരഞ്ഞെടുത്തിട്ടുണ്ട്. പങ്കാളിത്ത വികസന പ്രക്രിയയെ അവരും കൂടിയാണ് നയിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷം കൊണ്ട് ബാങ്കുകളുമായി ബന്ധമില്ലായിരുന്നവര്‍ക്കായി 400 ദശലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ തുറന്നു, അതില്‍ 220 ദശലക്ഷവും വനിതകളുടേതായിരുന്നു. സാമ്പത്തികാശ്ലേഷണത്തിനു ഞങ്ങള്‍ സാങ്കേതികവിദ്യയുടെ ശക്തിക്കാണ് ഊന്നല്‍ നല്‍കിയത്. എല്ലാവര്‍ക്കും ഒരു യുണീക് ഐഡന്റിറ്റി നമ്പര്‍, ഒരു ബാങ്ക് അക്കൗണ്ട്, ഒരു മൊബൈല്‍ കണക്ഷന്‍ എന്നീ ത്രിത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. 700 ദശലക്ഷം ആളുകള്‍ക്ക് 150 ബില്യണ്‍ ഡോളര്‍ നേരിട്ട് കൈമാറാന്‍ സാധിച്ചത് ഇതിലൂടെയാണ്. ഞങ്ങളുടെ ഭക്ഷ്യസുരക്ഷാ പരിപാടികള്‍ 813 ദശലക്ഷം പൗരന്മാരിലാണ് എത്തിച്ചേരുന്നത്.
''എല്ലാവര്‍ക്കും പാര്‍പ്പിടം'' എന്ന ഞങ്ങളുടെ പരിപാടിയുടെ ലക്ഷ്യം സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യ 2022ല്‍ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ഓരോ ഇന്ത്യാക്കാരന്റെയും തലയ്ക്ക് മുകളില്‍ സുരക്ഷിതവും സുദൃഢവുമായ ഒരു കൂര ഉണ്ടാകുകയെന്നതാണ്. അതിനകം 40 ദശലക്ഷം പുതിയ വീടുകള്‍ ഈ പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കും. അതായത് മിക്കവാറും രാജ്യങ്ങളിലുള്ള മൊത്തം വീടുകളുടെ എണ്ണത്തെക്കാള്‍ കൂടുതല്‍. 500 ദശലക്ഷം വ്യക്തികള്‍ക്ക് പരിരക്ഷ നല്‍കുന്ന ഞങ്ങളുടെ 'ആയുഷ്മാന്‍ഭാരത്' പദ്ധതിയാണ് ഇന്ന് ലോകത്തെ ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പരിപാടി. ഞങ്ങളുടെ താഴേത്തട്ടിലുള്ള ആരോഗ്യസംവിധാനമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ ലോകത്തെ മികച്ച രോഗവിമുക്തി നിരക്കുകളില്‍ ഒന്ന് ഉറപ്പാക്കാന്‍ ഇന്ത്യയെ സഹായിക്കുന്നത്. 2025 ഓടെ ക്ഷയത്തെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍. ഇന്ത്യയുടെ വികസന പരിപാടികളുടെ വിജയത്തില്‍നിന്നും അതിന്റെ തോതില്‍ നിന്നും മറ്റ് വികസ്വരരാജ്യങ്ങള്‍ക്ക് പഠിക്കാന്‍ കഴിയും. ഒപ്പം ഞങ്ങള്‍ വിന്യസിച്ചിട്ടുള്ള സാങ്കേതികവിദ്യകളില്‍ നിന്നും നൂതനാശയങ്ങളില്‍ നിന്നും പഠിക്കാന്‍ കഴിയും. ഈ തിരിച്ചറിവാണു ഗ്ലോബല്‍ സൗത്തുമായുള്ള ഇന്ത്യയുടെ സ്വന്തം വികസനപങ്കാളിത്തത്തിന് അടിത്തറ. 

