ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കോബാസ് 6800 പരിശോധനാ ഉപകരണം രാജ്യത്തിന് സമര്‍പ്പിച്ചു

Posted On: 14 MAY 2020 3:53PM by PIB Thiruvananthpuram


കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ കോവിഡ് 19 കേസുകളുടെ പരിശോധനയ്ക്കായുള്ള കോബാസ് 6800 പരിശോധനാ ഉപകരണം രാജ്യത്തിന് സമര്‍പ്പിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലാണ് ഇത് സ്ഥാപിച്ചത്. കണ്‍ട്രോള്‍ റൂമും പരിശോധനാ ലാബുകളും കേന്ദ്ര ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു.  എന്‍സിഡിസി ഡയറക്ടര്‍ ഡോ. എസ്. കെ സിങ്ങും മുതിര്‍ന്ന ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ''പ്രതിദിനം 1,00,000 ടെസ്റ്റുകള്‍ നടത്താനുള്ള ശേഷിയാണ് നമുക്കിപ്പോഴുള്ളത്. 359 സര്‍ക്കാര്‍ ലാബുകളും 145 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 500 ലധികം ലാബുകളിലായി 20 ലക്ഷത്തോളം കോവിഡ് പരിശോധനയാണ് നടത്തിയത്. എന്‍സിഡിസിയില്‍ പ്രവര്‍ത്തനം ആരംഭിച്ച കോബാസ് 6800ന് 24 മണിക്കൂറിനുള്ളില്‍ 1200 സാമ്പിളുകള്‍ പരിശോധിക്കാനാകും.'- മന്ത്രി പറഞ്ഞു.

കോബാസ് 6800 പ്രവര്‍ത്തിപ്പിക്കാന്‍ പരിമിതമായ മനുഷ്യശേഷി മതി എന്നതിനാല്‍ അണുബാധ പകരാനുള്ള സാധ്യത കുറവാണ്. വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി-യും സി-യും, എച്ച്ഐവി, എംടിബി (റിഫാംപിസിന്‍, ഐസോണിയസൈഡ് റെസിസ്റ്റന്‍സ്), പാപ്പിലോമ, സിഎംവി, ക്ലമീഡിയ, നീസെറിയ തുടങ്ങിയ രോഗാണുക്കളും കണ്ടെത്താന്‍ കോബാസ് 6800 ന് കഴിയും.
2020 മെയ് 14 വരെ രാജ്യത്ത് 78,003 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 26,235 പേര്‍ സുഖം പ്രാപിച്ചു. ആകെ മരണം-2549. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 3,722 പുതിയ കേസുകളാണ്.രാജ്യത്ത് കോവിഡ്-19 മരണനിരക്ക് 3.2 ശതമാനമാണ്. രോഗമുക്തി നിരക്ക് 33.6 ശതമാനം.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും പുതിയ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. (ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അരുണാചല്‍ പ്രദേശ്, ആന്ധ്രാപ്രദേശ്, ചണ്ഡിഗഢ്, ദാദ്ര & നഗര്‍ ഹവേലി, ഗോവ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ഝാര്‍ഖണ്ഡ്, മണിപ്പൂര്‍, മേഘാലയ, മിസോറം, പുതുച്ചേരി, തെലങ്കാന.) ദാമന്‍ & ദിയു, സിക്കിം, നാഗാലാന്‍ഡ്, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


***

 



(Release ID: 1623882) Visitor Counter : 210