ന്യൂനപക്ഷകാര്യ മന്ത്രാലയം

കോവിഡിനെതിരായ പോരാട്ടത്തിൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പോലെ തന്നെ രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളും തുല്യ പങ്കു വഹിക്കുന്നതായി കേന്ദ്രമന്ത്രി  മുക്താർ അബ്ബാസ് നഖ്‌വി.

Posted On: 09 MAY 2020 2:07PM by PIB Thiruvananthpuram



ന്യൂഡൽഹി , മേയ് 9,2020

ന്യൂനപക്ഷ കാര്യമന്ത്രാലയത്തിന്റെ  നൈപുണ്യവികസന പരിപാടിയ്ക്ക് കീഴിൽ പരിശീലനം ലഭിച്ച 1500 ലേറെ ആരോഗ്യപാലന സഹായികൾ  കോവിഡ് രോഗികളുടെ ചികിത്സയിൽ സഹായം നൽകുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി.

ഇവരിൽ പകുതിയോളം പെൺകുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.രാജ്യത്തെ വിവിധ ആശുപത്രികളിലും,ആരോഗ്യ പാലന കേന്ദ്രങ്ങളിലും ഇവർ സേവനമനുഷ്ഠിച്ചുവരുന്നു.നടപ്പ് വര്ഷം രണ്ടായിരത്തിലേറെ ആരോഗ്യപാലന സഹായികൾക്ക് മന്ത്രാലയം പരിശീലനം  നൽകുമെന്നും ശ്രീ.നഖ്‌വി വ്യക്തമാക്കി.രാജ്യത്തെ പ്രമുഖ ആശുപത്രികൾ ,ആരോഗ്യ സംഘടനകൾ എന്നിവ വഴിയാണ് മന്ത്രാലയം ഇവർക്ക് ഒരു വര്ഷം നീണ്ട പരിശീലനം നൽകുന്നത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ, രാജ്യത്തെ വിവിധ വഖ്‌ഫ് ബോർഡുകൾ, പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിമാരുടെയും ദുരിതാശ്വാസനിധികളിലേക്ക് 51 കോടി രൂപ സംഭാവന നൽകിയതായി  കേന്ദ്രമന്ത്രി അറിയിച്ചു.ഇതിനു പുറമേ ആവശ്യക്കാർക്ക് ഭക്ഷണം അടക്കമുള്ള അവശ്യസാധനങ്ങൾ ലഭ്യമാക്കാൻ ഇവർ ശ്രദ്ധിക്കുന്നുണ്ടെന്നും  ശ്രീ.നഖ്‌വി ചൂണ്ടിക്കാട്ടി.

കൊറോണ വൈറസ് ബാധിതർക്കായുള്ള ക്വാറന്റീൻ -ഐസൊലേഷൻ സൗകര്യങ്ങൾക്കായി രാജ്യത്തെ 16 ഹജ്ജ് ഹൗസുകൾ വിവിധ സംസ്ഥാന ഭരണകൂടങ്ങൾക്ക് വിട്ടുനൽകിയിട്ടുണ്ട് .

ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ "സീഖോ ഓർ കമാവോ " നൈപുണ്യവികസനപരിപാടിയ്ക്ക് കീഴിൽ മുഖാവരണങ്ങളുടെ വലിയതോതിലുള്ള ഉത്‌പാദനം നടന്നുവരുന്നതായും മന്ത്രി അറിയിച്ചു.ആവശ്യക്കാർക്കിടയിൽ ഇതിന്റെ വിതരണം പുരോഗമിക്കുകയാണ്.കോവിഡ്  സുരക്ഷാ മാർഗനിർദേശങ്ങൾ , സാമൂഹിക അകലം എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി  "ജാൻ ഭി ,ജഹാൻ ഭി " എന്ന പേരിൽ പ്രത്യേക കാംപെയ്‌നിനു മന്ത്രാലയം തുടക്കം കുറിക്കുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ വിവിധ വിഭാഗം ജനങ്ങൾക്കൊപ്പം തോളോടുതോൾചേർന്നുകൊണ്ട്കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളിൽ ന്യൂനപക്ഷ ജനവിഭാഗങ്ങളും ഭാഗഭാക്കാകുന്നതായും  ശ്രീ.നഖ്‌വി അഭിപ്രായപ്പെട്ടു.



(Release ID: 1622505) Visitor Counter : 170