പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നവംബര്‍ അവസാനം വരെ നീട്ടിയതായി പ്രഖ്യാപിച്ചു
Posted On:
30 JUN 2020 4:24PM by PIB Thiruvananthpuram
80 കോടി ജനങ്ങള്‍ക്ക്-സൗജന്യമായി പ്രതിമാസം 5 കിലോ അരി/ഗോതമ്പ്, ഒപ്പം ഓരോ കുടുംബത്തിനും സൗജന്യമായി ഒരുകിലോ കടലയും
പദ്ധതി സാദ്ധ്യമാക്കിയതിനുള്ള നേട്ടം കഠിനപ്രയത്നരായ കര്‍ഷകര്‍ക്കും സത്യസന്ധരായ നികുതിദായകര്‍ക്കും നല്‍കി പ്രധാനമന്ത്രി
കൊറോണാവൈറസിനെതിരായ പോരാട്ടം രണ്ടാംഘട്ട അണ്‍ലോക്കിലേക്ക് മാറുമ്പോഴും അടച്ചിടല്‍ സമയത്തെ അതേ ഗൗരവത്തോടെ എല്ലാ നിയന്ത്രണങ്ങളും പിന്തുടരാന്‍ പ്രധാനമന്ത്രി എല്ലാവരോടും ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി 2020 ജൂണ്‍ 30
പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയും പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നവംബര്‍ അവസാനം വരെ നീട്ടിയതായി പ്രഖ്യാപിക്കുകയും ചെയ്തു.
പാവപ്പെട്ടവര്‍ക്ക് സഹായഹസ്തം
അടച്ചിടല്‍ കാലത്ത് ഭക്ഷണം അനിവാര്യമായിരുന്നവര്‍ക്ക് അതിനുള്ള വ്യവസ്ഥയുണ്ടാക്കുന്നതിനായിരുന്നു രാജ്യം ഏറ്റവും വലിയ മുന്‍ഗണന നല്‍കിയത് എന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചയുടന്‍ തന്നെ ഗവണ്‍മെന്റ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന കൊണ്ടുവരികയും അതിന്റെ കീഴില്‍ 1.75 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ മൂന്നുമാസം കൊണ്ട് 20 കോടി പാവപ്പെട്ടവരുടെ ജന്‍ധന്‍ അക്കൗണ്ടുകളിലേക്ക് 31,000 കോടി രൂപ കൈമാറിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. 9 കോടിയിലേറെ കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് 18,000 കോടി രൂപ കൈമാറുകയും തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ആരംഭിച്ച പ്രധാനമന്ത്രി റോസ്ഗാര്‍ അഭിയാന് വേണ്ടി 50,000 കോടി രൂപ ചെലവഴിക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന നവംബര്‍ വരെ നീട്ടി
മൂന്നുമാസം 80 കോടി ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ -അതായത് ഒരുകുടുംബത്തിലെ ഓരോ അംഗങ്ങള്‍ക്കും സൗജന്യമായി 5 കിലോ അരി/ഗോതമ്പ് ഒപ്പം ഓരോ കുടുംബത്തിനും പ്രതിമാസം ഒരുകിലോ കടലയും സൗജന്യമായി നല്‍കാനുള്ള ബൃഹത്തായ തീരുമാനം ലോകമാകെ ശ്രദ്ധിച്ചുവെന്ന് പ്രധാനമന്ത്രി നിരീക്ഷിച്ചു. നിരവധി വലിയ രാജ്യങ്ങളുടെ ജനസംഖ്യയുടെ തന്നെ പല മടങ്ങാണ് ഇവിടെ സൗജന്യറേഷന്‍ ലഭ്യമാകുന്നവരുടെ എണ്ണമെന്നും അദ്ദേഹം പറഞ്ഞു.
മഴക്കാലം തുടങ്ങിയതോടെ കാര്‍ഷികമേഖലയിലെ മിക്കവാറും പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഗുരുപൂര്‍ണ്ണിമ, രക്ഷാബന്ധന്‍, ശ്രീ കൃഷ്ണ ജന്മാഷ്ടമി, ഗണേശ ചതുര്‍ത്ഥി, ഓണം, ദസറ, ദീപാവലി, ഛാത്ത്പൂജ തുടങ്ങി നിരവധി ഉത്സവങ്ങളും ഒന്നിനുപുറകെ ഒന്നായി വരുന്നുണ്ട്. ഈ സമയത്തെ ആവശ്യങ്ങളും ഒപ്പം വര്‍ദ്ധിക്കുന്ന ചെലവും മനസില്‍കണ്ടുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന ദീപാവലി, ഛാത്ത്പൂജ വരെ അതായത് ജുലൈ മുതല്‍ നവംബര്‍ വരെ നീട്ടുന്നതിന് ഗവണ്‍മെന്റ് തീരുമാനിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ അഞ്ചുമാസം കാലവും 80 കോടിയിലധികം ജനങ്ങള്‍ക്ക് പ്രതിമാസം സൗജന്യമായി 5 കിലോ അരി/ഗോതമ്പ് നല്‍കും. കുടുംബത്തിലെ ഓരോ അംഗത്തിനും 5 കിലോ സൗജന്യ അരി/ഗോതമ്പ് നല്‍കുന്നതിന് പുറമെ ഒരു കുടുംബത്തിന് ഒരുകിലോ കടലയും ഓരോമാസവും നല്‍കും.
