സൂക്ഷ്മ, ചെറുകിട, ഇടത്തരം മന്ത്രാലയം

നിര്‍മാണ മേഖലയുടെ പുരോഗതിക്ക് അറിവിനെ സമ്പത്താക്കി മാറ്റണം - ശ്രീ നിതിന്‍ ഗഡ്ഗരി 

Posted On: 26 JUN 2020 12:37PM by PIB Thiruvananthpuram

 

രാജ്യത്തെ എഞ്ചിനീയറിംഗ് എക്‌സ്‌പോര്‍ട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ പ്രതിനിധികളുമായി കേന്ദ്ര റോഡ് ഗതാഗത, സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ വകുപ്പ് മന്ത്രി, ശ്രീ നിതിന്‍ ഗഡ്കരി ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. 

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ (MSME) പ്രാധാന്യം എടുത്തു പറഞ്ഞ അദ്ദേഹം, ഇന്ത്യയുടെ ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി, തൊഴില്‍ സൃഷ്ടിക്കല്‍ എന്നീ മേഖലകളില്‍ ഈ സംരംഭങ്ങളുടെ സംഭാവനയെ അഭിനന്ദിച്ചു. നിലവില്‍ രാജ്യത്തിന്റെ കയറ്റുമതി മേഖലയില്‍ 48% വും സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സംഭാവനയാണ്. നൂതന സാങ്കേതിക വിദ്യയിലൂടെയും ഉല്‍പ്പന്ന വികസനങ്ങളിലൂടെയും ഇനിയും അത് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരക്കുനീക്കം, ഗതാഗതം, കൂലിച്ചെലവ് എന്നിവയില്‍ ഉണ്ടായകുറവ് രാജ്യത്തിന്റെ നിര്‍മാണ വ്യവസായ മേഖലയുടെ വികസനത്തിന് സഹായിക്കുമെന്ന് ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്തെ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിന്, പാക്കേജിങ്, ഏകീകൃത മാനദണ്ഡ സൗകര്യം എന്നീ മേഖലകളും വികസിപ്പിക്കണം. 

ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഓഹരി വഴി സഹായം നല്‍കുന്നതിന് എം.എസ്.എം.ഇ. മന്ത്രാലയം ഫണ്ട് ഓഫ് ഫണ്ട് സംവിധാനം രൂപീകരിച്ചിട്ടുണ്ട്. ഉയര്‍ന്ന ലാഭം, ജി.എസ്.ടി. റിട്ടേണ്‍ റെക്കോര്‍ഡ്, ആദായ നികുതി റെക്കോര്‍ഡ് എന്നിവയുള്ള സംരംഭങ്ങളെ പുനര്‍മൂല്യ നിര്‍ണയം ചെയ്ത്, അവര്‍ക്ക് റേറ്റിങ് നല്‍കും. കൂടാതെ ഗവണ്‍മെന്റ് 15% ഓഹരിയും നല്‍കും. ഇത് ഓഹരി വിപണികളില്‍ നിന്നും പണം സ്വരൂപിക്കാനും, നിര്‍ദ്ദിഷ്ട എം.എസ്.എം.ഇ. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇടം പിടിക്കാനും വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കാനും സംരംഭങ്ങളെ സഹായിക്കും.

വ്യവസായ സ്ഥാപനങ്ങള്‍, 2-3% വരെ വാര്‍ഷിക ലാഭം ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കണമെന്നും, അറിവിനെ ധനമാക്കി മാറ്റേണ്ടത് വ്യവസായ വികസനത്തിന് അത്യന്താപേക്ഷിതമാണെന്നും ശ്രീ‍ ഗഡ്ഗരി അഭിപ്രായപ്പെട്ടു. എഞ്ചിനീയറിംഗ് എക്‌പോര്‍ട്ട്‌സ് പ്രൊമോഷന്‍ കൗണ്‍സില്‍ പ്രതിനിധികളോട്, അവരുടെ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും ഗവണ്‍മെന്റ് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

***



(Release ID: 1634512) Visitor Counter : 178