പ്രധാനമന്ത്രിയുടെ ഓഫീസ്
ധര്‍മചക്ര ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
04 JUL 2020 10:43AM by PIB Thiruvananthpuram
ബഹുമാനപ്പെട്ട രാഷ്ട്രപതി ശ്രീ. രാം നാഥ് കോവിന്ദ് ജീ, വിശിഷ്ടരായ മറ്റ് അതിഥികളേ, ആഷാഢപൂര്‍ണിമ ആശംസ നേര്‍ന്നുകൊണ്ടു തുടങ്ങാം. ഗുരുപൂര്‍ണിമ ദിനവുമാണ്. നമുക്കു ജ്ഞാനം പകര്‍ന്നുനല്‍കിയ ഗുരുക്കന്‍മാരെ ഓര്‍ക്കേണ്ട ദിവസമാണ് ഇന്ന്. ആ ചിന്തയോടെയാണു നാം ഭഗവാന്‍ ബുദ്ധന് ആദരാഞ്ജലി അര്‍പ്പിക്കുന്നത്.
മംഗോളിയ ഗവണ്‍മെന്റിന് മംഗോളിയന്‍ കാഞ്ചൂറിന്റെ പ്രതികള്‍ സമ്മാനിക്കുന്നു എന്നതില്‍ എനിക്കു സന്തോഷമുണ്ട്. മംഗോളിയന്‍ കാഞ്ചൂര്‍ മംഗോളിയയില്‍ വ്യാപകമായി ബഹുമാനിക്കപ്പെട്ടുവരുന്നു. പല സന്യാസിമഠങ്ങൡലും അതിന്റെ പ്രതി ഉണ്ടാവും.
സുഹൃത്തുക്കളേ, ഭഗവാന്‍ ബുദ്ധന്റെ അഷ്ടാംഗ മാര്‍ഗം പല സമൂഹങ്ങളുടെയും രാജ്യങ്ങളുടെയും ക്ഷേമത്തിലേക്കുള്ള പാത കാട്ടിത്തരുന്നു. അതു ദയയുടെയും അനുകമ്പയുടെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നു. ഭഗവാന്‍ ബുദ്ധന്‍ പകര്‍ന്നുതരുന്ന പാഠങ്ങള്‍ ചിന്തയിലും പ്രവൃത്തിയിലും ലാളിത്യം ആഘോഷിക്കുന്നു. ബുദ്ധിസം ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നു. ജനങ്ങളെ ബഹുമാനിക്കുക. പാവങ്ങളെ ബഹുമാനിക്കുക. സ്ത്രീകളെ ബഹുമാനിക്കുക. സമാധാനവും അഹിംസയും ബഹുമാനിക്കപ്പെടുക. സുസ്ഥിരമായ ഭൂമിക്കുള്ള പാതയാണ് ബുദ്ധിസം പകരുന്ന പാഠങ്ങള്‍.
സുഹൃത്തുക്കളേ, സാരാനാഥിലെ പ്രഥമ ധര്‍മപ്രഭാഷണത്തിലും അതു കഴിഞ്ഞു നല്‍കിയ പാഠങ്ങളിലും ഭഗവാന്‍ ബുദ്ധന്‍ രണ്ടു കാര്യങ്ങളെക്കുറിച്ചു പറഞ്ഞു. അവ പ്രതീക്ഷയും ലക്ഷ്യവുമാണ്. അവ തമ്മില്‍ വളരെയധികം ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അദ്ദേഹം കരുതി. പ്രതീക്ഷയില്‍നിന്നാണു ലക്ഷ്യബോധം ഉണ്ടാവുന്നത്. ഭഗവാന്‍ ബുദ്ധനെ സംബന്ധിച്ചിടത്തോളമാകട്ടെ, അത് മനുഷ്യന്റെ യാതനകളെ ഇല്ലാതാക്കലാണ്. അവസരത്തിനൊത്തുയര്‍ന്നു ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുന്നതിനായി നാം പ്രവര്‍ത്തിക്കണം.