ഈ പദ്ധതി നീട്ടുന്നതിന് ഗവണ്‍മെന്റ് 90,000 കോടിയിലേറെ രൂപ ചെലവഴിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ മൂന്നുമാസം ഇതിന് വേണ്ടി ചെലവഴിച്ച തുകയും കൂടി കൂട്ടിച്ചേര്‍ത്താല്‍ മൊത്തമായി ഏകദേശം 1.5 ലക്ഷം കോടി രൂപ ഈ പദ്ധതിക്ക് വേണ്ടി ചെലവഴിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പദ്ധതി യാത്ഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി ഭക്ഷ്യധാന്യങ്ങള്‍ ശേഖരിക്കുന്നതും അത് സൗജന്യമായി വിതരണം ചെയ്യുന്നതും സാദ്ധ്യമാക്കിയതിനുള്ള നേട്ടം കഠിനപ്രയത്നരായ കര്‍ഷകര്‍ക്കും സത്യസന്ധരായ നികുതിദായര്‍ക്കും നല്‍കിയ അദ്ദേഹം അവരോട് നന്ദിപ്രകടിപ്പിക്കുകയും ചെയ്തു.
'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്' എന്ന സംവിധാനത്തിലേക്ക് രാജ്യം നീങ്ങുകയാണെന്നതിന് പ്രധാനമന്ത്രി അടിവരയിട്ടു. ഇത് ജോലിക്ക് വേണ്ടി മറ്റു സംസ്ഥാനങ്ങളിലേക്ക് യാത്രചെയ്യുന്ന പാവപ്പെട്ടവര്‍ക്ക് വളരെയധികം ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അണ്‍ലോക്ക്-2 ല്‍ സുരക്ഷിതരായിരിക്കുക
കൊറോണാ വൈറസിനെതിരായ പോരാട്ടത്തില്‍ നിന്നും അണ്‍ലോക്ക് 2 ലേക്കുള്ള മാറ്റത്തിനൊപ്പം കാലാവസ്ഥയിലും മാറ്റമുണ്ടാകുന്നത് നിരവധി രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് പ്രധാനമന്ത്രി ചുണ്ടിക്കാട്ടി. എല്ലാവരും അവരുടെ ആരോഗ്യത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ലോക്കഡൗണ്‍ പോലെ സമയബന്ധിതമായ തീരുമാനങ്ങളിലൂടെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായെന്ന് നിരീക്ഷിച്ച അദ്ദേഹം രാജ്യത്തെ മരണനിരക്ക് ലോകത്തില്‍ ഏറ്റവും കുറവാണെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ അണ്‍ലോക്ക്-1 സമയത്ത് ഉത്തരവാദിത്തവും അവഗണനാപൂര്‍ണ്ണവുമായ സ്വഭാവം വര്‍ദ്ധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മുഖാവരണം ധരിക്കുക, ഒരു ദിവസം നിരവധി പ്രാവശ്യം 20 സെക്കന്റിലേറെ കൈകഴുകുക, ആറടി ദൂരം' പാലിക്കുക എന്നതിലൊക്കെ നേരത്തെ ജനങ്ങള്‍ വലിയ ശ്രദ്ധാലുക്കളായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എപ്പോഴാണോ കുടുതല്‍ ശ്രദ്ധ ആവശ്യമായി വന്നത്, അപ്പോള്‍ അവഗണനകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കയ്ക്ക് കാരണമാകുവെന്നതിന് അദ്ദേഹം ഊന്നല്‍ നല്‍കി.
ലോക്കൗഡൗണ്‍ കാലത്തെ അതേ ഗൗരവത്തോടെ തന്നെ, പ്രത്യേകിച്ച് കണ്ടൈന്റ്മെന്റ് മേഖലകളില്‍ നിയന്ത്രണങ്ങള്‍ പിന്തുടരണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരം നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാത്തവര്‍ക്കിടയില്‍ ബോധവല്‍ക്കരണം വ്യാപിപ്പിക്കണമെന്നും അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. പൊതുസ്ഥലത്ത് മുഖാവരണം ധരിക്കാത്തതിന് ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിക്ക് 13,000 രൂപ പിഴ അടിച്ചത് അദ്ദേഹം ഉദാഹരണമായി ചുണ്ടിക്കാട്ടി. ഇന്ത്യയിലെ പ്രാദേശിക ഭരണകൂടങ്ങള്‍ അതേ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും പ്രധാനമന്ത്രിയുള്‍പ്പെടെ ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
മുന്നോട്ടു നോക്കുമ്പോള്‍
പാവപ്പെട്ടവരേയും ആവശ്യക്കാരെയും ശാക്തീകരിക്കുന്നതിനായി വരും സമയങ്ങളിലും ഗവണ്‍മെന്റ് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ആവശ്യത്തിന് മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ട് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആത്മനിര്‍ഭര്‍ ഭാരതിന് വേണ്ടി പ്രവര്‍ത്തിക്കാനും പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കു് വേണ്ടി ശബ്ദമുയര്‍ത്താനുമുള്ള (വോക്കല്‍ ഫോര്‍ ലോക്കല്‍) പ്രതിബദ്ധത അദ്ദേഹം ആവര്‍ത്തിച്ചു. അതോടൊപ്പം ജനങ്ങളോട് സുരക്ഷിതരായിരിക്കാനും മുഖാവരണം ഉപയോഗിക്കാനും 'അറടി ദൂര'ത്തിന്റെ മന്ത്രം തുടര്‍ന്നും പരിപാലിക്കാനും ജനങ്ങളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു.
***
(Release ID: 1635411)
Visitor Counter : 449
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada