റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം
സാമ്പത്തിക ഞെരുക്കം മറികടക്കാന്‍ ബസ്, കാര്‍ ഓപ്പറേറ്റര്‍മാര്‍ക്കു പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്ത് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി
Posted On:
06 MAY 2020 4:18PM by PIB Thiruvananthpuram
രാജ്യത്തെ ബസ്, കാര്‍ ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രശ്നങ്ങളേക്കുറിച്ച് ഗവണ്‍മെന്റിനു പൂര്‍ണ ധാരണയുണ്ടെന്നും അവ മറികടക്കാന്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാതാ, എം.എസ്.എം.ഇ വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരി പറഞ്ഞു. ബസ്, കാര്‍ ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുജനങ്ങളുടെ വിശ്വാസം വീണ്ടെടുത്ത് ഗതാഗതവും ദേശീയപാതകളും തുറക്കാന്‍ കൂടുതല്‍ സമയമെടുക്കും. എന്നാല്‍ ചില മാര്‍ഗനിര്‍േദ്ദശങ്ങളോടെ പൊതുഗതാഗതം വൈകാതെ ആരംഭിക്കും. ബസുകളും കാറുകളും ഓടിത്തുടങ്ങുമ്പോള്‍ സാമൂഹിക അകലം പാലിക്കല്‍, കൈകഴുകല്‍, സാനിറ്റൈസറും മാസ്‌കും ഉപയോഗിക്കല്‍ തുടങ്ങിയ സുരക്ഷാ മുന്‍കരുതലുകളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. കോവിഡ് 19 സൃഷ്ടിച്ച പ്രയാസകാലത്തു നിന്നു സമ്പദ്ഘടനയെ പിടിച്ചുയര്‍ത്താന്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായി താന്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗവണ്‍മെന്റ് കുറച്ചു മുതല്‍മുടക്കു മാത്രം നടത്തുകയും സ്വകാര്യ മേഖലയെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന ലണ്ടന്‍ മാതൃകയിലുള്ള പൊതുഗതാഗതം നടപ്പാക്കാനാണ് തന്റെ മന്ത്രാലയം ശ്രമിക്കുന്നതെന്ന് ശ്രീ, ഗഡ്ഗരി പറഞ്ഞു. ഇന്ത്യയിലെ ബസുകളുടെയും ട്രക്കുകളുടെയും ഗുണനിലവാരം കുറഞ്ഞ ബോഡി നിര്‍മാണം കാരണം 5 മുതല്‍ 7 വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. എന്നാല്‍ യൂറോപ്യന്‍ മാതൃകയില്‍ നിര്‍മിച്ചാല്‍ 15 വര്‍ഷം വരെ കാലാവധി നില്‍ക്കും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നമ്മുടെ വ്യവസായ മേഖലയ്ക്കു ഗുണകരമായ വിധത്തില്‍ അവരുടെ നല്ല മാതൃകകള്‍ ഏറ്റെടുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കോവിഡ് പകര്‍ച്ചവ്യാധി രാജ്യത്തെ വിപണിയെ എത്രത്തോളം ഞെരുക്കിയിരിക്കുന്നു എന്നതിനേക്കുറിച്ച് തനിക്കു പൂര്‍ണ ബോധ്യമുണ്ടെന്നും അതേസമയം ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ലോകവിപണിയില്‍ നിന്നു പുറത്താകുന്നത് ഇന്ത്യക്ക്് ലോകവിപണിയില്‍ വളരെ മികച്ച അവസരമാണ് ഒരുക്കുന്നതെന്നും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. ഒരു വശത്ത് കൊറോണയുമായും മറുവശത്ത് സാമ്പത്തിക മാന്ദ്യവുമായും ഒരേസമയം രാജ്യവും ഇന്ത്യയുടെ വ്യവസായ മേഖലയും പൊരുതുകയാണ്- ശ്രീ. ഗഡ്കരി പറഞ്ഞു.
വിവിധ പണം അടവുകള്‍ക്കു സമയം നീട്ടി നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികളിലൂടെ പൊതുഗതാഗതത്തിന്റെ സ്ഥിതി മെച്ചപ്പെടുത്തണമെന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ നിര്‍ദേശിച്ചു. പൊതുഗതാഗതം വേഗത്തില്‍ പുനരാരംഭിക്കുക, നികുതികള്‍ അടയ്ക്കാന്‍ സമയം നീട്ടി നല്‍കുക, എംഎസ്എംഇ ആനൂകൂല്യങ്ങള്‍ വ്യാപിപ്പിക്കുക, ഇന്‍ഷുറന്‍സ് കാലാവധി നീട്ടി നല്‍കുക തുടങ്ങിയ ആവശ്യങ്ങളും ഫെഡറേഷന്‍ അംഗങ്ങള്‍ ഉന്നയിച്ചു.
***
(Release ID: 1621806)
Visitor Counter : 158
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada