റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം

നിര്‍മ്മാണ മേഖലയില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലാകുന്ന ആദ്യ സംവിധാനമായി എന്‍.എച്ച്.എ.ഐ

Posted On: 12 JUN 2020 3:51PM by PIB Thiruvananthpuram

കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിനു കീഴിലുള്ള ദേശീയ പാതാ അതോറിറ്റി(എന്‍.എച്ച്.എ.ഐ) രാജ്യത്തെ നിര്‍മ്മാണ മേഖലയില്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റലാകുന്ന ആദ്യ സംവിധാനമായി മാറി.
ഡേറ്റ വിശകലനത്തിനായുള്ള ക്ലൗഡ് അധിഷ്ഠിതവും നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതുമായ 'ഡേറ്റ ലേക്ക് ആന്‍ഡ് പ്രോജക്ട് മാനേജ്മെന്റ് സോഫ്റ്റ്വെയര്‍' സംവിധാനത്തിലേയ്ക്കാണ് എന്‍.എച്ച്.എ.ഐ. മാറിയത്. പ്രോജക്ട് ഡോക്യുമെന്റേഷന്‍, കരാര്‍ തീര്‍പ്പുകള്‍, അംഗീകാരങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ഇനി ഓണ്‍ലൈനായാകും കൈകാര്യം ചെയ്യുന്നത്.

നിലവില്‍ കാലതാമസം നേരിടുന്ന പല കാര്യങ്ങളും വേഗത്തിലാക്കുന്നതിനു നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയ പുതിയ സംവിധാനം സഹായകമാകും. എല്ലാം ഓണ്‍ലൈന്‍വഴി ആയതിനാല്‍ തീരുമാനങ്ങളെടുക്കലും വേഗത്തില്‍ സാധ്യമാകും. ഭാവിയിലേയ്ക്കു കൂടി പ്രയോജനപ്പെടുന്ന മികച്ച പരിഷ്‌കാരമായാണ് ഇതു വിലയിരുത്തപ്പെടുന്നത്.

ക്ലൗഡ് സംവിധാനത്തിന്റെ ഉപയോഗപ്പെടുത്തലിലൂടെ എവിടെയിരുന്നും വിവരങ്ങള്‍ ലഭ്യമാക്കാനും വിശകലനം ചെയ്യാനും നടപടികള്‍ സ്വീകരിക്കാനും കഴിയും. കരാറുകാര്‍, എന്‍ജിനിയര്‍മാര്‍, പ്രോജക്ട് ഡയറക്ടര്‍മാര്‍, റീജണല്‍ ഓഫീസര്‍മാര്‍ തുടങ്ങി എന്‍.എച്ച്.എ.ഐ.യുമായി  ബന്ധപ്പെട്ട മുഴുവന്‍ പേരും ഈ സംവിധാനം ഉപയോഗിച്ചു തുടങ്ങി. എന്‍.എച്ച്.എ.ഐ യുടെ ഇ-ഓഫീസ് മൊഡ്യൂളുമായി സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ എല്ലാ രേഖകളും പ്രാദേശികതലത്തില്‍ നിന്ന് പ്രധാന കേന്ദ്രത്തിലേയ്ക്ക് സുരക്ഷിതമായി എത്തിക്കാനാകും. ഫയലുകള്‍ തൊടാതെതന്നെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്ന ഈ സംവിധാനം കോവിഡ് കാലഘട്ടത്തില്‍ ഏറെ പ്രയോജനപ്രദമാണ്. പ്രോജക്റ്റുമായി ബന്ധമുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും പുരോഗതി തത്സമയം അറിയാനാകും എന്നതും ഈ സംവിധാനത്തിന്റെ പ്രത്യേകതയാണ്.

***



(Release ID: 1631166) Visitor Counter : 160