പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആത്മ നിര്‍ഭര്‍ ഉത്തര്‍ പ്രദേശ് റോസ്ഗാര്‍ അഭിയാന്‍' പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 26 JUN 2020 2:24PM by PIB Thiruvananthpuram



ന്യൂഡല്‍ഹി, 26 ജൂണ്‍ 2020


'ആത്മ നിര്‍ഭര്‍ ഉത്തര്‍ പ്രദേശ് റോസ്ഗാര്‍ അഭിയാന്‍' പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക എന്നതിനൊപ്പം പ്രാദേശിക സംരംഭകത്വവും പ്രോത്സാഹിപ്പിക്കുന്നതാണ് ഈ പദ്ധതി.

കോവിഡ് -19 മഹാമാരിയാലുണ്ടായ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ എല്ലാവര്‍ക്കും കഴിയുമെന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പറഞ്ഞു. മരുന്നു കണ്ടെത്തുന്നതുവരെ, 'ആറടി അകലം' പാലിക്കുക, മുഖാവരണങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് മികച്ച മുന്‍കരുതലുകള്‍ എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ദുരന്തത്തെ ഒരു അവസരമാക്കി ഉത്തര്‍പ്രദേശ് മാറ്റിയതിലും ഈ മഹാമാരിയുടെ കാലത്ത് ജനങ്ങളുടെ ഇടപെടലിലും പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു. 'ആത്മനിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗാര്‍ അഭിയാനി'ല്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് മറ്റ് സംസ്ഥാനങ്ങള്‍ക്കും ധാരാളം കാര്യങ്ങള്‍ പഠിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ ലോകത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും ഉത്തര്‍ പ്രദേശ് കാണിച്ച ധൈര്യത്തെയും വിവേകത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു. സംസ്ഥാനം ഫലപ്രാപ്തിയിലെത്തിയതും സാഹചര്യം കൈകാര്യം ചെയ്ത രീതിയും മുമ്പെങ്ങുമില്ലാത്തവിധമാണെന്നും പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടര്‍മാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍, ശുചിത്വ തൊഴിലാളികള്‍, പൊലീസ്, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ബാങ്കുകളും പോസ്റ്റോഫീസുകളും, ഗതാഗത സേവനങ്ങള്‍, യുപിയിലെ തൊഴിലാളികള്‍ എന്നിവരുടെ സംഭാവനകളെ പ്രധാനമന്ത്രി പ്രശംസിച്ചു.

നൂറുകണക്കിന് ശ്രമിക് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് സൗകര്യമൊരുക്കി കുടിയേറ്റത്തൊഴിലാളികളെ തിരിച്ചുകൊണ്ടുവരാന്‍ ഉത്തര്‍ പ്രദേശ് നടത്തുന്ന ശ്രമങ്ങളെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.

കഴിഞ്ഞ ഏതാനും ആഴ്ചകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 30 ലക്ഷത്തിലധികം കുടിയേറ്റത്തൊഴിലാളികള്‍ യുപിയിലെ അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

യുപി മുഖ്യമന്ത്രി ഈ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടുണ്ടെന്നും യുദ്ധസമാനമായ ഈ സാഹചര്യം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ ഗവണ്‍മെന്റ് പ്രവര്‍ത്തിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

പാവപ്പെട്ടവര്‍ പട്ടിണി കിടക്കാതിരിക്കാന്‍ മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ യുപി ഗവണ്‍മെന്റ് സ്വീകരിച്ച നടപടികളെ പ്രധാനമന്ത്രി പ്രശംസിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം പാവപ്പെട്ടവര്‍ക്കും കുടിയേറ്റത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ നല്‍കുന്നതില്‍ യുപി ഗവണ്‍മെന്റ് ദ്രുതഗതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും സൗജന്യ റേഷന്‍ നല്‍കി. ഇതിനുപുറമെ ഉത്തര്‍പ്രദേശിലെ പാവപ്പെട്ട 75 ലക്ഷം സ്ത്രീകളുടെ ജന്‍ ധന്‍ അക്കൗണ്ടിലേക്ക് നേരിട്ട് 5000 കോടി രൂപ കൈമാറിയതായും അദ്ദേഹം പറഞ്ഞു.

