പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി 2020  ജൂണ്‍ 28ന് രാവിലെ 11 മണിയ്ക്ക് ഭാരത ജനതയോട് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രക്ഷേപണത്തിന്റെ മലയാള പരിഭാഷ

Posted On: 28 JUN 2020 11:39AM by PIB Thiruvananthpuram

 

 

(മനസ്സ് പറയുന്നത് 2.0)

 (പതിമൂന്നാം ലക്കം)


എന്റെ പ്രിയപ്പെട്ട ദേശവാസികള്‍ക്കു നമസ്‌കാരം. മന്‍ കീ ബാത് 2020 ലെ പകുതി യാത്രപൂര്‍ത്തിയാക്കിയിരിക്കുന്നു. ഇതിനിടയില്‍ നാം അനേകം വിഷയങ്ങളെക്കുറിച്ചു സംസാരിച്ചു. സ്വാഭാവികമായും വന്നുപെട്ട ആഗോള മഹാമാരി, മനുഷ്യകുലത്തിനു വന്നുപെട്ട ആപത്തിനെക്കുറിച്ച് നമ്മുടെ സംസാരം കുറച്ചധികമുണ്ടായിരുന്നു. എന്നാല്‍ ഈയിെടയായി ആളുകള്‍ക്കിടയില്‍ നിരന്തരം നടക്കുന്ന ചര്‍ച്ചയുടെ വിഷയം ഈ വര്‍ഷം എന്നത്തേക്ക് അവസാനിക്കും എന്നതാണ്. ചിലര്‍ മറ്റുള്ളവര്‍ക്ക് ഫോണ്‍ ചെയ്യുന്നു, സംസാരം ഈ വര്‍ഷം എന്തുകൊണ്ടാണ് ഇത്രയ്ക്ക് വേഗം അവസാനിക്കാത്തത് എന്നതിലാണ് തുടങ്ങുന്നത്. ചിലര്‍ എഴുതുന്നു, സുഹൃത്തുക്കളോടു പറയുന്നു, ഈ വര്‍ഷം നന്നായില്ല, ചിലര്‍ പറയുന്നു 2020 ശുഭകരമല്ല. എങ്ങനെയെങ്കിലും ഈ വര്‍ഷം എത്രയും വേഗം അവസാനിക്കണം എന്നാണ് ആളുകള്‍ ആഗ്രഹിക്കുന്നത്!
സുഹൃത്തുക്കളേ, ചിലപ്പോള്‍ ഞാന്‍ വിചാരിക്കും, എന്താണിങ്ങനെ? ഇങ്ങനെയുള്ള സംസാരത്തിന് ചില കാരണങ്ങളുണ്ടാകാം. ആറേഴു മാസങ്ങള്‍ക്കു മുമ്പ്, കൊറോണപോലെയൊരു വിപത്ത് വന്നുഭവിക്കുമെന്നും അതിനെതിരെയുള്ള പോരാട്ടം ഇത്ര നീണ്ടതായിരിക്കുമെന്നും ആര്‍ക്കും അറിയില്ലായിരുന്നു. കുറച്ചു രാജ്യം നിത്യേന പുതിയ വെല്ലുവിവെല്ലുവിളികളെയും രാജ്യം നേരിടുകയാണ്. ദിവസങ്ങള്‍ക്കു മുമ്പ്, രാജ്യത്തിന്റെ കിഴക്കേ അതിര്‍ത്തിയില്‍ ഉംപുന്‍ ചുഴലിക്കാറ്റു വന്നു, പശ്ചിമ തീരത്ത്  നിസര്‍ഗ്ഗ എന്ന ചുഴലിക്കാറ്റു വന്നു. എത്രയോ സംസ്ഥാനങ്ങളില്‍ നമ്മുടെ കര്‍ഷകരായ സഹോദരീ സഹോദരര്‍ വെട്ടുകിളികളുടെ ആക്രമണത്തില്‍ കഷ്ടപ്പെടുന്നു. ഇതിനെല്ലാമപ്പുറം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചെറിയ ചെറിയ ഭൂകമ്പങ്ങള്‍ ശമിക്കുന്നതേയില്ല. ഇതിനെല്ലാമിടയില്‍ ചില അയല്‍ക്കാര്‍ കാരണമുണ്ടാകുന്ന വെല്ലുവിളികളെയും നേരിടുകയാണ്. വാസ്തവത്തില്‍ ഒരുമിച്ച് ഇത്രയും വിപത്തുകള്‍, ഇതുപോലുള്ള വിപത്തുകള്‍ വളരെ വിരളമായേ കേള്‍ക്കാനും കാണാനും ഇടവരാറുള്ളൂ. ഏതെങ്കിലും ചെറിയ സംഭവങ്ങളുണ്ടായാലും ആളുകള്‍ അവയെയും ഈ വെല്ലുവിളികളുമായി ബന്ധപ്പെടുത്തി കാണാന്‍ തുടങ്ങിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
സുഹൃത്തുക്കളേ, കഷ്ടപ്പാടുകള്‍ വരും,വിപത്തുകള്‍ വരും, എന്നാല്‍ ഈ ആപത്തുകളുടെ പേരില്‍ നാം 2020 വര്‍ഷത്തെ മോശപ്പെട്ടത് എന്നു കണക്കാക്കേണ്ടതുണ്ടോ എന്നതാണ് ചോദ്യം. ആദ്യത്തെ 6 മാസങ്ങള്‍ കടന്നുപോയതുപോലെയാകും മുഴുവന്‍ വര്‍ഷവും എന്നും കരുതേണ്ടതുണ്ടോ? അങ്ങനെ വിചാരിക്കുന്നത് ശരിയാണോ? അല്ല. എന്റെ പ്രിയപ്പെട്ട ജനങ്ങളേ, തീര്‍ച്ചയായും അല്ല. ഒരു വര്‍ഷത്തില്‍ ഒരു വെല്ലുവിളി ഉണ്ടായി, അല്ലെങ്കില്‍ അമ്പത് വെല്ലുവിളികളുണ്ടായി എന്നതില്‍ എണ്ണം കൂടുതലോ കുറവോ ആണെന്നതിന്റെ പേരില്‍ ആ വര്‍ഷം മോശപ്പെട്ടതാകുന്നില്ല. ഭാരതത്തിന്റെ ചരിത്രം തന്നെ വിപത്തുകള്‍ക്കും വെല്ലുവിളികള്‍ക്കും മേല്‍ വിജയം വരിച്ചുകൊണ്ട്, കൂടുതല്‍ തിളക്കത്തോടെ മുന്നേറുന്നതിന്റേതാണ്. നൂറുകണക്കിന് വര്‍ഷങ്ങളോളം ഓരോരോ ആക്രമണകാരികള്‍ ഭാരതത്തെ ആക്രമിച്ചു, രാഷ്ട്രത്തെ അപകടത്തിലാക്കി. ആളുകള്‍ വിചാരിച്ചത് ഭാരതത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാകും, ഭാരതത്തിന്റെ സംസ്‌കാരം നശിക്കും എന്നായിരുന്നു. എന്നാല്‍ ആ ആപത്തുകളില്‍ നിന്നും ഭാരതം കൂടുതല്‍ മികവോടെ മുന്നോട്ടു നീങ്ങി.
സുഹൃത്തുക്കളേ നമ്മുടെ നാട്ടിലെ ചൊല്ല്, സൃഷ്ടി ശാശ്വതമെന്നും സൃഷ്ടി നിരന്തരമെന്നുമാണ്. എനിക്ക് ഒരുപാട്ടിലെ ചില വരികള്‍ ഓര്‍മ്മ വരുന്നു -
ഈ കളകള ഝലഝല നിനാദത്തോടെ ഗംഗയിതെന്തൂ ചൊല്‍വൂ,
യുഗയുഗങ്ങളായൊഴുകിവരുന്നൂ നമ്മുടെയീ പാവനമാം സരിത!
ഈ ഗീതത്തില്‍ ത്തന്നെ തുടര്‍ന്നുള്ള വരിയില്‍ കാണാം -
എന്തേ അതിനെ തടയാമോ, നശിപ്പതെല്ലാം നശിക്കയാകും
കല്‍ക്കഷണമോ കല്ലാനയതോ, തടസ്സമായിനി വന്നാലും.
ഭാരതത്തിലും ഒരു വശത്ത് വലിയ വലിയ വിപത്തുകള്‍ വന്നു, പോയി, അതേ സമയം എല്ലാ തടസ്സങ്ങളെയും ദൂരീകരിച്ച് അനേകമനേകം സൃഷ്ടികളുമുണ്ടായി. പുതിയ സാഹിത്യങ്ങള്‍ രചിക്കപ്പെട്ടു, പുതിയ കണ്ടുപിടുത്തുങ്ങള്‍ നടന്നു,, പുതിയ സിദ്ധാന്തങ്ങള്‍ രൂപപ്പെട്ടു - അതായത് ആപത്തിന്റെ സമയത്തും എല്ലാ മേഖലകളിലും സൃഷ്ടിയുടെ പ്രക്രിയ തുടര്‍ന്നു, നമ്മുടെ സംസ്‌കാരം പൂവണിഞ്ഞു, തളിരണിഞ്ഞു. രാജ്യം മുന്നേറിക്കൊണ്ടിരുന്നു. ഭാരതം എന്നും വിപത്തുകളെ, വിജയത്തിന്റെ ചവിട്ടുപടികളാക്കിയിട്ടുണ്ട്. ഈയൊരു സങ്കല്പത്തോടെ, നമുക്ക് ഇന്നും ഈ എല്ലാ വിപത്തുകള്‍ക്കും ഇടയിലൂടെ മുന്നേറുകതന്നെ വേണം. നിങ്ങള്‍  ഈ വിചാരത്തോടെ മുന്നേറുമെങ്കില്‍, 130 കോടി ജനങ്ങളും മുന്നേറുമെങ്കില്‍ ഈ വര്‍ഷംതന്നെ രാജ്യം പുതിയ വിജയസ്തംഭം തീര്‍ക്കുന്ന വര്‍ഷമായി മാറും. ഈ വര്‍ഷംതന്നെ രാജ്യം പുതിയ ലക്ഷ്യങ്ങള്‍ നേടും, പുതിയ ഉയരങ്ങളിലെത്തും, പുതിയ ശൃംഗങ്ങളെ സ്പര്‍ശിക്കും. എനിക്ക് 130 കോടി ദേശവാസികളുടെ  ശക്തിയില്‍ വിശ്വാസമുണ്ട്, നിങ്ങളിലെല്ലാം വിശ്വാസമുണ്ട്, ഈ രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തില്‍ വിശ്വാസമുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, ആപത്ത് എത്രതന്നെ വലുതാണെങ്കിലും ഭാരതത്തിന്റെ സംസ്‌കാരം, നിസ്വാര്‍ഥതയോടെ സേവനം ചെയ്യാനുള്ള പ്രേരണയേകുന്നു. ഭാരതം കഷ്ടപ്പാടിന്റെ സമയത്ത് ലോകത്തെ സഹായിച്ചത് ഇന്ന് ശാന്തിയിലും വികസനത്തിലും ഭാരതത്തിന്റെ പങ്ക് കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ലോകം ഇതിനിടയില്‍ ഭാരതത്തിന്റെ വിശ്വബന്ധുത്വമനോഭാവത്തെ മനസ്സിലാക്കിയിട്ടുണ്ട്, അതോടൊപ്പം ലോകം തങ്ങളുടെ പരമാധികാരവും അതിര്‍ത്തികളും രക്ഷിക്കുന്നതിന് ഭാരതത്തിന്റെ ശക്തിയും ഭാരതത്തിന്റെ അക്കാര്യത്തിലുള്ള നിശ്ചയദാര്‍ഢ്യവും മനസ്സിലാക്കിയിട്ടുണ്ട്. ലഡാക്കില്‍ ഭാരതത്തിന്റെ മണ്ണില്‍ കണ്ണുവയ്ക്കുന്നവര്‍ക്ക് കടുത്ത തിരിച്ചടി കിട്ടി. ഭാരതത്തിന് മൈത്രി പുലര്‍ത്താനുമറിയാം, തറപ്പിച്ചു നോക്കാനുമറിയാം, ഉചിതമായ മറുപടി കൊടുക്കാനുമറിയാം. തങ്ങള്‍ ഒരിക്കലും ഭാരതാംബയുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കാനനുവദിക്കില്ലെന്ന് നമ്മുടെ വീര സൈനികര്‍ കാട്ടിക്കൊടുത്തു.
സുഹൃത്തുക്കളേ, ലഡാക്കില്‍ നമ്മുടെ ബലിദാനികളായ വീര ജവാരുടെ ശൗര്യത്തെ രാജ്യം മുഴുവന്‍ നമിക്കുന്നു, ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നു. രാജ്യം മുഴുവന്‍ അവരോട് കൃതജ്ഞരാണ്, അവരുടെ മുന്നില്‍ ശിരസ്സു നമിക്കുന്നു. അവരുടെ കുടുംബത്തെപ്പോലെതന്നെ എല്ലാ ഭാരതീയരും അവരെ നഷ്ടപ്പെട്ടതിന്റെ വേദന അനുഭവിക്കുന്നു. നമ്മുടെ വീരപുത്രന്‍മാരുടെ ബലിദാനത്തിലും അവരെക്കുറിച്ച് അവരുടെ കുടുംബത്തിനുള്ള അഭിമാനബോധവും രാജ്യത്തോടുള്ള ഉത്കടമായ ആവേശവുമാണ് രാജ്യത്തിന്റെ ശക്തി. മക്കള്‍ ബലിദാനികളായ മാതാപിതാക്കള്‍, തങ്ങളുടെ മറ്റു പുത്രന്‍മാരെയും വീട്ടിലെ മറ്റു സന്താനങ്ങളെയും സൈന്യത്തിലേക്കയക്കുന്നതിനെക്കുറിച്ചാണ് പറയുന്നതെന്ന് നിങ്ങള്‍ കണ്ടിരിക്കും. ബിഹാറില്‍ നിന്നുള്ള ബലിദാനി കുന്ദന്‍ കുമാറിന്റെ പിതാവിന്റെ വാക്കുകള്‍ കാതില്‍ മുഴങ്ങുകയാണ്. തന്റെ കൊച്ചുമക്കളെയും കൂടി രാജ്യത്തിന്റെ രക്ഷയ്ക്കായി സൈന്യത്തിലേക്കയയ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ഈ ഉത്സാഹമാണ് എല്ലാ ബലിദാനികളുടെയും കുടുംബങ്ങള്‍ക്കുള്ളത്. വാസ്തവത്തില്‍ ഈ ബന്ധുജനങ്ങളുടെ ത്യാഗം പൂജിക്കത്തക്കതാണ്. ഭാരതമാതാവിന്റെ രക്ഷയെന്ന ഏതൊരു ദൃഢനിശ്ചയത്തോടെയാണോ നമ്മുടെ ജവാന്‍മാര്‍ ജീവന്‍ ബലി നല്കിയത്, അതേ ദൃഢനിശ്ചയത്തെ നമുക്കും, എല്ലാ ദേശവാസികള്‍ക്കും ജീവിത ലക്ഷ്യമാക്കേണ്ടതുണ്ട്. അതിര്‍ത്തികളുടെ രക്ഷക്കായി രാജ്യത്തിന്റെ ശക്തി വര്‍ധിക്കണം, രാജ്യം കൂടുതല്‍ കഴിവുറ്റതാകണം, രാജ്യം സ്വാശ്രയത്വം നേടണം എന്ന ലക്ഷ്യത്തോടെയായിരിക്കണം നമ്മുടെ എല്ലാ ശ്രമങ്ങളും -ഇതായിരിക്കും ഈ ബലിദാനികള്‍ക്കുള്ള യഥാര്‍ഥ ആദരാഞ്ജലിയും. എനിക്ക് അസമില്‍ നിന്ന് രജനിജീ എഴുതിയിരിക്കുന്നു - അദ്ദേഹം കിഴക്കന്‍ ലഡാക്കില്‍ നടന്നത് കണ്ടശേഷം ഒരു ശപഥം ചെയ്തിരിക്കുന്നു - അദ്ദേഹം പ്രാദേശിക ഉത്പന്നങ്ങളേ വാങ്ങൂ എന്നു മാത്രമല്ല പ്രാദേശികമായതിനുവേണ്ടി സംസാരിക്കയും ചെയ്യും. ഇതുപോലുള്ള സന്ദേശങ്ങള്‍ എനിക്ക് രാജ്യത്തിന്റെ എല്ലാ കോണില്‍ നിന്നും ലഭിക്കുന്നുണ്ട്. വളരെയധികം ആളുകള്‍ അവര്‍ ഈ ദിശയില്‍ മുന്നേറുകയാണെന്ന് എന്നെ കത്തിലൂടെ അറിയിക്കുന്നു.
അതുപോലെ തമിഴ് നാട്ടിലെ മധുരയില്‍ നിന്ന് മോഹന്‍ രാമമൂര്‍ത്തി എഴുതുന്നത് അദ്ദേഹം രാജ്യരക്ഷയുടെ കാര്യത്തില്‍ രാജ്യം സ്വാശ്രയത്വം നേടുന്നത് കാണാനാഗ്രഹിക്കുന്നു എന്നാണ്.
സുഹൃത്തുക്കളേ, സ്വാതന്ത്ര്യത്തിനു മുമ്പ് നമ്മുടെ രാജ്യം രാജ്യരക്ഷാ മേഖലയില്‍ ലോകത്തിലെ പല രാജ്യങ്ങളെക്കാളും മുന്നിലായിരുന്നു. ഇവിടെ അനേകം ഓര്‍ഡനന്‍സ് ഫാക്ടറികളുണ്ടായിരുന്നു. അപ്പോള്‍ നമ്മെക്കാള്‍ പിന്നിലായിരുന്ന പല രാജ്യങ്ങളും, ഇന്ന് നമ്മെക്കാള്‍ മുന്നിലാണ്. സ്വാതന്ത്ര്യത്തിനുശേഷം രാജ്യരക്ഷാരംഗത്ത് നാം നടത്തേണ്ടിയിരുന്ന ശ്രമം നാം ചെയ്തില്ല, പഴയ അനുഭവങ്ങളില്‍ നിന്ന് നേട്ടമുണ്ടാക്കേണ്ടിയിരുന്നതും നാം ചെയ്തില്ല. എന്നാല്‍ ഇന്ന് രാജ്യരക്ഷാരംഗത്ത്, സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഭാരതം മുന്നേറാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, ഭാരതം സ്വാശ്രയത്വത്തിലേക്ക് ചുവടുകള്‍ വയ്ക്കുകയാണ്.
സുഹൃത്തുക്കളേ, ഏതൊരു ദൗത്യവും, ജനങ്ങളുടെ പങ്കാളിത്തമില്ലാതെ പൂര്‍ത്തിയാവില്ല, വിജയിക്കയില്ല.  അതുകൊണ്ട് ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിലേക്ക് ഒരു പൗരനെന്ന നിലയില്‍, നമ്മുടെ ഏവരുടെയും ദൃഢനിശ്ചയവും സമര്‍പ്പണവും സഹകരണവും ആവശ്യമാണ്, അനിവാര്യമാണ്. നിങ്ങള്‍ പ്രാദേശിക ഉത്പന്നങ്ങളേ വാങ്ങൂ എങ്കില്‍, പ്രാദേശിക ഉത്പന്നങ്ങള്‍ക്കുവേണ്ടി സംസാരിക്കുമെങ്കില്‍ നിങ്ങള്‍ രാജ്യത്തെ ശക്തിപ്പെടുത്തുന്നതില്‍ സ്വന്തം പങ്ക് നിര്‍വ്വഹിക്കുകയാണെന്ന് സ്വയം മനസ്സിലാക്കിക്കോളൂ. ഇതും ഒരു തരത്തില്‍ രാജ്യസേവനം തന്നെയാണ്. നിങ്ങള്‍ ഏതൊരു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളാണെങ്കിലും എല്ലായിടത്തും രാജ്യസേവനത്തിനിള്ള സാധ്യത ഉണ്ട് എന്നു മനസ്സിലാക്കണം. രാജ്യത്തിന്റെ ആവശ്യം മനസ്സിലാക്കിക്കൊണ്ട് ഏതു കാര്യം ചെയ്താലും അത് രാജ്യസേവനം തന്നെയാണ്. നിങ്ങളുടെ ഈ സേവനം രാജ്യത്തെ ഏതെങ്കിലും തരത്തില്‍ ശക്തിപ്പെടുത്തും. നാം ഇതുകൂടി ഓര്‍ക്കണം - നമ്മുടെ രാജ്യം  എത്രത്തോളം ശക്തമായിരിക്കുമോ ലോകത്ത് ശാന്തിക്കുള്ള സാധ്യതകളും അത്രതന്നെ ശക്തമായിരിക്കും. നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട്. -
വിദ്യാ വിവാദായ ധനം മദായ, ശക്തി പരേഷാം പരപീഡനായ
ഖലസ്യ സാധോഃ വിപരീതമേതത്, ജ്ഞാനായ ദാനായ ച രക്ഷണായ.
അതായത് ഒരാളുടെ സ്വഭാവത്തില്‍ ദുഷ്ടതയുണ്ടെങ്കില്‍, വ്യക്തി വിദ്യയെ വിവാദത്തിനുവേണ്ടിയും ധനം അഹങ്കാരത്തിനുവേണ്ടിയും, ശക്തി മറ്റുള്ളവരെ കഷ്ടപ്പെടുത്താനും ഉപയോഗിക്കുന്നു. എന്നാല്‍ സജ്ജനങ്ങള്‍ വിദ്യ ജ്ഞാനത്തിനും, ധനം സഹായത്തിനും ശക്തി രക്ഷയ്ക്കുമായിട്ടാണ് ഉപയോഗിക്കുന്നത്. ഭാരതം സ്വന്തം ശക്തി എന്നും ഈ വിചാരത്തോടെയാണ് ഉപയോഗിച്ചിട്ടുള്ളത്. ഭാരതത്തിന്റെ നിശ്ചയം - ഭാരതത്തിന്റെ സ്വാഭിമാനവും പരമാധികാരവും കാക്കുക. ഭാരതത്തിന്റെ ലക്ഷ്യം - സ്വാശ്രയഭാരതം. ഭാരതത്തിന്റെ പാരമ്പര്യം - വിശ്വാസം, മൈത്രി. ഭാരതത്തിന്റെ വികാരം - ബന്ധുത്വം. നാം ഈ ആദര്‍ശങ്ങളുമായിട്ടാകും മുന്നേറുക.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കൊറോണയുടെ ഈ ആപത്തുകാലത്ത് രാജ്യം ലോക്ഡൗണില്‍ നിന്ന് പുറത്തിറങ്ങിയിരിക്കയാണ്. നാം അണ്‍ലോകിന്റെ സമയത്താണ് കഴിയുന്നത്. ഈ അണ്‍ലോക്കിന്റെ സമയത്ത് രണ്ടു കാര്യങ്ങളില്‍ നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൊറോണയെ പരാജയപ്പെടുത്തുക, സമ്പദ്‌വ്യവസ്ഥയെ ശക്തമാക്കുക, അതിനെ ശക്തിപ്പെടുത്തുക. സുഹൃത്തുക്കളേ, ലോക്ഡൗണ്‍ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ ജാഗരൂകത നാം അണ്‍ലോക് ന്റെ ഈ സമയത്ത് വച്ചു പുലര്‍ത്തേണ്ടതുണ്ട്. നിങ്ങളുടെ ജാഗരൂകതയാകും നിങ്ങളെ കൊറോണയില്‍ നിന്ന് കാക്കുക. നിങ്ങള്‍ മാസ്‌ക് ധരിക്കുന്നില്ലെങ്കില്‍, ആറടി അകലം പാലിക്കുന്നില്ലെങ്കില്‍, മറ്റു മുന്‍കരുതലുകള്‍ എടുക്കുന്നില്ലെങ്കില്‍ നിങ്ങള്‍ സ്വയം അപകടത്തില്‍ ചാടുന്നതിനൊപ്പം മറ്റുള്ളവരെക്കൂടി അപകടത്തില്‍ പെടുത്തുകയാണ്. വിശേഷിച്ചും, വീട്ടിലെ കുട്ടികളെയും മുതിര്‍ന്നവരെയും. അതുകൊണ്ട് രാജ്യത്തെ എല്ലാ ജനങ്ങളോടും എന്റെ അഭ്യര്‍ഥന, ഞാന്‍ ആവര്‍ത്തിക്കുന്ന അഭ്യര്‍ഥന, നിങ്ങള്‍ അശ്രദ്ധ കാട്ടരുത്, സ്വന്തം കാര്യത്തില്‍ ശ്രദ്ധ വയ്ക്കുക, മറ്റുള്ളവരുടെ കാര്യത്തിലും ശ്രദ്ധിക്കുക.
സുഹൃത്തുക്കളേ, അണ്‍ലോക് സമയത്ത് ഭാരതത്തിന്റെ ദശകങ്ങളായുള്ള ബന്ധനങ്ങളില്‍ നിന്നുകൂടിയുള്ള അണ്‍ലോക് ആണ് സംഭവിക്കുന്നത്. വര്‍ഷങ്ങളായി നമ്മുടെ ഖനന മേഖല ലോക്ഡൗണിലായിരുന്നു. കൊമേഴ്‌സ്യല്‍ ഓക്ഷന് അനുവാദം കൊടുക്കാനുള്ള ഒരു തീരുമാനം സ്ഥിതിഗതികളെ തീര്‍ത്തും മാറ്റിമറിച്ചിരിക്കയാണ്. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് സ്‌പേസ് സെക്ടറില്‍ ചരിത്രംകുറിക്കുന്ന പരിഷ്‌കാരം വരുത്തി. ഈ പരിഷ്‌കാരങ്ങളിലൂടെ വര്‍ഷങ്ങളായി ലോക്ഡൗണില്‍ കിടന്ന ഈ മേഖലയ്ക്ക് സ്വാതന്ത്ര്യം കിട്ടി. ഇതിലൂടെ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ മുന്നേറ്റത്തിന് ഗതിവേഗം ലഭിക്കുമെന്നു മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ സാങ്കേതിക വിദ്യയിലും മുന്നോട്ടുള്ള കുതിപ്പുണ്ടാകും. നമ്മുടെ കാര്‍ഷികമേഖലയെ നോക്കിയാല്‍ ഈ മേഖലയിലും പല കാര്യങ്ങളും ദശകങ്ങളായി ലോക്ഡൗണിലായിരുന്നു എന്നു കാണാം. ഈ മേഖലയെയും ഇപ്പോള്‍ അണ്‍ലോക് ചെയ്തിരിക്കയാണ്. ഇതിലൂടെ ഒരുവശത്ത് കര്‍ഷകര്‍ക്ക് തങ്ങളുടെ വിളവ് എവിടെയും, ആര്‍ക്കും വില്ക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുന്നു, അതേ സമയം മറുവശത്ത് അവര്‍ക്ക് കൂടുതല്‍ വായ്പ ലഭിക്കും എന്നതും ഉറപ്പായിരിക്കുന്നു. ഇങ്ങനെ  രാജ്യം ഈ ആപത്തുകള്‍ക്കിടയില്‍ ചരിത്രപരമായ തീരുമാനങ്ങളിലൂടെ വികസനത്തിന്റെ പുതിയ മാര്‍ഗ്ഗങ്ങള്‍ തുറക്കുന്ന അനേകം മേഖലകളുണ്ട്.
എന്റെ പ്രിയപ്പെട്ട ജനങ്ങളേ, എല്ലാ മാസവും നമ്മെ വികാരം കൊള്ളിക്കുന്ന അനേകം വാര്‍ത്തകള്‍ നാം വായിക്കുകയും കാണുകയുമൊക്കെ ചെയ്യുന്നു. എല്ലാ ഭാരതീയരും പരസ്പരം സഹായിക്കാന്‍ തയ്യാറാണെന്നും തങ്ങളെക്കൊണ്ടു ചെയ്യാനാകുന്നെെതന്തും ചെയ്യാന്‍ തയ്യാറാണെന്നും ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
അരുണാചല്‍ പ്രദേശില്‍ നടന്ന പ്രേരണാദായകമായ ഒരു കഥ എനിക്ക് മാധ്യമങ്ങളിലൂടെ വായിക്കാന്‍ അവസരം ലഭിച്ചു. ഇവിടെ സിയാംഗ് ജില്ലയില്‍ മിറേം എന്ന ഗ്രാമം, മുഴുവന്‍ ഭാരതത്തിനും ഉദാഹരണമാകുന്ന, ഒരു വേറിട്ട കാര്യം ചെയ്തു. ഈ ഗ്രാമത്തിലെ അനേകം ആളുകള്‍ ഗ്രാമത്തിനു വെളിയില്‍ താമസിച്ച് ജോലി ചെയ്യുന്നവരാണ്. കൊറോണയെന്ന മഹാമാരിയുടെ സമയത്ത് അവരെല്ലാവരും തങ്ങളുടെ ഗ്രാമത്തിലേക്ക് മടങ്ങുന്നതായി കണ്ടു. ഈ സ്ഥിതിയില്‍ ഗ്രാമത്തിലെ ജനങ്ങള്‍, ആദ്യംതന്നെ ഇവരെ ഗ്രാമത്തിനു പുറത്ത് ക്വാ്വറന്റൈന്‍ ചെയ്യാന്‍ തീരുമാനിച്ചു. അവര്‍ ഒത്തുചേര്‍ന്ന് ഗ്രാമത്തില്‍ നിന്ന് അല്പം അകലെ 14 താത്കാലിക കുടിലുകള്‍ കെട്ടി, ഗ്രാമീണര്‍ മടങ്ങി വരുമ്പോള്‍ അവരെ ഈ കുടിലുകളില്‍ ക്വാറന്റൈനില്‍ താമസിപ്പിക്കാം എന്ന് നിശ്ചയിച്ചു. ആ കുടിലുകളില്‍ ശൗചാലയം, വൈദ്യുതി ജലം അടക്കം ജീവിക്കാന്‍ വേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കി. മിറേം ഗ്രാമത്തിലെ ഈ ആളുകളുടെ ഈ സാമൂഹിക പരിശ്രമവും ജാഗരൂകതയും എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആകര്‍ഷിക്കുന്നത് സ്വാഭാവികം മാത്രം.
സുഹൃത്തുക്കളേ, നമ്മുടെ നാട്ടിലൊരു ചൊല്ലുണ്ട് -
സ്വഭാവം ന ജഹാതി ഏവ, സാധുഃ ആപദ്രതോപി സന
കര്‍പൂരഃ പാവക സ്പൃഷ്ടഃ സൗരഭ ലഭതേതരാം. അതായത് കര്‍പ്പൂരം അഗ്നിയിലെരിഞ്ഞാലും സുഗന്ധം കൈവിടാത്തതുപോലെ, സജ്ജനങ്ങള്‍ ആപത്തില്‍ പെട്ടാലും തങ്ങളുടെ നന്‍മകളും സ്വഭാവങ്ങളും ഉപേക്ഷിക്കയില്ല. ഇന്ന് നമ്മുടെ രാജ്യത്തിന്റെ ശ്രമശക്തി, അധ്വാനിക്കുന്ന സുഹൃത്തുക്കള്‍, ഇതിന്റെ സജീവ ഉദാഹരണമാണ്. നോക്കൂ, ഈ യിടെ നമ്മുടെ പ്രവാസികളായ തൊഴിലാളികളുടെ രാജ്യത്തിനുമുഴുവന്‍ പ്രേരണയേകുന്ന എത്രയോ കഥകളാണു വരുന്നത്! യു.പിയിലെ ബാരാബങ്കിയില്‍ ഗ്രാമത്തിലേക്ക് തിരികെ എത്തിയ തൊഴിലാളികള്‍ കല്യാണി നദിയുടെ പ്രകൃതിദത്തമായ സ്വരൂപം തിരിച്ചെടുക്കാന്‍ ജോലി ചെയ്യാനാരംഭിച്ചു. നദിയെ രക്ഷിച്ചെടുക്കുന്നതായി കണ്ട് അടുത്തൊക്കെയുള്ള കര്‍ഷകരും മറ്റു ജനങ്ങളും ഉത്സാഹംകൊണ്ടു. ഗ്രാമത്തില്‍ എത്തിയ ശേഷം ക്വാറന്റൈന്‍ സെന്ററില്‍ കഴിയവേ, ഐസൊലേഷന്‍ സെന്ററില്‍ കഴിയവേ, നമ്മുടെ തൊഴിലാളി സുഹൃത്തുക്കള്‍ തങ്ങളുടെ തൊഴില്‍ നൈപുണ്യം കാട്ടിക്കൊണ്ട് തങ്ങളുടെ ചുറ്റുപാടിന്റെ മുഖച്ഛായതന്നെ മാറ്റിയത് അത്ഭുതകരമാണ്. എന്നാല്‍ സുഹൃത്തുക്കളേ, ഇതുപോലുള്ള നാം അറിയാത്ത എത്രയോ കഥകള്‍ രാജ്യത്തെ ലക്ഷക്കണക്കിന് ഗ്രാമങ്ങളിലുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്വഭാവം പോലെ നിങ്ങളുടെ ഗ്രാമങ്ങളിലും, അടുത്തൊക്കെയും ഇതുപോലുള്ള അനേകം സംഭവങ്ങള്‍ നടന്നിട്ടുണ്ടാകും എന്നെനിക്ക് ഉറപ്പുണ്ട് സുഹൃത്തുക്കളേ! നിങ്ങളുടെ ശ്രദ്ധയില്‍ ഇങ്ങനെയുള്ള കാര്യങ്ങള്‍ പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഇങ്ങനെയുള്ള പ്രേരണാദായകങ്ങളായ സംഭവങ്ങളെക്കുറിച്ച് എന്നെ എഴുതി അറിയിക്കൂ. ഈ ആപത്തു കാലത്ത്, ഈ സകാരാത്മകങ്ങളായ സംഭവങ്ങള്‍, ഈ കഥകള്‍ മറ്റുള്ളവര്‍ക്കും പ്രേരണയേകും.

എന്റെ പ്രിയപ്പെട്ട ജനങ്ങളേ, കൊറോണ വൈറസ് തീര്‍ച്ചയായും നമ്മുടെ ജീവിത രീതിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഞാന്‍ ലണ്ടനില്‍ നിന്നു പ്രസിദ്ധീകരിക്കുന്ന ഫൈനാന്‍ഷ്യല്‍ ടൈംസിലെ വളരെ ആകര്‍ഷകമായ ഒരു ലേഖനം വായിക്കയായിരുന്നു. അതില്‍ എഴുതിയിരിക്കുന്നത് കൊറോണ കാലത്ത് ഇഞ്ചി, മഞ്ഞള്‍ അടക്കമുള്ള മറ്റു മസാലകള്‍ക്കുള്ള ആവശ്യക്കാര്‍ ഏഷ്യയില്‍ മാത്രമല്ല, അമേരിക്കയില്‍ പോലും വര്‍ധിച്ചിരിക്കുന്നുവെന്നാണ്. ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ഇപ്പോള്‍ തങ്ങളുടെ ഇമ്യൂണിറ്റി വര്‍ധിപ്പിക്കുന്നതിലാണ്, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഈ ഇനങ്ങള്‍ക്ക് നമ്മുടെ രാജ്യവുമായിട്ടാണ് കൂടുതല്‍ ബന്ധമുള്ളത്. നമുക്ക് ഇതിന്റെ വൈശിഷ്ട്യം ലോകത്തിലെ ജനങ്ങളോട് സ്വഭാവികമായ, ലളിതമായ ഭാഷയില്‍ പറയേണ്ടതുണ്ട്, അവര്‍ വേഗം മനസ്സിലാക്കട്ടെ, നമുക്ക് ആരോഗ്യമുള്ള ഭൂമിയെ സൃഷ്ടിക്കുന്നതില്‍ നമ്മുടേതായ പങ്കു വഹിക്കാം.
പ്രിയപ്പെട്ട ജനങ്ങളേ, കൊറോണയെപ്പോലൊരു വിപത്ത് വന്നുപെട്ടില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, ജീവതമെന്താണ്, ജീവിക്കുന്നതെന്തിനാണ്, ജീവിതമെങ്ങനെയാണ്, എന്ന് നമുക്ക് ഒരുപക്ഷേ, ഓര്‍മ്മവരുകയേ ഇല്ലായിരുന്നു. പല ആളുകളും ഇതുകാരണം മാനസിക സംഘര്‍ഷത്തില്‍ ജീവിച്ചുപോന്നു. മറുവശത്ത് ലോക്ഡൗണ്‍ കാലത്ത് സന്തോഷത്തിന്റെ ചെറിയ ചെറിയ തലങ്ങളുംതങ്ങള്‍ ജീവിതത്തില്‍ വീണ്ടും കണ്ടെത്താന്‍ തുടങ്ങി എന്നും ആളുകള്‍ എന്നോട് അനുഭവം പങ്കുവച്ചിട്ടുണ്ട്. പല ആളുകളും ഇന്‍ഡോര്‍ ഗെയിംസ് കളിച്ചതിനെക്കുറിച്ചും മുഴുവന്‍ കുടുംബത്തോടുമൊപ്പം അതിന്റെ ആനന്ദം അനുഭവിച്ചതിനെക്കുറിച്ചുമുള്ള അനുഭവങ്ങള്‍ എന്നെ എഴുതി അറിയിച്ചിട്ടുണ്ട്.
സുഹൃത്തുക്കളേ, നമ്മുടെ രാജ്യത്തിന് പരമ്പരാഗത കളികളുടെ വളരെ സമൃദ്ധമായ പാരമ്പര്യമുണ്ട്.  നിങ്ങള്‍ പചീസീ എന്നൊരു കളിയുടെ പേരു കേട്ടിട്ടുണ്ടാകും. ഈ കളി തമിഴ്‌നാട്ടില്‍ പല്ലാങ്കുഴി, കര്‍ണ്ണാടകത്തില്‍ അളിഗുളിമണേ, ആന്ധ്രയില്‍ വാമന്‍ ഗുണ്ടലു എന്നീ പേരുകളിലാണ് കളിക്കപ്പെടുന്നത്. ഇത് ഒരു തരത്തില്‍ തന്ത്രപരമായ കളിയാണ്. ഇതിന് പല കുഴികളുള്ള ഒരു പലക ഉപയോഗിക്കപ്പെടുന്നു. കുഴിയിലുള്ള പുളിങ്കുരു, മഞ്ചാടിക്കുരു പോലുള്ള കുരുക്കള്‍ കൈയിലെടുത്ത് ഓരോ കുഴിഴിവുമിട്ടാണ് കളിക്കുന്നത്. ഈ കളി ദക്ഷിണഭാരതത്തില്‍ നിന്ന് ദക്ഷിണപൂര്‍വ്വേഷ്യയിലേക്കും പിന്നെ ലോകമെങ്ങും പ്രചരിച്ചതായി പറയപ്പെടുന്നു.
സുഹൃത്തുക്കളേ, ഇന്ന് എല്ലാ കുട്ടികള്‍ക്കും പാമ്പും കോണിയും കളി അറിയാം. എന്നാല്‍ ഇതും ഒരു പരമ്പരാഗത ഭാരതീയ കളിയുടെരൂപം തന്നെയാണെന്ന് നിങ്ങള്‍ക്കറിയാമോ, ഇത് മോക്ഷപദം അല്ലെങ്കില്‍ പരമപദം എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.  നമ്മുടെ രാജ്യത്തെ മറ്റൊരു പരമ്പരാഗത കളിയാണ് ഗുട്ടാ. മുതിര്‍ന്നവരും ഗുട്ട കളിക്കും കുട്ടികളും കളിക്കും. ഒരേ വലിപ്പത്തിലുള്ള അഞ്ച് ചെറിയ കല്ലുകള്‍ എടുത്താല്‍ നിങ്ങള്‍ ഗുട്ട കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞു. ഒരു കല്ല് വായുവിലേക്കെറിയുക, അത് താഴെ എത്തുന്നതിനുമുമ്പ് ബാക്കി കല്ലുകള്‍ നിലത്തുനിന്ന് പെറുക്കിയെടുക്കാനാകുക. സാധാരണയായി നമ്മുടെ വീട്ടിനുള്ളിലെ കളികള്‍ക്ക് വലിയ സാധനങ്ങളുടെയൊന്നും ആവശ്യമില്ല. ആരെങ്കിലും ഒരു ചോക്കോ കല്ലോ എടുത്തുകൊണ്ടുവരുന്നു, അതുകൊണ്ട് നിലത്തുതന്നെ ചില വരകള്‍ വരയ്ക്കുന്നു. പിന്നെ കളി തുടങ്ങുകയായി. പകിടകള്‍ വേണ്ട കളികളില്‍ തടിക്കട്ടകളും പുളിങ്കുരുവും കൊണ്ടുപോലും കാര്യം നടക്കും.
സുഹൃത്തുക്കളേ, ഇന്ന് ഞാന്‍ ഈ കാര്യങ്ങള്‍ പറയുമ്പോള്‍ എത്രയോ പേര്‍ തങ്ങളുടെ കുട്ടിക്കാലത്തേക്കു പോയിട്ടുണ്ടാകും, എത്രയോ പേര്‍ക്ക് കുട്ടിക്കാലം ഓര്‍മ്മ വന്നിട്ടുണ്ടാകും. ഞാന്‍ ചോദിക്കുന്നത്  ആ നാളുകളെ നിങ്ങള്‍ എന്തിനു മറന്നു എന്നാണ്. ആ കളികളെ നിങ്ങളെ എന്തുകൊണ്ടു മറന്നു? വീട്ടിലെ അപ്പൂപ്പനോടും അമ്മൂമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടും എനിക്കുള്ള അഭ്യര്‍ത്ഥന പുതിയ തലമുറയിലേക്ക് നിങ്ങള്‍ ഈ കളികള്‍ കൈമാറുന്നില്ലെങ്കില്‍ പിന്നെ ആരാണത് ചെയ്യുക? ഓണ്‍ലൈന്‍ പഠനത്തിന്റെ കാര്യം വരുമ്പോള്‍ ബാലന്‍സ് നിലനിര്‍ത്താനും ഓണ്‍ലൈന്‍ കളികളില്‍ നിന്ന് മോചനം നേടാനും നാം ഇതു ചെയ്യേണ്ടതുണ്ട്. നമ്മുടെ യുവ തലമുറയ്ക്കും, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇവിടെ പുതിയ ഒരു അവസരമാണുള്ളത്, അത് ശക്തമായ അവസരമാണുതാനും. നാം ഭാരതത്തിന്റെ പരമ്പരാഗത ഇന്‍ഡോര്‍ ഗെയിമുകളെ പുതിയ ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുക. അതുമായി ബന്ധപ്പെട്ട സാധനങ്ങള്‍ സംഘടിപ്പിക്കുന്നവര്‍, വിതരണംചെയ്യുന്നവര്‍, സ്റ്റാര്‍ട്ടപ്പുകള്‍ ഒക്കെയും വളരെ പ്രസിദ്ധമാകും. നമ്മുടെ ഭാരതീയ കളികളും പ്രാദേശികങ്ങളാണ്, പ്രാദേശികങ്ങള്‍ക്കുവേണ്ടി നമുക്ക് വാചാലരാകേണ്ടതുണ്ട് എന്നു നാം പ്രതിജ്ഞ ചെയ്തിരിക്കായാണ് എന്നതും ഓര്‍ക്കണം. എന്റെ ബാലസഖാക്കളായ മിത്രങ്ങളോടും, എല്ലാ വീടുകളിലെ കുട്ടികളോടും എന്റെ കൊച്ചു കൂട്ടുകാരോടും ഞാന്‍ ഇന്ന് ഒരു വിശേഷാല്‍ കാര്യം ആവശ്യപ്പെടുകയാണ്. കുട്ടികളേ, നിങ്ങള്‍ എന്റെ അഭ്യര്‍ഥന കേള്‍ക്കില്ലേ? നോക്കൂ, ഞാന്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കണമെന്നാണ് ഞാന്‍ പറയുന്നത്.  ഒരു കാര്യം ചെയ്യൂ... അല്പം സമയം കിട്ടുമ്പോള്‍, അച്ഛനമ്മമാരോട് ചോദിച്ചിട്ട് മൊബൈലെടുത്ത് അപ്പൂപ്പനോടും അമ്മൂമ്മയോടും മുത്തച്ഛനോടും മുത്തശ്ശിയോടും മറ്റു മുതിര്‍ന്നവരോടും ഒരു അഭിമുഖസംഭാഷണം നടത്തി അത് മൊബൈലില്‍ റെക്കോഡ് ചെയ്യൂ. നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാവില്ലേ, പത്രക്കാര്‍ എങ്ങനെയാണ് ഇന്റര്‍വ്യൂ നടത്തുന്നതെന്ന്... അതുപോലെ ഒരു ഇന്റര്‍വ്യൂ നടത്തൂ... അവരോട് എന്തു ചോദ്യങ്ങളാണ് നിങ്ങള്‍ ചോദിക്കുക? ഞാന്‍ പറയാം. കുട്ടിക്കാലത്ത് അവരുടെ ജീവിത രീതി എങ്ങനെയായിരുന്നു എന്നു ചോദിക്കൂ, അവര്‍ എന്തു കളികളാണ് കളിച്ചിരുന്നതെന്നു ചോദിക്കൂ, നാടകം കാണാന്‍ പോയിരുന്നോ, സിനിമ കാണാന്‍ പോയിരുന്നോ, അവധിക്കാലത്ത് അമ്മാവന്‍മാരുടെ വീട്ടില്‍ പോയിരുന്നോ, കൃഷിയിടങ്ങളിലും കളപ്പുരകളിലുമൊക്കെ പോയിരുന്നോ? ഉത്സവങ്ങള്‍ എങ്ങനെയാണ് ആഘോഷിച്ചിരുന്നത്? വളരെയേറെ കാര്യങ്ങള്‍ നിങ്ങള്‍ക്ക് അവരോടു ചോദിക്കാം. അവര്‍ക്കും 40-50 വര്‍ഷം 60 വര്‍ഷം മുമ്പത്തെ തങ്ങളുടെ ജീവിതത്തിലേക്കു പോകുന്നത് വളരെ സന്തോഷമേകും, അവരെ സംബന്ധിച്ചിടത്തോളം 40-50 വര്‍ഷങ്ങള്‍ മുമ്പിലത്തെ ഹിന്ദുസ്ഥാന്‍ എങ്ങനെയായിരുന്നു, നിങ്ങളിപ്പോള്‍ താമസിക്കുന്ന ഇടം എങ്ങനെയായിരുന്നു? അവിടെ ചുറ്റുപാടുകള്‍ എങ്ങനെയായിരുന്നു? അളുകളുടെ പെരുമാറ്റ രീതികള്‍ എങ്ങനെയായിരുന്നു - തുടങ്ങിയ എല്ലാ കാര്യങ്ങളും വളരെ നിഷ്പ്രയാസം നിങ്ങള്‍ക്ക് അറിയാനാകും. നിങ്ങള്‍ക്ക് വളരെ രസകരമായ അനുഭവമായിരിക്കും ഇത്, കുടുംബത്തെ സംബന്ധിച്ചിടത്തോളം വളരെ അമൂല്യമായ ഒരു സമ്പത്താകും ഇത്, ഒരു നല്ല വീഡിയോ ആല്‍ബം രൂപപ്പെടും.
