പ്രധാനമന്ത്രിയുടെ ഓഫീസ്‌

റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാർഷികാഘോഷച്ചടങ്ങിനെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു.  

കൊറോണ യോദ്ധാക്കളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ട ഇന്ത്യ കോവിഡ് -19 നെ ശക്തമായി നേരിടുകയാണെന്ന് പ്രധാനമന്ത്രി

ആത്മ നിർഭർ ഭാരത് ഓരോ ഇന്ത്യക്കാരനും സാമ്പത്തിക ശക്തിയും സമൃദ്ധിയും ഉറപ്പാക്കുന്നു: പ്രധാനമന്ത്രി

‘പ്രാദേശികമായി ഉൽപ്പാദിപ്പിക്കുക, പ്രാദേശിക ഉൽപ്പന്നങ്ങൾ വാങ്ങുക’ എന്ന ആഹ്വാനം നിരവധി വീടുകളിൽ സമൃദ്ധിയുടെ വിളക്ക് കത്തിക്കും: പ്രധാനമന്ത്രി

Posted On: 27 JUN 2020 12:50PM by PIB Thiruvananthpuram


റവ. ഡോ. ജോസഫ് മാർത്തോമാ മെത്രാപ്പൊലീത്തയുടെ 90-ാം ജന്മവാർഷികത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. മെത്രാപ്പൊലീത്തയ്ക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ദീർഘായുസ്സും ആരോഗ്യവും നേരുകയും ചെയ്തു.
ഡോ. ജോസഫ് മാർത്തോമ മെത്രാപ്പൊലീത്ത നമ്മുടെ സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മയ്ക്കായി തന്റെ ജീവിതം സമർപ്പിച്ചുവെന്ന്  വീഡിയോ കോൺഫറൻസ് വഴി ചടങ്ങ് ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി
പറഞ്ഞു.   "സ്ത്രീ ശാക്തീകരണത്തിലും ദാരിദ്ര്യം നീക്കം ചെയ്യുന്നതിലും ജോസഫ് മാർത്തോമ മെത്രാപ്പൊലീത്തയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്.  കർത്താവായ ക്രിസ്തുവിന്റെ അപ്പോസ്തലനായ വിശുദ്ധ തോമസിന്റെ ഉത്തമമായ ആശയങ്ങളുമായി മാർ തോമ സഭ ബന്ധപ്പെട്ടിരിക്കുന്നു. ”

