റെയില്‍വേ മന്ത്രാലയം

കഴിഞ്ഞ ഒരു വർഷം  സുരക്ഷയിൽ എക്കാലത്തെയും  മികച്ച  പ്രകടനവുമായി  ഇന്ത്യൻ റെയിൽ‌വേ

Posted On: 08 JUN 2020 6:20PM by PIB Thiruvananthpuram

 

ഇന്ത്യൻ റെയിൽ‌വേ 2019 ഏപ്രിൽ മുതൽ 2020 മാർച്ച് വരെയുള്ള  ഒരു വർഷം സുരക്ഷയിൽ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വച്ചു. ഈ കലണ്ടർ വർഷം 01.04.2019 മുതൽ 08.06.2020 വരെയുള്ള   കാലയളവുൾപ്പടെ പരിഗണിക്കുമ്പോൾ ഒരു റെയിൽ‌വേ യാത്രികൻ പോലും  ട്രെയിൻ അപകടങ്ങളിൽ മരണമടഞ്ഞിട്ടില്ല.

166 വർഷം മുമ്പ് 1853 ൽ ഇന്ത്യയിൽ റെയിൽ‌വേ നിലവിൽ വന്നതിനുശേഷം 2019-2020 വർഷത്തിലാണ് ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.

സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളിൽ മനുഷ്യനിയന്ത്രിത  ലെവൽ ക്രോസിംഗുകൾ ഒഴിവാക്കുക,മേൽപ്പാലങ്ങൾ അഥവാ റോഡ് ഓവർ ബ്രിഡ്ജസ് (ആർ‌ഒ‌ബി) / അടിപ്പാതകൾ അഥവാറോഡ് അണ്ടർ ബ്രിഡ്ജസ് (ആർ‌യു‌ബി) നിർമ്മാണം, പാലങ്ങളുടെ പുനർനിർമ്മാണവും   ബലപ്പെടുത്തലും, പാതകളിൽ പുതിയ റെയിൽ ട്രാക്കുകൾ നിരത്തുക , സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ഒരു വർഷത്തെ എക്കാലത്തെയും ഉയർന്ന റെയിൽ സംഭരണം, ഫലപ്രദമായ ട്രാക്ക് പരിപാലനം, സുരക്ഷാ ക്രമീകരണങ്ങളുടെ കർശനമായ നിരീക്ഷണം,റെയിൽ‌വേ ജീവനക്കാർക്ക് മെച്ചപ്പെട്ട പരിശീലനം ,സിഗ്നലിംഗ് സംവിധാനത്തിലെ മെച്ചപ്പെടുത്തലുകൾ, സുരക്ഷാ ക്രമീകരണങ്ങൾക്കായി ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പരമ്പരാഗത ഐ‌സി‌എഫ് കോച്ചുകളിൽ നിന്ന് ഘട്ടം ഘട്ടമായി ആധുനികവും സുരക്ഷിതവുമായ എൽ‌എച്ച്‌ബി കോച്ചുകളിലേക്ക് മാറ്റം  തുടങ്ങിയവ ഉൾപ്പെടുന്നു.

സുരക്ഷ വർദ്ധിപ്പിക്കുന്നതിന് ഇന്ത്യൻ റെയിൽ‌വേ സ്വീകരിച്ച ചില പ്രധാന നടപടികൾ ഇവയാണ്:

2019-20 ൽ 1274 മനുഷ്യ നിയന്ത്രിത ലെവെൽക്രോസുകൾ ഒഴിവാക്കി.. 2018-19 ൽ ഒഴിവാക്കിയ 631 എണ്ണത്തെ  അപേക്ഷിച്ച്  റെക്കോർഡ് ആണിത് . അതായത് മുൻവർഷത്തിന്റെ  ഇരട്ടി. മനുഷ്യ നിയന്ത്രിത ലെവെൽക്രോസുകൾ ഒഴിവാക്കുന്നതിൽ ഏറ്റവും ഉയർന്ന നിരക്കുമാണിത്.

 റെയിൽ ശൃംഖലയിലെ സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി   ആകെ 1309  മേൽപ്പാലങ്ങളും (ROB)അടിപ്പാതകളും (RUB) 2019-20 ൽ നിർമ്മിച്ചു.

1367 പാലങ്ങളുടെ പുനർനിർമ്മാണവും ബലപ്പെടുത്തലും 2019-20 ൽ പൂർത്തീകരിച്ചു. കഴിഞ്ഞ വർഷത്തെ 1013 നെ അപേക്ഷിച്ച് 37% വർദ്ധന

5,181 കിലോമീറ്റർ ട്രാക്ക്  (ടി‌കെ‌എം)  നവീകരണം  2019-20 ൽ  പൂർത്തിയാക്കി.റെയിലുകളുടെ ഏറ്റവും ഉയർന്ന നവീകരണ നിരക്ക്. 2018-19 ലെ 4,265 കിലോമീറ്റർ ട്രാക്ക്  നവീകരണത്തെ അപേക്ഷിച്ച്  20% കൂടുതൽ

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ (SAIL) നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ റെയിലുകൾ (13.8 ലക്ഷം ടൺ) റയിൽവേക്കായി ലഭ്യമാക്കിയിട്ടുണ്ട്. 6.4 ലക്ഷം ടൺ ഭാരവും  കൂടുതൽ നീളവുമുള്ള റെയിലുകൾ വിതരണം ചെയ്തതോടെ ഫീൽഡ് വെൽഡിങ്ങിന്റെ വ്യാപ്തി ഗണ്യമായി കുറയ്ക്കാനും മികച്ച ആസ്തി നിർമ്മാണത്തിനും സാധിച്ചു.

2019-20 ൽ  285 ലെവൽ ക്രോസിംഗുകൾ (എൽസി) സിഗ്നലുകൾ ഉപയോഗിച്ച് ഇന്റർലോക്ക് ചെയ്തു. ഇന്റർലോക്ക്ഡ് ലെവൽ ക്രോസിംഗുകളുടെ  ആകെ എണ്ണം 11,639 ആയി.

സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി 2019-20 കാലയളവിൽ 84 സ്റ്റേഷനുകൾ  മെക്കാനിക്കൽ സിഗ്നലിംഗലിൽ നിന്ന്   ഇലക്ട്രിക്കൽ / ഇലക്ട്രോണിക് സിഗ്നലിംഗിലേക്കു മാറി.

2017-18 ൽ അവതരിപ്പിച്ച രാഷ്ട്രീയ റെയിൽ‌ സൻ‌രക്ഷ കോഷ് (ആർ‌ആർ‌എസ്‌കെ) പദ്ധതിയിലൂടെ വിഭാവനം ചെയ്ത  സഞ്ചിത നിക്ഷേപമായ ഒരു ലക്ഷം കോടി രൂപ ഉപയോഗിച്ച് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് മേൽപ്പറഞ്ഞവയെല്ലാം  സാധ്യമായത്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രതിവർഷ ചെലവ്  20,000 കോടി രൂപയാണ്. ഈ ഫണ്ട് ഉപയോഗിച്ച്, അടിയന്തിര സ്വഭാവമുള്ള വളരെ നിർണായക സുരക്ഷാ പ്രവൃത്തികൾ ഏറ്റെടുത്ത്‌ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ട്.

**



(Release ID: 1630299) Visitor Counter : 222