സുഹൃത്തുക്കളേ, ആത്മകഥ, ജീവചരിത്രം, ഓട്ടോബയോഗ്രഫി, അല്ലെങ്കില്‍ ബയോഗ്രഫി ഇതൊക്കെ ചരിത്രത്തിന്റെ യാഥാര്‍ഥ്യത്തിന്റെ അടുത്തേക്കു പോകാന്‍ വളരെ ഉപയോഗപ്രദമായ മാധ്യമമായിരിക്കും എന്നത് സത്യമാണ്. നിങ്ങളുടെ മുതിര്‍ന്നവരോട് സംസാരിക്കുമ്പോള്‍ അവരുടെ കാലത്തെ കാര്യങ്ങള്‍, അവരുടെ കുട്ടിക്കാലം, അവരുടെ യുവത്വകാലത്തെ കാര്യങ്ങളെ വളരെ നിഷ്പ്രയാസം നിങ്ങള്‍ക്കു മനസ്സിലാക്കാനാകും.  മുതിര്‍ന്നവര്‍ക്കും തങ്ങളുടെ കുട്ടിക്കാലത്തെക്കുറിച്ച്, ആ കാലഘടത്തെക്കുറിച്ച്, തങ്ങളുടെ കുട്ടികളോട് പറയാനുള്ള ഒരു നല്ല അവസരമാണിത്.
സുഹൃത്തുക്കളേ, രാജ്യത്തിന്റെ ഒരു വലിയ ഭാഗത്ത്, ഇപ്പോള്‍ മണ്‍സൂണ്‍ എത്തിക്കഴിഞ്ഞു. ഇപ്രാവശ്യം മഴയുടെ കാര്യത്തില്‍ കാലാവസ്ഥാവിദഗ്ധര്‍ വലിയ ഉത്സാഹത്തിലാണ്, വലിയ പ്രതീക്ഷകളാണു പ്രകടിപ്പിക്കുന്നത്. നല്ല മഴയായിരുന്നാല്‍ നമ്മുടെ കര്‍ഷകരുടെ വിളകള്‍ നന്നായിരിക്കും, അന്തരീക്ഷവും ഹരിതാഭമാര്‍ന്നതായിരിക്കും. മഴക്കാലത്ത് പ്രകൃതി സ്വയം പുതുയുവത്വം നേടുന്നു. മനുഷ്യന്‍ പ്രകൃതിവിഭവങ്ങളെ എത്രത്തോളം ഊറ്റിയെടുക്കുന്നുവോ, പ്രകൃതി മഴക്കാലത്ത് ഒരു തരത്തില്‍  ആ നഷ്ടം പരിഹരിക്കുന്നു, റീ ഫില്ലിംഗ് ചെയ്യുന്നു. എന്നാല്‍ നമ്മളും ഇക്കാര്യത്തില്‍ ഭൂമാതാവിനൊപ്പം നിന്നാലേ, നമ്മുടെ ഉത്തരവാദിത്തം നിര്‍വ്വഹിച്ചാലേ, ഇത് സാധിക്കയുള്ളൂ. നാം നടത്തുന്ന ചെറിയ ശ്രമം, പ്രകൃതിയെ, പരിസ്ഥിതിയെ വളരെയധികം സഹായിക്കുന്നു. നമ്മുടെ ആളുകള്‍ പലരും ഇക്കാര്യത്തില്‍ തങ്ങളുടെ മഹത്തായ പങ്കു വഹിക്കുന്നുണ്ട്.
കര്‍ണ്ണാടകത്തിലെ മാലാവല്ലിയില്‍ 80-85 വയസ്സുള്ള ഒരു മുതിര്‍ന്ന ആളുണ്ട്, കാമേഗൗഡ. അദ്ദേഹം ഒരു സാധാരണ കര്‍ഷകനാണ്, എന്നാല്‍ അദ്ദേഹത്തിന്റെ വ്യക്തിത്വം അസാധാരണമാണ്. അദ്ദേഹം ആരെയും ആശ്ചര്യപ്പെടുത്തുന്ന ഒരു കാര്യം ചെയ്തിട്ടുണ്ട്. 80-85 വയസ്സുള്ള കാമേഗൗഡാജീ അദ്ദേഹത്തിന്റെ നാല്‍ക്കാലികളെ മേയ്ക്കുന്നുണ്ട്, എന്നാല്‍ അതോടൊപ്പം അദ്ദേഹം തന്റെ സ്ഥലത്ത് പുതിയ കുളങ്ങള്‍ കുഴിക്കയെന്ന കൃത്യവും ചെയ്യുന്നു. അദ്ദേഹം തന്റെ പ്രദേശത്ത് ജലക്ഷാമം പരിഹരിക്കാനാഗ്രഹിക്കുന്നു. അതുകൊണ്ട് ജലസംരക്ഷണം ലക്ഷ്യമിട്ട് ചെറിയ ചെറിയ കുളങ്ങള്‍ കുഴിക്കുന്നു. 80-85 വയസ്സുള്ള കാമേഗൗഡാ ജീ ഇതുവരെ 16 കുളങ്ങള്‍ കുഴിച്ചു കഴിഞ്ഞിരിക്കുന്നു, സ്വന്തം അധ്വാനം കൊണ്ട്, സ്വന്തം പരിശ്രമം കൊണ്ട്. അദ്ദേഹമുണ്ടാക്കിയ കുളങ്ങള്‍, വളരെ വലുതല്ലായിരിക്കാം, എന്നാല്‍ അദ്ദേഹത്തിന്റെ ഈ ശ്രമം വളരെ വലുതാണ്. ഇന്ന് ആ പ്രദേശത്തിനാകെ ഈ കുളങ്ങള്‍ കാരണം പുതിയ ജീവന്‍ ലഭ്യമായിരിക്കയാണ്.
സുഹൃത്തുക്കളേ, ഗുജറാത്തിലെ വഡോദരയിലെ ഒരു ഉദാഹരണവും വളരെ പ്രേരണയേകുന്നതാണ്. ഇവിടെ ജില്ലാ ഭരണകൂടവും പ്രാദേശിക ജനങ്ങളും ഒത്തുചേര്‍ന്ന് ആകര്‍ഷകമായ ഒരു മുന്നേറ്റം നടത്തി. ഇതുകാരണം ഇന്ന് വഡോദരയില്‍ ആയിരം സ്‌കൂളുകളില്‍നിന്ന് എല്ലാ വര്‍ഷവും ശരാശരി ഏകദശം 10 കോടി ലിറ്റര്‍ ജലം വെറുതെ ഒഴുകി പോകാതെ സംഭരിക്കപ്പെടുന്നു.
