ആഭ്യന്തരകാര്യ മന്ത്രാലയം

മെയ്  നാലു മുതൽ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ  നീട്ടുന്നു

Posted On: 01 MAY 2020 6:33PM by PIB Thiruvananthpuram



രാജ്യത്തെ സ്ഥിതിഗതികൾ  വിലയിരുത്തിയതിന്റെ പശ്ചാത്തലത്തിലും,  ലോക് ഡൗൺ നടപടികൾ മൂലം കോവിഡ്  പ്രതിരോധത്തിലുണ്ടായ നേട്ടങ്ങൾ പരിഗണിച്ചും,രാജ്യത്തുടനീളം ഈ മാസം നാലു മുതൽ രണ്ടാഴ്ചത്തേക്ക് കൂടി ലോക് ഡൗൺ  നീട്ടാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു.  2005 ലെ ദുരന്ത നിവാരണ നിയമത്തിൻകീഴിൽ,ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തരമന്ത്രാലയം ഇന്ന് പുറപ്പെടുവിച്ചു.
ഇക്കാലയളവിൽ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ചുള്ള പുതിയ മാർഗനിർദേശങ്ങളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ റെഡ് (ഹോട്ട്സ്പോട്ട് ),ഓറഞ്ച്,ഗ്രീൻ മേഖലകളിലെ സ്ഥിതിവിവരക്കണക്കുകൾ പരിഗണിച്ചാണ് ഇവ രൂപപ്പെടുത്തിയിട്ടുള്ളത് .ഗ്രീൻ -ഓറഞ്ച് മേഖലകളിൽപ്പെട്ട ജില്ലകൾക്ക് നിരവധി ഇളവുകൾക്കും പുതുക്കിയ മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു.

2 . ആരോഗ്യകുടുംബക്ഷേമമന്ത്രാലയം ,കഴിഞ്ഞ മാസം 30 നു പുറത്തിറക്കിയ കത്തിൽ ,ജില്ലകളെ റെഡ് ,ഗ്രീൻ,ഓറഞ്ച് എന്നിങ്ങനെ വിവിധ മേഖലകളായി തിരിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ വ്യക്തമാക്കിയിരുന്നു .ഇതുവരെ കോവിഡ്  സ്ഥിരീകരിക്കപ്പെടാത്തതോ, കഴിഞ്ഞ 21 ദിവസത്തിനിടയ്ക്ക് ആർക്കും രോഗം സ്ഥിരീകരിക്കപ്പെടാത്തതോ ആയ ജില്ലകളാണ് ഗ്രീൻ മേഖലയിൽ ഉൾപ്പെടുക.നിലവിൽ രോഗം ബാധിച്ചിട്ടുള്ളവരുടെ എണ്ണം,രോഗമിരട്ടിക്കുന്നതിന്റെ നിരക്ക്,പരിശോധനകളുടെ വ്യാപ്തി,നിരീക്ഷണം സംബന്ധിച്ച വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാവും റെഡ് മേഖലകളെ കണ്ടെത്തുക.
ഈ രണ്ടു വിഭാഗങ്ങളിലും പെടാത്ത ജില്ലകളെയാവും ഓറഞ്ച് മേഖലയിൽ ഉൾപ്പെടുത്തുക.ജില്ലകളെ തരംതിരിച്ചുള്ള വിവരങ്ങൾ ,ആരോഗ്യകുടുംബക്ഷേമമന്ത്രാലയം , സംസ്ഥന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് ആഴ്ചതോറും , അല്ലെങ്കിൽ ആവശ്യാനുസരണം കൈമാറുന്നതാണ്.സംസ്ഥന-കേന്ദ്രഭരണപ്രദേശ ഗവണ്മെന്റുകൾക്ക് ,തങ്ങളുടെ കീഴിലുള്ള ജില്ലകളെ റെഡ്-ഓറഞ്ച് സോണുകളായി മാറ്റം വരുത്താവുന്നതാണ്. എന്നാൽ ആരോഗ്യകുടുംബക്ഷേമമന്ത്രാലയം  നൽകിയ പട്ടികയിലെ റെഡ് , ഓറഞ്ച് മേഖലകളിൽപ്പെട്ട ജില്ലകളെ തീവ്രത കുറഞ്ഞ വിഭാഗങ്ങളിലേക്ക് മാറ്റാൻ പാടുള്ളതല്ല.

3. ഒന്നിലധികം മുൻസിപ്പൽ കോർപ്പറേഷനുകൾ ഉള്ള നിരവധി ജില്ലകൾ നമ്മുടെ രാജ്യത്തുണ്ട്.മുൻസിപ്പൽ കോർപ്പറേഷനുകൾക്കുള്ളിലെ ഉയർന്ന ജനസാന്ദ്രത മൂലവും, ആളുകളുടെ നിരന്തരവും ഉയർന്നതുമായ ഇടപഴകൽ മൂലവും ഇത്തരം കോർപ്പറേഷനുകളുടെ അതിർത്തിപ്രദേശങ്ങളിൽ,ജില്ലയിലെ മറ്റു പ്രദേശങ്ങളെക്കാൾ കൂടുതൽ രോഗവ്യാപനം ഉണ്ടാകുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അതിനാൽ,ഇത്തരം ജില്ലകളെ രണ്ടു മേഖലകളായി തരം  തിരിക്കാനും പുതിയ മാർഗനിർദേശങ്ങൾ വ്യവസ്ഥ ചെയ്യുന്നു.അതായത്,മുൻസിപ്പൽ കോർപ്പറേഷനുകളുടെ അതിർത്തിപ്രദേശങ്ങളിൽ വരുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തി ഒരു മേഖല, അതിർത്തിക്ക് പുറത്തുള്ള പ്രദേശങ്ങൾ ഉൾപ്പെടുത്തി മറ്റൊരു മേഖല എന്നിങ്ങനെ. അതിർത്തിക്ക് പുറത്തുള്ള മേഖലയിൽ കഴിഞ്ഞ 21 ദിവസത്തിനിടെ പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ അത്തരം പ്രദേശങ്ങളെ, ജില്ലയെയാകമാനം ഉൾപ്പെടുത്തിയിരിക്കുന്ന ( റെഡ് അല്ലെങ്കിൽ ഓറഞ്ച് ) വിഭാഗത്തിൽ നിന്നും ഒരു പടി താഴ്ന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണ്.ചുരുക്കത്തിൽ,ഇത്തരം പ്രദേശങ്ങൾ ഉൾപ്പെടുന്ന ജില്ലകൾ റെഡ് മേഖലയിലാണെങ്കിൽ,ഇവയെ ഓറഞ്ച് വിഭാഗത്തിലും, ജില്ല, ഓറഞ്ച് മേഖലയിലാണെങ്കിൽ ഇവയെ ഗ്രീൻ വിഭാഗത്തിലും ഉൾപ്പെടുത്താവുന്നതാണ്.ഈ നീക്കത്തിലൂടെ കോവിഡ് വ്യാപനം തുലോം കുറഞ്ഞ ഇത്തരം മേഖലകളിൽ, രോഗനിയന്ത്രണ നടപടികൾ തുടർന്നുകൊണ്ട് തന്നെ,സാമ്പത്തികമേഖലയിൽ അടക്കം കൂടുതൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കാൻ കഴിയും. എന്നാൽ മുൻസിപ്പൽ കോർപ്പറേഷനുകൾ ഉള്ള ജില്ലകൾക്ക് മാത്രമാണ് ഈ ഇളവുകൾ നൽകിയിട്ടുള്ളത്.


4. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ,രാജ്യത്തെ ഏറ്റവും ദുർബലമേഖലകളെയും ,റെഡ്, ഓറഞ്ച് വിഭാഗങ്ങളിൽപ്പെടുന്ന പ്രദേശങ്ങളെയും രോഗവ്യാപനമേഖലകളായാണ് കണക്കാക്കുന്നത് . വൈറസ് വ്യാപനം ഏറ്റവും കൂടുതൽ നടക്കാൻ സാധ്യതയുള്ള മേഖലകളാണിവ.ഒരു ജില്ലയിലെ രോഗവ്യാപനമേഖലകൾ ഏതൊക്കെയെന്നു തീരുമാനിക്കുക ജില്ലാ ഭരണകൂടങ്ങളാവും.നിലവിൽ രോഗികളായിട്ടുള്ളവരുടെ എണ്ണം,ഭൂമിശാസ്ത്രപരമായ രോഗസാന്നിധ്യം,നിയന്ത്രണനടപടികളുടെ ഫലപ്രാപ്തിക്കായി തരം തിരിക്കൽ നടത്തേണ്ട ആവശ്യകത എന്നിവ അടിസ്ഥാനമാക്കിയാവും ജില്ലാ ഭരണകൂടങ്ങൾ രോഗവ്യാപനമേഖലകളെ പ്രഖ്യാപിക്കുക.ഇത്തരം മേഖലകളിൽ അധിവസിക്കുന്ന മുഴുവൻ ആളുകളെയും ആരോഗ്യസേതു മൊബൈൽ ആപ്ളിക്കേഷൻ പരിധിയിൽ ഉൾപ്പെടുത്താൻ പ്രാദേശികഭരണകൂടങ്ങൾ നടപടിയെടുക്കുന്നതാണ്.രോഗവ്യാപനമേഖലകളിൽ ആവട്ടെ, ശക്തമായ നിരീക്ഷണ പ്രോട്ടോകോളുകൾ,രോഗിയുമായി സമ്പർക്കമുണ്ടായവരെ കണ്ടുപിടിക്കൽ,വീടുകൾ തോറുമുള്ള നിരീക്ഷണം,രോഗാവസ്ഥ അടിസ്ഥാനമാക്കി ,വീടുകളിലോ,ആശുപത്രിസംവിധാനങ്ങളിലോ ക്വാറന്റീൻ ചെയ്യൽ തുടങ്ങിയവ കൃത്യമായി നടപ്പാക്കും .ഇത്തരം മേഖലകളിൽ നിന്നും പുറത്തേക്കോ, ഇവിടങ്ങളിലേയ്‌ക്കോ ആളുകളുടെ സഞ്ചാരം അനുവദിക്കുകയില്ല . എന്നാൽ അടിയന്തിര വൈദ്യ സാഹചര്യങ്ങൾ, ആവശ്യസാധന-സേവനങ്ങളുടെ വിതരണം എന്നിവയ്ക്ക് ഇളവുണ്ടാകും.മറ്റൊരു പ്രവൃത്തികളും ഇത്തരം രോഗവ്യാപനമേഖലകളിൽ അനുവദനീയമല്ല .

5. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം , രാജ്യത്തുടനീളം , എല്ലാ മേഖലകളിലും ചില പ്രവൃത്തികൾക്ക്  നിരോധനം ഉണ്ടാകും.വ്യോമ-റെയിൽ-മെട്രോ ഗതാഗതം,റോഡ് മാർഗമുള്ള അന്തർസംസ്ഥാന യാത്രകൾ,വിദ്യാലയങ്ങൾ,കോളേജുകൾ,പരിശീലനകേന്ദ്രങ്ങൾ  അടക്കമുള്ള  വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പ്രവർത്തനം,ഹോട്ടലുകൾ ,റസ്റ്റോറന്റുകൾ , സിനിമ തീയേറ്ററുകൾ ,മാളുകൾ,ജിംനേഷ്യങ്ങൾ,സ്പോർട്സ് കോപ്ലക്സുകൾ എന്നിങ്ങനെ വലിയതോതിൽ  ആളുകൾ കൂട്ടം ചേരാൻ ഇടയുള്ള സ്ഥലങ്ങൾ, സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക യോഗങ്ങൾ,പൊതുജനങ്ങൾക്ക് പ്രവേശനമുള്ള മതപരമായ സ്ഥലങ്ങൾ,ആരാധന സ്ഥലങ്ങൾ എന്നിവയ്ക്ക്കും
 വിലക്കുണ്ടാവും. എന്നാൽ,ആഭ്യന്തരമന്ത്രാലയം അനുവദിക്കുന്നതടക്കം  തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വ്യോമ-റെയിൽ-റോഡ് മാർഗം സഞ്ചരിക്കുന്നതിന് അനുമതിയുണ്ടാവും.

6. രാജ്യത്തെ ജനങ്ങളുടെ സുരക്ഷക്കും ,ക്ഷേമത്തിനുമായി  ചില നടപടികൾ കൂടി പുതിയ മാർഗനിർദേശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.രാത്രി 7 മുതൽ രാവിലെ 7 വരെ,അവശ്യകാര്യങ്ങൾക്കൊഴിച്ച് ആളുകൾ യാത്ര ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട്.ഇതിനായി,CrPC 144 വകുപ്പനുസരിച്ചുള്ള നിരോധനാജ്ഞ (കർഫ്യു) അടക്കമുള്ള നിയമനടപടികൾ പ്രാദേശിക ഭരണകൂടങ്ങൾ ആവശ്യാനുസരണം നടപ്പാക്കുന്നതാണ്. രാജ്യത്തെ എല്ലാ മേഖലകളിലും,65 വയസ്സിനു മുകളിൽ പ്രായമായവർ,രോഗികൾ,ഗർഭിണികൾ,10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ കഴിയേണ്ടതാണ്.ആരോഗ്യകാരണങ്ങൾ,അവശ്യകാര്യങ്ങൾ എന്നിവയ്ക്കല്ലാതെ ഇവർ വീടുകൾക്ക് പുറത്തിറങ്ങരുത്.കിടത്തിചികിത്സയില്ലാത്ത ആരോഗ്യകേന്ദ്രങ്ങൾ(OPDs),മെഡിക്കൽ ക്ലിനിക്കുകൾ എന്നിവയ്ക്ക് സാമൂഹികാകാലം പാലിച്ചുകൊണ്ട് റെഡ്, ഓറഞ്ച് മേഖലകളിൽ പ്രവർത്തിക്കാവുന്നതാണ്. എന്നാൽ രോഗവ്യാപനമേഖലകളിൽ ഇത് അനുവദിക്കുന്നതല്ല

     

7.  റെഡ് മേഖലകളിൽ, രോഗവ്യാപനമേഖലകൾക്ക് പുറമെ ഉള്ളപ്രദേശങ്ങളിൽ മുകളിൽ പറഞ്ഞതിനുപുറമെ,മറ്റുചില പ്രവൃത്തികൾക്കും വിലക്കുണ്ടാകും.ഓട്ടോ-സൈക്കിൾ റിക്ഷകൾ,ടാക്‌സികൾ എന്നിവയുടെ സേവനം,ജില്ലക്കുള്ളിലും ജില്ലയ്ക്ക് പുറത്തേക്കുമുള്ള ബസ് സേവനം,ബാർബർ ഷോപ്പുകൾ,സ്പാകൾ,സലൂണുകൾ എന്നിവ പാടില്ല.

   

8. റെഡ് മേഖലകളിൽ മറ്റുചില പ്രവൃത്തികൾ നിയന്ത്രണങ്ങളോട് കൂടെ അനുവദിച്ചിട്ടുണ്ട്.അനുവദനീയമായ കാര്യങ്ങൾക്കായി ആളുകൾക്കു സഞ്ചരിക്കാവുന്നതാണ്. നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവറെക്കൂടാതെ രണ്ടുപേർക്ക് സഞ്ചരിക്കാം.ഇരുചക്ര വാഹനങ്ങളിൽ സഹയാത്രികരെ അനുവദിക്കില്ല.പ്രത്യക സാമ്പത്തിക മേഖലകൾ (SEZs),കയറ്റുമതി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ(EOUs),വ്യാവസായിക എസ്റ്റേറ്റുകൾ,വ്യാവസായിക ടൌൺ ഷിപ്പുകൾ തുടങ്ങിയ , നഗരപ്രദേശങ്ങളിലെ വ്യാവസായിക സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാം.മരുന്നുകൾ,വൈദ്യോപകരണങ്ങൾ ,ഫാർമസ്യൂട്ടിക്കൽസ് ,അവയുടെ അസംസ്കൃത വസ്തുക്കൾ,അടക്കമുള്ളവയുടെ നിർമാണം  തുടർച്ചയായ പ്രവർത്തനങ്ങളും വിതരണശൃംഖലയും ആവശ്യമുള്ള ഉത്പാദന യൂണിറ്റുകൾ,IT ഹാർഡ്‌വെയർ നിർമ്മാണം,സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ചണ വ്യവസായം,പൊതിയാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിർമ്മാണം എന്നിവയാണ് ഇളവ് നൽകിയിട്ടുള്ള മറ്റ് വ്യാവസായിക പ്രവർത്തനങ്ങൾ.നഗരപ്രദേശങ്ങളിൽ നിർമ്മാണപ്രവര്ത്തികൾക്കും  നിയന്ത്രണങ്ങൾ  ഉണ്ട്. നിർമാണത്തൊഴിലാളികൾ ലഭ്യമായിട്ടുള്ളതും,പുറത്തുനിന്നുള്ള  തൊഴിലാളികളെ ആവശ്യമില്ലാത്തതുമായ നിർമ്മാണപ്രവർത്തനൾക്ക് അനുമതിയുണ്ട്. പുനരുപയോഗസാധ്യതയുള്ള ഊർജമേഖലയുമായി ബന്ധപ്പെട്ട നിർമ്മാണപ്രവർത്തനങ്ങൾക്കും ഇളവുണ്ട്. നഗരമേഖലകളിലെ മാളുകൾ,ചന്തകൾ,വാണിജ്യസമുച്ചയങ്ങൾ എന്നിവയിൽ അവശ്യ സാധനങ്ങൾ വിൽക്കുന്നതൊഴികെയുള്ള കടകൾക്ക് നിരോധനമുണ്ട്.എന്നാൽ,ഒറ്റക്ക്  പ്രവർത്തിക്കുന്നതോ , പാർപ്പിടസമുച്ചയങ്ങൾക്ക് സമീപമുള്ളതോ ആയ എല്ലാത്തരം കടകളും തുറന്ന്  പ്രവർത്തിക്കാവുന്നതാണ് . ആവശ്യസാധനങ്ങളുടെ ഇ-കോമേഴ്‌സ് നടപടികൾ റെഡ് മേഖലകളിൽ അനുവദിച്ചിട്ടുണ്ട്.സ്വകാര്യ സ്ഥാപനങ്ങൾക്ക്ആവശ്യമനുസരിച്ച് പരമാവധി 33 ശതമാനം ജീവനക്കാരുമായി  പ്രവർത്തിക്കാവുന്നതാണ്.ബാക്കി ജീവനക്കാർക്ക് വീടുകളിൽ ഇരുന്ന് ജോലി ചെയ്യാവുന്നതാണ്.ഗവണ്മെന്റ് കാര്യാലയങ്ങളിൽ, ഡെപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലുള്ള എല്ലാഉയർന്ന ഉദ്യോഗസ്ഥരും ജോലിക്ക് എത്തേണ്ടതാണ്.ഇവർക്ക് താഴെയുള്ള ജീവനക്കാരിൽ പരമാവധി 33 ശതമാനംപേരെ ജോലിക്ക് ഒരേസമയം ഉപയോഗിക്കാവുന്നതാണ്.എന്നാൽ,പ്രതിരോധ-സുരക്ഷാ സേവനങ്ങൾ,ആരോഗ്യ-കുടുംബക്ഷേമം  ,പോലീസ്,ജയിലുകൾ,ഹോം ഗാർഡുകൾ,പൗരസേനകൾ ,അഗ്നിശമന സേവനങ്ങൾ,ദുരന്തനിവാരണ-അനുബന്ധ പ്രവർത്തനങ്ങൾ,ദേശീയ ഇന്ഫോര്മാറ്റിക്സ് കേന്ദ്രം  (NIC) ,കസ്റ്റംസ്,ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യ(FCI) ,നാഷണൽ കേഡറ്റ് കോർ (NCC),നെഹ്‌റു യുവ കേന്ദ്ര (NYK) ,മുൻസിപ്പൽ സേവനങ്ങൾ എന്നിവയ്ക്ക് ഈ നിയന്ത്രണങ്ങൾ ഉണ്ടാവില്ല.പൊതുസേവനങ്ങളുടെ വിതരണം ഉറപ്പാക്കുന്നതാണ്. ഇതിനായി ആവശ്യമായ ജീവനക്കാരെ വിന്യസിക്കും.

.

9. റെഡ് മേഖലകളിൽ മറ്റു ചില പ്രവൃത്തികൾക്കും അനുവാദം നൽകിയിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതി ജോലികൾ, ഭക്ഷ്യസംസ്കരണം,ഇഷ്ടികനിർമ്മാണം തുടങ്ങിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഗ്രാമീണമേഖലയിൽ അനുമതി നൽകിയിട്ടുണ്ട്.ഇവിടങ്ങളിൽ,മാളുകളിൽ ഒഴികെ, എല്ലാത്തരം കടകൾക്കും തുറന്നു പ്രവർത്തിക്കാവുന്നതാണ്.വിത്തുവിതയ്ക്കൽ,വിളവെടുപ്പ്,സാധനങ്ങളുടെ വാങ്ങൽ,വിപണനന നടപടികൾ തുടങ്ങി കാർഷിക മേഖലയിലെ എല്ലാത്തരം പ്രവൃത്തികൾക്കും അനുവാദം നൽകിയിട്ടുണ്ട്. മൽസ്യബന്ധനം ഉൾപ്പെടെ എല്ലാത്തരം മൃഗവളർത്തൽ വ്യവസായങ്ങൾക്കും ഇളവുണ്ട്.വിളകളുടെ സംസ്കരണം,വിപണനം തുടങ്ങി എല്ലാത്തരം തോട്ടവ്യവസായ സംബന്ധിയായ പ്രവൃത്തികൾക്കും ഇളവുണ്ട് .ആയുഷ്  ഉൾപ്പെടെയുള്ള എല്ലാ ആരോഗ്യ സേവനങ്ങളും പ്രവർത്തിക്കേണ്ടതാണ്.ആരോഗ്യപ്രവർത്തകരുടെ നീക്കം,രോഗികളുമായുള്ള എയർ ആംബുലൻസുകളുടെ സേവനം എന്നിവയും അനുവദനീയമാണ്.ബാങ്കുകൾ,ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ ,ഇൻഷുറൻസ് സേവനങ്ങൾ,ഓഹരിവിപണി സേവനങ്ങൾ,സഹകരണ സ്ഥാപനങ്ങൾ തുടങ്ങി രാജ്യത്തെ സാമ്പത്തിക മേഖലയിലെ ഒട്ടുമിക്ക സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്.കുട്ടികൾ,വയോജനങ്ങൾ,അശരണർ,സ്ത്രീകൾ,വിധവകൾ തുടങ്ങിയവർക്കായുള്ള  ഭവനങ്ങൾ ,അംഗൻവാടികൾ എന്നിവയ്ക്കും പ്രവർത്തിക്കാം.ഊർജം-ശുദ്ധജലം-ശുചിത്വം-മാലിന്യനിർമാർജനം -ടെലികമ്യൂണിക്കേഷൻസ് ,ഇന്റർനെറ്റ് തുടങ്ങിയ പൊതുസേവനങ്ങൾ തുറന്ന് പ്രവർത്തിക്കും. കൊറിയർ-പാഴ്‌സൽ സേവനങ്ങൾക്കും പ്രവർത്തിക്കാവുന്നതാണ്.
   
10.   റെഡ് മേഖലകളിൽ ഒട്ടുമിക്ക സ്വകാര്യ-വാണിജ്യ സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതിയുണ്ട്. അച്ചടി-ഇലക്ട്രോണിക് മാധ്യമങ്ങൾ ,ഐടി, ഐടി  അനുബന്ധ വ്യവസായങ്ങൾ,കോൾ  സെന്ററുകൾ, ശീതീകരണ-സംഭരണ സംവിധാനങ്ങൾ,സ്വകാര്യ സുരക്ഷാ നിർവഹണ സ്ഥാപനങ്ങൾ,ബാർബർമാർ ഒഴികെ  സ്വയം തൊഴിൽ ചെയ്യുന്നവർ നൽകുന്ന സേവനങ്ങൾ എന്നിവർക്കാണ് ഈ ഇളവുകൾ.മരുന്നുകൾ,വൈദ്യോപകരണങ്ങൾ ,ഫാർമസ്യൂട്ടിക്കൽസ് ,അവയുടെ അസംസ്കൃത വസ്തുക്കൾ,അടക്കമുള്ളവയുടെ നിർമാണം  തുടർച്ചയായ പ്രവർത്തനങ്ങളും വിതരണശൃംഖലയും ആവശ്യമുള്ള ഉത്പാദന യൂണിറ്റുകൾ,ഐടി ഹാർഡ്‌വെയർ നിർമ്മാണം,സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള ചണ വ്യവസായം,പൊതിയാൻ ഉപയോഗിക്കുന്ന വസ്തുക്കളുടെ നിർമ്മാണം  എന്നിവയ്ക്കും തുടർന്നും പ്രവർത്തിക്കാവുന്നതാണ് .


11. ഓറഞ്ച് മേഖലകളിൽ, റെഡ് മേഖലകളിൽ നൽകിയിട്ടുള്ള ഇളവുകൾ തുടരുന്നതാണ്. ഇതിനു പുറമെ, ഒരു ഡ്രൈവറും രണ്ടു യാത്രക്കാരും ഉള്ള ടാക്സി സേവനങ്ങൾ അനുവദിക്കും.മറ്റു ജില്ലകളിലേക്കുള്ള സഞ്ചാരം ചില സന്ദർഭങ്ങളിൽ മാത്രം അനുവദിക്കും.നാല് ചക്ര വാഹങ്ങളിൽ ഡ്രൈവേറെ കൂടാതെ രണ്ടുപേർക്ക് കൂടി യാത്ര ചെയ്യാം.ഇരുചക്രവാഹനങ്ങളിൽ രണ്ടുപേർക്ക് യാത്ര ചെയ്യാവുന്നതാണ്

12.ഗ്രീൻ മേഖലകളിൽ രാജ്യത്തുടനീളം വിലക്കിയിരിക്കുന്നതൊഴികെയുള്ള  എല്ലാത്തരം പ്രവൃത്തികളും അനുവദനീയമാണ്.ബസുകൾ പരമാവധി ശേഷിയുടെ പകുതി യാത്രക്കാരുമായി സർവീസ് നടത്താവുന്നതാണ്. ബസ് ഡിപ്പോകളുടെ പ്രവർത്തനത്തിലും ശേഷിയുടെ പകുതിയേഉപയോഗപ്പെടുത്താൻ പാടുള്ളൂ.

13.  എല്ലാത്തരം ചരക്ക് നീക്കങ്ങളും അനുവദിക്കും.അയൽരാജ്യങ്ങളുമായുള്ള കരാറുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ചരക്ക് നീക്കങ്ങളെ ,സംസ്ഥാനങ്ങളോ കേന്ദ്രഭരണപ്രദേശങ്ങളോ തടയാൻ പാടുള്ളതല്ല.ലോക് ഡൗൺ  കാലത്ത് രാജ്യത്തുടനീളം അവശ്യ സാധനങ്ങളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പാക്കാനുള്ള ഒരു നീക്കത്തിനും പ്രത്യേക പാസുകളുടെ ആവശ്യമില്ല.

 
14.   ഈ മാർഗ്ഗനിർദേശങ്ങളിൽ ,പ്രത്യേകമായി നിയന്ത്രിക്കാത്തതോ,വിവിധ മേഖലകളിൽ നിയന്ത്രണങ്ങളോടുകൂടി അനുവദിക്കപ്പെട്ടിട്ടുള്ളതോ ആയ എല്ലാത്തരം പ്രവർത്തനങ്ങളും അനുവദനീയമാണ്. എങ്കിലും നിലവിലെ സാഹചര്യങ്ങൾ പരിശോധിച്ച്‌ ,കോവിഡ് വ്യാപനം തടയുന്നതിന് പ്രാധാന്യം നൽകികൊണ്ടാകും ,സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾ ഇവയിൽ തിരഞ്ഞെടുക്കപ്പെട്ടവയ്ക്ക്ക് മാത്രം ആവശ്യമെങ്കിൽ അനുവാദം നൽകുക.


15.   ഈ മാസം 3 വരെയുള്ള ലോക് ഡൗൺ  മാർഗ്ഗനിർദേശങ്ങളിൽ അനുവദിച്ചിട്ടുള്ള പ്രവൃത്തികൾ തുടരുന്നതിനു അധികാരികളിൽ നിന്നും പ്രത്യേകമോ,പുതിയതായോ ഉള്ള അനുവാദം ആവശ്യമില്ല.ഇന്ത്യയിൽ കുടുങ്ങിയ വിദേശ പൗരന്മാരുടെ യാത്ര,ക്വാറന്റീനിൽ കഴിയുന്നവരെ അതിൽ നിന്നും ഒഴിവാക്കൽ, വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ തൊഴിലാളികളുടെ നീക്കം ,ഇന്ത്യൻ നാവികരുടെ യാത്രകൾ,രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികൾ ,തീർത്ഥാടകർ,വിനോദസഞ്ചാരികൾ,വിദ്യാർഥികൾ എന്നിവരുടെ റോഡ്- റെയിൽ മാർഗമുള്ള  നീക്കം, എന്നിവ സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുള്ള പ്രവർത്തനചട്ടങ്ങൾ (SOPs) ഇനിയും തുടരും.


16. നൽകിയിരിക്കുന്ന ലോക് ഡൗൺ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് സംസ്ഥാന-കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. 2005 ലെ ദുരന്തനിവാരണ നിയമത്തിന് കീഴിൽ പുറപ്പെടുവിച്ചിരിക്കുന്നത് ഈ നിർദേശങ്ങളിൽ ,അവർ യാതൊരു ഇളവും വരുത്താൻ പാടുള്ളതല്ല



(Release ID: 1620304) Visitor Counter : 286