പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ്- 19 സംബന്ധിച്ച 'നാം' കോണ്ടാക്റ്റ് ഗ്രൂപ്പിന്റെ വിഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍
Posted On:
04 MAY 2020 10:00PM by PIB Thiruvananthpuram
ബഹുമാനപ്പെട്ട അധ്യക്ഷന്‍, വിശിഷ്ട വ്യക്തികളേ,
ഈ വിര്‍ച്വല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചതിനു ബഹുമാനപ്പെട്ട പ്രസിഡന്റ് ഇല്‍ഹം ആലയേവിനോടു ഞാന്‍ നന്ദി അറിയിക്കുന്നു. ലോകത്താകമാനം കോവിഡ്- 19 നിമിത്തം പ്രിയപ്പെട്ടവരെ അനുശോചനം അറിയിച്ചുകൊണ്ട് ആരംഭിക്കാം.
മാനവികത ഏതാനും ദശാബ്ദങ്ങള്‍ക്കിടെയുള്ള ഏറ്റവും വലിയ പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഈ സമയത്ത് ചേരിചേരാ സഖ്യ(നാം)ത്തിന് ആഗോള ഐക്യദാര്‍ഢ്യം പ്രോല്‍സാഹിപ്പിക്കാന്‍ സാധിക്കും. 'നാം' എന്നും ലോകത്തിന്റെ ധാര്‍മിക ശബ്ദമായിരുന്നു. ഈ സ്ഥാനം നിലനിര്‍ത്തുന്നതിനായി എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം.
ബഹുമാനപ്പെട്ടവരെ,
മനുഷ്യരില്‍ ആറിലൊന്ന് ഇന്ത്യയിലാണ്. ഞങ്ങളുടേതു വികസ്വര രാഷ്ട്രവും സ്വതന്ത്ര സമൂഹവുമാണ്. ഈ പ്രതിസന്ധിനാളുകളില്‍ ജനാധിപത്യവും അച്ചടക്കവും തീരുമാനം കൈക്കൊള്ളാനുള്ള കഴിവും ശരിയായ ജനകീയ പ്രസ്ഥാനം രൂപപ്പെടുത്തുന്നതിന് എങ്ങനെ യോജിച്ചു പ്രവര്‍ത്തിക്കുമെന്നു ഞങ്ങള്‍ തെളിയിച്ചു.
ഇന്ത്യയുടെ സംസ്‌കാരം ലോകത്തെയാകെ ഒരു കുടുംബമായാണു കാണുന്നത്. സ്വന്തം പൗരന്‍മാരെ സംരക്ഷിക്കുന്നതോടൊപ്പം മറ്റു രാഷ്ട്രങ്ങള്‍ക്കു സഹായമേകാനും ഞങ്ങള്‍ തയ്യാറാകുന്നു. കോവിഡ്- 19നെ പ്രതിരോധിക്കുന്നതിനായി ഞങ്ങള്‍ തൊട്ടടുത്ത അയല്‍രാഷ്ട്രങ്ങളുടെ ഏകോപനം പ്രോല്‍സാഹിപ്പിച്ചു. വൈദ്യശാസ്ത്ര രംഗത്തുള്ള ഇന്ത്യയുടെ വൈദഗ്ധ്യം പങ്കുവെക്കുന്നതിനായി ഞങ്ങള്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കിവരികയാണ്. ഇന്ത്യയെ ലോകത്തിന്റെ മരുന്നു നിര്‍മാണ ശാലയായാണ് കണ്ടുവരുന്നത്; വിശേഷിച്ചും താങ്ങാവുന്ന വിലയ്ക്കുള്ള മരുന്നുകളുടെ.
ആഭ്യന്തര ആവശ്യം നിലനില്‍ക്കുമ്പോഴും 123 രാജ്യങ്ങള്‍ക്കു മരുന്നു നല്‍കാന്‍ ഞങ്ങള്‍ തയ്യാറായി. 'നാം' അംഗത്വമുള്ള 59 രാജ്യങ്ങള്‍ ഇതില്‍ പെടും.
മരുന്നുകളും പ്രതിരോധ കുത്തിവെപ്പും കണ്ടെത്താനുള്ള ആഗോള ശ്രമത്തില്‍ ഞങ്ങള്‍ സജീവമാണ്. ലോകത്തില്‍ ഏറ്റവും അധികം കാലമായി പ്രചാരത്തിലുള്ള ഔഷധ ചെടികള്‍ അടിസ്ഥാനമാക്കിയുള്ള ചികില്‍സാ സമ്പ്രദായം ഇന്ത്യക്കുണ്ട്. ജനങ്ങളുടെ സ്വാഭാവിക പ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഉതകുന്നതും വീടുകളില്‍ ലളിതമായി തയ്യാറാക്കാന്‍ സാധിക്കുന്നതുമായ ആയുര്‍വേദ മരുന്നുകള്‍ ഞങ്ങള്‍ സൗജന്യമായി പങ്കുവെച്ചിരുന്നു.
ബഹുമാനപ്പെട്ടവരേ,
ലോകം കോവിഡ്- 19നെതിരെ പോരാടുമ്പോഴും ചിലര്‍ തിരക്കിട്ട് ഭീകരത പോലുള്ള വൈറസ് പരത്തുകയാണ്.
