ഷിപ്പിങ് മന്ത്രാലയം
കൊച്ചി ഷിപ്പ്യാർഡ് ലിമിറ്റഡ് നോർവേയിലെ ആസ്കോ മാരിടൈം എ.എസി.നായി ഓട്ടോണമസ് ഇലക്ട്രിക് കപ്പലുകൾ നിർമ്മിക്കുന്നതിനുള്ള കരാർ ഒപ്പിട്ടു
Posted On:
16 JUL 2020 4:42PM by PIB Thiruvananthpuram
രണ്ട് ഓട്ടോണമസ് ഇലക്ട്രിക് ഫെറികൾ നിർമ്മിച്ചു നൽകുന്നതിനായി നോർവേയിലെ ആസ്കോ മാരിടൈം എ.എസുമായി (ASKOmaritime AS) കൊച്ചി ഷിപ്പ്യാർഡ് ലിമിറ്റഡ് (സിഎസ്‌എൽ) കരാർ ഒപ്പിട്ടു.
നോർവേയിലെ ആസ്കോ മാരിടൈമിനു വേണ്ടി ആദ്യത്തെ പൂർണ്ണ ഓട്ടോമാറ്റിക് വൈദ്യുത യാനം നിമ്മിച്ചു നൽകാനുള്ള കരാർ നേടിയതിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി ശ്രീ മൻസുഖ് മാണ്ഡവ്യ കൊച്ചി കപ്പൽശാലയെ പ്രശംസിച്ചു. വിവിധ ആഗോള കപ്പൽശാലകളുമായി മത്സരിച്ച് ആണ് കൊച്ചി കപ്പൽശാല കരാർ നേടിയതെന്നും കപ്പൽ നിർമ്മാണ വ്യവസായത്തിൽ ചരിത്രപരമായ നാഴികക്കല്ലാണിതെന്നും ശ്രീ മാണ്ഡവ്യ പറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ കപ്പൽ നിർമ്മാതാവാണ് കൊച്ചി കപ്പൽശാല. പ്രശസ്തമായ നോർവീജിയൻ നോർജസ് ഗ്രുപെൻ എ.എസ്.എ. കമ്പനിയുടെ (Norgen Gruppen ASA) ഉപ കമ്പനിയായ ആസ്കോ മാരിടൈമിൽ നിന്നുമാണ് ഈ അഭിമാനകരമായ കയറ്റുമതി ഓർഡർ സ്വന്തമാക്കിയിരിക്കുന്നത്.
ഈ വൈദ്യുത കപ്പൽ പദ്ധതി നോർവേയുടെ ഒരു സ്വപ്ന പദ്ധതിയാണ്. പദ്ധതിക്ക് നോർവീജിയൻ സർക്കാർ ഭാഗികമായി ധനസഹായം നൽകുന്നു. പ്രവർത്തനമാരംഭിച്ചുകഴിഞ്ഞാൽ, ഈ കപ്പൽ കാർബൺ ബഹിർഗമനമില്ലാത്ത ഓട്ടോണമസ് വെസൽസ് രംഗത്ത് ലോകത്തിന് മുന്നിൽ ഒരു പുതിയ മാതൃക സൃഷ്ടിക്കും.
കൊച്ചി വാട്ടർ മെട്രോയ്ക്കായി കൊച്ചി കപ്പൽശാല 23 ഹൈബ്രിഡ് ഇലക്ട്രിക് ബോട്ടുകൾ നിർമ്മിച്ചു വരികയാണ്. ഹൈടെക് കപ്പൽ നിർമ്മാണം കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ള ലോകത്തിലെ പ്രീമിയർ ഷിപ്പ് ബിൽഡിംഗ് യാർഡുകളുടെ നിരയിലേക്ക് ഈ പദ്ധതി കൊച്ചി കപ്പൽശാലയെ എത്തിക്കുമെന്ന് പ്രതീക്ഷിക്കാം.
***
(Release ID: 1639115)
Visitor Counter : 166