പ്രധാനമന്ത്രിയുടെ ഓഫീസ്‌

15ാമത് ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ (വെര്‍ച്വല്‍) ഉച്ചകോടിയില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നടത്തിയ ആദ്യ പരാമര്‍ശങ്ങള്‍

Posted On: 15 JUL 2020 5:16PM by PIB Thiruvananthpuram

 

ബഹുമാനപ്പെട്ടവരേ, നമസ്‌കാരം!
മാര്‍ച്ചില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടി കോവിഡ്- 19 നിമിത്തം മാറ്റിവെക്കേണ്ടിവന്നു. ഇപ്പോള്‍ വെര്‍ച്വല്‍ മാധ്യമത്തിലൂടെ നാം ബന്ധപ്പെടുന്നു എന്നതു സന്തോഷകരമാണ്. ആദ്യമായി ഞാന്‍ കൊറോണ നിമിത്തം യൂറോപ്പില്‍ ഉണ്ടായ മരണങ്ങളിൽ അനുശോചനം അറിയിക്കട്ടെ. തുടക്കമെന്ന നിലയില്‍ നിങ്ങള്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു നന്ദി. നിങ്ങളെ പോലെ ഞാനും ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു പ്രതിജ്ഞാബദ്ധമാണ്. അതിനായി ദീര്‍ഘദൃഷ്ടിയോടു കൂടിയ തന്ത്രപരമായ സമീപനം നാം കൈക്കൊള്ളണം.
അതോടൊപ്പം, നിശ്ചിത സമയത്തിനകം നടപ്പാക്കാന്‍ സാധിക്കുന്ന ക്രിയാധിഷ്ഠിത അജണ്ട സൃഷ്ടിക്കണം. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും സ്വാഭാവിക പങ്കാളികളാണ്. ലോകസമാധാനത്തിനും സുസ്ഥിരതയ്ക്കും നമ്മുടെ പങ്കാളിത്തം ഗുണകരമാകും. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാവുകയാണ്.
ഇരുപക്ഷവും പ്രാപഞ്ചിക മൂല്യങ്ങളായ ജനാധിപത്യം, ബഹുസ്വരത, ഉള്‍ച്ചേര്‍ക്കല്‍, രാജ്യാന്തര സ്ഥാപനങ്ങളെ ആദരിക്കല്‍, സ്വാതന്ത്ര്യം, സുതാര്യത എന്നിവ നിലനിര്‍ത്തിപ്പോരുന്നു. കോവിഡ്- 19നെ തുടര്‍ന്ന് ആഗോളതലത്തില്‍ പുതിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നു. ഇതു ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള മെച്ചപ്പെട്ട സഹകരണം ആവശ്യപ്പെടുന്നു. ഇപ്പോള്‍, നമ്മുടെ പൗരന്‍മാരുടെ ആരോഗ്യവും അഭിവൃദ്ധിയും വെല്ലുവിളി നേരിടുകയാണ്. നിയമാധിഷ്ഠിത രാജ്യാന്തര ക്രമം പല തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്ക് അടിപ്പെട്ടിരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തില്‍ ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ പങ്കാളിത്തം സാമ്പത്തിക പുനഃസംഘാടനത്തിലും മാനവികതയില്‍ ഊന്നിയ ആഗോളവല്‍ക്കരണം സാധ്യമാക്കുന്നതിലും പ്രധാനമാണ്. നിലവിലുള്ള വെല്ലുവിളികള്‍ക്കൊപ്പം കാലാവസ്ഥാ വ്യതിയാനം പോലുള്ള ദീര്‍ഘകാല വെല്ലുവിളികളും ഇന്ത്യക്കും യൂറോപ്യന്‍ യൂണിയനും പ്രധാനമാണ്.
പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തിന്റെ ഭാഗമായി ഞങ്ങള്‍ യൂറോപ്പില്‍നിന്നു നിക്ഷേപവും സാങ്കേതിക വിദ്യയും സ്വാഗതം ചെയ്യുന്നു. ഈ വെര്‍ച്വല്‍ ഉച്ചകോടി വഴി നമുക്കിടയിലുള്ള ബന്ധം മെച്ചപ്പെടുമെന്നു ഞാന്‍ കരുതുന്നു.
ബഹുമാനപ്പെട്ടവരേ, നിങ്ങളോടു സംസാരിക്കാന്‍ അവസരം ലഭിച്ചതിലുള്ള സന്തോഷം ഞാന്‍ ഒരിക്കല്‍ക്കൂടി വ്യക്തമാക്കുന്നു.

***



(Release ID: 1638962) Visitor Counter : 244