ആദരണീയരെ,
വികസനത്തിന്റെ വഴിയില്‍ മുന്നോട്ടുപോകുമ്പോഴും നമ്മുടെ ഗ്രഹത്തിനോടുള്ള ഉത്തരവാദിത്വം ഞങ്ങള്‍ മറക്കുന്നില്ല. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഞങ്ങള്‍ പ്രതിവര്‍ഷം 38 ദശലക്ഷം ടണ്‍ കാര്‍ബണ്‍ വികരണമാണ് കുറയ്ക്കുന്നത്. ഗ്രാമങ്ങളെ വൈദ്യുതികരിച്ചും 80 ദശലക്ഷം പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ശുദ്ധ പാചക വാതക ഇന്ധനം നല്‍കിയും ഊര്‍ജ്ജ കാര്യക്ഷമതാ നടപടികള്‍ നടപ്പാക്കിയുമാണ് ഇത് നേടിയെടുത്തത്. 2030 ഓടെ 450 ജിഗാവാട്ടിന്റെ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉല്‍പാദിപ്പിക്കുന്നതിനും നാശം സംഭവിച്ച 26 ദശലക്ഷം ഹെക്ടര്‍ ഭൂമി തിരിച്ചെടുക്കണമെന്നുമുള്ള ഒരു ലക്ഷ്യം ഞങ്ങള്‍ തയാറാക്കിയിട്ടുണ്ട്. പ്രകൃതിയുമായി ഐക്യത്തില്‍ ജീവിക്കുകയെന്ന വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു പാരമ്പര്യമാണ് ഞങ്ങള്‍ക്കുള്ളത്. വൃത്തിക്കും ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഞങ്ങള്‍ ഏറ്റവും വലിയ പ്രചരണങ്ങളില്‍ ഒന്നിനാണ് സമാരംഭം കുറിച്ചത്. അന്താരാഷ്ട്രതലത്തില്‍, ഒരു അന്താരാഷ്ട്ര സൗരോര്‍ജ്ജ കൂട്ടായ്മയ്ക്ക് രൂപം നല്‍കാനുള്ള ഞങ്ങളുടെ മുന്‍കൈ കാലാവസ്ഥ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിലെ ഒരു പ്രായോഗിക പ്രകടനമാണ്. അതുപോലെ ദുരന്ത പ്രതികരണ പശ്ചാത്തലസൗകര്യത്തിനുള്ള കൂട്ടായ്മ ബന്ധപ്പെട്ട എല്ലാ പങ്കാളികളെയും ഒരു സമഗ്രമായ സമീപനത്തിനായി ഒന്നിച്ചുകൊണ്ടുവരുന്നു. ഞങ്ങടെ മേഖലയിലെ ആദ്യം പ്രതികരിക്കുന്നവര്‍- ആവശ്യമുള്ളപ്പോഴുള്ള സുഹൃത്ത്, എന്നതില്‍ ഞങ്ങള്‍ എന്നും അഭിമാനിക്കുന്നു. ഭൂകമ്പം, ചുഴലിക്കാറ്റ്, അല്ലെങ്കില്‍ മറ്റ് ഏതൊരു പ്രകൃതി അഥവാ മനുഷ്യനിര്‍മ്മിത പ്രതിസന്ധികള്‍ എന്നിവ ആയിക്കോട്ടെ, അതിവേഗം ഐക്യത്തോടെ ഇന്ത്യ നല്ല രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. കോവിഡിന് എതിരായ നമ്മുടെ സംയുക്ത പോരാട്ടത്തില്‍ 150 ലധികം രാജ്യങ്ങള്‍ക്ക് ഞങ്ങള്‍ വൈദ്യശാസ്ത്രപരമായതും അല്ലാത്തതുമായ സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അയല്‍പക്കത്ത് സാര്‍ക്ക് കോവിഡ് അടിയന്തിര ഫണ്ട് സൃഷ്ടിക്കുന്നതിനും ഞങ്ങള്‍ സഹായിച്ചിട്ടുണ്ട്.

