പ്രധാനമന്ത്രിയുടെ ഓഫീസ്‌

രാജീവ് ഗാന്ധി ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയുടെ ഇരുപത്തിയഞ്ചാമത് സ്ഥാപകദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രഭാഷണത്തിന്റെ പരിഭാഷ

Posted On: 01 JUN 2020 12:19PM by PIB Thiruvananthpuram
ഈ വിശിഷ്ട സര്‍വകലാശാലയുടെ ഇരുപത്തിയഞ്ചാം സ്ഥാപക  ദിനം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. ഈ സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആരോഗ്യ -ശാസ്ത്ര സമൂഹത്തെയും ഞാന്‍ അഭിനന്ദിക്കുന്നു.
അദ്ധ്യാപനത്തിലും വൈദ്യശാസ്ത്ര പരിശീലനത്തിലും അത്ഭുതകരമായ പ്രവര്‍ത്തനമാണ് വര്‍ഷങ്ങളായി നിങ്ങള്‍ കാഴ്ച വയ്ക്കുന്നത്.
25 വര്‍ഷം എന്നതിനര്‍ത്ഥം ഈ സര്‍വ്വകലാശാല അതിന്റെ യുവത്വത്തിന്റെ പാരമ്യത്തിലാണെന്നതാണ്. ഇപ്പോഴത്തേതിലും വലുതായി ചിന്തിക്കാനും ഇപ്പോഴത്തേതിലും മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കാനുമുള്ള  പ്രായമാണിത്. വരും കാലങ്ങളില്‍ ഈ സര്‍വകലാശാല മികവിന്റെ പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്. കോവിഡ് -19 മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ കര്‍ണാടക ഗവണ്‍മെന്റ് നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കാനും ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സുഹൃത്തുക്കളേ, രാജ്യം സാധാരണ നിലയിലായിരുന്നെങ്കില്‍,ഇതൊരു വലിയ ആഘോഷമായിരിക്കും എന്നെനിക്കുറപ്പുണ്ട്. മഹാമാരി സംഭവിക്കാതിരുന്നെങ്കില്‍, ഈ പ്രത്യേക ദിനം ആഘോഷിക്കാന്‍ നിങ്ങള്‍ക്കൊപ്പം ബെംഗളൂരുവില്‍ എത്താന്‍ എനിക്കും ആഗ്രഹം ഉണ്ട്.
എന്നാല്‍, ഇന്ന് ലോകം രണ്ട് ലോകമഹായുദ്ധങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. ലോകമഹായുദ്ധത്തിന് മുമ്പും ശേഷവും എന്ന് ലോകം വിശേഷിപ്പിക്കപ്പെടുന്നത് പോലെ, കോവിഡിന് മുമ്പും ശേഷവും എന്ന നിലയില്‍ ഇനിയുള്ള ലോകവും വ്യത്യസ്തമായിരിക്കും.
സുഹൃത്തുക്കളേ, ഈ സന്ദിഗ്ധഘട്ടത്തില്‍ നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മെഡിക്കല്‍ സ്റ്റാഫ്, ശാസ്ത്ര സമൂഹം എന്നിവരെ ലോകം പ്രതീക്ഷയോടെയും നന്ദിയോടെയുമാണ് നോക്കുന്നത്. ലോകം നിങ്ങളില്‍ നിന്ന് പരിചരണവും ചികിത്സയും ആഗ്രഹിക്കുന്നു.
സുഹൃത്തുക്കളേ, കോവിഡ് -19 നെതിരായ ഇന്ത്യയുടെ ധീരമായ പോരാട്ടത്തിന്റെ ആധാരശില മെഡിക്കല്‍ സമൂഹത്തിന്റെയും നമ്മുടെ കൊറോണ യോദ്ധാക്കളുടെയും കഠിനാധ്വാനമാണ്. വാസ്തവത്തില്‍, ഡോക്ടര്‍മാരും മെഡിക്കല്‍ ജോലിക്കാരും സൈനിക യൂണിഫോം ധരിക്കാത്ത  പട്ടാളക്കാരെപ്പോലെയാണ്. വൈറസ് ഒരു അദൃശ്യ ശത്രു ആയിരിക്കാം. പക്ഷേ നമ്മുടെ കൊറോണാ യോദ്ധാക്കളായ  ആരോഗ്യ പ്രവര്‍ത്തകര്‍ അജയ്യരാണ്. അദൃശ്യവും അജയ്യവുമായ ഈ പോരാട്ടത്തില്‍, നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ വിജയിക്കുമെന്ന് ഉറപ്പാണ്. സുഹൃത്തുക്കളേ, ഇത്രനാളും സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആഗോളവല്‍ക്കരണത്തെക്കുറിച്ചായിരുന്നു സംവാദങ്ങള്‍. എന്നാല്‍, ഇപ്പോള്‍ ലോകം ഒറ്റക്കെട്ടായി മനുഷ്യ കേന്ദ്രീകൃത വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട അവസരം വന്നുചേര്‍ന്നിരിക്കുന്നു.
