ഘന വ്യവസായ മന്ത്രാലയം

കോവിഡ്‌ 19 കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ ഓട്ടോമൊബൈൽ രംഗത്തെ പ്രമുഖർ‌ പ്രശംസിച്ചു

Posted On: 30 APR 2020 4:32PM by PIB Thiruvananthpuram

 


ന്യൂഡൽഹി, ഏപ്രിൽ 30, 2020


ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായരംഗത്ത്കോവിഡ്‌ 19 ന്റെ ആഘാതം മനസിലാക്കുന്നതിനും വ്യവസായികളിൽ നിന്നുള്ള നിർദ്ദേശങ്ങൾ ശ്രവിക്കുന്നതിനും ആഘാതം കുറക്കുന്നതിന് സാധ്യമായ ഇടപെടലുകൾക്കുമായി കേന്ദ്ര ഘന, വ്യവസായ, പൊതു സംരംഭ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കർ ഓട്ടോമൊബൈൽ രംഗത്തെ തിരഞ്ഞെടുത്ത സിഇഒമാരുമായി യോഗം ചേർന്നു.

വീഡിയോ കോൺഫറൻസിംഗിലൂടെ നടത്തിയ യോഗത്തിൽ മേഖലയെ പുനരുജ്ജീവിപ്പിക്കുക, ഉപജീവനമാർഗം ഉറപ്പുവരുത്തുക, വിഭവ സമാഹരണം എന്നിവയുമായി ബന്ധപ്പെട്ട നിർദേശങ്ങൾ ലഭിച്ചു. ചർച്ചകൾക്കിടെ വിവിധ ആവശ്യങ്ങളോടൊപ്പം വ്യക്തമായ നിർദ്ദേശങ്ങളും ഉയർന്നു വന്നതായി കേന്ദ്രമന്ത്രി അറിയിച്ചു.

ജോലിയിൽ തിരികെ കയറുന്നതിനു മുമ്പ് തൊഴിലാളികൾക്കായി പരിശോധന, ഓൺലൈൻ രജിസ്ട്രേഷൻ, വിൽപ്പന കേന്ദ്രങ്ങളിലെ ശുചിത്വം, രണ്ടു തൊഴിലാളികൾ തമ്മിലുള്ള ശാരീരിക അകലം എന്നിവ സംബന്ധിച്ച ചില മികച്ച നിർദേശങ്ങൾ യോഗത്തിൽ ലഭിച്ചതായി ശ്രീ ജാവദേക്കർ പറഞ്ഞു. മുഴുവൻ ഓട്ടോമൊബൈൽ വ്യവസായ ശൃംഖലയും വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങളും ഉയർന്നു.

ഡീലർഷിപ്പു മേഖലകൾക്കുള്ള പിന്തുണ, തൊഴിൽ വർധനക്കുള്ള ഇടപെടലുകൾ, മേഖലയിലെ വിൽപ്പന ആവശ്യകത വർധിപ്പിക്കുന്നതിനുള്ള സാമ്പത്തിക പിന്തുണയും പ്രതിനിധികൾ ആവശ്യപ്പെടുന്നു.


നിർദ്ദേശങ്ങളും ആവശ്യങ്ങളും അതത് മന്ത്രാലയങ്ങളുമായി ചർച്ച ചെയ്യുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി.


കോവിഡ്കൈകാര്യം ചെയ്യുന്നതിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തെ വ്യവസായ പ്രമുഖർ അഭിനന്ദിച്ചു.

 

കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ വളരെ നന്നായി പ്രവർത്തിച്ചു, വിലയേറിയ ജീവനുകൾ രക്ഷിച്ചു, ഇനി നാം ഉപജീവനമാർഗം സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്’ - കേന്ദ്രമന്ത്രി പറഞ്ഞു.


ഘനവ്യവസായ, പൊതു സംരംഭക സഹമന്ത്രി ശ്രീ അർജുൻ മേഘ് വാൾ, ഘനവ്യവസായ സെക്രട്ടറി അരുൺ ഗോയൽ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

 



(Release ID: 1619644) Visitor Counter : 168