ആഭ്യന്തരകാര്യ മന്ത്രാലയം
വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്‍ക്കാര്‍
Posted On:
04 MAY 2020 6:08PM by PIB Thiruvananthpuram
ഘട്ടം ഘട്ടമായുള്ള നടപടി മെയ് 7 മുതല്
ന്യൂഡല്ഹി, മെയ് 4, 2020
വിദേശ രാജ്യങ്ങളില്‍ കുടുങ്ങി ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ ഘട്ടം ഘട്ടമായി തിരിച്ചുകൊണ്ടുവരാനുള്ള നടപടികള് ഊര്‍ജ്ജിതമാക്കി കേന്ദ്ര സര്ക്കാര്‍. വിമാനങ്ങളിലും നാവിക സേന കപ്പലുകളിലുമായിരിക്കും ഇവരെ തിരികെ കൊണ്ടുവരിക. ഇതിനായി സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോക്കോള്‍ (എസ് ഒ പി) തയ്യാറാക്കിക്കഴിഞ്ഞു.
വിവിധയിടങ്ങളില് കുടുങ്ങി ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പട്ടിക ഇന്ത്യന് എംബസികളും ഹൈക്കമ്മീഷനുകളും തയ്യാറാക്കി വരികയാണ്. രാജ്യത്തേക്ക് തിരിച്ചു വരുന്നതിനുള്ള ചെലവ് സ്വയം വഹിക്കണം. ഷെഡ്യൂള് ചെയ്യാത്ത കൊമേർഷ്യൽ വിമാനങ്ങള് ഇതിനായി സജ്ജമാക്കും. ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ഘട്ടം ഘട്ടമായുള്ള നടപടികള് മെയ് ഏഴിന് ആരംഭിക്കും.
വിമാനത്തില് കയറുന്നതിനു മുമ്പ് യാത്രക്കാരുടെ വൈദ്യ പരിശോധന നടത്തും. രോഗലക്ഷണം ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാന് അനുവദിക്കൂ. ആരോഗ്യ- വ്യോമയാന മന്ത്രാലയങ്ങള് പുറപ്പെടുവിക്കുന്ന ആരോഗ്യ സംബന്ധമായ നടപടിക്രമങ്ങള് യാത്ര ചെയ്യുന്നവര് പാലിക്കണം.
ഇന്ത്യയില് വിമാനമിറങ്ങുന്നവരും കപ്പലില് എത്തുന്നവരും ഉടന്തന്നെ ആരോഗ്യ സേതു ആപ്പില് രജിസ്റ്റര് ചെയ്യണം. എല്ലാവരെയും ഇവിടെ വച്ചും വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനു ശേഷം ആശുപത്രികളിലോ അതത് സംസ്ഥാന സര്ക്കാരുകള് ഏര്പ്പെടുത്തുന്ന ക്വാറന്റൈന് കേന്ദ്രങ്ങളിലോ (പേയ്മെന്റ് അടിസ്ഥാനത്തിൽ) 14 ദിവസം ക്വാറന്റൈനില് കഴിയണം. 14 ദിവസത്തിനു ശേഷം കോവിഡ് പരിശോധന നടത്തിയ ശേഷം ആരോഗ്യസ്ഥിതി അടിസ്ഥാനമാക്കി തുടര് നടപടികള് സ്വീകരിക്കും.
ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശദ വിവരങ്ങള് വിദേശകാര്യ- വ്യോമയാന മന്ത്രാലയങ്ങള് അവരുടെ
വെബ്സൈറ്റുകളില് ഉടന് പ്രസിദ്ധീകരിക്കും.
പരിശോധനകള്ക്കും ക്വാറന്റൈന് ചെയ്യാനുമടക്കമുള്ള സൗകര്യങ്ങള് അതത് സംസ്ഥാന സര്ക്കാരുകള് ഏര്പ്പെടുത്തണമെന്നും കേന്ദ്ര സര്ക്കാര് നിര്ദ്ദേശിച്ചു.
(Release ID: 1620987)
Visitor Counter : 446
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada