റെയില്‍വേ മന്ത്രാലയം
ഒരു ദിവസം നാലു ട്രെയിനുകളിൽ നിന്നു ഇപ്പോൾ 145 വരെ ട്രെയിനുകള്‍: 'വീടുകളിലേക്കുള്ള മടക്കം' ദൗത്യത്തിന് പ്രത്യേക ശ്രമിക് ട്രെയിനുകള്‍ വഴി ഇന്ത്യന്‍ റെയില്‍വേ നടത്തുന്നത് വന്‍ ദൗത്യം
ഗതാഗതത്തില്‍ പുതിയ നാഴികക്കല്ല്; ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ രണ്ടു ലക്ഷത്തിലധികമാളുകള്‍ ഒരൊറ്റ ദിവസം സ്വന്തം വീടുകളുടെ സുരക്ഷിതത്വത്തിലേക്കു എത്തിക്കാനായി.
ഇതുവരെ ഓടിയത് 1000ൽ അധികം പ്രത്യേക ശ്രമിക് ട്രെയിനുകള്‍
Posted On:
15 MAY 2020 3:40PM by PIB Thiruvananthpuram
ഇതര സംസ്ഥാന തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, ടൂറിസ്റ്റുകള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം തൊഴിലാളി ദിനമായ മെയ് ഒന്നിനു റെയില്‍വേ ആരംഭിച്ച പ്രത്യേക ശ്രമിക് ട്രെയിനുകള്‍ സൃഷ്ടിക്കുന്നത് പുതിയ റെക്കോഡ്.
ഒന്നാം ദിനത്തില്‍ വെറും നാല് ട്രെയിനുകളുമായി തുടങ്ങിയ ദൗത്യത്തില്‍ 15 ദിവസത്തിനുള്ളില്‍ ഓടിച്ചത് 1000ല്‍ അധികം ട്രെയിനുകള്‍. മെയ് 14ന് ഒരൊറ്റ ദിവസം മാത്രം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് 2.10 ലക്ഷത്തിലധികം ആളുകളെ സ്വന്തം നാട്ടിലെത്തിക്കാന്‍ 145 ട്രെയിനുകള്‍ സര്‍വീസ് നടത്തി.
ഇതാദ്യമാണ് ഒരു ദിവസം 2 ലക്ഷത്തിലധികം യാത്രക്കാര്‍ ശ്രമിക് ട്രെയിനുകളില്‍ സഞ്ചരിക്കുന്നത്. മെയ് 1ന് അയ്യായിരത്തോളം പേര്‍ മാത്രമാണ് ശ്രമിക് ട്രെയിനുകളില്‍ യാത്ര തുടങ്ങിയത്. ഇതുവരെ 12 ലക്ഷത്തിലധികം പേര്‍ അവരുടെ നാട്ടിലെത്തി.
ആന്ധ്രപ്രദേശ്, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ജമ്മു, കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡീഷ, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണു ട്രെയിനുകള്‍ ഓടിയത്.
300 പ്രത്യേക ശ്രമിക് ട്രെയിനുകള്‍ വരെ ഒരു ദിവസം സര്‍വീസ് നടത്തി കുടുങ്ങിക്കിടക്കുന്ന നാല് ലക്ഷത്തിലധികം ആളുകളെ ഇതര സംസ്ഥാനങ്ങളില്‍ നിന്നു നാട്ടിലെത്തിക്കുന്ന ദൗത്യത്തിനാണ് സംസ്ഥാന ഗവണ്‍മെന്റുകളുമായുള്ള ഏകോപനത്തിലൂടെ റെയില്‍വേ ശ്രമിക്കുന്നത്.
ആളുകളെ അയയ്ക്കാനും സ്വീകരിക്കാനും രണ്ടു സംസ്ഥാനങ്ങളും സമ്മതിച്ച ശേഷം മാത്രമാണ് ഓരോ സംസ്ഥാനത്തു നിന്നും ഇതര സംസ്ഥാനത്തേക്ക് റെയില്‍വേ പ്രത്യേക ട്രെയിനുകള്‍ അയയ്ക്കുന്നത്. ട്രെയിനുകള്‍ പുറപ്പെടുന്നതിനു മുമ്പ് യാത്രക്കാരെ ശരിയായ പരിശോധനകള്‍ക്കു വിധേയരാക്കുകയും യാത്രാമധ്യേ ഭക്ഷണവും വെള്ളവും റെയില്‍വേതന്നെ നല്‍കുകയും ചെയ്യുന്നുണ്ട്.
***
(Release ID: 1624097)
Visitor Counter : 242
Read this release in:
Tamil
,
Marathi
,
English
,
Urdu
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Telugu
,
Kannada