പല സ്രോതസ്സുകളിൽ നിന്നുമുള്ള ആത്മീയ സ്വാധീനത്തിനായി ഇന്ത്യ എല്ലായ്പ്പോഴും തുറന്നിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.  “വിനയം ഒരു പുണ്യമാണ്, സൽപ്രവൃത്തികൾ എല്ലായ്പ്പോഴും ഫലപ്രദമാണ്” എന്ന മെത്രാപ്പൊലീത്തയുടെ വാക്കുകൾ അദ്ദേഹം ഉദ്ധരിച്ചു.  ഈ വിനയ മനോഭാവത്തോടെയാണ് നമ്മുടെ സഹ ഇന്ത്യക്കാരുടെ ജീവിതത്തിൽ, പ്രത്യേകിച്ച് ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ നല്ല മാറ്റമുണ്ടാക്കാൻ മാർത്തോമ ചർച്ച് പ്രവർത്തിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിൽ മാർത്തോമാ സഭ പ്രധാന പങ്ക് വഹിച്ചു. ദേശീയ സമന്വയത്തിനായി പ്രവർത്തിക്കുന്നതിൽ സഭ മുൻപന്തിയിലാണെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്-19 എന്നത് ആളുകളുടെ ജീവിതത്തിന് ഭീഷണിയായ ഒരു ശാരീരിക രോഗമാണെന്ന് മാത്രമല്ല, അനാരോഗ്യകരമായ ജീവിതരീതികളിലേക്ക് അത് നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.  കൊറോണ യോദ്ധാക്കൾ നൽകുന്ന ഊർജ്ജത്തിൽ ഇന്ത്യ, കോവിഡ് -19 നെ ശക്തമായി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗൺ കാലത്ത് സർക്കാർ സ്വീകരിച്ച നിരവധി സംരംഭങ്ങൾ, ജനങ്ങൾ നയിക്കുന്ന പോരാട്ടം എന്നിവ കാരണം മറ്റ് പല രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ മികച്ച സ്ഥാനത്താണ്, ഇന്ത്യയുടെ അതിജീവന നിരക്ക് ഉയരുകയാണ്. കോവിഡ്  മരണനിരക്ക് രാജ്യത്ത് ദശലക്ഷത്തിന് 12 മാത്രമാണ്; ഇറ്റലിയിൽ ഇത് ദശലക്ഷത്തിന് 574 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട ഹ്രസ്വകാല, ദീർഘകാല പ്രശ്‌നങ്ങൾ ഏതാനും ആഴ്ചകളായി  പരിഹരിച്ചതായി  പറഞ്ഞു മന്ത്രി.  കടൽ മുതൽ ബഹിരാകാശം, കൃഷിസ്ഥലങ്ങൾ മുതൽ ഫാക്ടറികൾ വരെയുള്ള മേഖലകളിൽ ജനങ്ങൾക്ക് അനുകൂലവും വളർച്ചാ സൗഹൃദവുമായ തീരുമാനങ്ങൾ എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  ആത്മനിർഭർ ഭാരത് എന്ന സ്വാശ്രിത  ഇന്ത്യയിലേക്കുള്ള ആഹ്വാനം ഓരോ ഇന്ത്യക്കാരനും സാമ്പത്തിക ശക്തിയും സമൃദ്ധിയും ഉറപ്പാക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രരകടിപ്പിച്ചു.

ഇരുപതിനായിരം കോടി രൂപയുടെ  പ്രധാൻ മന്ത്രി മൽസ്യ സമ്പദ് യോജന പദ്ധതി മത്സ്യബന്ധന മേഖലയെ പരിവർത്തനം ചെയ്യാനും കയറ്റുമതി വരുമാനം വർദ്ധിപ്പിക്കാനും അമ്പത്തിയഞ്ച് ലക്ഷത്തിലധികം ആളുകൾക്ക് കൂടുതൽ തൊഴിൽ നൽകാനും പോകുന്നു.

ബഹിരാകാശ മേഖലയിൽ നടത്തിയ ചരിത്രപരമായ പരിഷ്കാരങ്ങൾ ബഹിരാകാശ ആസ്തികളുടെയും പ്രവർത്തനങ്ങളുടെയും കൂടുതൽ ഉപയോഗം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും അതീവ താല്പര്യം കാണിക്കുന്ന നിരവധി യുവാക്കൾ കേരളത്തിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യയിലും ഈ പരിഷ്കാരങ്ങളിൽ നിന്ന് നേട്ടമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയെ ഒരു വളർച്ചാ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള സംവേദനക്ഷമതയും ദീർഘകാല ദർശനവുമാണ് സർക്കാരിനെ നയിക്കുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു.  ഓരോ ഇന്ത്യക്കാരനും ബാങ്ക് അക്കൗണ്ട് പ്രാപ്യമായി എന്നും 8 കോടിയിലധികം കുടുംബങ്ങൾക്ക് പുകയില്ലാത്ത അടുക്കളകൾ ലഭ്യമാണെന്നും 1.5 കോടിയിലധികം വീടുകൾ ഭവനരഹിതർക്ക് നൽകിയിട്ടുണ്ടെന്നും ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ പദ്ധതിയായ ആയുഷ്മാൻ ഭാരത് ഇന്ത്യയിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി .

ദരിദ്രരെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രം-ഒരു റേഷൻ കാർഡ് പദ്ധതി കൊണ്ടുവരുന്നത് അവർ എവിടെയായിരുന്നാലും അവർക്ക് അവരുടെ റേഷൻ ലഭിക്കുന്നതിന് സഹായിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.  മധ്യവർഗത്തെ സംബന്ധിച്ചിടത്തോളം അനായാസ ജീവിതത്തിന് ഉതകുന്ന നിരവധി സംരംഭങ്ങൾ കൊണ്ടുവന്നു.  കൃഷിക്കാർക്ക്  എം‌എസ്‌പി ( താങ്ങുവില ) വർദ്ധിപ്പിക്കുകയും ശരിയായ വില ലഭിക്കുമെന്ന് ഉറപ്പാക്കുകയും ചെയ്തു.  സ്ത്രീകളെ സംബന്ധിച്ചിടത്തോളം, വിവിധ സ്കീമുകളിലൂടെ അവരുടെ ആരോഗ്യം ശരിയായ ശ്രദ്ധ നേടുന്നുവെന്നും പ്രസവാവധി വിപുലീകരിക്കുന്നതിലൂടെ അവരുടെ തൊഴിൽ നഷ്ടപ്പെടുന്നില്ലെന്നും ഉറപ്പാക്കുന്നു.

വിശ്വാസം, ലിംഗം, ജാതി, മതം, ഭാഷ എന്നീ വിവേചനങ്ങൾ കേന്ദ്ര ഗവൺമെൻ്റ് കാണിക്കുന്നില്ല. 130 കോടി ഇന്ത്യക്കാരെ ശാക്തീകരിക്കാനുള്ള ആഗ്രഹമാണ് ഗവൺമെൻ്റിനെ നയിക്കുന്നത്. ഇന്ത്യൻ ഭരണഘടനയാണ് നമ്മുടെ  നമ്മുടെ മാർഗനിർദേശ വെളിച്ചം.  പ്രധാനമന്ത്രി പറഞ്ഞു.

പശ്ചാത്തലം:

കേരളത്തിലെ പുരാതന, തദ്ദേശീയ സഭകളിലൊന്നാണ് മാർത്തോമാ സഭ
എന്നും അറിയപ്പെടുന്ന മലങ്കര മാർതോമ സിറിയൻ സഭ.  യേശുക്രിസ്തുവിന്റെ ശിഷ്യനായ വിശുദ്ധ തോമസ് എ.ഡി 52-ൽ ഇന്ത്യയിലെത്തി സഭ സ്ഥാപിച്ചുവെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. 21-ാമത് മലങ്കര മെത്രാപ്പൊലീത്ത റവ. ഡോ. ജോസഫ് മാർത്തോമയാണ് ഇപ്പോൾ സഭയുടെ തലവൻ.  ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്തും അതിനുശേഷം അടിയന്തിര കാലഘട്ടത്തിലും മാർത്തോമ സഭ മൂല്യങ്ങളും ദേശീയതയുടെ മനോഭാവവും ഉയർത്തിപ്പിടിച്ചു.  മാനവികതയെ സേവിക്കാൻ സഭ പ്രതിജ്ഞാബദ്ധമാണ്. വിവിധ സാമൂഹ്യക്ഷേമ സ്ഥാപനങ്ങൾ, നിരാലംബർക്കു വീടുകൾ, ആശുപത്രികൾ, കോളേജുകൾ, സ്കൂളുകൾ, സാങ്കേതിക സ്ഥാപനങ്ങൾ എന്നിവ സഭ നടത്തുന്നു.  ഭൂകമ്പം, വെള്ളപ്പൊക്കം, സുനാമി തുടങ്ങിയ പ്രതിസന്ധികളുടെ കാലഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങളിൽ സഭ പങ്കെടുത്തിട്ടുണ്ട്.

****
 



(Release ID: 1634740) Visitor Counter : 312