നിതി ആയോഗ്
ഡീകാര്‍ബണൈസിങ് ട്രാന്‍സ്‌പോര്‍ട്ട്: രാജ്യത്ത് കാര്‍ബണ്‍ നിർഗമനം കുറഞ്ഞ ഗതാഗതത്തിനു വഴിയൊരുക്കാനായുള്ള അന്താരാഷ്ട്ര പദ്ധതിക്കു ബുധനാഴ്ച തുടക്കം
Posted On:
22 JUN 2020 12:50PM by PIB Thiruvananthpuram
രാജ്യത്ത് കാര്‍ബണ്‍ നിർഗമനം കുറഞ്ഞ ഗതാഗതം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 'ഡീകാര്‍ബണൈസിങ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ ഇന്ത്യ' പദ്ധതിക്ക് ബുധനാഴ്ച (ജൂണ്‍ 24) തുടക്കമാകും. അന്താരാഷ്ട്ര ഗതാഗത ഫോറത്തിന്റെ (ഐ.ടി.എഫ്) സഹകരണത്തോടെ നിതി ആയോഗാണ് പദ്ധതി നടപ്പാക്കുന്നത്.
ഐ.ടി.എഫ് സെക്രട്ടറി ജനറല്‍ യങ് തായ് കിമ്മും നിതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്തും പദ്ധതി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യും. ഭവന-നഗരകാര്യ മന്ത്രാലയം, റോഡ്-ഗതാഗത- ദേശീയ പാതാ മന്ത്രാലയം, ഐ.ടി.എഫ്. എന്നിവിടങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുക്കും. അന്താരാഷ്ട്ര ഗതാഗത നയങ്ങള്‍ക്കായുള്ള ഐ.ടി.എഫില്‍ ഇന്ത്യ 2008 മുതല്‍ അംഗമാണ്.
രാജ്യത്ത് ഗതാഗതവും കാലാവസ്ഥയുമായി ബന്ധപ്പെട്ട് ആസൂത്രണം ചെയ്ത പദ്ധതികളുടെ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടവര്‍ക്കു ലഭ്യമാക്കും. കൂടാതെ ഇന്ത്യയുടെ ഗതാഗതരംഗത്തു നേരിടുന്ന വെല്ലുവിളികളെപ്പറ്റി വിവരം നല്‍കാന്‍ അവസരമൊരുക്കും. കാര്‍ബണ്‍രഹിത പരിസ്ഥിതി സൃഷ്ടിക്കലുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും സമര്‍പ്പിക്കാനാകും. ഈ അഭിപ്രായങ്ങളും ചര്‍ച്ചകളും രാജ്യത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു ഫലപ്രദമായ പദ്ധതി നടത്തിപ്പിനു സഹായകമാകും.
'ഡീകാര്‍ബണൈസിങ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ ഇന്ത്യ' പദ്ധതി രാജ്യത്തെ സാഹചര്യങ്ങള്‍ക്ക് അനുസൃതമായ ഗതാഗതഘടന ചിട്ടപ്പെടുത്തും. നിലവിലും ഭാവിയിലും വരുന്ന ഗതാഗത ചുറ്റുപാടിനെക്കുറിച്ചും കാര്‍ബണ്‍ പുറന്തള്ളലിനെക്കുറിച്ചും വ്യക്തമായ ധാരണ സര്‍ക്കാരിനു നല്‍കാന്‍ ഇതിലൂടെ കഴിയും. അതിനനുസൃതമായ തീരുമാനങ്ങളെടുക്കാനും ഇതു സഹായകമാകും.
പരിപാടി: 'ഡീകാര്‍ബണൈസിങ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ ഇന്ത്യ' പദ്ധതിയുടെ തുടക്കം.
സമയം: ജൂണ്‍ 24 ബുധനാഴ്ച, വൈകിട്ട് 5 മുതല്‍ 7 വരെ
ലഭ്യമാകുന്നത്: യൂടൂബ് ലൈവ് സ്ട്രീമിങ്ങില്‍ - https://youtu.be/l2G5x5RdBUM
ഐ.ടി.എഫിന്റെ ഇന്ത്യക്കായുള്ള പദ്ധതി വിപുലമായ രീതിയിലാണ് നടപ്പാക്കുന്നത്. ലോകത്തിന്റെ പലകോണുകളിലും കാര്‍ബണ്‍രഹിത ഗതാഗതം നടപ്പാക്കുന്നതിന് വേണ്ടിയുള്ള 'ഡീകാര്‍ബണൈസിങ് ട്രാന്‍സ്പോര്‍ട്ട് ഇന്‍ എമേര്‍ജിങ് എക്കണോമീസി'ന്റെ (ഡി.ടി.ഇ.ഇ) ഭാഗമാണ് ഈ പദ്ധതിയും. ഇന്ത്യക്കു പുറമെ അര്‍ജന്റീന, അസര്‍ബൈജാന്‍, മൊറോക്കോ എന്നീ രാജ്യങ്ങള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണ്.
***
(Release ID: 1633331)
Visitor Counter : 233