വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം

ഉൾനാടൻ മേഖലകളിലടക്കം രാജ്യത്തുടനീളം കോവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ വിതരണം ചെയ്ത് തപാൽ വകുപ്പ്  




ഐസിഎംആര്‍ പ്രാദേശിക ഡിപ്പോകളിൽ നിന്നും വിവിധ  പരിശോധന ലാബുകളിലേക്കുള്ള കിറ്റുകളാണ്  എത്തിച്ചു നൽകുന്നത്

Posted On: 08 MAY 2020 4:57PM by PIB Thiruvananthpuram




കോവിഡ് പരിശോധനയ്ക്കായി രാജ്യത്ത് അധികമായി സജ്ജമാക്കിയ പരിശോധന ലാബുകളിലേക്കുള്ള ടെസ്റ്റിംഗ് കിറ്റുകളുടെ വിതരണത്തിനായി തപാൽ വകുപ്പും  ഐസിഎംആറും തമ്മിൽ ധാരണയായി.200 ലാബുകളിലേക്കുള്ള കിറ്റുകളാണ്, ഐസിഎംആര്‍ പ്രാദേശിക ഡിപ്പോകളിൽ നിന്നും തപാൽ വകുപ്പ് എത്തിച്ചു നൽകുക. രാജ്യത്ത്, ദിവസേനെ ഒരു ലക്ഷം കോവിഡ്  പരിശോധനകൾ നടത്തുക എന്ന ലക്ഷ്യമാണ് ഇന്ത്യൻ വൈദ്യ ഗവേഷണ കൗൺസിൽ (ഐസിഎംആര്‍) മുന്നോട്ട് വച്ചിരിക്കുന്നത്. ഈ ലക്‌ഷ്യം പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി, രാജ്യത്തുടനീളം തങ്ങൾക്കുള്ള 1,56,000 പോസ്റ്റ് ഓഫീസുകളുടെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്തി കോവിഡ് പ്രതിരോധത്തിൽ വീണ്ടും ഭാഗമാവുകയാണ് തപാൽ വകുപ്പ് .

ഐസിഎംആറും തപാൽ വകുപ്പും തമ്മിൽ രൂപപ്പെടുത്തിയ  പങ്കാളിത്തത്തെ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരവിനിമയ, ഐടി, നിയമ മന്ത്രി ശ്രീ. രവിശങ്കർ പ്രസാദ് അഭിനന്ദിച്ചു. ലോക് ഡൗൺ കാലയളവിൽ തപാൽ ഉരുപ്പടികൾ, മരുന്നുകൾ, ധനസഹായങ്ങൾ എന്നിവയ്ക്ക് പുറമെ അവശ്യക്കാർക്ക്  റേഷൻവിഹിതം ,ഭക്ഷ്യസാധനങ്ങൾ എന്നിവയും വിതരണം ചെയ്യാൻ തപാൽ വകുപ്പ് ശ്രദ്ധിച്ചിരുന്നതായി കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യത്തെ 14 പോസ്റ്റൽ സർക്കിളുകൾ\സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലായി സ്ഥിതിചെയ്യുന്ന 16  പ്രാദേശിക ഡിപ്പോകളിൽ നിന്നുള്ള പരിശോധന കിറ്റുകൾ രാജ്യത്തുടനീളം വിതരണം ചെയ്യാൻ  പ്രത്യേക തയ്യാറെടുപ്പുകളാണ് തപാൽ വകുപ്പ് നടത്തിയിട്ടുള്ളത്. ഡ്രൈ  ഐസിൽ പൊതിഞ്ഞാവും ഈ കിറ്റുകൾ രാജ്യത്തെ ഉൾനാടൻ മേഖലകളിലടക്കമുള്ള 200  ലാബുകളിൽ എത്തിക്കുക.

പോസ്റ്റൽ വകുപ്പ്, ഐസിഎംആര്‍ എന്നിവയിൽ നിന്നും ഇതിനായി നോഡൽ ഓഫീസർമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. ഓരോ പ്രാദേശിക ഡിപ്പോകളിൽനിന്നുമുള്ള കിറ്റുകളുടെ സുഗമമായ വിതരണം ഇവർ ഉറപ്പാക്കുന്നതാണ്.

****


(Release ID: 1622186) Visitor Counter : 210