പ്രധാനമന്ത്രിയുടെ ഓഫീസ്‌

കൊറോണ മഹാമാരിയില്‍നിന്ന്  പഠിച്ച ഏറ്റവും വലിയ പാഠം സ്വാശ്രയശീലമുള്ളവരും സ്വയം പര്യാപ്തരും ആകുക എന്നതാണ്: പ്രധാനമന്ത്രി



ഇ- ഗ്രാമ സ്വരാജ്യ ആപ്പും സ്വാമിത്വ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Posted On: 24 APR 2020 2:57PM by PIB Thiruvananthpuram

 


2020 ലെ ദേശീയ പഞ്ചായത്തി രാജ് ദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി രാജ്യമെമ്പാടുമുള്ള ഗ്രാമ പഞ്ചായത്ത് തലവന്മാരുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്കിടെ ഏകീകൃത ഇ- ഗ്രാമ സ്വരാജ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും സ്വാമിത്വ പദ്ധതിയും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വികസന പദ്ധതികള്‍ തയ്യാറാക്കാനും നടപ്പില്‍ വരുത്താനും  ഇ - ഗ്രാമ സ്വരാജ് സഹായിക്കും. തത്സമയ നിരീക്ഷണവും ഉത്തരവാദിത്വവും പോര്‍ട്ടല്‍ ഉറപ്പാക്കും. ഗ്രാമ പഞ്ചായത്ത് തലത്തില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിനുള്ള പ്രധാന ചുവടു വയ്പാണ് ഈ പോര്‍ട്ടല്‍.

പ്രാരംഭ ഘട്ടം എന്ന നിലയില്‍ 6 സംസ്ഥാനങ്ങളില്‍ ആരംഭിച്ച സ്വാമിത്വ പദ്ധതി ഡ്രോണുകളും നവീനമായ സര്‍വേ രീതികളും ഉപയോഗിച്ച് ഗ്രാമീണ മേഖലയില്‍ ജനവാസ കേന്ദ്രങ്ങള്‍ രേഖപ്പെടുത്താന്‍ സഹായിക്കുന്നു. സുസംഘടിതമായ ആസൂത്രണവും വരുമാന ശേഖരണവും ഗ്രാമീണ മേഖലയിലെ സ്വത്ത് അവകാശങ്ങളിലെ വ്യക്തതയും ഈ പദ്ധതി ഉറപ്പാക്കും. ഇത് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന്, ഉടമകള്‍ക്ക് വായ്പ അപേക്ഷകള്‍ക്കുള്ള വഴികള്‍ തുറക്കും. സ്വത്തുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഈ പദ്ധതി വഴി അനുവദിച്ച ഉടമസ്ഥാവകാശ രേഖകള്‍ വഴി പരിഹരിക്കാനാകും.

ജനങ്ങള്‍ ജോലി ചെയ്യുന്ന രീതിയെ കൊറോണ മഹാമാരി മാറ്റി മറിച്ചുവെന്നും ഒരു നല്ല പാഠം പഠിപ്പിച്ചുവെന്നും രാജ്യമെമ്പാടുമുള്ള ഗ്രാമ മുഖ്യന്മാരെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി പറഞ്ഞു. എല്ലായ്പ്പോഴും ഒരാള്‍ സ്വാശ്രയനായിരിക്കണമെന്ന് മഹാമാരി നമ്മെ പഠിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

നാം ഒരിക്കലും ചിന്തിക്കാത്ത തരത്തിലുള്ള പുതിയ വെല്ലുവിളികളും പ്രശ്നങ്ങളുമാണ് കോവിഡ് മഹാമാരി നമുക്കു നേര്‍ക്കു നീട്ടിയത്. പക്ഷേ, ശക്തമായ സന്ദേശത്തിലൂടെ നല്ല ഒരു പാഠമാണ് ഇത് നമ്മെ പഠിപ്പിച്ചത്. നാം എല്ലാവരും സ്വാശ്രയ ശീലമുള്ളവരും സ്വയം പര്യാപ്തരും ആയിരിക്കണമെന്ന് അത് നമ്മെ പഠിപ്പിച്ചു. പ്രശ്ന പരിഹാരങ്ങള്‍ക്കായി രാജ്യത്തിനു പുറത്തേയ്ക്കു നോക്കേണ്ടതില്ലെന്നും ഇത് നമ്മെ പഠിപ്പിച്ചു. നാം പഠിച്ച ഏറ്റവും വലിയ പാഠവും ഇതാണ്.

''ഓരോ ഗ്രാമവും അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമാണ്. അതുപോലെ തന്നെ ഓരോ ജില്ലയും അതാതു തലങ്ങളില്‍ സ്വയം പര്യാപ്തത പുലര്‍ത്തണം. ഓരോ സംസ്ഥാനവും അതാത് തലങ്ങളില്‍ സ്വാശ്രയമാകണം. മാത്രമല്ല, രാജ്യം മുഴുവന്‍ ആ നിലയില്‍ സ്വാശ്രയമാകേണ്ടതുണ്ട്'' - അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളെ സ്വയം പര്യാപ്തമാക്കാന്‍ ശ്രമിക്കുന്നതിനും ഗ്രാമ പഞ്ചായത്തുകളെ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കഠിനമായി പരിശ്രമിച്ചുവെന്ന് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

''കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏകദേശം 1.25 ലക്ഷം പഞ്ചായത്തുകളെ ബ്രോഡ്ബാന്‍ഡ് വഴി ബന്ധിപ്പിക്കാന്‍ കഴിഞ്ഞു.മുമ്പ് ഇതു വെറും നൂറോളം മാത്രമായിരുന്നു. അതുപോലെ, പൊതു സേവന കേന്ദ്രങ്ങളുടെ എണ്ണം 3 ലക്ഷം കവിഞ്ഞു'', അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ മൊബൈല്‍ ഫോണുകളുടെ നിര്‍മ്മാണം ആരംഭിച്ചതോടെ, സ്മാര്‍ട്ട് ഫോണുകളുടെ വില കുറഞ്ഞതായും കുറഞ്ഞ ചെലവില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ എല്ലാ ഗ്രാമങ്ങളിലും എത്തിയിട്ടുണ്ടെന്നും ഇത് ഗ്രാമീണ തലത്തില്‍ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്കു കൂടുതല്‍ കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു.

''പഞ്ചായത്തുകളുടെ പുരോഗതി രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും വികസനം ഉറപ്പാക്കും'' - പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുമായി നേരിട്ടു സംസാരിക്കന്‍ ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍ക്കു ലഭിച്ച അവസരമായിരുന്നു ഇന്നത്തെ പരിപാടി.

സാമൂഹ്യ അകലം ലളിതമായി നിര്‍വചിക്കാന്‍ 'ദോ ഗജ് ദൂര' (രണ്ടടി അകലം പാലിക്കുക) എന്ന മന്ത്രം സമ്മാനിച്ചതിന്, ഗ്രാമ മുഖ്യന്മാരുമായുള്ള ആശയവിനിമയത്തിനിടെ പ്രധാനമന്ത്രി ഗ്രാമങ്ങളെ അഭിനന്ദിച്ചു.

ഇന്ത്യയിലെ ഗ്രാമങ്ങള്‍ നല്‍കിയ 'ദോ ഗജ് ദേഹ് കി ദൂരി' (രണ്ടടി ശാരീരിക അകലം പാലിക്കുക) എന്ന മുദ്രാവാക്യം ജനങ്ങളുടെ വിവേകമാണ് വെളിപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു. മുദ്രാവാക്യത്തെ അഭിനന്ദിച്ച അദ്ദേഹം ഇത് സാമൂഹിക അകലം പാലിക്കാന്‍ ആളുകളെ പ്രേരിപ്പിക്കുന്നുവെന്നും പറഞ്ഞു.

വിഭവങ്ങളുടെ പരിമിതികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഈ വെല്ലുവിളികള്‍ എല്ലാം മുന്‍കൂട്ടി മനസിലാക്കി അതു നേരിടാനുള്ള പുത്തന്‍ ഊര്‍ജവും പുതിയ വഴികളുമായി മുന്നോട്ട് പോകാനുള്ള ദൃഢനിശ്ചയം രാജ്യം കാണിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ഗ്രാമങ്ങളുടെ കൂട്ടായ ശക്തി രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്നു'' എന്ന് അദ്ദേഹം പറഞ്ഞു.

ഈ ശ്രമങ്ങള്‍ക്കിടയില്‍, ഒരാളുടെ എങ്കിലും അശ്രദ്ധ ഉണ്ടായാല്‍ അത് ആ ഗ്രാമത്തെ മുഴുവന്‍ അപകടത്തിലാക്കുമെന്നും അതിനാല്‍ വിശ്രമത്തിന് സമയം ഇല്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ഗ്രാമങ്ങളില്‍ സ്വച്ഛത ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകണമെന്ന് ഗ്രാമ മുഖ്യന്മാരോട് പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചു. ഗ്രാമങ്ങളിലെ വയോധികരെയും ഭിന്നശേഷിക്കാരെയും ആലംബഹീനരും അവശരുമായ മറ്റുള്ളവരെയും പരിപാലിക്കണം. ക്വാറന്റൈന്‍ നടപടികള്‍, സാമൂഹിക അകലം പാലിക്കല്‍, മുഖാവരണം ഉപയോഗിക്കല്‍ എന്നീ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

കോവിഡ് 19 നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളിലും ഓരോ കുടുംബത്തിനും ശരിയായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം ഗ്രാമമുഖ്യന്മാരോട് ആവശ്യപ്പെട്ടു.

ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണമെന്ന് അദ്ദേഹം ഇന്ത്യയിലെ ഗ്രാമീണരോട് അഭ്യര്‍ത്ഥിച്ചു. തങ്ങളുടെ പഞ്ചായത്തിലെ ഓരോ വ്യക്തിയും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്ന് പഞ്ചായത്ത് പ്രതിനിധികളോട് ആവശ്യപ്പെടുകയും ചെയ്തു.

ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ആരോഗ്യ മേഖലയില്‍ മികച്ച പരിരക്ഷ ലഭ്യമാക്കാന്‍ ഗൗരവമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് വലിയ ആശ്വാസമായി ആയുഷ്മാന്‍ ഭാരത് യോജന ഉയര്‍ന്നു വന്നിട്ടുണ്ടെന്നും ഈ പദ്ധതി പ്രകാരം പാവപ്പെട്ട ഒരു കോടി രോഗികള്‍ക്ക് ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ മേഖലയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച വില ലഭിക്കാനായി വന്‍കിട വിപണികളിലേക്ക് എത്തിക്കാന്‍ വേണ്ടി ഇ- നാം, ജെം പോര്‍ട്ടല്‍ തുടങ്ങിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ജമ്മു കശ്മീര്‍, കര്‍ണാടക, ബിഹാര്‍, ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, അസം എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമത്തലവന്മാരുമായാണ് പ്രധാനമന്ത്രി സംവദിച്ചത്.

ഗ്രാമ സ്വരാജിന്റെ അടിസ്ഥാനത്തിലാണ് മഹാത്മാ ഗാന്ധിയുടെ സ്വരാജ് എന്ന ആശയമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കരുത്തുകളുടെ എല്ലാം ഉറവിടം ഐക്യമാണെന്ന് ശാസ്ത്രത്തെ ഉദ്ധരിച്ച് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.

കൂട്ടായ പരിശ്രമം, ഐക്യദാര്‍ഢ്യം, ദൃഢനിശ്ചയം എന്നിവയിലൂടെ കൊറോണയെ പരാജയപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് പഞ്ചായത്തീരാജ് ദിനത്തില്‍ പ്രധാനമന്ത്രി ഗ്രാമത്തലവന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു.
 



(Release ID: 1617837) Visitor Counter : 2424