സുഹൃത്തുക്കളേ, 21ാം നൂറ്റാണ്ടിനെക്കുറിച്ച് എനിക്കു പ്രതീക്ഷകളുണ്ട്. യുവസുഹൃത്തുക്കളില്‍നിന്നാണ്, നമ്മുടെ യുവത്വത്തില്‍നിന്നാണ് ഈ പ്രതീക്ഷ ഉണ്ടാവുന്നത്. പ്രതീക്ഷയും പുതുമയും അനുകമ്പയും എങ്ങനെ ദുരിതങ്ങള്‍ അകറ്റാന്‍ സഹായമാകുമെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് നമ്മുടെ സ്റ്റാര്‍ട്ടപ്പ് മേഖല. പ്രകാശിതമായ യുവമനസ്സുകളും ആഗോള പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണലും. ഇന്ത്യക്കുള്ളത് ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് സംവിധാനങ്ങളിലൊന്നാണ്.
ഭഗവാന്‍ ബുദ്ധന്റെ ചിന്തകളുമായി ചേര്‍ന്നുനില്‍ക്കാന്‍ ഞാന്‍ യുവസുഹൃത്തുക്കളോട് ആഹ്വാനം ചെയ്യുകയാണ്. അവ പ്രചോദനമേകുകയും വഴികാട്ടുകയും ചെയ്യും. അവ നിങ്ങളില്‍ ചിലപ്പോള്‍ സൗമ്യതയും മറ്റു ചിലപ്പോള്‍ ഊര്‍ജവും പകരും. നയിക്കുന്ന ദീപമായി സ്വയം മാറുകയെന്ന ഭഗവാന്‍ ബുദ്ധന്റെ പാഠം അദ്ഭുതപ്പെടുത്തുന്ന ഒരു മാനേജ്‌മെന്റ് പാഠമാണ്.
സുഹൃത്തുക്കളേ, ഇന്നു ലോകം അനിതര സാധാരണമായ വെല്ലുവിളികളെ നേരിടുകയാണ്. ഈ വെല്ലുവിളികള്‍ക്കുള്ള ശാശ്വത പരിഹാരം ഭഗവാന്‍ ബുദ്ധന്റെ ആശയങ്ങളില്‍നിന്നു ലഭിക്കും. അവ കഴിഞ്ഞകാലത്തും ഇക്കാലത്തും പ്രസക്തമാണ്. ഭാവിയിലും പ്രസക്തമായിരിക്കുകയും ചെയ്യും.
സുഹൃത്തുക്കളേ, കൂടുതല്‍ പേരെ ബൗദ്ധ പാരമ്പര്യ കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കേണ്ടതു കാലത്തിന്റെ ആവശ്യമാണ്. നമുക്ക് ഇന്ത്യയില്‍ അത്തരം ഒട്ടേറെ കേന്ദ്രങ്ങളുണ്ട്. എന്റെ മണ്ഡലമായ വാരണാസിയെ ആള്‍ക്കാര്‍ അറിയുന്നത് എങ്ങനെയാണെന്ന് അറിയുമോ? സാരാനാഥ് ഉള്ള ഇടമെന്ന്. ബൗദ്ധ കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനെക്കുറിച്ചു നമുക്കു ചിന്തിക്കണം. കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രിസഭ കുശിനഗര്‍ വിമാനത്താവളം രാജ്യാന്തര വിമാനത്താവളമായി പ്രഖ്യാപിച്ചു. ഇതു കൂടുതല്‍ തീര്‍ഥാടകരും വിനോദ സഞ്ചാരികളും എത്തുന്നതിനു സഹായകമാകും. ഇതു കൂടുതല്‍ പേര്‍ക്കു പണമുണ്ടാക്കാനുള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും.
ഇന്ത്യ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു!
സുഹൃത്തുക്കളേ, ഒരിക്കല്‍ക്കൂടി നിങ്ങള്‍ക്കെല്ലാം ആശംസകള്‍. ഭഗവാന്‍ ബുദ്ധന്റെ ചിന്തകള്‍ ശോഭയും ഒരുമയും സാഹോദര്യവും വര്‍ധിപ്പിക്കട്ടെ. അദ്ദേഹത്തിന്റെ അനുഗ്രഹങ്ങള്‍ നന്മ ചെയ്യാന്‍ നമുക്കു പ്രചോദനമാകട്ടെ.
നന്ദി. വളരെയധികം നന്ദി.
(Release ID: 1636567)
Visitor Counter : 203
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada
,
Malayalam