പ്രധാനമന്ത്രിയുടെ ഓഫീസ്
ആത്മനിര്‍ഭരമായ ഭാരതത്തിനായി പ്രധാനമന്ത്രിയുടെ ആഹ്വാനം
Posted On:
12 MAY 2020 8:45PM by PIB Thiruvananthpuram
പ്രധാനമന്ത്രി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. 20 ലക്ഷം കോടി രൂപയുടെ സമഗ്ര പാക്കേജ്. പാക്കേജ് ഇന്ത്യയുടെ ജി.ഡി.പിയുടെ 10 ശതമാനത്തിനു തുല്യം
സ്വാശ്രയ ഇന്ത്യക്കായി പ്രധാനമന്ത്രിയുടെ ആഹ്വാനം; ആത്മനിര്‍ഭര ഭാരതത്തിന്റെ അഞ്ചു സ്തംഭങ്ങള്‍ പ്രഖ്യാപിച്ചു
വിവിധ മേഖലകളില്‍ ഉറച്ച പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതു സ്വാശ്രയത്വത്തിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പിനെ നയിക്കുമെന്നു പ്രധാനമന്ത്രി
നമ്മുടെ പ്രാദേശിക ഉല്‍പന്നങ്ങളെ പ്രചരിപ്പിക്കുകയും ആഗോളമാക്കി മാറ്റുകയും ചെയ്യേണ്ട സമയം: പ്രധാനമന്ത്രി
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. മഹാവ്യാധിക്കെതിരായ പോരാട്ടത്തില്‍ മരണമടഞ്ഞവരെ അനുസ്മരിച്ച അദ്ദേഹം, കോവിഡ്- 19 നിമിത്തമുണ്ടായ പ്രതിസന്ധി മുന്‍പില്ലാത്ത വിധമുള്ളതാണെന്നും ഈ പോരാട്ടത്തില്‍ നാം സ്വയം സംരക്ഷിച്ചാല്‍മാത്രം പോരാ, മുന്നോട്ടുപോവുക കൂടി വേണമെന്നും ചൂണ്ടിക്കാട്ടി.
സ്വാശ്രയ ഇന്ത്യ
കോവിഡിനു മുന്‍പും ശേഷവുമുള്ള ലോകത്തെക്കുറിച്ചു പരാമര്‍ശിക്കവേ, 21ാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി പരിവര്‍ത്തിപ്പിക്കുന്നതിനു മുന്‍പിലുള്ള വഴി രാജ്യത്തെ സ്വാശ്രയമാക്കി മാറ്റുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിസന്ധിയെ അവസരമാക്കി മാറ്റുന്നതിന് ഉദാഹരണമായി പി.പി.ഇ. കിറ്റുകളും എന്‍-95 മാസ്‌കുകളും ഉല്‍പാദിപ്പിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തേ പേരിനു മാത്രം ഉല്‍പാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഇപ്പോള്‍ പ്രതിദിനം രണ്ടു ലക്ഷം എണ്ണം വീതമാണ് ഉല്‍പാദിപ്പിക്കുന്നത്.
ആഗോളവല്‍കൃത ലോകത്തില്‍ സ്വാശ്രയത്വത്തിന്റെ നിര്‍വചനത്തിനു മാറ്റം സംഭവിച്ചിട്ടുണ്ടെന്നു പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വാശ്രയത്വത്തെ കുറിച്ചു സംസാരിക്കുമ്പോള്‍ അതു സ്വയം കേന്ദ്രീകൃതമാകുന്നതില്‍നിന്നു ഭിന്നമായിരിക്കണമെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ഇന്ത്യയുടെ സംസ്‌കാരം ലോകത്തെ ഒരു കുടുംബമായും ഇന്ത്യയുടെ പുരോഗതിയെ ലോകത്തിന്റെ പുരോഗതിയുടെ ഭാഗമായും ആണു കാണുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ആഗോള മാനവികതയുടെ വികാസത്തിനായി ഇന്ത്യക്ക് ഏറെ സംഭാവന അര്‍പ്പിക്കാന്‍ സാധിക്കുമെന്ന വിശ്വാസം ലോകത്തിന് ഉണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
സ്വാശ്രയ ഇന്ത്യയുടെ അഞ്ചു സ്തംഭങ്ങള്‍
കച്ചില്‍ ഭൂകമ്പത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ അനുസ്മരിച്ച പ്രധാനമന്ത്രി, നിശ്ചയദാര്‍ഢ്യവും ഉറച്ച തീരുമാനവും വഴി ആ മേഖലയെ പഴയതുപോലെ ഉദ്ധരിക്കാന്‍ സാധിച്ചുവെന്നു ചൂണ്ടിക്കാട്ടി. രാജ്യത്തെ സ്വാശ്രയമാക്കാന്‍ അത്തരമൊരു ദൃഢനിശ്ചയം ആവശ്യമാണ്.
