ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്രമന്ത്രിതല സമിതി കോവിഡ് പ്രതിരോധ  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി

Posted On: 09 JUN 2020 4:22PM by PIB Thiruvananthpuram

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്ര മന്ത്രിതല സമിതിയുടെ 16-ാമത് യോഗം ന്യൂഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്റെ നേതൃത്വത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്നു. വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍, വ്യോമയാന വകുപ്പ്മന്ത്രി ശ്രീ ഹര്‍ദീപ് സിങ്പുരി, ആഭ്യന്തര സഹമന്ത്രി ശ്രീ നിത്യാനന്ദറായ്, ഷിപ്പിങ് വകുപ്പ് സഹമന്ത്രി ശ്രീ മന്‍സുഖ് ലാല്‍ മാണ്ഡവ്യ, ആരോഗ്യവകുപ്പ് സഹമന്ത്രി ശ്രീ  അശ്വിനികുമാര്‍ ചൗബേ, പ്രതിരോധ സേനാ തലവന്‍ ശ്രീ ബിപിന്‍ റാവത്ത് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു. സാമൂഹിക അകലം മാനദണ്ഡം പാലിച്ചായിരുന്നു യോഗം.

രാജ്യത്ത് കോവിഡ് 19 ന്റെ നിലവിലെ സാഹചര്യം, പ്രതിരോധ നടപടികള്‍, കോവിഡ് അനുബന്ധമായി രൂപീകരിച്ച 11 എംപവേര്‍ഡ് ഗ്രൂപ്പുകളുടെ  കര്‍മപുരോഗതി എന്നിവ യോഗത്തില്‍ വിശകലനം ചെയ്തു. എല്ലാ ഗവണ്‍മെന്റ് ഓഫീസുകളും  തുറക്കുന്ന സാഹചര്യത്തില്‍ , സാമൂഹ്യ അകലം, കൈ കഴുകള്‍, മുഖാവരണം ധരിക്കല്‍ എന്നിവയടങ്ങിയ കോവിഡിനെതിരായ 'സാമൂഹ്യ വാക്‌സിന്‍' ഉപയോഗിക്കുന്നത് എല്ലാ വകുപ്പ് മേധാവികളും കര്‍ശനമായി പാലിക്കണമെന്ന് മന്ത്രിതല സമിതി അധ്യക്ഷന്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ ആവശ്യപ്പെട്ടു.

രോഗസാധ്യത സ്വയം മനസ്സിലാക്കുന്നതിനും സുരക്ഷയ്ക്കുമായി ആരോഗ്യസേതു ആപ്പ് ഉപയോഗിക്കാന്‍ ഡോ. ഹര്‍ഷ് വര്‍ധന്‍ എല്ലാവരോടും അഭ്യര്‍ത്ഥിച്ചു. ഇതുവരെ 12.55 കോടി ജനങ്ങള്‍ ആരോഗ്യ സേതു ഡൗണ്‍ലോഡ് ചെയ്തതായും മന്ത്രി അറിയിച്ചു. 

രാജ്യത്ത് വൈദ്യശാസ്ത്ര മേഖലയിലെ അടിസ്ഥാന സൗകര്യ വികസന നേട്ടങ്ങളെപ്പറ്റി യോഗത്തില്‍ വിലയിരുത്തി. 2020 ജൂണ്‍ 9 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 958 കോവിഡ് ആശുത്രികള്‍, 2,313 കോവിഡ് ആരോഗ്യകേന്ദ്രങ്ങള്‍, 7,525 കോവിഡ് കെയര്‍ സെന്ററുകള്‍ എന്നിവ നിലവിലുണ്ട്. 

128.48 ലക്ഷം N95 മാസ്‌കുകള്‍, 104.74 ലക്ഷം PPE കിറ്റുകള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍ എന്നിവയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഐ.സി.എം.ആറിന്റെ പരിശോധനാ സംവിധാനം 553 ഗവണ്‍മെന്റ് ലാബുകളിലും 231 സ്വകാര്യ ലാബുകളിലും ലഭ്യമാണ്. ഇന്നുവരെ 49 ലക്ഷത്തിലധികം കോവിഡ് പരിശോധനകള്‍ നടത്തിക്കഴിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,41,682 സാമ്പിളുകള്‍ പരിശോധിച്ചു.

ഇതുവരെ 1,29,214 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറില്‍ 4,785  പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്തെ, കോവിഡ് രോഗ മുക്തി നിരക്ക് 48.47% ആയി. നിലവില്‍ രാജ്യത്ത് 1,29,917 പേര്‍ക്കാണ് കോവിഡ് രോഗബാധയുള്ളത്.

***


(Release ID: 1630506)