പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ 25ാമത് സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി അഭിസംബോധന ചെയ്തു

Posted On: 01 JUN 2020 1:10PM by PIB Thiruvananthpuram


കോവിഡ്- 19നെതിരായ പോരാട്ടത്തില്‍ ഡോക്ടര്‍മാരും ആരോഗ്യ പ്രവര്‍ത്തകരും വഹിക്കുന്ന പങ്ക് അജയ്യമെന്ന് പ്രശംസിച്ചു

അദൃശ്യമായതും അജയ്യമായതും തമ്മിലുള്ള പോരാട്ടത്തില്‍ നമ്മുടെ ആരോഗ്യ വിദഗ്ധര്‍ വിജയിക്കുമെന്ന് ഉറപ്പെന്നു പ്രധാനമന്ത്രി

രാജ്യത്തെ വൈദ്യ പരിചരണം മെച്ചപ്പെടുത്തുന്നതിനു നാലു തൂണുകളോടുകൂടിയ തന്ത്രം പ്രഖ്യാപിച്ചു

ടെലി മെഡിസിനും ആരോഗ്യ മേഖലയില്‍ മെയ്ക്ക് ഇന്‍ ഇന്ത്യയും ഐ.ടി. അധിഷ്ഠിത ആരോഗ്യ സേവനങ്ങളും മെച്ചപ്പെടുത്താന്‍ വഴികള്‍ തേടി

ബെംഗളുരുവിലെ രാജീവ് ഗാന്ധി ആരോഗ്യശാസ്ത്ര സര്‍വകലാശാലയുടെ 25ാമതു സ്ഥാപക ദിനാഘോഷത്തെ പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിങ് വഴി അഭിസംബോധന ചെയ്തു.
കോവിഡ്- 19നെ നേരിടുന്നതിന് കര്‍ണാടക ഗവണ്‍മെന്റ് നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 
രണ്ടു ലോക മഹായുദ്ധങ്ങള്‍ക്കു ശേഷം ലോകം ഏറ്റവും വലിയ പ്രതിസന്ധിയെ നേരിടുകയാണെന്ന് ശ്രീ. മോദി പറഞ്ഞു. ലോക മഹായുദ്ധങ്ങള്‍ക്കു മുന്‍പുള്ള സ്ഥിതിയില്‍നിന്നു ലോക മഹായുദ്ധങ്ങള്‍ക്കു ശേഷം ലോകത്തിലുണ്ടായ മാറ്റമെന്നതുപോലെ കോവിഡിനു ശേഷം ലോകത്തു മാറ്റമുണ്ടാകും. 
കോവിഡ്- 19നെതിരായ ധീരമായ ഇന്ത്യയുടെ പോരാട്ടത്തിന്റെ അടിത്തറ ആരോഗ്യ രംഗത്തുള്ളവരുടെയും കൊറോണയ്‌ക്കെതിരായി പോരാടുന്നവരുടെയും കഠിനാധ്വാനമാണെന്ന് ശ്രീ. മോദി വ്യക്തമാക്കി. സൈനികരുടെ യൂണിഫോം ധരിക്കാത്ത സൈനികരുമായി ഡോക്ടര്‍മാരെയും ആരോഗ്യ പ്രവര്‍ത്തകരെയും അദ്ദേഹം താരതമ്യം ചെയ്തു. 
വൈറസ് അദൃശ്യമായി എതിരാളി ആയിരിക്കാം; എന്നാല്‍,  നമ്മുടെ കൊറോണ പോരാളികള്‍ അജയ്യരാണ്, അവര്‍ പോരാട്ടത്തില്‍ വിജയിക്കുമെന്ന് ഉറപ്പാണ്, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. 
മുന്നില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ ആക്രമണങ്ങള്‍ ഉണ്ടാവുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം, ഇതിനെതിരെ ഗവണ്‍മെന്റ് പല നടപടികളും കൈക്കൊണ്ടതായി വ്യക്തമാക്കി. മുന്‍നിരയില്‍നിന്നു പൊരുതുന്നവര്‍ക്കായി ഗവണ്‍മെന്റ് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നടപ്പാക്കിയതായി ഓര്‍മിപ്പിക്കുകയും ചെയ്തു. 
ആഗോളവല്‍ക്കരണത്തിന്റെ കാലത്ത് സാമ്പത്തിക വിഷയങ്ങളില്‍ വാഗ്വാദം നടത്തുന്നതിനുപകരം വികസനത്തിന്റെ മനുഷ്യ കേന്ദ്രീകൃത വശങ്ങള്‍ക്ക് ഊന്നല്‍ നല്‍കാന്‍ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. 
ആരോഗ്യ രംഗത്തു രാജ്യമുണ്ടാക്കിയ നേട്ടങ്ങള്‍ മുന്‍പെന്നത്തേക്കാളും ഇപ്പോള്‍ പ്രസക്തമായി മാറുന്നു എന്നും കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആരോഗ്യ സംരക്ഷണത്തിലും വൈദ്യ പഠനത്തിലും ഒട്ടേറെ പദ്ധതികള്‍ ഗവണ്‍മെന്റ് നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. 
ആരോഗ്യ സംരക്ഷണവും ബന്ധപ്പെട്ട അടിസ്ഥാനസൗകര്യവും ആരോഗ്യ സംരക്ഷണ സേവന ലഭ്യതയും എല്ലാവര്‍ക്കും ഉറപ്പാക്കുന്നതിനായി നാലു തൂണുകളോടുകൂടിയ തന്ത്രം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. 
ആദ്യത്തെ തൂണ്‍ പ്രതിരോധത്തിലൂടെയുള്ള ആരോഗ്യ സംരക്ഷണമാണെന്നും അതില്‍ പ്രാധാന്യം കല്‍പിക്കേണ്ടതു യോഗയ്ക്കും ആയുര്‍വേദത്തിനും പൊതുവായ ശാരീരിക ക്ഷമയത്ക്കും ആണെന്നും ശ്രീ. മോദി ചൂണ്ടിക്കാട്ടി. ജീവിതശൈലി സംബന്ധിച്ച രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനു പ്രാധാന്യം കല്‍പിച്ചുകൊണ്ട് 40,000 ക്ഷേമ കേന്ദ്രങ്ങള്‍ തുറന്നതായി അദ്ദേഹം വെളിപ്പെടുത്തി. ആരോഗ്യ സുരക്ഷയില്‍ മറ്റൊരു പ്രധാന നേട്ടം സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ വിജയമാണ്. 
രണ്ടാമത്തെ തൂണ്‍ ആരോഗ്യ സംരക്ഷണ ചെലവുകള്‍ ആര്‍ക്കും താങ്ങാവുന്നതാക്കുകയാണ്. ലോകത്തിലെ ഏറ്റവും ബൃഹത്തായ ആരോഗ്യ സംരക്ഷണ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ വിജയം അദ്ദേഹം ഉയര്‍ത്തിക്കാട്ടി. രണ്ടു വര്‍ഷത്തിനിടെ ഒരു കോടി പേര്‍, കൂടുതലും ഗ്രാമങ്ങളിലെ സ്ത്രീകള്‍, ഈ പദ്ധതി ഉപയോഗപ്പെടുത്തി. 
വിതരണ രംഗം മെച്ചപ്പെടുത്തുക എന്നതാണൂ മൂന്നാമത്തെ തൂണ്‍. ഇന്ത്യ പോലുള്ള ഒരു രാജ്യത്തു യഥാവിധിയുള്ള ആരോഗ്യ അടിസ്ഥാന സൗകര്യവും ആരോഗ്യ വിദ്യാഭ്യാസവും അടിസ്ഥാന സൗകര്യവും ഉണ്ടായിരിക്കണമെന്നു പ്രധാനമന്ത്രി പറഞ്ഞു. 
രാജ്യത്തെ എല്ലാ ജില്ലകളിലും മെഡിക്കല്‍ കോളജോ ബിരുദാനന്തര ബിരുദ വൈദ്യ പഠന കേന്ദ്രമോ ഉറപ്പാക്കാനുള്ള പ്രവൃത്തി നടന്നുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. 22 എ.ഐ.ഐ.എം.എസ്സുകള്‍ കൂടി സ്ഥാപിക്കാനുള്ള പ്രവര്‍ത്തനത്തില്‍ നല്ല പുരോഗതിയുണ്ടെന്നു പ്രധാനമന്തി പറഞ്ഞു. 
കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെ കാലംകൊണ്ട് എം.ബി.ബി.എസ്സിന് 30,000 സീറ്റുകളും ബിരുദാനന്തര ബിരുദത്തിന് 15,000 സീറ്റുകളും അധികമായി ആരംഭിക്കാന്‍ സാധിച്ചു. സ്വാതന്ത്ര്യാനന്തര കാലത്ത് ഏതു ഗവണ്‍മെന്റിന്റെ കാലത്തും അഞ്ചു വര്‍ഷത്തെ ഇടവേളയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും കൂടിയ വര്‍ധനയാണ് ഇത്. 
പാര്‍ലമെന്റ് പാസാക്കിയ നിയമം വഴി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം ദേശീയ മെഡിക്കല്‍ കമ്മിഷന്‍ സ്ഥാപിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി പരാമര്‍ശിച്ചു. 
ദൗത്യമെന്ന രീതിയില്‍ എല്ലാ പദ്ധതികളും നടപ്പാക്കുക എന്നതാണു നാലാമത്തെ തൂണെന്നും ഒരു നല്ല ആശയം വിജയിപ്പിക്കുന്നതില്‍ ഇതു വളരെ പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി. 
ദേശീയ പോഷണ ദൗത്യം ഏതു വിധത്തിലാണു യുവാക്കള്‍ക്കും അമ്മമാര്‍ക്കും സഹായകമാകുന്നതെന്നു ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, 2025 ആകുമ്പോഴേക്കും ക്ഷയം നിര്‍മാര്‍ജനം ചെയ്യാന്‍ ഇന്ത്യ ദൃഢനിശ്ചയം കൈക്കൊണ്ടിരിക്കുകയാണെന്നും ഇത് ഇ്ക്കാര്യത്തില്‍ ആഗോളതലത്തില്‍ ലക്ഷ്യംവെക്കുന്ന വര്‍ഷമായ 2030ന് അഞ്ചു വര്‍ഷം മുന്‍പെയുള്ള സമയപരിധിയാണെന്നും ഓര്‍മിപ്പിച്ചു. 
പ്രതിവര്‍ഷ പ്രതിരോധ കുത്തിവെപ്പ് നാലിരട്ടി വര്‍ധിച്ച ഇന്ദ്രധനുഷ് ദൗത്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. 
ആരോഗ്യ മേഖലയിലെയും അനുബന്ധ മേഖലയിലെയും വിദഗ്ധരെ സൃഷ്ടിക്കുന്നതിനായി 50 കോഴ്‌സുകളുടെ പഠന സൗകര്യം വര്‍ധിപ്പിക്കുന്നതിനുള്ള നിയമത്തിന് അടുത്തിടെ ഗവണ്‍മെന്റ് അംഗീകാരം നല്‍കിയെന്നും ഇതു നടപ്പാകുന്നതോടെ രാജ്യത്ത് പാരാ-മെഡിക്കല്‍ വിദഗ്ധര്‍ക്കുള്ള ക്ഷാമം ഇല്ലാതാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ടെലി മെഡിസിന്‍ എങ്ങനെ മെച്ചപ്പെടുത്തണം, മെയ്ക്ക് ഇന്‍ ഇന്ത്യ ആരോഗ്യ മേഖലയുടെ നേട്ടത്തിനായി എങ്ങനെ ഉപയോഗപ്പെടുത്താം, ആരോഗ്യ സംരക്ഷണത്തിനായി ഐ.ടി. അനുബന്ധ സേവനങ്ങള്‍ കൂടുതലായി എങ്ങനെ ഉപയോഗപ്പെടുത്താം എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ആശയരൂപീകരണം നടത്താനും ചടങ്ങിനെത്തിയവരോട് അദ്ദേഹം ആഹ്വാനംചെയ്തു. 
പി.പി.ഇകളും എന്‍- 95 മാസ്‌കുകളും ഉല്‍പാദിപ്പിക്കുന്നതില്‍ മെയ്ക്ക് ഇന്‍ ഇന്ത്യക്കുണ്ടാക്കാന്‍ സാധിച്ച നേട്ടത്തെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഒരു കോടിയിലേറെ പി.പി.ഇകളും ഒന്നര കോടി മാസ്‌കുകളും ലഭ്യമാക്കാന്‍ സാധിച്ചതായി വെളിപ്പെടുത്തി. 
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ആരോഗ്യസേതു ആപ് എങ്ങനെയാണു സഹായകമാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി


(Release ID: 1628564) Visitor Counter : 335