സ്വാശ്രയ ഇന്ത്യ അഞ്ചു സ്തംഭങ്ങളിലാണു നിലകൊള്ളുകയെന്ന് അദ്ദേഹം പറഞ്ഞു. ക്രമേണയുള്ള മാറ്റമല്ല, മറിച്ച് കുതിച്ചുചാട്ടം സാധ്യമാക്കുന്ന സമ്പദ്‌വ്യവസ്ഥ, ഇന്ത്യയെ അടയാളപ്പെടുത്താന്‍ സാധിക്കുന്ന അടിസ്ഥാന സൗകര്യം, 21ാം നൂറ്റാണ്ടിലെ സാങ്കേതിക വിദ്യയാല്‍ നയിക്കപ്പെടുന്ന സംവിധാനം, സ്വാശ്രയ ഇന്ത്യക്കുള്ള ഊര്‍ജ സ്രോതസ്സായ സജീവമായ ജനത, നമ്മുടെ ആവശ്യ-വിതരണ ശൃംഖലയുടെ കരുത്തു പൂര്‍ണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുംവിധമുള്ള ആവശ്യകത എന്നിവയാണ് അവ.
ആത്മനിര്‍ഭര ഭാരത് അഭിയാന്‍
പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച പ്രധാനമന്ത്രി, ആത്മനിര്‍ഭര ഭാരതത്തിനായി ആഹ്വാനം ചെയ്തു. ഈ പാക്കേജും കോവിഡ് പ്രതിസന്ധി നേരിടാന്‍ നേരത്തേ ഗവണ്‍മെന്റ് നടത്തിയ പ്രഖ്യാപനങ്ങളും ആര്‍.ബി.ഐ. കൈക്കൊണ്ട തീരുമാനങ്ങളും സഹിതം 20 ലക്ഷം കോടിയോളം രൂപ വരുമെന്നും ഇത് ഇന്ത്യയുടെ ജി.ഡി.പിയുടെ 10 ശതമാനത്തോളം വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ആത്മനിര്‍ഭര ഭാരതം സാധ്യമാക്കുന്നതിനു പാക്കേജ് വളരെയധികം ഊര്‍ജം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭൂമി, തൊഴില്‍, സ്വത്ത്, നിയമങ്ങള്‍ എന്നിവയ്ക്കും പാക്കേജ് ഊന്നല്‍ നല്‍കുമെന്ന് അദ്ദേഹം നിരീക്ഷിച്ചു. കുടില്‍ വ്യവസായം, ചെറുകിട-ഇടത്തര വ്യവസായം, തൊഴിലാളികള്‍, മധ്യവര്‍ഗം, വ്യവസായങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഇത് ഉപകാരപ്പെടും. നാളെ മുതല്‍ ഏതാനും ദിവസത്തിനകം പാക്കേജിന്റെ വിശദാംശങ്ങള്‍ ധനമന്ത്രി പുറത്തുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
'ജാം' പോലെ കഴിഞ്ഞ ആറു വര്‍ഷമായി നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ വരുത്തിയ ഗുണപരമായ മാറ്റത്തെക്കുറിച്ചു സംസാരിക്കവേ, രാജ്യത്തെ സ്വാശ്രയമാക്കാന്‍ ഒട്ടേറെ ഉറച്ച പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും അതുവഴി കോവിഡ് പ്രതിസന്ധിയുടെ പ്രത്യാഘാതത്തില്‍നിന്നു ഭാവിയില്‍ മുക്തി നേടാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖല, യുക്തിപൂര്‍ണമായ നികുതിസമ്പ്രദായം, ലളിതവും സ്പഷ്ടവുമായ നിയമം, ശേഷിയുള്ള മനുഷ്യവിഭവം, ശക്തമായ സാമ്പത്തിക സംവിധാനം എന്നിവ ഈ പരിഷ്‌കാരങ്ങളില്‍ ഉള്‍പ്പെടും. ഈ പരിഷ്‌കാരങ്ങള്‍ ബിസിനസ് പ്രോല്‍സാഹിപ്പിക്കുകയും നിക്ഷേപം ആകര്‍ഷിക്കുകയും മെയ്ക്ക് ഇന്‍ ഇന്ത്യയെ ശക്തിപ്പെടുത്തുകയും ചെയ്യും.
