ഊര്‍ജ്ജ മന്ത്രാലയം

പുനരുപയോഗ ഊർജ മേഖലയിൽ കൂട്ടായ സംരംഭത്തിനു എൻടിപിസി യും ഓഎൻജിസി യും തമ്മിൽ ധാരണ

Posted On: 22 MAY 2020 12:37PM by PIB Thiruvananthpuram

 



ന്യൂഡൽഹി, മെയ്‌ 22, 2020

പുനരുപയോഗ ഊർജ മേഖലയിൽ കൂട്ടായ സംരംഭം ആരംഭിക്കാൻ കേന്ദ്ര ഊർജ
മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോര്പറേഷനും (NTPC), കേന്ദ്ര
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന് കീഴിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ
ഗ്യാസ് കോർപറേഷനും (ONGC) തമ്മിൽ ധാരണയായി. ഇത് സംബന്ധിച്ച
ധാരണാപത്രത്തിൽ ഇരു പൊതു മേഖല കമ്പനികളും ഒപ്പ് വച്ചു. പുനരുപയോഗ ഊർജ
രംഗത്ത് തങ്ങളുടെ വളർച്ച ത്വരിത ഗതിയിലാക്കാൻ ഈ സംരംഭം അവസരമൊരുക്കും.
എൻ ടി പി സി വാണിജ്യ വിഭാഗം ഡയറക്ടർ ശ്രീ എ കെ ഗുപ്ത, ഓ എൻ ജി സി
സാമ്പത്തിക വിഭാഗം ഡയറക്ടർ ശ്രീ സുഭാഷ് കുമാർ എന്നിവരാണ് വെർച്യുൽ
കോൺഫറൻസിങ്ങ്  വഴി ധാരണ പത്രത്തിൽ ഒപ്പ് വച്ചത്‌. എൻടിപിസി സിഎംഡി ശ്രീ
ഗുർദീപ് സിംഗ്,  ഓഎൻജിസി സിഎംഡി ശ്രീ ശശി ശങ്കർ, ഇരു കമ്പനികളിലെയും
മറ്റ് ഡയറക്ടർമാർ, ഉദ്യോഗസ്ഥർ എന്നിവരും സന്നിഹിതരായിരുന്നു.  ധാരണ
പ്രകാരം ഇരു കമ്പനികളും ഇന്ത്യയിലും വിദേശത്തും തീരപ്രദേശങ്ങളിൽ കാറ്റിൽ
നിന്നും ഊർജം ഉല്പാദിപ്പിക്കുന്നതുൾപ്പടെയുള്ള പുനരുപയോഗ ഊർജ പദ്ധതികൾ
സ്ഥാപിക്കുന്നതിന്റെ സാദ്ധ്യതകൾ പരിശോധിക്കും.  എൻ ടി പി സി ക്ക് കീഴിൽ
നിലവിൽ 920 മെഗാ വാട്ട് പുനരുപയോഗ ഊർജ പദ്ധതികളാണുള്ളത്. 2300 മെഗാ
വാട്ട് പദ്ധതികളുടെ നിർമാണം പുരോഗമിക്കുന്നു. ഈ സംരംഭത്തോടെ 2032 ഓടെ 32
ഗിഗാ വാട്ട് പുനരുപയോഗ ഊർജ പദ്ധതികൾ എന്ന ലക്ഷ്യം കൈവരിക്കാൻ ഇന്ത്യയിലെ
ഏറ്റവും വലിയ ഊർജ ഉല്പാദന കമ്പനിക്ക്  സാധിക്കും.  ഓ എൻ ജി സിക്ക് കീഴിൽ
നിലവിൽ 176 മെഗാ വാട്ട് പദ്ധതികളാണ് ഉള്ളത്. 2040 ഓടെ 10 ഗിഗാ വാട്ട്
കൂടി പുനരുപയോഗ ഊർജ മേഖലയിൽ വർധിപ്പിക്കണമെന്ന ലക്ഷ്യം കൈവരിക്കാൻ പുതിയ
സംരംഭം പ്രാപ്തരാക്കും.


(Release ID: 1626039) Visitor Counter : 231