ആദരണീയരെ,
കോവിഡ്-19 മഹാമാരി രാജ്യങ്ങളുടെ പൂര്‍വ്വസ്ഥിതി പ്രാപിക്കാനുള്ള കഴിവിനെ വലിയതോതില്‍ പരീക്ഷിച്ചിട്ടുണ്ട്. ഗവണ്‍മെന്റിന്റെയും സമുഹത്തിന്റെയും പരിശ്രമങ്ങളെ സംയോജിപ്പിച്ചുകൊണ്ട് ഈ മഹാമാരിക്കെതിരായ പോരാട്ടത്തിനെ ഇന്ത്യയില്‍ ഒരു ജനകീയ പ്രസ്ഥാനമാക്കി മാറ്റാന്‍ ഞങ്ങള്‍ പരിശ്രമിക്കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് ഞങ്ങള്‍ ഏറ്റവും വലിയ മുന്‍ഗണന നല്‍കിയത്. 300 ബില്യണ്‍ ഡോളറിലധികം വരുന്ന ഒരു പാക്കേജ് ഞങ്ങള്‍ പ്രഖ്യാപിച്ചു. ഇത് സമ്പദ്ഘടനയെ ശരിയായ പാതയില്‍ കൊണ്ടുവരികയും ആധുനിക പശ്ചാത്തല സൗകര്യങ്ങള്‍ നിര്‍മ്മിക്കുകയും സാങ്കേതികവിദ്യ നയിക്കുന്ന ഒരു സംവിധാനം കൊണ്ടുവരികയും ചെയ്യും 'ആത്മനിര്‍ഭര്‍ ഭാരത്' വഴി ആഗോള സമ്പദ്ഘടനയുമായി സംയോജിച്ചുകൊണ്ട് സ്വാശ്രയവും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതുമായ ഒരു ഇന്ത്യ എന്ന വീക്ഷണമാണ് ഞങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

ആദരണീയരെ,
സുസ്ഥിര സമാധാനവും സമ്പല്‍ സമൃദ്ധിയും നേടാന്‍ കഴിയുന്ന പാത ബഹുരാഷ്ട്രങ്ങളിലൂടെയാണെന്ന് ഇന്ത്യ ശക്തമായി വിശ്വസിക്കുന്നു. ഭൂമിയുടെ മക്കളെന്ന നിലയില്‍ പൊതുവായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിനായും നമ്മുടെ പൊതുവായ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനുമായി നാം കൈകോര്‍ക്കണം. എന്നാല്‍ ഇന്നത്തെ സമകാലിക ലോകത്തിന്റെ യാഥാര്‍ത്ഥ്യത്തെ ബഹുരാഷ്ട്ര സംവിധാനം അഭിമുഖീകരിക്കേണ്ടത് അനിവാര്യമാണ്. ഒരു പരിഷ്‌ക്കരിച്ച ഐക്യരാഷ്ട്ര സഭ കേന്ദ്രീകരിച്ചുള്ള പരിഷ്‌കൃത ബഹുരാഷ്ട്രവാദത്തിന് മാത്രമേ മാനവരാശിയുടെ അഭിലാഷങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ കഴിയുകയുള്ളു. ഇന്ന് ഐക്യരാഷ്ട്ര സഭയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആഗോള ബഹുരാഷ്ട്ര സംവിധാനത്തെ പരിഷ്‌ക്കരിക്കാമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. അതിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കാനും അതിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താനും പുതിയ മനുഷ്യകേന്ദ്രീകൃത ആഗോളവല്‍ക്കരണത്തിന്റെ അടിത്തറയാക്കാനും പ്രതിജ്ഞ ചെയ്യാം. യഥാര്‍ത്ഥത്തില്‍ രണ്ടാംലോക മഹായുദ്ധത്തിന്റെ ഭീകരതയില്‍ നിന്നു ജനിച്ചതാണ് ഐക്യരാഷ്ട്ര സഭ. ഇന്ന് മഹാമാരിയുടെ ഭയാനകത അതിന്റെ പുനര്‍ജന്മത്തിന്റെയൂം പരിഷ്‌ക്കരണത്തിന്റെയും സന്ദര്‍ഭമാണ് നല്‍കുന്നത്. ഈ അവസരം നമുക്ക് നഷ്ടപ്പെടുത്താതിരിക്കാം.

ആദരണീയരെ,
ഈ സുപ്രധാനമായ സമയത്ത് ഇന്ത്യയെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സിലിലേയ്ക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. ആഗോള ഐക്യം നിലനിര്‍ത്തുക, സാമൂഹിക സാമ്പത്തിക തുല്യത മെച്ചപ്പെടുത്തുക, പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുക എന്നിവയിലുള്ള നമ്മുടെ അഗാധമായ ഉത്തരവാദിത്വത്തിലൂടെ യു.എന്നിന്റെ അജണ്ടയ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിക്കൊണ്ട് ഇന്ത്യ അതിന്റേതായ പങ്ക് വഹിക്കും.
നമസ്‌കാരം, നന്ദി. 
 (Release ID: 1639626) Visitor Counter : 1338