ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി ദുർഘട നിമിഷങ്ങളിൽ നൽകിയിട്ടുള്ള സേവനങ്ങളെ പ്രകീർത്തിച്ച് കേന്ദ്രആരോഗ്യമന്ത്രി ഡോ .ഹർഷവർധൻ ; സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

Posted On: 08 MAY 2020 5:44PM by PIB Thiruvananthpuram


ന്യൂഡൽഹി , മേയ് 8, 2020

ലോക റെഡ്‌ക്രോസ് ദിനമായ ഇന്ന്, ഡൽഹിയിൽ സംഘടിപ്പിച്ച ഇന്ത്യൻ റെഡ്‌ക്രോസ് സൊസൈറ്റി (IRCS) യുടെ നൂറാം വാർഷികാഘോഷങ്ങളിൽ കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ .ഹർഷവർധൻ പങ്കെടുത്തു .ദിനാചരണത്തിന്റെ ഭാഗമായി, അന്താരാഷ്ട്ര റെഡ്‌ക്രോസ് സൊസൈറ്റിയുടെ സ്ഥാപകൻ ശ്രീ. ഹെൻറി ഡ്യുനന്റിന്റെ അർദ്ധകായപ്രതിമയിൽ ശ്രീ. ഹർഷവർധൻ ഹാരമണിയിച്ചു.   PPE കൾ ,മുഖാവരണങ്ങൾ, ഈർപ്പമുള്ള ടിഷ്യുകൾ,മൃതദേഹങ്ങൾ പൊതിയാനുള്ള ബാഗുകൾ തുടങ്ങിയ അവശ്യ സാധനങ്ങളുമായി ഹരിയാനയിലേക്ക് തിരിക്കുന്ന  വാഹനം  ദിനാചരണവുമായി ബന്ധപ്പെട്ട് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുക്കാൻ നിയന്ത്രിതമായ അളവിൽ എത്തിച്ചേർന്ന ആളുകളെയും,IRCS  ലെ ഉന്നതതല നേതൃത്വത്തെയും ,വിവിധ സംസ്ഥാനശാഖകളിലെ ജീവനക്കാരെയും, കേന്ദ്രമന്ത്രി വീഡിയോ കോൺഫെറെൻസിലൂടെ അഭിസംബോധന ചെയ്തു.ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി അതിന്റെ  നൂറാം വാർഷികം ആഘോഷിക്കുന്ന ഇന്ന് ,സൊസൈറ്റിയെ സംബന്ധിച്ചിടത്തോളം ഒരു പ്രധാനപ്പെട്ട ദിവസമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു .

" തങ്ങളുടെ പ്രൗഢിയും അർപ്പണവും നിലനിർത്തികൊണ്ട്  തന്നെ  മാനുഷികപരവും വൈദ്യശാസ്ത്രപരവുമായ സഹായങ്ങൾ മറ്റുള്ളവർക്ക്  ലഭ്യമാക്കണമെന്നുള്ള പ്രഖ്യാപിത ലക്‌ഷ്യം   കാത്തുസൂക്ഷിക്കാൻ സൊസൈറ്റിക്ക് ഇതുവരെ  കഴിഞ്ഞിട്ടുള്ളതായും  അദ്ദേഹം വിലയിരുത്തി. ആശ്വസനടപടികൾ ഉൾപ്പെടെ IRCS  , രാജ്യത്ത് നടത്തുന്ന പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രി നന്ദിയും അറിയിച്ചു.

കോവിഡ് പശ്ചാത്തലത്തിൽ, രാജ്യത്ത് രക്തദാനം  ഉറപ്പാക്കുന്നതിനായി,സ്ഥിരം രക്തദാതാക്കളുടെ സമീപം മൊബൈൽ രക്തശേഖരണ വാനുകൾ അയച്ച ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ നടപടിയെ അദ്ദേഹം  അഭിനന്ദിച്ചു. ഈ ദുർഘട സമയത്ത് , ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾ, തലാസ്മിയ (രക്തത്തിൽ ഓക്സിജൻ വഹിക്കുന്ന മാംസ്യം കുറഞ്ഞിരിക്കുന്ന അവസ്ഥ ) പോലെ രക്തസംബന്ധിയായ രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക് രക്തം ലഭ്യമാക്കിയതിലൂടെ മറ്റ് സന്നദ്ധസംഘടനകൾക്ക് IRCS  ഒരു മാതൃക സൃഷ്ടിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ കോവിഡ് രോഗികൾ,ഡോക്ടർമാർ,ആരോഗ്യപ്രവർത്തകർ മുതലായവരോട് നല്ല സമീപനം പുലർത്താൻ ജനങ്ങളെ ബോധവൽക്കരിക്കാനും ഇതിലൂടെ  കോവിഡ് മുന്നണിപോരാളികൾക്ക് അനുയോജ്യമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാനും IRCS  മുന്നോട്ട് വരണമെന്നും  ശ്രീ.ഹർഷവർധൻ അഭ്യർത്ഥിച്ചു.


(Release ID: 1622234) Visitor Counter : 1504