ജൽ ശക്തി മന്ത്രാലയം

ഗരിബ് കല്യാൺ റോസ്ഗാർ അഭിയാന് കീഴിൽ ഗാർഹിക കുടിവെള്ള വിതരണ കണക്ഷനുകൾ നൽകുന്നതിനോടൊപ്പം കുടിയേറ്റ തൊഴിലാളികൾക്ക് ഉപജീവനത്തിനായി കേന്ദ്രസർക്കാർ തൊഴിലവസരങ്ങളും ഒരുക്കുന്നു

Posted On: 05 JUL 2020 1:56PM by PIB Thiruvananthpuram

 

ലോകം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ഈ വലിയ വെല്ലുവിളിയെ ഒരു അവസരമാക്കി മാറ്റി, ഗ്രാമീണ മേഖലയിലെ ഉപജീവനത്തിനായി പദ്ധതി തയ്യാറാക്കുകയും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ ചലനാത്മകമാക്കുകയും ചെയ്യുകയാണ്.

മടങ്ങിയെത്തിയ കുടിയേറ്റതൊഴിലാളികൾക്കും ഗ്രാമീണ പൗരന്മാർക്കും ഉപജീവനത്തിനുള്ള അവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും പ്രാദേശികമായി  തൊഴിൽ സൃഷ്ടിക്കുന്നതിനും വിപുലമായ പൊതുമരാമത്ത് പദ്ധതികളാണ് ഗരിബ് കല്യാൺ റോസ്ഗാർ അഭിയാൻ (ജി.കെ.ആർ.എ.) വഴി 20.06.2020 ന് ആരംഭിച്ചത്.

അടിയന്തിര സ്വാഭാവത്തോടെയും കേന്ദ്രീകൃതമായും 125 ദിവസങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിൽ ബീഹാർ, ജാർഖണ്ഡ്, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ 6 സംസ്ഥാനങ്ങളിലെ 27 അഭിലാഷ ജില്ലകൾ ഉൾപ്പെടെ ആകെ 116 ജില്ലകളെയാണ് ഉലപ്പെടുത്തിയിരിക്കുന്നത്.

എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള വിതരണ കണക്ഷനുകൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി, കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട ജോലികളിൽ വിദഗ്ധരും അർദ്ധ നൈപുണ്യമുള്ളവരും കുടിയേറ്റക്കാരുമായ മടങ്ങിയെത്തുന്ന തൊഴിലാളികൾക്ക് അവസരം നൽകുന്നു.

തിരഞ്ഞെടുത്ത ജില്ലകളിലെ ഗ്രാമങ്ങളിൽ പ്രവൃത്തികൾ ആരംഭിക്കാൻ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഗ്രാമീണ ഭവനങ്ങളിൽ ആവശ്യത്തിന് ജലവിതരണം ഉറപ്പാക്കുക മാത്രമല്ല, മടങ്ങിവരുന്ന കുടിയേറ്റതൊഴിലാളികൾക്ക് തൊഴിൽ നൽകുന്നതിനും പദ്ധതി സഹായകമാകും.

ജൽ ജീവൻ മിഷനു കീഴിലുള്ള പ്രവൃത്തികൾക്കായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനങ്ങളുമായുള്ള ആദ്യ അവലോകന യോഗം ചേർന്നു കഴിഞ്ഞു. അഭിലാഷ ജില്ലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് പദ്ധതി നടപ്പാക്കുന്നതിനായി ജില്ലാ-ഗ്രാമീണ അടിസ്ഥാനത്തിൽ രൂപരേഖ തയ്യാറാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
***



(Release ID: 1636656) Visitor Counter : 235