ഇന്ത്യയെ സ്വാശ്രയ പാതയിലേക്ക് ദ്രുതഗതിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍, ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ എന്നിവയ്ക്കായി ഉത്തര്‍ പ്രദേശ് മുന്നിട്ടിറങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ കീഴില്‍ തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഗ്രാമങ്ങളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇതില്‍ 60 ലക്ഷത്തോളം പേര്‍ക്ക് ഗ്രാമവികസന പദ്ധതികള്‍ പ്രകാരം സൂക്ഷ്മ, ഇടത്തരം ചെറുകിട സംരംഭങ്ങളില്‍ തൊഴില്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനുപുറമെ ആയിരക്കണക്കിന് ആളുകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനായി മുദ്ര യോജന പ്രകാരം 10,000 കോടി രൂപ അനുവദിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ആത്മനിര്‍ഭര്‍ റോസ്ഗര്‍ അഭിയാന്റെ കീഴില്‍ രാജ്യത്തുടനീളം പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായസമൂഹങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ യുപിക്ക് ഇക്കാര്യം വളരെയധികം ഗുണം ചെയ്യുമെന്ന് ശ്രീ. മോദി പറഞ്ഞു.

കാര്‍ഷികമേഖലയില്‍ അടുത്തിടെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങള്‍ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. വിവിധ കടമ്പകളില്‍ നിന്ന് നിയമാനുസൃതം കര്‍ഷകര്‍ക്കു മോചനം നല്‍കി. ഇപ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എവിടെയും വില്‍ക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും വിളവിറക്കുമ്പോള്‍തന്നെ വില നിശ്ചയിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കന്നുകാലികള്‍ക്കായി നിരവധി പുതിയ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കന്നുകാലി, ക്ഷീര മേഖലയ്ക്കായി 15,000 കോടി രൂപയുടെ പ്രത്യേക അടിസ്ഥാനസൗകര്യനിധി രൂപീകരിച്ചു.

ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് പ്രോത്സാഹിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്ന കുശിനഗര്‍ വിമാനത്താവളത്തെ അന്താരാഷ്ട്ര വിമാനത്താവളമായി പ്രഖ്യാപിക്കുന്ന കാര്യത്തെക്കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. ഇത് പൂര്‍വാഞ്ചലിലേയ്ക്കുള്ള വ്യോമഗതാഗതത്തിന് കരുത്തു പകരും. മഹാത്മാ ബുദ്ധന്റെ ഇന്ത്യയിലും വിദേശത്തുമുള്ള കോടിക്കണക്കിന് വിശ്വാസികള്‍ക്ക് യുപിയില്‍ എളുപ്പത്തില്‍ എത്തിച്ചേരാനും കഴിയും.

മൂന്ന് വര്‍ഷത്തിനുള്ളില്‍ പാവപ്പെട്ടവര്‍ക്കായി യുപിയില്‍ 30 ലക്ഷത്തിലധികം 'പക്കാ' വീടുകള്‍ നിര്‍മിച്ചു. വെളിമ്പ്രദേശങ്ങളിലെ മലമൂത്രവിസര്‍ജ്ജനത്തില്‍ നിന്ന് സംസ്ഥാനം മുക്തമാണെന്നും യുപി ഗവണ്‍മെന്റ് 3 ലക്ഷം യുവാക്കള്‍ക്ക് സുതാര്യമായ ഇടപെടലിലൂടെ ഗവണ്‍മെന്റ് ജോലികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികളെക്കുറിച്ചും പൂര്‍വാഞ്ചല്‍ മേഖലയിലെ എന്‍സെഫലൈറ്റിസ് രോഗികളുടെ എണ്ണം കഴിഞ്ഞ 3 വര്‍ഷത്തിനിടെ 90 ശതമാനം കുറഞ്ഞതിനെക്കുറിച്ചും ശ്രീ. മോദി പരാമര്‍ശിച്ചു.

അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, വെള്ളം, റോഡുകള്‍ എന്നിവയിലുണ്ടായ അഭൂതപൂര്‍വമായ പുരോഗതിയെക്കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു.

ഗോണ്ടയിലെ സ്വയംസഹായസംഘത്തിന് നേതൃത്വം നല്‍കുന്ന ശ്രീമതി വിനിത പാല്‍, ബഹ്‌റൈച്ച് ജില്ലയില്‍ നിന്നുള്ള പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താവ് ശ്രീ. തിലക് റാം, സന്ത് കബീര്‍ നഗര്‍ ജില്ലയിലെ സംരംഭകന്‍ ശ്രീ. അമരേന്ദ്ര കുമാര്‍ തുടങ്ങി വിവിധ പദ്ധതികളുടെ ഗുണഭോക്താക്കളുമായും പ്രധാന സംരംഭകരുമായും അവരുടെ അനുഭവങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ആശയവിനിമയം നടത്തി. മുംബൈയില്‍ നിന്ന് മടങ്ങിയെത്തിയ ശ്രീ. കുര്‍ബാന്‍ അലി, ഗോരഖ്പൂരിലെ ശ്രീ. നാഗേന്ദ്ര സിംഗ്, ജലൗന്‍ ജില്ലയിലെ ശ്രീ. ദീപു തുടങ്ങി വിവിധ കുടിയേറ്റത്തൊഴിലാളികളുമായും അദ്ദേഹം സംവദിച്ചു.



(Release ID: 1634535) Visitor Counter : 277