സ്വാശ്രയത്വം ആഗോള വിതരണ ശൃംഖലയിലെ കടുത്ത മല്‍സരത്തിനു രാജ്യത്തെ സജ്ജമാക്കുമെന്നും മല്‍സരത്തില്‍ രാജ്യം വിജയിക്കുന്നു എന്നതു പ്രധാനമാണെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. പാക്കേജ് തയ്യാറാക്കുമ്പോള്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നു. ഇത് ഓരോ മേഖലയിലെയും പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, മേന്‍മ ഉറപ്പാക്കുകയും ചെയ്യും.
ദരിദ്രരും തൊഴിലാളികളും കുടിയേറ്റക്കാരും പോലുള്ളവര്‍ രാജ്യത്തിന് അര്‍പ്പിക്കുന്ന സംഭാവനകള്‍ ഉയര്‍ത്തിക്കാട്ടിയ അദ്ദേഹം, സംഘടിത മേഖലയിലും അസംഘടിത മേഖലയിലും ഉള്ള ഇത്തരക്കാര്‍ക്കു പാക്കേജ് പരിഗണന നല്‍കുമെന്നു വ്യക്തമാക്കി.
തദ്ദേശീയ ഉല്‍പാദനത്തിന്റെയും വിപണനത്തിന്റെയും വിതരണ ശൃംഖലയുടെയും പ്രസക്തി നമുക്കു ബോധ്യപ്പെടുത്തിത്തരാന്‍ പ്രതിസന്ധിക്കു സാധിച്ചുവെന്നു പ്രധാനമന്ത്രി തുടര്‍ന്നു വിശദീകരിച്ചു. പ്രതിസന്ധി നാളുകളില്‍ നമ്മുടെ ആവശ്യങ്ങളെല്ലാം 'പ്രാദേശികമായി' പരിഹരിക്കപ്പെട്ടു. പ്രാദേശിക ഉല്‍പന്നങ്ങളെപ്പറ്റി പറയേണ്ടതും ഈ ഉല്‍പന്നങ്ങളെ ആഗോള ഉല്‍പന്നങ്ങളാക്കി മാറ്റാന്‍ സഹായിക്കേണ്ടതുമായ കാലമായി.
കോവിഡുമായുള്ള സഹവാസം
വൈറസ് ഏറെ കാലത്തേക്കു നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുമെന്നാണ് ഏറെ വിദഗ്ധരും ശാസ്ത്രജ്ഞരും പറയുന്നതെന്നു പ്രധാനമന്ത്രി വിശദീകരിച്ചു. എന്നാല്‍, നമ്മുടെ ജീവിതം അതിനെ ചുറ്റിപ്പറ്റി മാത്രമാണെന്നു വരാന്‍ പാടില്ലതാനും. മാസ്‌കുകള്‍ ധരിച്ചും 'ദോ ഗാസ് ദൂരി' പാലിച്ചും ലക്ഷ്യപ്രാപ്തിക്കായി ജോലി ചെയ്യാന്‍ അദ്ദേഹം ആഹ്വാനംചെയ്തു.
നാലാം ഘട്ട ലോക്ഡൗണിന്റെ സ്വഭാവം ഇതുവരെ കണ്ടതില്‍നിന്നു വ്യത്യസ്തമായിരിക്കും. സംസ്ഥാനങ്ങളില്‍നിന്നു ലഭിച്ച ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ ഉണ്ടാക്കുകയും അവയെ സംബന്ധിച്ച വിശദാംശങ്ങള്‍ മേയ് 18നു മുന്‍പായി വെളിപ്പെടുത്തുകയും ചെയ്യും.
(Release ID: 1623461)
Visitor Counter : 907
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada