പ്രധാനമന്ത്രിയുടെ ഓഫീസ്‌

വാരാണസിയില്‍ നിന്നുള്ള  സന്നദ്ധസംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി

Posted On: 09 JUL 2020 1:42PM by PIB Thiruvananthpuram

 

കോവിഡ് -19 പ്രതിസന്ധി ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വാരാണാസിയിലെ വിവിധ സന്നദ്ധസംഘടനകളുമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ആശയവിനിമയം നടത്തി.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തിലും പ്രതീക്ഷയോടെയും ഉത്സാഹത്തോടെയും  നിലകൊണ്ട പുണ്യനഗരമായ വാരാണസിയിലെ നിവാസികളെ  പ്രധാനമന്ത്രി പ്രശംസിച്ചു. 

സേവനമനോഭാവത്തോടും ധീരതയോടും കൂടി എങ്ങനെയാണ് ആളുകൾ ആവശ്യമുള്ളവര്‍ക്ക് നിരന്തരം സഹായവും പിന്തുണയും നല്‍കുന്നത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് തുടര്‍ച്ചയായി ലഭിക്കുന്നുണ്ടെന്ന് ശ്രീ. മോദി പറഞ്ഞു. രോഗവ്യാപനം തടയുന്നതിനായി സ്വീകരിക്കുന്ന വിവിധ നടപടികള്‍, വിവിധ ആശുപത്രികളിലെ സാഹചര്യങ്ങള്‍, ക്വാറന്റൈന്‍ സംവിധാനങ്ങള്‍, കുടിയേറ്റത്തൊഴിലാളികളുടെ ക്ഷേമം തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാതാ അന്നപൂര്‍ണയുടെയും ബാബാ വിശ്വനാഥിന്റെയും അനുഗ്രഹം നഗരത്തിനുള്ളതിനാല്‍ കാശിയില്‍ ആരും പട്ടിണി കിടക്കില്ലെന്ന് പഴയ ഒരു വിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തവണ ദൈവം നമ്മെ പാവപ്പെട്ടവരുടെ സേവകരാക്കി മാറ്റിയത് നമുക്കൊരു വലിയ അംഗീകാരമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

 കൊറോണയ്ക്കെതിരായ പോരാട്ടത്തില്‍ തങ്ങള്‍ മറ്റാര്‍ക്കും പിന്നിലല്ലെന്ന് വാരാണസിയിലെ ജനങ്ങള്‍ തെളിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ടവര്‍ക്കും നിരാലംബര്‍ക്കും പതിവായി ഭക്ഷണവും വൈദ്യസഹായവും ഉറപ്പുവരുത്തി പിന്തുണയേകുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗവണ്‍മെന്റ് ഏജന്‍സികളുമായും പ്രാദേശിക ഭരണസമിതികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനകളുടെ പരിശ്രമങ്ങളെ പ്രധാനമന്ത്രി പ്രശംസിച്ചു.

ചുരുങ്ങിയ സമയത്തിനുള്ളില്‍ ഭക്ഷണത്തിനായി ഹെല്‍പ്പ് ലൈനുകളുടെയും സാമൂഹ്യ അടുക്കളകളുടെയും വിപുലമായ ശൃംഖല സൃഷ്ടിക്കല്‍, ഹെല്‍പ്പ് ലൈനുകള്‍ സജ്ജീകരിക്കല്‍, വിവരസാങ്കേതിശാസ്ത്രത്തിന്റെ സഹായം സ്വീകരിക്കല്‍, വാരണാസി സ്മാര്‍ട്ട് സിറ്റിയുടെ നിയന്ത്രണ കേന്ദ്രത്തിന്റെ പൂര്‍ണമായ ഉപയോഗപ്പെടുത്തല്‍ തുടങ്ങി വിവിധ സംവിധാനങ്ങളിലൂടെ പാവപ്പെട്ടവരെ എല്ലാ മേഖലയിലും സഹായിക്കാന്‍ പൂര്‍ണസജ്ജരാണ് ജനങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു. ഭക്ഷണ വിതരണത്തിനായി വാഹനങ്ങള്‍ ആവശ്യത്തിനു ലഭ്യമല്ലാതിരുന്നപ്പോള്‍ ജില്ലാ ഭരണകൂടത്തെ സഹായിക്കാന്‍ തപാല്‍ വകുപ്പ് മുന്നോട്ട് വന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. 'സേവനം ചെയ്യുന്നയാള്‍ സേവനത്തിന്റെ ഫലം ചോദിക്കുന്നില്ലെന്നും രാവും പകലും നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നു'വെന്നും സന്ന്യാസിവര്യനായ കബീര്‍ദാസിനെ ഉദ്ധരിച്ച് ശ്രീ. മോദി പറഞ്ഞു.

ഉയര്‍ന്ന ജനസംഖ്യ, മറ്റ് നിരവധി വെല്ലുവിളികള്‍ എന്നിവ ചൂണ്ടിക്കാട്ടി മഹാമാരിക്കെതിരെ പോരാടാനുള്ള ഇന്ത്യയുടെ കഴിവിനെ നിരവധി വിദഗ്ധര്‍ ചോദ്യം ചെയ്തിരുന്നു. 23-24 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശില്‍, രോഗവ്യാപനം കുറയ്ക്കാനാകില്ലെന്ന ആശങ്കയ്ക്ക് അവസാനം കുറിച്ചത് സംസ്ഥാനത്തെ ജനങ്ങളുടെ സഹകരണവും കഠിനാധ്വാനവുമാണ്. ഉത്തര്‍പ്രദേശില്‍ ഇപ്പോള്‍ രോഗവ്യാപനത്തോത് നിയന്ത്രിക്കാനായി എന്നു മാത്രമല്ല, കൊറോണ ബാധിതര്‍ വേഗത്തില്‍ സുഖം പ്രാപിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. വിവിധ പദ്ധതികളിലൂടെ 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കുക മാത്രമല്ല, പാചകവാതകസിലിണ്ടറുകളും സൗജന്യമായി ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അമേരിക്കയുടെ ഇരട്ടി ജനസംഖ്യയുള്ള ഇന്ത്യ, ഒരു പൈസ പോലും  പ്രതിഫലം സ്വീകരിക്കാതെയാണ് അവര്‍ക്കു സഹായം നല്‍കുന്നത്. ഇപ്പോള്‍ ഈ പദ്ധതി നവംബര്‍ അവസാനം വരെ, അതായത് ദീപാവലി, ഛാത് പൂജാ വേള വരെ,  നീട്ടിയിട്ടുണ്ട്.

വാരാണസിയിലെ കരകൗശല വിദഗ്ധര്‍, പ്രത്യേകിച്ച് നെയ്ത്തുകാര്‍, വ്യാപാരികള്‍, വ്യവസായികള്‍ എന്നിവര്‍ നേരിടുന്ന വിവിധ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വിവിധ അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ, 8000 കോടി രൂപ ചെലവഴിച്ച് മറ്റ് പദ്ധതികളും അതിവേഗം നടപ്പാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
***


(Release ID: 1637559) Visitor Counter : 244