സമൂഹങ്ങളെയും രാജ്യങ്ങളെയും വിഭജിക്കാന്‍ വ്യാജ വാര്‍ത്തകളും കൃത്രിമം വരുത്തിയ വിഡിയോകളും നിര്‍മിക്കുകയാണ്. എന്നാല്‍, ഞാന്‍ ഇന്നു നല്ല കാര്യങ്ങൡ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്.
ഈ ആരോഗ്യ പ്രതിസന്ധി മറികടക്കാന്‍ ലോകത്തെ സഹായിക്കുന്നതിന് ഒരു പ്രസ്ഥാനമെന്ന നിലയില്‍ ഒരുമിച്ച് എന്തു ചെയ്യാന്‍ സാധിക്കുമെന്നതിലാണു ശ്രദ്ധയൂന്നുന്നത്.
ബഹുമാനപ്പെട്ടവരേ,
നിലവിലുള്ള രാജ്യാന്തര സംവിധാനത്തിന്റെ പരിമിതികള്‍ കോവിഡ്- 19 നമുക്കു പ്രകടമാക്കിത്തന്നു. കോവിഡിനു ശേഷമുള്ള കാലത്തെ ലോകത്തില്‍ നമുക്ക് ആഗോളവല്‍ക്കരണത്തിന്റെ പുതിയ നീതിയും തുല്യതയും മാനവികതയും അടിസ്ഥാനമാക്കിയുള്ള നവ ആഗോളവല്‍ക്കരണത്തിന്റെ മാതൃക ആവശ്യമാണ്.
ഇന്നത്തെ ലോകത്തെ ഏറ്റവും നന്നായി പ്രതിനിധാനം ചെയ്യുന്ന രാജ്യാന്തര സ്ഥാപനങ്ങള്‍ നമുക്ക് ആവശ്യമാണ്. മാനവ ക്ഷേമത്തെ പ്രോല്‍സാഹിപ്പിക്കുകയാണു നമുക്ക് ആവശ്യം. അല്ലാതെ, കേവലം സാമ്പത്തിക വളര്‍ച്ചയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയല്ല. എത്രയോ കാലമായി അത്തരം മുന്നേറ്റങ്ങള്‍ക്ക് ഇന്ത്യ നേതൃത്വം നല്‍കിവരുന്നു.
അവയില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്നു: എല്ലാ മനുഷ്യരുടെയും ശാരീരിക, മാനസിക സൗഖ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന രാജ്യാന്തര യോഗ ദിനം പോലുള്ളവ. കാലാവസ്ഥാ വ്യതിയാനമെന്ന രോഗത്തില്‍നിന്നു ഭൂമിക്കു മുക്തി നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍. നമ്മുടെ നേര്‍ക്കു കാലാവസ്ഥയും ദുരന്തങ്ങളും ഉയര്‍ത്തുന്ന അപകടസാധ്യതകളെ തരണം ചെയ്യാന്‍ ദുരന്തങ്ങളെ അതിജീവിക്കാന്‍ ശേഷിയുള്ള അടിസ്ഥാന സൗകര്യം പോലുള്ളവ.
പല രാജ്യങ്ങളും സൈനികാഭ്യാസം നടത്തുകയാണ്. എന്നാല്‍ ഇന്ത്യ ഞങ്ങളുടെ മേഖലയിലും പുറത്തും ദുരന്ത പരിപാലന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനാണു മുന്‍കൈ എടുക്കുന്നത്.
ബഹുമാനപ്പെട്ടവരേ,
രാജ്യാന്തര സമൂഹത്തോടും ഡബ്ല്യു.എച്ച്.ഒയോടും വികസ്വര രാജ്യങ്ങളുടെ ആരോഗ്യ ശേഷി വര്‍ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കാന്‍ 'നാം' ആവശ്യപ്പെടണം. ആരോഗ്യരംഗത്ത് എല്ലാവര്‍ക്കും ലഭ്യമാകുന്നതും താങ്ങാവുന്ന വില മാത്രമുള്ളതും അതതു സമയം ലഭ്യമാകുന്നതുമായ ഉല്‍പന്നങ്ങളും സാങ്കേതിക വിദ്യയും നാം ഉറപ്പാക്കണം.
നമ്മുടെ അനുഭവങ്ങളും മികച്ച മാതൃതകകളും പ്രതിസന്ധി പരിപാലന ചട്ടങ്ങളും ഗവേഷണവും വിഭവങ്ങളും സമാഹരിക്കാന്‍ എല്ലാ 'നാം' രാജ്യങ്ങള്‍ക്കുമായുള്ള പ്ലാറ്റ്‌ഫോം നാം വികസിപ്പിക്കണം.
ബഹുമാനപ്പെട്ടവരേ,
നമ്മുടെ പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഉള്‍ക്കൊണ്ട് നമുക്ക് അകലാനല്ല; ഒന്നിക്കാന്‍ തീരുമാനിക്കാം. നാമെല്ലാം സുരക്ഷിതരാണെങ്കില്‍ മാത്രമേ മഹാവ്യാധിയില്‍നിന്നു രക്ഷനേടാന്‍ സാധിക്കുകയുള്ളൂ. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സഹകരണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ആഗോള പ്രതികരണത്തിനായി പങ്കാളിത്തത്തോടെ നമുക്കു പ്രവര്‍ത്തിക്കാം.
നന്ദി.
വിശിഷ്ട വ്യക്തികള്‍ക്കു നന്ദി.
(Release ID: 1621113)
Visitor Counter : 225
Read this release in:
Assamese
,
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada