പ്രധാനമന്ത്രിയുടെ ഓഫീസ്‌

കേദാര്‍നാഥ് പുനര്‍നിര്‍മാണ പദ്ധതി പ്രധാനമന്ത്രി അവലോകനം  ചെയ്തു

Posted On: 10 JUN 2020 1:47PM by PIB Thiruvananthpuram



ന്യൂഡല്‍ഹി, ജൂണ്‍ 10, 2020



കേദാര്‍നാഥ് ധാം വികസന, പുനര്‍നിര്‍മാണ പദ്ധതിയുടെ പുരോഗതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉത്തരാഖണ്ഡ് സംസ്ഥാന ഗവണ്‍മെന്റുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി അവലോകനം ചെയ്തു.

 ക്ഷേത്രത്തിന്റ പുനര്‍നിര്‍മ്മാണത്തിനായുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയ പ്രധാനമന്ത്രി, കേദാര്‍നാഥ്, ബദരീനാഥ് തുടങ്ങിയ പുണ്യസ്ഥലങ്ങള്‍ക്കായി കാലത്തെ അതിജയിക്കുന്ന വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുകയും രൂപകല്‍പ്പന ചെയ്യുകയും ചെയ്യണമെന്ന് പറഞ്ഞു.  പ്രകൃതിയുമായും അതിന്റെ ചുറ്റുപാടുകളുമായും യോജിക്കുന്നതാകണം ഈ പദ്ധതികളെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പുണ്യ സ്ഥലങ്ങളിലേക്ക് വിനോദസഞ്ചാരികളുടെയും തീര്‍ഥാടകരുടെയും വരവ് കുറഞ്ഞ ഈ അവസരം തടസ്സപ്പെട്ട പ്രവൃത്തികള്‍ പൂര്‍ത്തിയാക്കാന്‍ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. ലഭ്യമായ തൊഴില്‍ ശക്തി ശരിയായ വിധം ഉപയോഗപ്പെടുത്തി പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും അതേസമയംതന്നെ പ്രവൃത്തികളില്‍ സാമൂഹിക അകലം പാലിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. വരും വര്‍ഷങ്ങളില്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് മികച്ച രീതിയില്‍ നിലനിര്‍ത്തുന്നതിന് സൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കാന്‍ ഇത് സഹായിക്കും.

  റാംബാന്‍ മുതല്‍ കേദാര്‍നാഥ് വരെ നീളുന്ന മറ്റ് പൈതൃക, മതപരമായ സ്ഥലങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും പ്രധാനമന്ത്രി നല്‍കി.  കേദാര്‍നാഥിലെ പ്രധാന ശ്രീകോവിലിന്റെ പുനര്‍വികസനത്തിനു പുറമേ ആയിരിക്കും ഈ പ്രവൃത്തി.

 വാസുകി താലിലേക്കുള്ള തീര്‍ത്ഥാടകരുടെ പാതയിലെ പൂന്തോട്ടം, മ്യൂസിയം എന്നിവയുടെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, പഴയ  ടൗണ്‍ ക്വാര്‍ട്ടേഴ്‌സുകളുടെ പുനര്‍വികസനം, ചരിത്ര പ്രാധാന്യമുള്ള സ്വത്തുക്കള്‍ അവരുടെ യഥാര്‍ത്ഥ വാസ്തുവിദ്യയില്‍ സൂക്ഷിക്കല്‍ എന്നിവയെക്കുറിച്ചും ചര്‍ച്ച നടന്നു. ആരാധനാസ്ഥലങ്ങളില്‍നിന്ന് കൃത്യമായ അകലത്തിലും കൃത്യമായ ഇടവേളകളിലുമായിരിക്കണം പരിസ്ഥിതി സൗഹൃദ പാര്‍ക്കിംഗ് സ്ഥലങ്ങള്‍ പോലുള്ളവ നിര്‍മിക്കേണ്ടതെന്ന് ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി..

 ഉത്തരാഖണ്ഡ് മുഖ്യമന്ത്രി എസ്.  ത്രിവേന്ദ്ര സിംഗ് റാവത്തും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു.



(Release ID: 1630660) Visitor Counter : 211