പ്രധാനമന്ത്രിയുടെ ഓഫീസ്‌

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഗ്രാമങ്ങളിലേക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കു തൊഴിലവസരവും ഉപജീവന മാര്‍ഗവും ലഭ്യമാക്കുന്നതിനായി 2020 ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ ഉദ്ഘാടനം ചെയ്തു


അഭിയാന്‍ ഊന്നല്‍ നല്‍കുന്നത് ഈടുനില്‍ക്കുന്ന ഗ്രാമീണ അടിസ്ഥാന സൗകര്യ വികസനത്തിനും ഗ്രാമങ്ങളില്‍ ഇന്റര്‍നെറ്റ് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കാനുമെന്നു പ്രധാനമന്ത്രി

ഗ്രാമീണ മേഖലകളിലെ കുടിയേറ്റ തൊഴിലാളികള്‍ക്കു വീടുകള്‍ക്ക് അടുത്ത് തൊഴിലവസരം ലഭ്യമാക്കുന്നതിനായി അവരുടെ സ്‌കില്‍ മാപ്പിങ് നടത്തുന്നുവെന്നു പ്രധാനമന്ത്രി

ആറു സംസ്ഥാനങ്ങളിലെ 116 ജില്ലകളില്‍ 50,000 കോടി രൂപ മൂല്യമുള്ള പദ്ധതികള്‍ ദൗത്യ മാതൃകയില്‍ നടപ്പാക്കും

Posted On: 20 JUN 2020 2:06PM by PIB Thiruvananthpuram

 

കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ ഗ്രാമങ്ങളിലേക്കു മടങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്കു തൊഴിലവസരവും ഉപജീവന മാര്‍ഗവും ലഭ്യമാക്കുന്നതിനായുള്ള ബൃഹത്തായ തൊഴിലവസര-ഗ്രാമീണ പൊതു ജോലി ലഭ്യമാക്കല്‍ പദ്ധതിയായ ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്‍ 2020 ജൂണ്‍ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബിഹാറിലെ ഖഗാരിയ ജില്ലയിലെ ബേലാദൂര്‍ ബ്ലോക്കിലെ തെലിഹര്‍ ഗ്രാമത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് വിഡിയോ കോണ്‍ഫറന്‍സിലൂടെയാണു പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രിമാരും പങ്കാളിത്തമുള്ള ആറു സംസ്ഥാനങ്ങളുടെയും പ്രതിനിധികളും കേന്ദ്ര മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. 
തെലിഹര്‍ ഗ്രാമത്തിലെ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു. 
കുടിയേറ്റ തൊഴിലാളികളില്‍ ചിലരോട് ഇപ്പോഴത്തെ തൊഴില്‍ സാഹചര്യത്തെ കുറിച്ചു ചോദിച്ചറിഞ്ഞ അദ്ദേഹം, ലോക്ഡൗണ്‍ കാലയളവിലെ ക്ഷേമ പദ്ധതികള്‍ ഗുണകരമായോ എന്നും തിരക്കി. 
ചര്‍ച്ചകളില്‍ സംതൃപ്തി രേഖപ്പെടുത്തിയ പ്രധാനമന്ത്രി, കോവി്ഡ്-19നെതിരായ പോരാട്ടത്തില്‍ ഗ്രാമീണ ഇന്ത്യ ഉറച്ചുനിന്നു എന്നും പ്രതിസന്ധി വേളയില്‍ രാജ്യത്തിനു മാത്രമല്ല ലോകത്തിനു പോലും ഇതു മാതൃകയായി മാറിയെന്നും വ്യക്തമാക്കി. 
ദരിദ്രരുടെയും കുടിയേറ്റക്കാരുടെയും ക്ഷേമത്തിനു കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രാധാന്യം കല്‍പിക്കുന്നുണ്ടെന്ന് അദ്ദേഹം തുടര്‍ന്നു. 
പി.എം. ഗരീബ് കല്യാണ്‍ യോജനയ്ക്കു കീഴില്‍ 1.75 ലക്ഷം കോടി രൂപ പാക്കേജായാണ് ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിക്കു തുടക്കമിട്ടതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
വീടുകളിലേക്കു മടങ്ങാന്‍ ആഗ്രഹിച്ച കുടിയേറ്റ തൊഴിലാളികള്‍ക്കായി കേന്ദ്ര, സംസ്ഥാന ഗവണ്‍മെന്റുകള്‍ പ്രത്യേക ശ്രമിക് തീവണ്ടികള്‍ ഓടിച്ചതായി അദ്ദേഹം പറഞ്ഞു. 
ദരിദ്രരുടെ ക്ഷേമത്തിലും തൊഴിലിനുമായുള്ള ബൃഹദ് പദ്ധതി ആരംഭിച്ച ഈ ദിവസം ചരിത്രപരമായ ദിനമാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. ഗ്രാമങ്ങളില്‍ വസിക്കുന്ന തൊഴിലാളികളായ സഹോദരീ സഹോദരന്‍മാര്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ളതാണു പദ്ധതി. ഇതിലൂടെ തൊഴിലാളികള്‍ക്കു വീടിനടുത്തു ജോലി ലഭിക്കുന്ന സാഹചര്യമുണ്ടാവണം എന്നതാണു ലക്ഷ്യം. 
ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാനു കീഴില്‍ ഈടുള്ള ഗ്രാമീണ അടിസ്ഥാന സൗകര്യം കെട്ടിപ്പടുക്കുന്നതിനായി 50,000 കോടി രൂപ ചെലവിടുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. 
ഗ്രാമീണ മേഖലയില്‍ തൊഴിലിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കുമായി 25 തൊഴില്‍മേഖലകള്‍ കണ്ടെത്തി. ദരിദ്ര കുടുംബങ്ങള്‍ക്കു ഭവന നിര്‍മാണം, തോട്ടം മേഖലയിലെ ജോലികള്‍, ജല്‍ ജീവന്‍ മിഷന്‍ വഴി കുടിവള്ളമെത്തിക്കല്‍, പഞ്ചായത്ത് ഭവനുകള്‍, പൊതു ശൗചാലയങ്ങള്‍, ഗ്രാമീണ മണ്ടികള്‍, ഗ്രാമീണ റോഡുകള്‍, കന്നുകാലി തൊഴുത്തുകളും അംഗന്‍വാടി ഭവനുകളും പോലുള്ള മറ്റു സൗകര്യങ്ങള്‍ ഒരുക്കല്‍ എന്നിവ ഇതില്‍ പെടും. 
അഭിയാന്‍ വഴി ഗ്രാമങ്ങളില്‍ നൂതന സൗകര്യങ്ങള്‍ എത്തിക്കുകയും ചെയ്യുമെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. എല്ലാ വീടുകളിലുമുള്ള യുവാക്കള്‍ക്കും കുട്ടികള്‍ക്കും കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതാദ്യമാണ് നഗര പ്രദേശങ്ങളേക്കാള്‍ ഗ്രാമങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാരണത്താലാണ് അഭിയാനില്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കലും ഇന്റര്‍നെറ്റ് സൗകര്യമൊരുക്കലുമൊക്കെ ഉള്‍പ്പെടുത്തിയത്. 
സ്വന്തം ഗ്രാമത്തില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുകൊണ്ടുതന്നെ ഈ ജോലി ചെയ്യാം. 
സ്വാശ്രയ(ആത്മനിര്‍ഭര്‍)രായ കര്‍ഷകര്‍ സ്വാശ്രയ ഇന്ത്യക്ക് അനുപേക്ഷണീയമാണെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. അനാവശ്യമായ നിയമങ്ങള്‍ നീക്കുക വഴി കര്‍ഷകര്‍ക്കു തങ്ങളുടെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി വില്‍പന നടത്താന്‍ സൗകര്യമൊരുക്കി. ഇതുവഴി രാജ്യത്ത് എവിടെയും വില്‍പന നടത്താനും മെച്ചപ്പെട്ട വില കിട്ടാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വ്യാപാരികളുമായി ബന്ധപ്പെടാനും സാധിക്കും. 
കര്‍ഷരെ വിപണിയുമായി നേരിട്ടു ബന്ധിപ്പിച്ചുവെന്നും ശീതസംഭരണി പോലുള്ള സൗകര്യങ്ങള്‍ക്കായി ഗവണ്‍മെന്റ് ഒരു ലക്ഷം കോടി രൂപ ലഭ്യമാക്കുമെന്നും ശ്രീ. മോദി പറഞ്ഞു. 
125 ദിവസത്തെ അഭിയാന്‍ ദൗത്യമെന്ന നിലയില്‍ പ്രവര്‍ത്തിക്കും. തെരഞ്ഞെടുക്കപ്പെട്ട 25 വിഭാഗം തൊഴിലുകള്‍ 116 ജില്ലകളിലായി ചെയ്യും. കുടിയേറ്റ തൊഴിലാളികള്‍ കൂടുതലുള്ള ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലാണ് ഇത്. 50,000 കോടി രൂപയുടെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തും. 
ഗ്രാമീണ വികസനം, പഞ്ചായത്തീരാജ്, റോഡ് ഗതാഗതവും ഹൈവേയും, ഖനികള്‍, കുടിവെള്ളവും ശുചിത്വവും, പരിസ്ഥിതി, റെയില്‍വേ, പെട്രോളിയവും പ്രകൃതിവാതകവും, പുതിയതും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജം, അതിര്‍ത്തി റോഡുകള്‍, ടെലികോമും കൃഷിയും എന്നീ 12 മന്ത്രാലയങ്ങളും വകുപ്പുകളും ചേര്‍ന്നാണ് അഭിയാനായി പ്രവര്‍ത്തിക്കുക. 
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍:
തിരിച്ചെത്തുന്ന കുടിയേറ്റ തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടുന്ന ഗ്രാമീണ പൗരന്‍മാര്‍ക്കും ഉപജീവനത്തിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുക.
ഗ്രാമങ്ങളില്‍ പൊതു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഉപജീവന മാര്‍ഗങ്ങള്‍ ലഭ്യമാക്കുക. റോഡുകള്‍, വീടുകള്‍, അംഗന്‍വാടികള്‍, പഞ്ചായത്ത് ഭവനുകള്‍, ഉപജീവന സ്വത്തുക്കളും സാമൂഹ്യ സമുച്ചയങ്ങളും തുടങ്ങിയവ ഇതില്‍ പെടും. 
വിപുലമായ തൊഴില്‍ മേഖലകള്‍ വഴി എല്ലാ കുടിയേറ്റ തൊഴിലാളിക്കും അടുത്ത 125 ദിവസത്തേക്കു തൊഴിലവസരം ഉറപ്പാക്കാന്‍ സാധിക്കും. കുടുതല്‍ കാലത്തേക്കായി ഉപജീവന മാര്‍ഗം വികസിതമാകാന്‍ ഇതു വഴിവെക്കും. 
ഗ്രാമ വികസന മന്ത്രാലയത്തിനാണു പദ്ധതിയുടെ ചുമതല. സംസ്ഥാന ഗവണ്‍മെന്റുകളുമായി സഹകരിച്ചായിരിക്കും നടപ്പാക്കുന്നത്. പദ്ധതി ഫലപ്രദമായും സമയബന്ധിതമായും നടപ്പാക്കപ്പെടുന്നു എന്ന് ഉറപ്പിക്കാനായി ജോയിന്റ് സെക്രട്ടറി തലത്തിലുള്ള ഉന്നത ഉദ്യോഗസ്ഥരെ ചുമതലക്കാരായി നിയോഗിക്കും. 
ജി.കെ.ആര്‍.എ. നടപ്പാക്കാന്‍ പോകുന്ന സംസ്ഥാനങ്ങള്‍, ജില്ലകള്‍, വികസനം കാംക്ഷിക്കുന്ന ജില്ലകള്‍ എന്ന ക്രമത്തില്‍:
1. ബിഹാര്‍ 32 12
2. ഉത്തര്‍പ്രദേശ് 31 5
3. മധ്യപ്രദേശ് 24 4
4. രാജസ്ഥാന്‍ 22 2
5. ഒഡിഷ 4 1
6. ഝാര്‍ഖണ്ഡ് 3 3 
ആകെ ജില്ലകള്‍ 116 27
മുന്‍ഗണനാ ക്രമത്തില്‍ ഏറ്റെടുക്കാന്‍ പോകുന്ന 25 തരം ജോലികളും പ്രവര്‍ത്തനങ്ങളും
1. പൊതു ശുചിത്വ കേന്ദ്രങ്ങള്‍ നിര്‍മിക്കല്‍
2. ഗ്രാമപഞ്ചായത്ത് ഭവനുകള്‍ നിര്‍മിക്കല്‍
3. 14ാമത് എഫ്.സി. ഫണ്ടുകള്‍ക്കു കീഴിലുള്ള ജോലികള്‍
4. ദേശീയ പാതാ ജോലികള്‍ 
5. ജല സംരക്ഷണ, കൊയ്ത്തു ജോലികള്‍
6. കിണര്‍ കുഴിക്കല്‍
7. തോട്ടം തൊഴിലുകള്‍
8. പുഷ്പ കൃഷി
9. അംഗന്‍വാടി സെന്ററുകള്‍ നിര്‍മിക്കല്‍
10. ഗ്രാമീണ ഭവന നിര്‍മാണം
11. ഗ്രാമീണ കണക്റ്റിവിറ്റി ജോലികള്‍
12. ഖര, ദ്രാവക മാലിന്യ പരിപാലന ജോലികള്‍
13. കൃഷിയിടങ്ങളില്‍ കുളങ്ങള്‍ കുഴിക്കല്‍
14. കന്നുകാലി തൊഴുത്തുകള്‍ നിര്‍മിക്കല്‍
15. കോഴിക്കൂടു നിര്‍മിക്കല്‍
16. ആട്ടിന്‍കൂടു നിര്‍മിക്കല്‍
17. വെര്‍മി-കംപോസ്റ്റ് സംവിധാനങ്ങള്‍ നിര്‍മിക്കല്‍
18. റെയില്‍വേ
19. റര്‍ബന്‍
20. പി.എം. കുസും
21. ഭാരത് നെറ്റ്
22. കാംപ പ്ലാന്റേഷന്‍
23. പി.എം. ഊര്‍ജഗംഗ പദ്ധതി
24. കെ.വി.കെ. ഉപജീവന പരിശീലനം
25. ജില്ലാ ധാതു ഫൗണ്ടേഷന്‍ ട്രസ്റ്റ് ജോലികള്‍. 

***



(Release ID: 1632978) Visitor Counter : 327