ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കോവിഡ് 19: പുതിയ വിവരങ്ങള്‍

Posted On: 09 JUN 2020 1:51PM by PIB Thiruvananthpuram



കൂടുതല്‍ കോവിഡ് രോഗികളുള്ള അന്‍പതിലധികം ജില്ലകളില്‍ കേന്ദ്ര സംഘങ്ങളെ നിയോഗിച്ചു

ന്യൂഡല്‍ഹി, ജൂണ്‍ 09, 2020

കോവിഡ് 19 രോഗികളുടെ എണ്ണം കൂടുതലുള്ള രാജ്യത്തെ അന്‍പതിലേറെ ജില്ലകളില്‍/നഗരസഭകളില്‍ സംസ്ഥാന ഗവണ്‍മെന്റുകളെ സഹായിക്കുന്നതിനു കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല കേന്ദ്ര സംഘങ്ങളെ നിയോഗിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക സഹായം ഉള്‍പ്പെടെ നല്‍കുന്നതിന് 15 സംസ്ഥാനങ്ങളിലായാണ്് ഈ വിദഗ്ധ സംഘങ്ങളുടെ പ്രവര്‍ത്തനം. മഹാരാഷ്ട്ര- 7, തെലങ്കാന-4, തമിഴ്നാട്- 7, രാജസ്ഥാന്‍- 5, അസം-6, ഹരിയാന-4, ഗുജറാത്ത്-3, കര്‍ണാക-4, ഉത്തരാഖണ്ഡ്-3, മധ്യപ്രദേശ്-5, പശ്ചിമ ബംഗാള്‍-3, ഡല്‍ഹി-3, ബീഹാര്‍-4, ഉത്തര്‍പ്രദേശ്-4, ഒഡീഷ- 5 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലേക്കയച്ച കേന്ദ്ര സംഘങ്ങളുടെ എണ്ണം.

രണ്ട് പൊതുജനാരോഗ്യ/ പകര്‍ച്ചവ്യാധി വിദഗ്ധരും മുതിര്‍ന്ന ജോയിന്റ് സെക്രട്ടറി തലത്തിലുള്ള നോഡല്‍ ഓഫീസറും ഉള്‍പ്പെട്ടതാണ് ഓരോ മൂന്നംഗ സംഘവും. ഈ സംഘങ്ങള്‍ ചികില്‍സാ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും രോഗപ്രതിരോധത്തിനും മികച്ച ചികില്‍സയ്ക്കും അതാതു മേഖലയില്‍ ആരോഗ്യ വകുപ്പിനെ സഹായിക്കുകയും ചെയ്യും.

മികച്ച ഏകോപനം ഉറപ്പാക്കുക, താഴേത്തട്ടില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക, കൂടുതല്‍ ഫലപ്രദമായ സമീപനം രൂപപ്പെടുത്തുക എന്നീ കാര്യങ്ങളില്‍ അതത് ജില്ലാ/നഗരസഭാ ഭരണകൂടങ്ങള്‍ ഈ സംഘവുമായി ദൈനംദിന ബന്ധം പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം.
പരിശോധനാ ഫലം ലഭിക്കുന്നതിലെ കാലതാമസം, കൂടുതല്‍  ജനസംഖ്യയിലെ കുറഞ്ഞ പരിശോധനാ നിരക്ക്, രോഗസ്ഥിരീകരണം വേഗത്തിലാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ നേരിടുന്ന വെല്ലുവിളികളില്‍ അവരെ സഹായിക്കാന്‍ ഈ തുടര്‍ച്ചയായ ആശയവിനിമയം സഹായകമാകും. അടുത്ത രണ്ടു മാസത്തേക്ക് ഉണ്ടാകാന്‍ സാധ്യതയുള്ള അധിക ആവശ്യങ്ങളും കുറഞ്ഞ മാനവശേഷി ലഭ്യതയും കിടക്കകളുടെ എണ്ണക്കുറവ്, രോഗികളുടെ എണ്ണത്തിലെ വര്‍ധന, ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ വര്‍ധന തുടങ്ങിയ വെല്ലുവിളികളിലും സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും ഈ സംഘങ്ങള്‍ സഹായിക്കും.
കേന്ദ്ര സംഘവുമായി ദൈനംദിന ഏകോപനത്തിന് മിക്ക ജില്ലാ/നഗരസഭാ ഭരണകൂടങ്ങളും പ്രത്യേക സംഘത്തിനു രൂപം നല്‍കിക്കഴിഞ്ഞു. ഡോക്ടര്‍മാരും ജില്ലാതല ഉന്നതോദ്യോഗസ്ഥരും ഉള്‍പ്പെടുന്നതാണ് ഈ സംഘങ്ങള്‍.
***


(Release ID: 1630472) Visitor Counter : 303