തൊഴില്‍, ഉദ്യോഗ മന്ത്രാലയം
കഴിഞ്ഞ രണ്ടു സാമ്പത്തിക വര്ഷങ്ങൾക്കൊണ്ട് ഇപിഎഫ്ഒയ്ക്ക് ലഭിച്ചത് 1.39 കോടി അംഗങ്ങൾ
Posted On:
22 JUN 2020 4:13PM by PIB Thiruvananthpuram
ഇപിഎഫ്ഒ അടുത്തിടെ പ്രസിദ്ധീകരിച്ച പേയ്‌റോൾ വിവരങ്ങൾ അനുസരിച്ച്, പ്രോവിഡന്റ് നിധി ഗുണഭോക്താക്കളുടെ എണ്ണത്തിൽ മുൻവര്ഷങ്ങളേക്കാൾ വലിയതോതിലുള്ള പുരോഗതിയാണ് ഉണ്ടായിരിക്കുന്നത്. 2018-19, 2019-20സാമ്പത്തികവർഷങ്ങളിലെ ഏകീകൃത വാർഷിക കണക്കുകളാണ് ഈ വിവരങ്ങളിൽ ഉൾപ്പെടുന്നത്. ഇപിഎഫ് ഗുണഭോക്താക്കളുടെ എണ്ണത്തിൽ 28% വർദ്ധനയാണ്ഉണ്ടായിരിക്കുന്നത്. 2018-19 കാലയളവിൽ 61.12 ലക്ഷം അംഗങ്ങൾ നിധിയിൽ ചേർന്നപ്പോൾ, 2019-20 കാലയളവിൽ അത് 78.58 ലക്ഷമായി വർധിച്ചിട്ടുണ്ട്.
നിധിയിൽ നിന്നുള്ള കുറഞ്ഞ കൊഴിഞ്ഞുപോക്കും, പഴയ അംഗങ്ങളുടെ തിരിച്ചുവരവും ഗുണഭോക്താക്കളുടെ എണ്ണം കൂടാൻ സഹായകമായിട്ടുണ്ട്. അംഗങ്ങളുടെ കൊഴിഞ്ഞുപോക്കിൽ കഴിഞ്ഞവർഷത്തെ അപേക്ഷിച്ചു 10 ശതമാനം കുറവാണ് 2019-20 കാലയളവിൽ ഉണ്ടായത്.
നിധിയിൽ നിന്ന് ലഭിക്കുന്ന 8.5% പലിശയ്ക്ക് നികുതി അടയ്‌ക്കേണ്ടതില്ല എന്ന ആകര്ഷണീയതയാണ് അംഗങ്ങളുടെ കൊഴിഞ്ഞുപോകൽ തടയാൻ സഹായകമായത്. മറ്റു സാമൂഹിക സുരക്ഷാ സംവിധാനങ്ങളും, സ്ഥിരനിക്ഷേപങ്ങളും നൽകുന്ന പലിശയേക്കാൾ കൂടുതലാണ് ഇപിഎഫ്ഒ നൽകുന്നതും.
മാത്രമല്ല, നിധിയിൽ നിന്നും പിരിഞ്ഞുപോയ അംഗങ്ങളുടെ തിരിച്ചുവരവിലും 75% ത്തിന്റെ ഉയർന്ന വർധനയാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിലുള്ള 78.15 ലക്ഷം പേരാണ് 2019-20 കാലയളവിൽ നിധിയിലേക്ക് തിരിച്ചെത്തിയത്. 2018-19ൽ ഇത് 43.78 ലക്ഷമായിരുന്നു. ജോലി മാറുന്നവർക്ക്, തങ്ങളുടെ പഴയ അക്കൗണ്ടിലെ പിഎഫ് മിച്ചതുക പുതിയ അക്കൗണ്ടിലേക്ക് തടസ്സരഹിതമായി മാറ്റാനുള്ള 'ഓട്ടോ ട്രാൻസ്ഫർ ' സൗകര്യം, അംഗങ്ങളുടെ എണ്ണം നിലനിർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കോവിഡ് പോരാട്ടത്തിനായി അംഗങ്ങൾ ആവശ്യപ്പെടുന്ന തുക, 3 ദിവസത്തിനുള്ളിൽ തന്നെ ഇപിഎഫ്ഒ നൽകുന്നുണ്ട്. ഇതോടെ, പ്രതിസന്ധിഘട്ടങ്ങളിൽ ഗുണഭോക്താക്കൾക്കുള്ള ആവശ്യങ്ങൾ സമയബന്ധിതമായി പരിഹരിക്കാൻ സഹായിക്കുന്ന 'ലിക്വിഡ് ' ആസ്തികളുടെ വിഭാഗത്തിലാണ് പിഎഫ് നിക്ഷേപങ്ങളെയും കാണുന്നത്. ഇതുപോലെ തന്നെ തൊഴിലില്ലായ്മ, വിവാഹചിലവുകൾ, ഉന്നതവിദ്യാഭ്യാസം, ഭവനനിര്‍മ്മാണം, ചികിത്സാചിലവുകൾ എന്നിവയ്ക്കും പിഎഫില്‍ നിന്നും തുക പിൻവലിക്കാവുന്നതാണ്.
കൂടാതെ, പ്രോവിഡന്റ് നിധിയ്ക്ക് കീഴിൽ അംഗത്വം എടുക്കുന്ന വനിതാ ഗുണഭോക്താക്കളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 22% ന്റെ വർധനയാണ് 2019-20ൽ ഉണ്ടായിരിക്കുന്നത്. രാജ്യത്തെ സ്ത്രീതൊഴിലാളികളുടെ എണ്ണം വർധിക്കുന്നതിന്റെ സൂചനയാണിത്.
***
(Release ID: 1633374)
Visitor Counter : 202
Read this release in:
Tamil
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Odia
,
Telugu