സുഹൃത്തുക്കളേ, ഈ മഴക്കാലത്ത് പ്രകൃതിയെ രക്ഷിക്കാനായി, പരിസ്ഥിതിയെ രക്ഷിക്കാനായി നമുക്കും ഇതുപോലെ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടക്കമിടേണ്ടതുണ്ട്. പലയിടത്തും ഗണേശചതുര്‍ഥിയുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ തുടങ്ങിയിട്ടുണ്ടാകുമെന്നപോലെ. ഇപ്രാവശ്യം എക്കോ ഫ്രണ്ഡ്‌ലി ഗേണേശ്ജിയുടെ പ്രതിമകളുണ്ടാക്കി അവയെ പൂജിച്ചുകൂടേ. നദികളിലും കുളങ്ങളിലും നിമഞ്ജനം ചെയ്തതിനുശേഷം  ജലത്തിനും ജലത്തിലെ ജീവജാലങ്ങള്‍ക്കും ദോഷമുണ്ടാക്കുന്നവയെ ഒഴിവാക്കിക്കൂടേ? നിങ്ങളങ്ങനെ ചെയ്യുമെന്ന് എനിക്ക് ഉറച്ച വിശ്വാസമുണ്ട്. ഈ കാര്യങ്ങള്‍ക്കെല്ലാമിടയില്‍ മഴക്കാലത്ത് പല രോഗങ്ങളും വന്നുപെടും എന്ന കാര്യത്തിലും നാം ശ്രദ്ധ വയ്‌ക്കേണ്ടതുണ്ട്. കൊറോണകാലത്ത് നമുക്ക് ഇത്തരം രോഗങ്ങളില്‍ നിന്നുകൂടെ ഒഴിവാകേണ്ടതുണ്ട്. ആയുര്‍വ്വേദ ഔഷധങ്ങള്‍, കഷായങ്ങള്‍, ചൂടുവെള്ളം, ഇവയൊക്കെ ഉപയോഗിക്കുക, ആരോഗ്യം കാക്കുക.
പ്രിയപ്പെട്ട ദേശവാസികളേ, ഇന്ന്, ജൂണ്‍ 28 ന് ഭാരതം ഒരു വിഷമപരിതഃസ്ഥിതിയില്‍ രാജ്യത്തിന് നേതൃത്വമേകിയ മുന്‍ പ്രധാനമന്ത്രിക്ക് ആദരാഞ്ജലി അര്‍പ്പിക്കയാണ്. നമ്മുടെ ഈ മുന്‍ പ്രധാനമന്ത്രി ശ്രീ.പി.വി.നരസിംഹറാവു ജിയുടെ ജന്‍മ ശതാബ്ദി വര്‍ഷം ഇന്നാരംഭിക്കയാണ്. നാം പി.വി.നരസിംഹറാവുജിയെക്കുറിച്ചു പറയുമ്പോള്‍, സ്വാഭാവികമായും രാഷ്ട്രീയനേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിച്ഛായ നമ്മുടെ മുന്നിലുണ്ടാകും, എന്നാല്‍ അദ്ദേഹത്തിന് പല ഭാഷകള്‍ അറിയാമായിരുന്നു എന്നതും ഓര്‍ക്കേണ്ടതുണ്ട്. ഭാരതീയവും വിദേശീയവുമായ ഭാഷകള്‍ അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹം ഭാരതീയ മൂല്യങ്ങളില്‍ അടിയുറച്ചു വിശ്വസിച്ചിരുന്ന ആളാണ്, മറുവശത്ത് അദ്ദേഹത്തിന് പാശ്ചാത്യ സാഹിത്യവും ശാസ്ത്രവും അറിയാമായിരുന്നു. അദ്ദേഹം ഭാരതത്തിലെ ഏറ്റവും അനുഭവസമ്പന്നനായ നേതാക്കളില്‍ ഒരാളായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതത്തിന് മറ്റൊരു വശം കൂടിയുണ്ട്, എടുത്തുപറയേണ്ട ആ വശം കൂടി നാം അറിയേണ്ടതുണ്ട്. സുഹൃത്തുക്കളേ നരസിംഹറാവു ജി തന്റെ കുട്ടിക്കാലത്തുതന്നെ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിരുന്നു. ഹൈദരാബാദിലെ നൈസാം വന്ദേമാതരം പാടുന്നതിന് അനുവാദം നല്കാതിരുന്നപ്പോള്‍ അതിനെതിരെ നടന്ന സമരത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു; അപ്പോള്‍ അദ്ദേഹത്തിന് 17 വയസ്സായിരുന്നു പ്രായം. ചെറു പ്രായത്തില്‍ത്തന്നെ ശ്രീ.നരസിംഹറാവു അനീതിക്കെതിരെ ശബ്ദമുയര്‍ത്തുവാന്‍ മുന്നിട്ടിറങ്ങിയിരുന്നു. തന്റെ ശബ്ദം ഉയര്‍ത്തിക്കേള്‍പ്പിക്കുന്നതില്‍ അദ്ദേഹം ഒരു അവസരവും ഒഴിവാക്കിയില്ല. അദ്ദേഹത്തിന് നല്ല ചരിത്രജ്ഞാനവുമുണ്ടായിരുന്നു. വളരെ സാധാരണമായ പശ്ചാത്തലത്തില്‍ നിന്നു വളര്‍ന്നാണ് അദ്ദേഹം മുന്നേറിയത്. വിദ്യാഭ്യാസത്തിന് കൊടുത്ത പ്രാധാന്യവും, പഠനത്തിലുള്ള താത്പര്യവും, ഇതിനെല്ലാമൊപ്പം അദ്ദേഹത്തിന്റെ നേതൃത്വമികവും എല്ലാം ഓര്‍ക്കേണ്ടതാണ്. നരസിംഹറാവുവിന്റെ ജന്‍മശതാബ്ദി വര്‍ഷത്തില്‍ നിങ്ങളേവരും അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും ചിന്താഗതികളെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ശ്രമിക്കണം എന്നാണ് എന്റെ അഭ്യര്‍ഥന. ഞാന്‍ ഒരിക്കല്‍കൂടി അദ്ദേഹത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു.
പ്രിയപ്പെട്ട ജനങ്ങളേ, ഇപ്രാവശ്യം മന്‍ കീ ബാത് ല്‍ പല വിഷയങ്ങളെക്കുറിച്ചും സംസാരിച്ചു. അടുത്ത പ്രാവശ്യം ഒത്തുകൂടുമ്പോള്‍ കൂടുതല്‍ പുതിയ വിഷയങ്ങളെക്കുറിച്ചു സംസാരിക്കാം. നിങ്ങള്‍ നിങ്ങളുടെ സന്ദേശങ്ങളും, പുതുമനിറഞ്ഞ ആശയങ്ങളും തീര്‍ച്ചയായും എനിക്കയച്ചുകൊണ്ടിരിക്കൂ. നമുക്ക് ഒരുമിച്ച് മുന്നേറാം, വരും ദിനങ്ങള്‍ കൂടുതല്‍ സകാരാത്മകമായിരിക്കും... ഞാന്‍ തുടക്കത്തില്‍ പറഞ്ഞതുപോലെ നാം ഈ വര്‍ഷംതന്നെ അതായത് 2020 ല്‍ത്തന്നെ കൂടുതല്‍ മികച്ചകാര്യങ്ങള്‍ ചെയ്യും, മുന്നേറും, രാജ്യം പുതിയ ഉന്നതികള്‍ കീഴടക്കും. 2020 ഭാരതത്തിന് ഈ ദശകത്തില്‍ ഒരു പുതിയ ദിശനല്കുന്നതാണെന്ന് തെളിയിക്കപ്പെടും എന്നെനിക്ക് വിശ്വാസമുണ്ട്. ഈ വിശ്വാസവുമായി നിങ്ങളും മുന്നേറൂ, ആരോഗ്യത്തോടെ ഇരിക്കൂ, സകാരാത്മകമായ ചിന്താഗതി പുലര്‍ത്തൂ. ഈ ശുഭാശംസകളോടെ നിങ്ങള്‍ക്കേവര്‍ക്കും വളരെ വളരെ നന്ദി അര്‍പ്പിക്കുന്നു.
***


(Release ID: 1634931) Visitor Counter : 306