ഗ്രാമീണ വികസന മന്ത്രാലയം

ജെം പോര്‍ട്ടലിലെ 'സരസ് കളക്ഷന്‍' കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഉദ്ഘാടനം ചെയ്തു

Posted On: 04 MAY 2020 2:57PM by PIB Thiruvananthpuram

 

ഗ്രാമപ്രദേശത്തെ സ്വയം സഹായ സംഘങ്ങളുടെ ഉല്‍പ്പന്ന പ്രദര്‍ശനത്തിനു വേദിയൊരുക്കുന്ന സരസ് കളക്ഷന്‍ വിപണനത്തിനും അവസരമേകും

                                                                                                                                                                                               

ഗവണ്‍മന്റ് ഇ മാര്‍ക്കറ്റ് പ്ലെയ്സ് (ജെം) പോര്‍ട്ടലിലെ 'സരസ് കളക്ഷന്‍' കേന്ദ്ര ഗ്രാമവികസന- പഞ്ചായത്തീരാജ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ ന്യൂഡല്‍ഹി കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം ചെയ്തു.

 

ഗവണ്‍മന്റ് ഇ മാര്‍ക്കറ്റ് പ്ലെയ്സ്, ദീന്‍ ദയാല്‍ അന്ത്യോദയ യോജന - നാഷണല്‍ റൂറല്‍ ലൈവ്ലി ഹുഡ്സ് മിഷന്‍ ( ഡി എ വൈ- എന്‍ ആര്‍ എല്‍ എം), നഗരവികസന മന്ത്രാലയം എന്നിവയുടെ സംയുക്ത സംരംഭമായ സരസ് കളക്ഷന്‍ ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പ്രതിദിന ആവശ്യങ്ങള്‍ക്കായുള്ള ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ദേശീയ തലത്തില്‍ തന്നെ  ഉപഭോക്താക്കള്‍ക്ക് അവ വാങ്ങാനുള്ള അവസരമൊരുക്കുകയും ചെയ്യുന്നു.

 

ഈ പദ്ധതിക്ക് കീഴില്‍ സ്വയം സഹായ സംഘങ്ങളിലെ അംഗങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങളെ കരകൗശല വസ്തുക്കള്‍, കൈത്തറിയും തുണികളും, ഓഫീസ് ഉപകരണങ്ങള്‍, പലചരക്ക്- ഭക്ഷ്യോല്‍പ്പന്നങ്ങള്‍, വ്യക്തിപരമായ കരുതലും ശുചിത്വവും എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് വിപണനം നടത്താന്‍ സാധിക്കും. ആദ്യഘട്ടത്തില്‍ 11 സംസ്ഥാനങ്ങളില്‍ നിന്നായി 913 സംഘങ്ങള്‍ വില്‍പ്പനക്കാരായി രജിസ്റ്റര്‍ ചെയ്യുകയും 442 ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനായി എത്തിക്കുകയും ചെയ്തിട്ടുണ്ട്.

 

ദേശീയ- സംസ്ഥാന- ജില്ലാ- ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വയം സഹായ സംഘങ്ങള്‍ ലഭ്യമാക്കുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ക്കും ലഭ്യമായ ഓര്‍ഡറുകളെക്കുറിച്ച് അറിയുന്നതിനും സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലെയ്സ് ഡാഷ് ബോര്‍ഡുകള്‍ സജ്ജമാക്കും. കൂടാതെ പോര്‍ട്ടലില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഉപഭോക്താക്കള്‍ക്ക് സന്ദേശങ്ങളും നല്‍കും.

 

ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ സ്വയം സഹായ സംഘങ്ങളില്‍ നിന്ന് നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിനാല്‍ സരസ് കളക്ഷന് ഇടനിലക്കാരെ ഒഴിവാക്കി ന്യായവിലയ്ക്ക് വില്‍പ്പന നടത്താനാകുമെന്ന സവിശേഷതയുമുണ്ട്. സ്വയം സഹായ സംഘങ്ങളുടെ വളര്‍ച്ചയില്‍ സര്‍ക്കാര്‍ ഇ മാര്‍ക്കറ്റ് പ്ലെയ്സുകള്‍ക്ക് ഭാവിയിലും നിര്‍ണ്ണായക സംഭാവനകള്‍ നല്‍കാനാകുമെന്നാണു കണക്കുകൂട്ടല്‍.


(Release ID: 1620913) Visitor Counter : 239