ആഭ്യന്തരകാര്യ മന്ത്രാലയം

അംഫാന്‍' ചുഴലിക്കൊടുങ്കാറ്റ്‌ നേരിടാനുള്ള തയ്യാറെടുപ്പികള്‍ എന്‍സിഎംസി അവലോകനം ചെയ്‌തു

Posted On: 19 MAY 2020 1:55PM by PIB Thiruvananthpuram



ന്യൂഡല്‍ഹി,മെയ്‌ 19,2020:

അംഫാന്‍ ചുഴലിക്കൊടുങ്കാറ്റ്‌ നേരിടുന്നതുമായി ബന്ധപ്പെട്ടു
സംസ്ഥാനങ്ങളും കേന്ദ്ര മന്ത്രാലയങ്ങളും നടത്തിയ തയ്യാറെടുപ്പുകള്‍
ക്യാബിനറ്റ്‌ സെക്രട്ടറി ശ്രീ. രാജീവ്‌ ഗൗബയുടെ അധ്യക്ഷതയില്‍ നാഷണൽ ക്രൈസിസ് മാനേജ്‌മന്റ് കമ്മിറ്റി  (എന്‍സിഎംസി) അവലോകനം ചെയ്‌തു. എന്‍സിഎംസിയുടെ
ഇതുമായി ബന്ധപ്പെട്ട മൂന്നാമത്തെ യോഗമാണിത്‌.

മെയ്‌ 20 വൈകുന്നേരത്തോടെ വെസ്റ്റ് ബംഗാൾ തീരത്തു  അംഫാന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ
പ്രത്യാഘാതം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായാണ്‌ കാലാവസ്ഥാ നിരീക്ഷണ
വകുപ്പിന്റെ റിപ്പോര്‍ട്ട്‌. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍
മണിക്കൂറില്‍ 155 മുതല്‍ 165 വരെ കിലോമീറ്റര്‍ വേഗതയില്‍ കാറ്റുണ്ടാകും;
ഇതിന്‌ 185 കിലോമീറ്റര്‍ വരെ വേഗത വര്‍ധിക്കാനും ഇടയുണ്ട്‌. കനത്ത മഴയും ഇതിനൊപ്പമുണ്ടാകും. കിഴക്കന്‍
മിഡ്‌നാപ്പൂർ , തെക്ക്‌, വടക്ക്‌ 24 പര്‍ഗാനാസ്‌, ഹൗറ, ഹൂഗ്ലി,
കോല്‍ക്കൊത്ത ജില്ലകളില്‍ ഇതിന്റെ പ്രത്യാഘാതം ഉണ്ടാകുമെന്നാണ്‌
പ്രതീക്ഷിക്കുന്നത്‌. 2019 നവംബര്‍ 9നു ബംഗാള്‍ തീരങ്ങളില്‍ ആഞ്ഞടിച്ച
ബുള്‍ബുള്‍ ചുഴലിക്കാറ്റിനേക്കാള്‍ തീവ്രമായ നാശനഷ്ടങ്ങള്‍
ഉണ്ടാകുമെന്നാണ്‌ കണക്കാക്കുന്നത്‌.

ഒഡീഷയിലെ ജഗത്സിംഗ്‌പുര്‍, കേന്ദ്രപാദ, ഭാദ്രക്‌, ജജ്‌പുർ , ബാലസോര്‍
ജില്ലകളില്‍ ചുഴലിക്കാറ്റം കനത്ത മഴയുമുണ്ടാകും.

എന്‍സിഎംസിയെ തങ്ങളുടെ  തയ്യാറെടുപ്പുകളെ കുറിച്ച്  ഒഡീഷ ചീഫ്‌ സെക്രട്ടറിയും ബംഗാള്‍
അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും അറിയിച്ചു. താഴ്‌ന്ന പ്രദേശങ്ങളില്‍
നിന്ന്‌ ആളുകളെ ഒഴിപ്പിക്കുന്നതായി  അവര്‍  പറഞ്ഞു. മതിയായ അളവില്‍
ഭക്ഷണസാധനങ്ങളും കുടിവെള്ളവും ശേഖരിക്കുന്നതിനും മറ്റ്‌
അവശ്യവസ്‌തുക്കളുടെ വിതരണത്തിനുമുള്ള എല്ലാ നടപടികളും
സ്വീകരിച്ചിട്ടുണ്ട്‌്‌. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ തകരാരിലായാല്‍
പുന:സ്ഥാപിക്കുന്നതിനുള്ള ജീവനക്കാരുടെ സംഘങ്ങളും സജ്ജമാണ്‌.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഏജന്‍സികളുടെയും തയ്യാറെടുപ്പുകള്‍ അവലോകനം
ചെയ്‌ത ക്യാബിനറ്റ്‌ സെക്രട്ടറി, ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള
താഴ്‌ന്ന പ്രദേശങ്ങളില്‍ നിന്ന്‌ ആളുകളെ യഥാസമയം
മാറ്റിപ്പാര്‍പ്പിക്കുന്നതിനും അവശ്യ വസ്‌തുക്കളുടെയും ഭക്ഷണം,
കുടിവെള്ളം, മരുന്നുകള്‍ തുടങ്ങിയവയുടെയും മതിയായ അളവിലുള്ള ലഭ്യത
ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. റോഡുകളിലെ തടസ്സങ്ങള്‍ നീക്കുന്നതിനും
മറ്റ്‌ അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സംഘങ്ങള്‍ സജ്ജരായിരിക്കണം.

രണ്ടു സംസ്ഥാനങ്ങളിലും കൂടി ദേശീയ ദുരന്ത പ്രതികരണ സേനയുടെ 36 സംഘങ്ങളെ
ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്‌. വ്യോമസേനയുടെയും നാവിക സേനയുടെയും
വിമാനങ്ങളും കപ്പലുകളും കോസ്‌റ്റുഗാര്‍ഡും ദുരിതാശ്വാസ
പ്രവര്‍ത്തനങ്ങള്‍ക്കു സജ്ജമാണ്‌. വൈദ്യുതി, വാര്‍ത്താവിനിമയ
സംവിധാനങ്ങള്‍ക്ക്‌ തകാറു സംഭവിച്ചാല്‍ അറ്റകുറ്റപ്പണികള്‍ക്ക്‌
മേല്‍നോട്ടം വഹിക്കുന്നതിന്‌ ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരെ
സംസ്‌ഥാനങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്‌.


(Release ID: 1625141) Visitor Counter : 183