പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രതിരോധ, ഏറോസ്‌പേസ് മേഖല ഉത്തേജിപ്പിക്കുന്നതിനുള്ള പോംവഴികള്‍ ആലോചിക്കുന്നതിനായി പ്രധാനമന്ത്രി യോഗം വിളിച്ചു

Posted On: 30 APR 2020 10:26PM by PIB Thiruvananthpuram


കോവിഡ്- 19ന്റെ പശ്ചാത്തലത്തില്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരുന്നതിനായി, സായുധ സേനയുടെയും പ്രതിരോധ മേഖലയിലെ മുന്നേറ്റങ്ങളുടെയും ഹ്രസ്വകാല, ദീര്‍ഘകാല ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി കരുത്താര്‍ന്നതും സ്വാശ്രയത്വപൂര്‍ണവുമായ പ്രതിരോധ വ്യവസായം ഇന്ത്യയില്‍ ഉറപ്പാക്കുന്നതിനുള്ള പരിഷ്‌കാരങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശദമായ യോഗം വിളിച്ചുചേര്‍ത്തു. യുദ്ധ സാമഗ്രികള്‍ നിര്‍മിക്കുന്ന തൊഴില്‍ശാലകളുടെ നവീകരണവും പ്രവര്‍ത്തനവും, സംഭരണത്തിനുള്ള നടപടിക്രമങ്ങള്‍ ക്രമപ്പെടുത്തല്‍, ശ്രദ്ധാപൂര്‍വം വിഭവങ്ങള്‍ ലഭ്യമാക്കല്‍, ഗവേഷണ-വികസന രംഗത്തു നവീനാശയങ്ങള്‍ പ്രോല്‍സാഹിപ്പിക്കല്‍, നിര്‍ണായകമായ പ്രതിരോധ സാങ്കേതിക വിദ്യയിലേക്കു നിക്ഷേപം ആകര്‍ഷിക്കല്‍, കയറ്റുമതി പ്രോല്‍സാഹിപ്പിക്കല്‍ എന്നീ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 
സ്വാശ്രയത്വവും കയറ്റുമതിയും സാധ്യമാക്കുക എന്ന രണ്ടു ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി പൊതു, സ്വകാര്യ മേഖലകളുടെ സജീവ പങ്കാളിത്തത്തോടെ ഉല്‍പാദനത്തിനായുള്ള രൂപകല്‍പന മുതല്‍ പ്രതിരോധ, ഏറോസ്‌പേസ് മേഖലകളിലെ മുന്‍നിര രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യയെ മാറ്റിയെടുക്കുന്നതിനാണു പ്രധാനമന്ത്രി ഊന്നല്‍ നല്‍കിയത്. പ്രതിരോധ മേഖലയിലേക്ക് ആഭ്യന്തര, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള നിര്‍ദിഷ്ട പരിഷ്‌കാരങ്ങള്‍ അദ്ദേഹം പരിശോധിച്ചു. 
പ്രതിരോധ മേഖലയിലെ ചെലവു ഫലപ്രദമാക്കണമെന്നും സമ്പാദ്യം തന്ത്രപ്രധാന പ്രതിരോധ മൂലധനം ആര്‍ജിക്കുന്നതിനായി ഉപയോഗിക്കപ്പെടണമെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കപ്പെട്ടു. പ്രതിരോധ സംഭരണ നടപടികള്‍, അനുയോജ്യമായ നയങ്ങള്‍, യന്ത്രഭാഗങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കല്‍, സാങ്കേതികവിദ്യാ കൈമാറ്റം, ഇന്ത്യയില്‍ ഉല്‍പാദന സൗകര്യം ഒരുക്കുന്നതിനായി ആഗോള ഒ.ഇ.എമ്മുകള്‍ ആകര്‍ഷിക്കല്‍, രാജ്യാന്തര വിതരണ ശൃംഖലയിലുള്ള നമ്മുടെ സാന്നിധ്യം വികസിപ്പിക്കല്‍ എന്നീ കാര്യങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. പ്രതിരോധ സാമഗ്രികളുടെ ഉല്‍പാദനത്തില്‍ ആഗോള തലത്തില്‍ ഒന്നാമതെത്താന്‍ ഇന്ത്യക്കു മേന്മയാര്‍ന്നതും അത്യാധുനികവുമായ സാമഗ്രികളും സംവിധാനങ്ങളും കയറ്റുമതി ചെയ്യാന്‍ സാധിക്കണമെന്നു ചൂണ്ടിക്കാണിക്കപ്പെട്ടു. 
ഇറക്കുമതി കുറയ്ക്കണമെന്നു നിര്‍ദേശിച്ച പ്രധാനമന്ത്രി, നൂതന പ്രതിരോധ സാമഗ്രികള്‍ രൂപകല്‍പന ചെയ്യുന്നതിനും വികസിപ്പിക്കുന്നതിനും ഉല്‍പാദിപ്പിക്കുന്നതിനുമായി 'മെയ്ക്ക് ഇന്‍ ഇന്ത്യ' വഴി ആഭ്യന്തര ഉല്‍പാദന ശേഷി മുന്നോട്ടു കൊണ്ടുപോകണമെന്നു നിര്‍ദേശിച്ചു. പ്രതിരോധ ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിനും ആഗോള പ്രതിരോധ ഉല്‍പന്ന മൂല്യ ശൃംഖലയില്‍ വ്യാവസായിക പങ്കാളിത്തം നേടുന്നതിനുമുള്ള മുന്നേറ്റങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയാണ് അദ്ദേഹം സംസാരിച്ചത്. ഗവേഷണവും വികസനവും പ്രോല്‍സാഹിപ്പിക്കുന്നതും നൂതനാശയങ്ങള്‍ അംഗീകരിക്കപ്പെടുന്നതും ഇന്ത്യന്‍ ഐ.പി. ഉടമസ്ഥത സൃഷ്ടിക്കുന്നതുമായ പരിസ്ഥിതി യാഥാര്‍ഥ്യമാക്കപ്പെടണമെന്നും ചൂണ്ടിക്കാണിച്ചു. 
പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയും ധനകാര്യ മന്ത്രിയും ധനകാര്യ സഹമന്ത്രിയും മുതിര്‍ന്ന കേന്ദ്ര ഗവണ്‍മെന്റ് ഉേേദ്യാഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 
 

****



(Release ID: 1619875) Visitor Counter : 180