ആരോഗ്യമേഖലയില്‍ രാജ്യങ്ങള്‍ കൈവരിച്ച പുരോഗതി മുമ്പെത്തെക്കാളും ഇപ്പോള്‍ പ്രാധാന്യമര്‍ഹിക്കുന്നു. സുഹൃത്തുക്കളേ, കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍, ആരോഗ്യ സംരക്ഷണത്തിലും മെഡിക്കല്‍ വിദ്യാഭ്യാസത്തിലും ഇന്ത്യയില്‍ നിരവധി സംരംഭങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്.
വിശാലമായ നാലു തൂണുകളില്‍ ഊന്നിയാണ് പ്രവര്‍ത്തനങ്ങള്‍:
രോഗപ്രതിരോധത്തിലൂന്നിയ ആരോഗ്യ സംരക്ഷണമാണ് ഒന്നാമത്തേത്. യോഗ, ആയുര്‍വേദം, കായികക്ഷമത എന്നിവയ്ക്ക് ഇതില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്ന നാല്‍പതിനായിരത്തിലധികം വെല്‍നസ് സെന്ററുകള്‍ തുറന്നു. സ്വച്ഛ് ഭാരത് ദൗത്യത്തിന്റെ വിജയം പ്രതിരോധ ആരോഗ്യ സംരക്ഷണത്തില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നുണ്ട്.
താങ്ങാനാവുന്ന ചെലവിലുള്ള ആരോഗ്യ സംരക്ഷണമാണ് രണ്ടാമത്തേത്. ആയുഷ്മാന്‍ ഭാരത് എന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ആരോഗ്യ സംരക്ഷണ പദ്ധതി ഇന്ത്യയുടേതാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു കോടി ആളുകള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. സ്ത്രീകളും ഗ്രാമീണരുമാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കള്‍.
മൂന്നാമത്തെ തൂണ്, വിതരണ മേഖലയിലെ പുരോഗതിയാണ്. ഇന്ത്യ പോലൊരു രാജ്യത്തിന്  ആരോഗ്യ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും  അത്യാവശ്യമാണ്. രാജ്യത്തെ എല്ലാ ജില്ലകളിലും ഒരു മെഡിക്കല്‍ കോളേജ് അല്ലെങ്കില്‍ ബിരുദാനന്തര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉറപ്പാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
അതിവേഗം, 22 പുതിയ എയിംസ് സ്ഥാപിക്കുന്നതില്‍ രാജ്യം വിജയം കൈവരിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മുപ്പതിനായിരത്തിലധികം എം.ബി.ബി.എസ്. ബിരുദ സീറ്റുകളും പതിനയ്യായിരം ബിരുദാനന്തര ബിരുദ സീറ്റുകളും വര്‍ധിപ്പിക്കാന്‍ നമുക്ക് കഴിഞ്ഞു. സ്വാതന്ത്ര്യാനന്തരം അഞ്ചു വര്‍ഷം ഭരിച്ച ഏതൊരു സര്‍ക്കാരും അനുവദിച്ചതിനേക്കാള്‍ വലിയ വര്‍ധനവാണ് സീറ്റുകളുടെ എണ്ണത്തില്‍  ഉണ്ടായത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കു പകരം ദേശീയ മെഡിക്കല്‍ കമ്മീഷന്‍ സ്ഥാപിക്കാന്‍ പാര്‍ലമെന്റില്‍  നിയമം കൊണ്ടുവന്നു. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ഇത് വളരെയധികം സഹായകമായിരിക്കും.
കടലാസിലെ ആശയങ്ങള്‍ ഒരു നല്ല ആശയം മാത്രമായി അവശേഷിക്കുമെന്നതിനാല്‍ ദൗത്യമായി ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കാനുള്ള പദ്ധതികള്‍ ആണ് നാലാമത്തെ തൂണ്. നന്നായി നടപ്പിലാക്കിയ ഒരു നല്ല ആശയം അതിനെ മികവുറ്റതാക്കി മാറ്റുന്നു. അതുകൊണ്ടു തന്നെ, നിര്‍വ്വഹണം വളരെ നിര്‍ണായകമാണ്.
അമ്മമാരെയും കുഞ്ഞുങ്ങളെയും സഹായിക്കുന്ന ഇന്ത്യയുടെ ദേശീയ പോഷകാഹാര ദൗത്യത്തിന്റെ വിജയം ഇവിടെ എടുത്തുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2025ഓടെ ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാന്‍ ഇന്ത്യ ഏഴു ദിവസവും ഇരുപത്തിനാലു മണിക്കൂറും എന്ന തരത്തില്‍ ഊര്‍ജ്ജിതമായി പ്രവര്‍ത്തിക്കുന്നു. ആഗോള ലക്ഷ്യമായ 2030നെക്കാള്‍ അഞ്ച് വര്‍ഷം മുമ്പ് ലക്ഷ്യം നേടാനാണ് ശ്രമം. മിഷന്‍ ഇന്ദ്രധനുഷ് വാക്്‌സിനേഷന്‍ പ്രക്രിയയുടെ വാര്‍ഷിക വര്‍ദ്ധനവ് നാല് മടങ്ങായിട്ടുണ്ട്. സുഹൃത്തുക്കളേ, അമ്പതിലധികം വ്യത്യസ്ത അനുബന്ധ ആരോഗ്യ സംരക്ഷണ വിദഗ്ധരുടെ വൈദഗ്ധ്യവിപുലീകരണത്തിനായി ഒരു പുതിയ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ അംഗീകാരം നല്‍കി. മുമ്പു പാസ്സാക്കിയ  ഈ നിയമം രാജ്യത്തെ പാരാ മെഡിക്കല്‍ ഉദ്യോഗസ്ഥരുടെ കുറവ് പരിഹരിക്കും. മറ്റ് രാജ്യങ്ങള്‍ക്ക് വൈദഗ്ധ്യം ലഭ്യമാക്കുന്നതിനും ഇത് ഇന്ത്യയെ സഹായിക്കും. സുഹൃത്തുക്കളേ, പരമാവധി പങ്കാളിത്തത്തോടെയുള്ള ചര്‍ച്ചയ്ക്കായി ഞാന്‍ മൂന്നു കാര്യങ്ങള്‍ മുന്നോട്ടുവെക്കുന്നു.
ഒന്നാമത്തേത് ടെലി മെഡിസിനിലെ പുരോഗതിയാണ്. ടെലി-മെഡിസിന്‍ വലിയ തോതില്‍ ജനപ്രിയമാക്കുന്ന പുതിയ പദ്ധതികളേക്കുറിച്ചു നമുക്ക് ചിന്തിക്കാനാകുമോ?
മറ്റൊന്ന് ആരോഗ്യമേഖലയിലെ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യുമായി ബന്ധപ്പെട്ടതാണ്. പ്രാരംഭ നേട്ടങ്ങള്‍ എന്നെ ശുഭാപ്തിവിശ്വാസിയാക്കുന്നു. നമ്മുടെ ആഭ്യന്തര നിര്‍മ്മാതാക്കള്‍ പി.പി.ഇ. കിറ്റുകളുടെ ഉത്പാദനം ആരംഭിക്കുകയും കോവിഡ് യോദ്ധാക്കള്‍ക്ക് ഒരു കോടി പി.പി.ഇ. കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു. അതുപോലെ, 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയിലൂടെ 1.2 കോടി എന്‍-95 മാസ്‌കുകള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നല്‍കുകയും ചെയ്തിട്ടുണ്ട്.
ആരോഗ്യകരമായ സമൂഹത്തിന്റെ സൃഷ്ടിക്കായി ഐ.ടി. അധിഷ്ഠിത ഉപകരണങ്ങള്‍ ആണ് മൂന്നാമത്തേത്. നിങ്ങളുടെ മൊബൈലുകളില്‍ ആരോഗ്യസേതു ആപ്പ് ഉണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ആരോഗ്യ അവബോധമുള്ള 12 കോടി ആളുകള്‍ ഇത് ഡൗണ്‍ലോഡ് ചെയ്തു. കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ ഇത് വളരെ സഹായകരമാണ്.
സുഹൃത്തുക്കളേ, നിങ്ങള്‍ക്കെല്ലാവര്‍ക്കും വളരെയധികം ആശങ്കയുള്ള ഒരു കാര്യത്തെക്കുറിച്ചു പറയാം. പ്രതിരോധത്തില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്നവര്‍, ഡ്യൂട്ടിയിലുള്ളവര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവര്‍ ആക്രമിക്കപ്പെടുന്ന ജനക്കൂട്ടത്തിന്റെ മനഃശാസ്ത്രം ആണത്. ഒരു കാര്യം ഞാന്‍ വ്യക്തമായി പറയാന്‍ ആഗ്രഹിക്കുന്നു - അക്രമം, അപമാനം, മോശം പെരുമാറ്റം എന്നിവ സ്വീകാര്യമല്ല. എല്ലാ തരത്തിലുള്ള അക്രമങ്ങളില്‍ നിന്നും ആരോഗ്യപ്രവര്‍ത്തകരെ പരിരക്ഷിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുന്‍നിരപ്പോരാളികള്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.
സുഹൃത്തുക്കളേ, ഈ സര്‍വ്വകലാശാലയുടെ കഴിഞ്ഞ 25 വര്‍ഷത്തെ സഫലമായ യാത്ര കാണുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തില്‍ പാവപ്പെട്ടവരെയും ദരിദ്രരെയും സേവിക്കുന്ന ആയിരക്കണക്കിന് മെഡിക്കല്‍, പാരാ മെഡിക്കല്‍ വിദഗ്ദ്ധരെ ഈ കലാലയം സൃഷ്ടിച്ചു. മികച്ച ശേഷിയും ശേമുഷിയുമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഈ സര്‍വകലാശാല തുടര്‍ന്നും സൃഷ്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സംസ്ഥാനവും രാജ്യവും അതില്‍ അഭിമാനിക്കുന്നു. നന്ദി. വളരെയധികം നന്ദി.

 



(Release ID: 1628445) Visitor Counter : 186